അങ്ങിനെ തന്നെയാണോ അതിനെ വിളിക്കുന്നതെന്നറിയില്ല. സ്ട്രെച്ചര്‍..അത് പല പേരിലും അറിയപ്പെട്ടിരുന്നു. സെച്ചറെന്നായിരുന്നു കാരണവന്‍മാര്‍ അതിനെ സൌകര്യപൂര്‍വ്വം പറഞ്ഞിരുന്നത്. ചെറുവാടിക്കാരന്റെ അറിയപ്പെടുന്ന പബ്ളിക് ട്രാന്‍സ്പോര്‍ട്ട് വാഹനവും ആംബുലന്‍സും ഒക്കെ അതായിരുന്നു. ആലുങ്ങലെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍. അത് ഇപ്പോഴുമുണ്ടോ എന്നെനിക്കറിയില്ല. ചെറുവാടിയിലെ വലിയ ആശുപത്രിയും അതിനു മുന്‍പായി വന്ന കൊടിയത്തൂര്‍ മാക്കലെ ആശുപത്രിയും ഒക്കെ വരുന്നതിനു മുന്‍പ് നാട്ടുകാരുടെ ഏക ആശ്രയം ഇതായിരുന്നു. സ്ഥലത്തെ ഏക ആരോഗ്യ കേന്ദ്രം. അവിടെ ഒരു മിഡ്വൈഫ് ഉണ്ടായിരുന്നു. പിന്നെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടറും. ജനങ്ങള്‍ക്കിടയില്‍ ഹെല്‍ത്തു എന്നും മിഡൈഫ് എന്നും അറിയപ്പെട്ടിരുന്ന രണ്ട് പേര്‍. അതില്‍ പ്രസിദ്ധരായ രണ്ട് പേരെ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. അല്‍പ്പം കറുത്ത് തടിച്ച വലിയ കണ്ണട വെച്ച മിഡൈഫ് ഉമ്മയുടെ അടുത്ത സുഹൃത്തു കുടെ ആയിരുന്നതിനാല്‍ ആ രൂപം മനസ്സില്‍ നിന്നും മായില്ല. ഹെല്‍ത്തു ഗണത്തില്‍ കുറേ പേരുണ്ടായിരുന്നു. എന്നാലും കൈയ്യില്‍ അഞ്ചിന് പകരം ഓരോ വിരല്‍ കൂടെ അധികമുണ്ടായിരുന്ന നാരായണന്‍ കുട്ടിയെ അധികമാരും മറന്നു കാണില്ല. പിന്നെ കൊടിയത്തൂര്‍ പഞ്ചായത്തിന് ഒരു ദേശീയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉണ്ടായിരുന്നു. മറക്കാന്‍ കഴിയാത്ത ഒരു വ്യക്തി. ഹെല്‍ത്ത് എന്ന് പറഞ്ഞാല്‍ അദ്ദേഹമായിരുന്നു. പന്നിക്കോട്ട് താമസിച്ചിരുന്ന അദ്ദേഹത്തിന്റെ പേര് ഞാന്‍ മറന്നു. പ്രസവ സഹായത്തിലായിരുന്നു മിഡ് വൈഫ് അധികവും ശ്രദ്ധിച്ചിരുന്നതെന്ന് തോന്നുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടറാണെങ്കില്‍ പോളിയോ, മീസ്സില്‍സ്, വസൂരി തുടങ്ങിയവക്കുള്ള പ്രതിരോധ മരുന്നു നല്‍കുന്നതിലും.
