സബ് ലെഫ്നന്റ് ശിവാംഗി
ഇന്ത്യൻ നാവികസേനയുടെ പ്രഥമവനിതാ പൈലറ്റ്
കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്ത് നടന്ന വിംങ്സ് സെറിമണി ചടങ്ങിൽ സബ് ലെഫ്നന്റ് ശിവാംഗി ഇന്ത്യൻ നാവികസേനയുടെ പ്രഥമവനിതാ പൈലറ്റായി ഔദ്യോഗികമായി ചുമതലയേറ്റു.
ശിവാംഗി പത്തുവയസ് മുതൽ ആഗ്രഹിക്കുന്ന കാര്യമായിരുന്നു ഒരു പൈലറ്റാകുക എന്നത്. കുട്ടിക്കാലത്ത് ബിഹാർ മുസഫർപുരിലെ സ്കൂളിൽ പരിപാടിക്കു ഒരു മന്ത്രി ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത് കണ്ടത് മുതലാണ് പൈലറ്റ് എന്ന മോഹം ശിവാംഗിയുടെ ഉള്ളിൽ മൊട്ടിട്ടത്. മുത്തച്ഛന്റെ വീട്ടിൽ അവധി ആഘോഷിക്കാൻ പോയതായിരുന്നു ശിവാംഗി. മന്ത്രിയെ കാണാൻ മുത്തച്ഛനൊപ്പം ശിവാംഗിയും പോയി. മന്ത്രി സ്റ്റൈലിൽ വന്നിറങ്ങിയ ഹെലികോപ്റ്റർ പൈലറ്റിനെ കണ്ട് അമ്പരക്കുകയായിരുന്നു ശിവാംഗി. ‘അന്ന് ഹെലികോപ്റ്റർ പറത്തുന്ന അയാളെ ഞാൻ ശ്രദ്ധിച്ചു. അത് വളരെ പ്രചോദനം നൽകുന്ന ഒന്നായിരുന്നു. അപ്പോൾ തന്നെ ഞാൻ മനസ്സിൽ കരുതി, ഏതെങ്കിലും ഒരു ദിവസം ഞാനും ഇതുപോലൊന്ന് പറപ്പിക്കും.’ തന്റെ കുട്ടിക്കാലം തൊട്ടുള്ള സ്വപ്നത്തെ കുറിച്ച് ശിവാംഗി പറയുന്നതിങ്ങനെ.
27 എൻ.ഒ.സി കോഴ്സിന്റെ ഭാഗമായി എസ്.എസ്.സി(പൈലറ്റ്) ആയിട്ടായിരുന്നു ശിവാംഗിയുടെ പ്രവേശനം. കഴിഞ്ഞ വർഷം ജൂണിലാണ് ഇവരെ വൈസ് അഡ്മിറൽ എ.കെ ചൗള ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്.
ഏഴിമല നാവിക അക്കാദമിയിൽ 6 മാസ നേവൽ ഓറിയന്റേഷൻ കോഴ്സ് പൂർത്തിയാക്കി സേനാംഗമായി. തുടർന്ന്, ദക്ഷിണ നാവിക കമാൻഡിലെ ഐഎൻഎഎസ് 550ൽ 6 മാസം ഡോർണിയർ കൺവേഷൻ കോഴ്സ് പൂർത്തിയാക്കി. ഇതിനകം 100 മണിക്കൂർ ശിവാംഗി പരിശീലനപ്പറക്കൽ നടത്തി. ഇതിൽ 60 മണിക്കൂറും കടലിനു മീതെ ഡോർണിയറിലായിരുന്നു. ഇനി 6 മാസത്തെ ഡോർണിയർ ഓപറേഷനൽ ഫ്ലൈയിങ് പരിശീലനം ബാക്കിയുണ്ട്.നേവിയുടെ വ്യോമയാന വിഭാഗത്തിൽ എയർട്രാഫിക് കൺട്രോൾ ഓഫീസർമാരായും ഒബ്സർവർമാരായും വനിതാ ഉദ്യോഗസ്ഥരുണ്ടെങ്കിലും കോക്പിറ്റിലേക്ക് ആദ്യമായാണ് ഒരു സ്ത്രീ പ്രവേശിക്കുന്നത്. ശിവാംഗിയുടെ അതേ ബാച്ചിലുള്ള സബ് ലഫ്റ്റനന്റുമാരായ ശുഭാംഗി, ദിവ്യ എന്നിവർ വ്യോമസേനയുടെ കീഴിൽ ഡിസംബർ 21നു പരിശീലനം പൂർത്തിയാക്കും. വിവിധ വിഭാഗങ്ങളിലായി നിലവിൽ 370 വനിതകളാണ് നാവിക സേനയിൽ ഉള്ളത്.

‘എനിക്കും മാതാപിതാക്കള്‍ക്കും ഏറെ അഭിമാനം നിറഞ്ഞ നിമിഷമാണ് ഇത്.സന്തോഷം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ തികയുന്നില്ല. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന ഒരു സ്വപ്നമാണ്. അവസാനം എന്റെ നെഞ്ചില്‍ ഇത് ഇരിക്കുന്നു.’ പൈലറ്റ് ബാഡ്ജില് കൈവച്ച് ശിവാംഗി പറഞ്ഞു. ഔദ്യോഗികമായി സേനയുടെ ഭാഗമായതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ശിവാംഗി.

Advertisements