പ്രൊഫഷണലിസം മനസാക്ഷിയെ തോൽപ്പിച്ച ചിത്രം

221

Dils Davis Payyappilly എഴുതുന്നു

Dils Davis Payyappilly

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഓർമ്മ വരുന്ന ചിത്രം ‘സുഡാനിലെ പെൺകുട്ടി’ യും അതിന്റെ ഫോട്ടോഗ്രഫർ കെവിൻ കാർട്ടറെയുമാണ്. ഇവരേപ്പറ്റി ഓർക്കാതെയും പറയാതെയും എന്തോന്ന് ഫോട്ടോഗ്രാഫി ദിനം….?

കെവിൻ കാർട്ടർ, സൗത്താഫ്രിക്കക്കാരനായ വെള്ളക്കാരൻ വംശജൻ. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഫാർമസി കോഴ്സിനു ചേർന്നെങ്കിലും അതുപേക്ഷിച്ചു സൈന്യത്തിലും, ഡിസ്ക് ജോക്കിയായും അവസാനം അവിടെനിന്ന് ഫോട്ടോഗ്രഫിയിലേയ്ക്കും കടന്നയാൾ…

ആഭ്യന്തര യുദ്ധം മൂലം കെടുതിയനുഭവിക്കുന്ന സുഡാൻ., ആ സുഡാനിലേയ്ക്ക് ഭക്ഷണം എത്തിക്കാനുള്ള യുഎൻ പദ്ധതിയായിരുന്നു ‘ഓപറേഷൻ ലൈഫ് ലൈൻ സുഡാൻ’. സുഡാനിന്റെ ആ അവസ്ഥ ലോകത്തിനുമുന്നിൽ എത്തിക്കുന്നതിന് നിരവധി ഫോട്ടോഗ്രാഫേഴ്സും ക്ഷണിക്കപ്പെട്ടിരുന്നു. കെവിനും അവരോടൊപ്പം കൂടി….

ഭക്ഷണം മാത്രം വിതരണം ചെയ്യാനുള്ള ഏതാനും നിമിഷങ്ങൾ മാത്രം അവർക്ക് നല്കപ്പെട്ടു. പട്ടിണിക്കോലങ്ങളായ സുഡാനികളുടെ ചിത്രമെടുത്തു തിരിഞ്ഞു നടക്കവേ ഒരു കരച്ചിൽ…. പൊരിവെയിലത്ത് തല കുമ്പിട്ട് നിലത്തിരിക്കുന്ന ഒരു കുട്ടി. എഴുന്നേൽക്കാൻ പോലും കഴിവില്ലാത്ത തരത്തിൽ എല്ലുന്തിയ ഒരു മനുഷ്യരൂപം, അതിനു തൊട്ടടുത്ത് നിലയുറപ്പിച്ച് ഒരു ശവംതീനി കഴുകനും….

ജീവൻ നിലനിർത്താൻ മല്ലടിക്കുന്ന കുട്ടിയും, അതിന്റെ അന്ത്യനിമിഷത്തിനായി കാത്തിരിക്കുന്ന കഴുകനും. ജീവിതവും മരണവും ഒരു സീനിൽ, ക്യാമറ ചലിച്ചു….

ഫ്ലൈറ്റ് പുറപ്പെടണ്ട സമയമായി. ആ കഴുകനെ ആ കുട്ടിയിൽ നിന്നുമകറ്റി അയാൾ യാത്ര തിരിച്ചു….

കെവിൻ താനെടുത്ത ആ ചിത്രങ്ങൾ ന്യൂയോർക്ക് ടൈംസിന് അയച്ചുകൊടുത്തു. ഒന്നാം പേജിൽ ആ ചിത്രങ്ങൾ അടിച്ചു വന്നു. അതോടുകൂടി ആ കുട്ടിയ്ക്ക് പിന്നെന്തു സംഭവിച്ചു….?? എന്ന ചോദ്യം തലങ്ങും വിലങ്ങും മുഴങ്ങി. കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിക്കാതിരുന്ന കെവിനെതിരെ പ്രതിഷേധം അലയടിച്ചു….

കുട്ടിയെ രക്ഷിക്കാതെ ഫോട്ടൊയെടുത്തയാൾ എന്ന ആക്ഷേപങ്ങളും കുറ്റപ്പെടുത്തലുകളും. കുറ്റബോധത്തിൽ നീറിപ്പുകഞ്ഞ കെവിൻ എല്ലാവരിൽ നിന്നുമകന്നു, അയാൾ ഡ്രഗ്സിനു അടിമയായി….

കുറ്റബോധത്തിൽ നീറിക്കൊണ്ടിരുന്ന കെവിനെത്തേടി ഒടുവിൽ പരമോന്നത അമേരിക്കൻ പുരസ്ക്കാരമായ ‘പുലിസ്റ്റർ പ്രൈസ്’ തേടിയെത്തി…

കുമ്പിട്ട ശിരസ്സും തകർന്ന മനസ്സുമായി അയാൾ അതേറ്റു വാങ്ങി. പക്ഷെ അപ്പോഴും അയാളുടെ അകത്തും പുറത്തും മുഴങ്ങിക്കേൾക്കുന്നുണ്ടായിരുന്നു, but why you didn’t….എന്ന ആ ചോദ്യം…

ഒടുവിൽ അയാൾ കടുത്ത വിഷാദരോഗിയായിത്തീർന്നു. തന്നെ വിടാതെ പിന്തുടർന്നിരുന്ന കുറ്റബോധത്തിൽ നിന്നും രക്ഷപ്പെടാൻ അയാൾ ഒരു വഴി കണ്ടു, ഒരേയൊരു വഴി….

തന്റെ കാറിന്റെ പുകക്കുഴലിൽ ഒരു ഹോസ് ഘടിപ്പിച്ചു, എന്നിട്ട് മറ്റേ അറ്റം ക്യാമ്പിനിലേയ്ക്കിട്ടു. ശേഷം എൻജിൻ ഓണാക്കി പാട്ടുകേട്ടു പുക ശ്വസിച്ച് അയാൾ തന്റെ 33 മത്തെ വയസിൽ എന്നന്നേയ്ക്കുമായി നിത്യതയെ പുല്കി…

തന്റെ ആത്മഹത്യാ കുറിപ്പിൽ അയാൾ ഇപ്രകാരം എഴുതി, ”ക്ഷമിക്കണം. എന്റെ ജീവിത വേദനകൾ എന്റെ സന്തോഷങ്ങളെയും മറികടക്കുന്നു. വിഷാദം…. ഫോണില്ലാതെ…. വാടകയ്ക്കുള്ള പണം…. കുട്ടികളുടെ ആവശ്യങ്ങൾക്കായുള്ള പണം…. കടങ്ങൾ വീട്ടാനുള്ള പണം….
പട്ടിണി കിടന്നതും മുറിവേറ്റ കുട്ടികളുടെയും കൊലപാതകങ്ങളുടെയും ശവശരീരങ്ങളുടെയും ഓർമ്മകൾ എന്നെ വല്ലാതെ വേട്ടയാടുന്നു. ഞാൻ കെന്നിനടുത്തേയ്ക്ക് (സുഹൃത്ത്) പോകുന്നു, ഭാഗ്യവാനാണെങ്കിൽ അവനുമായി ഒത്തുച്ചേരാം”

അങ്ങനെ തന്റെ ഒറ്റചിത്രം കൊണ്ട് ലോകപ്രശസ്തിയിലേയ്ക്കും അവിടെ നിന്ന് തന്റെ മരണത്തിലേയ്ക്കും അയാൾ നടന്നകന്നു….

Advertisements