ഹെല്‍ത്ത് സെന്റര്‍ കേന്ദ്രമായിക്കൊണ്ട് ജനങ്ങളെ സേവിച്ചിരുന്ന ഒരു പ്രധാന സംഗതിയാണ് സ്ട്രെച്ചര്‍. കാക്കി നിറമുള്ള ക്യാന്‍വാസ് കൊണ്ട് നിര്‍മ്മിച്ച വലിയ രണ്ട് ദണ്ഡില്‍ ഘടിപ്പിച്ചതാണ് സ്ട്രെച്ചര്‍. ഇപ്പോഴും ആശുപത്രികളില്‍ രോഗികളെ വണ്ടിയില്‍ നിന്നും വാര്‍ഡുകളിലേക്കെല്ലാം എടുക്കാന്‍ ഉപയോഗിക്കുന്ന അതേ സ്ട്രെച്ചറിന്റെ പഴയ രൂപം. പ്രവാസി രോഗികളെ നാട്ടിലെത്തിക്കാന്‍ വിമാനത്തിലും അതിന്റെ ആധുനിക രൂപം ഉപയോഗിക്കുന്നു. അതു കൊണ്ട് തന്നെ റിയാദിലെ എന്റെ സുഹൃത്തും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷിഹാബ് കൊട്ടുകാട് എപ്പോഴും പറയുന്ന ഒരു വാക്കാണത്.
ആലുങ്ങല്‍ ഹെല്‍ത്ത് സെന്ററിലെ സ്ട്രെച്ചര്‍ പഞ്ചായത്ത് നല്‍കിയതാണോ ആരോഗ്യ വകുപ്പ് നല്‍കിയതാണോ എന്നറിയില്ല. ദുര്‍ഘടം പിടിച്ച ഇടവഴികളും മലമ്പാതയും കൊണ്ട് നിറഞ്ഞ ചെറുവാടി ഭാഗത്ത് നിന്നും അടിയന്തിരമായി ആശുപത്രികളിലെത്തിക്കേണ്ട രോഗികളെ കൊണ്ടു പോകാന്‍ അതല്ലാതെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. സോ സ്ട്രെച്ചര്‍ ആള്‍വെയ്സ് ബിസി എന്നോ മോസ്ററ് ഓഫ് ദ ടൈം ബിസി എന്നോ പറയാം. രോഗിയെ സ്ട്രെച്ചറില്‍ കിടത്തി നാലു ഭാഗത്തും ആളുകള്‍ താങ്ങിപ്പിടിച്ച് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോകും. മിക്കവാറും പുഴക്കടവു വരെ ആയിരിക്കും തോളിലേറേറണ്ടി വരിക. അവിടെ നിന്നും സവാരിത്തോണിയില്‍ എളമരം കടവിലേക്ക്. വീണ്ടും തോളിലേററി മാവൂര്‍ ബസ് സ്ററാന്റ് വരെ. അവിടെ നിന്നും രോഗത്തിന്റെ ഗൌരവമനുസരിച്ച് ബസ്സിലോ ടാക്സി കാറിലോ ചെറൂപ്പ ഹെല്‍ത്ത് സെന്ററിലേക്കോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കോ കൊണ്ട് പോകുന്നു.
പലരേയും സ്ട്രെച്ചറില്‍ കൊണ്ടു പോകുന്നതിന് ഞാനും ദൃക്സാക്ഷിയായിട്ടുണ്ട്. ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുമ്പോ എന്റെ മരിച്ചു പോയ എളേമയെ അമിത രക്ത സ്രാവം മൂലം ഈ സ്ട്രെച്ചറില്‍ ആശുപത്രിയില്‍ കൊണ്ടു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സീരിയസ്സായ ഒരു കത്തിക്കുത്ത് കേസ് ആ കാലഘട്ടത്തില്‍ ഞാന്‍ കണ്ടത് പഴംപറമ്പിലെ പൌറ് കാക്കയും ജ്യേഷ്ഠ സഹോദരന്‍ ഉണ്ണിമമ്മദ് കാക്കയും തമ്മില്‍ നടന്നതാണ്. വെട്ടു കൊണ്ട് വീണ ഉണ്ണി മമ്മദ് കാക്കയെ ഒരു വഞ്ചിയിലും മറെറാരു വഞ്ചിയില്‍ പൌറ് കാക്കയേയും മകന്‍ അഹമ്മദ് കുട്ടിയേയും ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത് ഞാന്‍ ചെറുവാടിക്കടവില്‍ വെച്ച് കണ്ടിരുന്നു. ഒരാളെ ഈ സ്ട്രെച്ചറിലും മററ് രണ്ട് പേരെ തുണിക്കസേര കൊണ്ട് കെട്ടിയുണ്ടാക്കിയ സ്ട്രെച്ചറിലുമായിരുന്നു വഞ്ചിയില്‍ കിടത്തിയിരുന്നത്.
നാട്ടുകാരുടെ പൊതു ആംബുലന്‍സ് ആയി ഉപയോഗിച്ചിരുന്നതിനാലാവണം അതീവ ജാത്രയോടെ ഇത് വീണ്ടും ആലുങ്ങല്‍ ഹെല്‍ത്ത് സെന്ററില്‍ തന്നെ തിരിച്ചെത്തിക്കാനും എല്ലാവരും ശ്രദ്ധിച്ചിരുന്നു. കാലപ്പഴക്കത്തില്‍ തുണിയും കാലുകളും ദ്രവിച്ചു പോവുകയും ആധുനിക റോഡുകളും വാഹന സൌകര്യങ്ങളും വരികയും ചെയ്തപ്പോ സ്ട്രച്ചറും ഓര്‍മ്മയായി മാറുകയായിരുന്നെന്ന് തോന്നുന്നു.
അതിനിടിയില്‍ രസകരമായൊരു സംഭവം കൂടെ. വളരെ സീരിയസ്സായി തമാശ പറയുന്ന ഒരാളായിരുന്നു അകാലത്തില്‍ മരിച്ചു പോയ നമ്മുടെ കീഴ്ക്കളത്തില്‍ ചെറിയാപ്പു കാക്ക. സവാരിത്തോണി തുഴഞ്ഞും കടവ് കടത്തിയും കൂലിപ്പണിക്കു പോയും കുറേ പെണ്‍കുട്ടികളടങ്ങുന്ന കുടുംബം പോററാന്‍ കഠിനാദ്ധ്വാനം ചെയ്തിരുന്ന ചെറിയാപ്പു കാക്ക നിത്യ ജീവിതത്തില്‍ പറഞ്ഞ കുറേ തമാശകളുണ്ട്. എന്റെ ഒരു അമ്മായിയുടെ മകളെയാണ് ചെറിയാപ്പു കാക്ക കല്യാണം കഴിച്ചിരിക്കുന്നത്. തലന്താഴത്തെ മറിയത്തു അമ്മായി. ഏകയായി ഒരു കുടിലില്‍ താമസിച്ചിരുന്ന അമ്മായിക്ക് കലശലായ അസുഖം ബാധിച്ചപ്പോ ഞാനും കൊട്ടുപ്പുറത്ത് മുസ്തുവും ചെറിയാപ്പു കാക്കയും മററ് ചിലരും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു പോകാനുള്ള ശ്രമങ്ങളിലാണ്. ചെറുവാടി അങ്ങാടി വരെ എടുത്തു കൊണ്ട് പോകണം. അതിനായി ഒരു തുണിക്കസേര ആരോ ഒപ്പിച്ചു കൊണ്ടു വന്നു. ഇനി അതില്‍ കെട്ടാന്‍ രണ്ട് മുള വടി വേണം. കുറേ തപ്പിയപ്പോ വലിയ ഉറപ്പൊന്നുമില്ലാത്ത രണ്ട് മുളവടിയുമായി ചെറ്യാപ്പു കാക്ക വന്നു. അപ്പോ അവിടുത്തെ അയല്‍വാസിയായ കാടന്‍ മുഹമ്മദ് കാക്കയോ മറേറാ ചെറ്യാപ്പ്വോ ഈ വടികള്‍ക്കത്ര ഉറപ്പില്ലല്ലോ എന്ന് സംശയം പ്രകടിപ്പിച്ചു. ഉടനെ ചെറ്യാപ്പു കാക്കന്റെ മറുപടി നിങ്ങളതൊന്നും നോക്കണ്ട ഏതായാലും ആശുപത്രിയിലേക്കല്ലേ കൊണ്ടു പോകുന്നത് പൊട്ടി വീണാലും കൊഴപ്പമില്ലാന്ന്.
ചെറ്യാപ്പു കാക്കന്റെ തമാശകള്‍ ഒരു പാട് കാണും പലര്‍ക്കും പറയാന്‍. അദ്ദേഹം പറയുന്ന ശൈലി കേട്ടാല്‍ ചിലപ്പോ ചിരിക്കാന്‍ പോലും മറന്നു പോകും. അത്രക്ക് സീരിയസ് ആയാണ് പറയുക. ഏതോ ഒരു പൊതു തെരഞ്ഞെടുപ്പ് സമയത്ത് ചെറ്യാപ്പു കാക്ക വോട്ട് ചെയ്യാന്‍ സ്കൂള്‍ അങ്കണത്തിലേക്ക് നടന്നു വരികയാണ്. വഴിയില്‍ കണ്ട കൊളക്കാടന്‍ സത്താര്‍ കാക്കയോട് കുശലം പറഞ്ഞു. പൊതു പ്രവര്‍ത്തകനായ സത്താര്‍ കാക്കയോട് ചോദിക്കുന്നു….അല്ല കോയമാനേ, ഞമ്മക്ക് പററ്യ വല്ല പെന്‍ഷനും ഉണ്ടോ അന്റെ കയ്യില് എന്ന്. സത്താര്‍ കാക്ക ചിരിച്ചു കൊണ്ട് പറഞ്ഞു അതിനനക്ക് ഒററ മുടി പോലും നരച്ചിട്ടില്ലല്ലോ ചെറ്യാപ്പ്വോ എന്ന്. ഒട്ടും താമസിക്കാതെ ചെറ്യാപ്പു കാക്ക പറഞ്ഞു ഇക്കണ്ട നരക്ക് പററ്യ വല്ല പെന്‍ഷനും ഉണ്ടെങ്കില്‍ തന്നാള. അല്ലാതെ അന്റെ പെന്‍ഷന് മാണ്ടി ഇന്റെ മുടി നരപ്പിച്ചാനൊന്നും ബെജ്യ എന്ന്.
അതിനേക്കാള്‍ വലിയ ഒരു തമാശയുണ്ട്. ഓര്‍ക്കുമ്പോ ഞാന്‍ ഊറിയൂറി ചിരിക്കും. മരിച്ചു പോയ കൊട്ടുപ്പുറത്ത് റസാക്ക് കാക്ക കൂടി കഥാപാത്രമായ ഈ സംഭവം എന്നോട് പറഞ്ഞത് അദ്ദേഹത്തിന്റെ മകന്‍ മുസ്തു തന്നെയാണ്. കൊട്ടുപ്പുറത്തെ വീട്ടില്‍ എല്ലാവരും കൂടെ സംസാരിച്ചു കൊണ്ടിരിക്കുമ്പോ റസാക്ക് കാക്ക ചെറ്യാപ്പു കാക്കയോട് പറഞ്ഞു കാര്യമായ പണിയൊന്നും ഇല്ലെങ്കില്‍ കൊട്ടുപ്പുറത്തെ വീട്ടു മുററത്തെ പള്ളിയാളിയില്‍ നേന്ത്രവാഴക്കന്ന് വെക്കാന്‍. ഉടനെ ചെറ്യാപ്പു കാക്കയില്‍ നിന്ന് മറുപടി വന്നു അത് നമുക്ക് ശരിയാവൂലാന്ന്. എന്താ കാരണമെന്നന്വേഷിച്ചപ്പോ ചെറ്യാപ്പു കാക്കന്റെ വിശദീകരണം……ഒന്നൂണ്ടായിട്ടല്ല. ഞാന്‍ റസാക്കുട്ടിന്റെ വാക്കു കേട്ട് എവിടുന്നെങ്കിലും കടം വാങ്ങി വാഴക്കന്ന് സംഘടിപ്പിച്ച് പള്ളിയാളിയില്‍ നട്ട് എന്നും വെള്ളവും കോരിയൊഴിച്ച് അതൊക്കെ വളര്‍ന്ന് ഏകദേശം വലുപ്പമെത്തുമ്പോഴായിരിക്കും ഇവിടെ വല്ല സര്‍ക്കസ് കമ്പനിക്കാരും വരുന്നത്. ഉടനെ റസാക്കുട്ടി പറയും അവരോട് പള്ളിയാളിയില്‍ തമ്പടിച്ച് സര്‍ക്കസ് നടത്താന്‍. അതോടെ ഞമ്മടെ വാഴകൃഷി കൊളമാകും എന്ന്…..ഇവരെ രണ്ടു പേരേയും അടുത്തറിയാവുന്നവര്‍ക്ക് ഇതിലെ ഏറെ ഗൌരവതരമായ ഫലിതം ആസ്വദിക്കാതിരിക്കാനാവില്ല.
പറഞ്ഞു പറഞ്ഞ് സ്ട്രെച്ചറില്‍ കയറി വേറെ വല്ല ദിക്കിലും പോയോ. സാരല്ല…ഇവരെയൊക്കെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല ചെറുവാടിയുടെ ഗതകാലം അയവിറക്കുമ്പോള്‍. ആധുനിക ജീവിത സാഹചര്യങ്ങളില്‍ നമുക്ക് സ്ട്രെച്ചര്‍ ഇനി വേണമെന്നില്ല. പക്ഷേ ഈ കാരണവന്‍മാരുടെ സ്നേഹത്തണല്‍ ഒരിക്കല്‍ കൂടി ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു.

You May Also Like

ഹൃദയത്തില്‍ നിന്നൊരു കൈയ്യൊപ്പിലൂടെ….

അലീനാ , നിന്റെ കത്ത് എന്നെങ്കിലും എന്നെ തേടിയെത്തുമെന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു… പിന്നെ, ഞാന്‍ പേടിച്ചിരുന്നു, ഒരു പക്ഷേ, മൊബൈലില്‍ കൂടി നിന്റെ നേര്‍ത്ത സ്വരമായിരിക്കുമോ എന്നെ തേടിയെത്തുന്നതെന്ന്.. .

നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്ന ചിത്രമായിരുന്നു, പ്രത്യേകിച്ചും അതിലെ ജാതീയത

നവരസ’ ആന്തോളജിയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘സമ്മര്‍ ഓഫ് 92’ എന്ന ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനം. നവരസങ്ങളിലെ ഹാസ്യം എന്ന രസത്തെ അടിസ്ഥാനമാക്കിയായിരുന്നു

സ്വന്തം മകളെ തുണി പൊക്കി കാണിക്കുന്ന തന്തമാരുടെ നാടുകൂടിയാണിത്

സ്വന്തം മകളെ തുണി പൊക്കി കാണിക്കുന്ന അച്ചന്മാരുടെ നാടുകൂടിയാണിത്. ശരിക്കും ഇതൊക്കെയല്ലേ സംസ്കാരമില്ലായ്മ . ഇവനെ എന്ത് ചെയ്യണം ? ഏറ്റവും ഹീനമായ പ്രവർത്തിയല്ലേ

പിഷാരടിക്ക് അറിയാത്തതും, വെട്ടിയാർജിക്ക് അറിയുന്നതും

നിങ്ങൾ ഏത് നാട്ടുകാരനാണെന്ന് എനിക്കറിയില്ല, ഏത് സ്കൂളിലാണ് പഠിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ നിങ്ങൾ കേരളത്തിലാണ് പഠിച്ചതെങ്കിൽ പഠിച്ചോണ്ടിരുന്ന