സുബൈദാന്റെ ആധിയും, ഫെയ്സ്ബുക് വ്യാധിയും..

642

വീടിന്നു തൊട്ടപ്പുറത്തുള്ള മൊട്ട പറമ്പില്‍ നിന്നും, അവിടവിടെയായി നില്‍കുന്ന മരങ്ങളോടും , കുറ്റിച്ചെടി കളോടും പുഞ്ചിരിച്ചും , കളിപറഞ്ഞും നാടന്‍ മണവാട്ടിയെ പോലെ കുഞ്ഞു കാറ്റ് കുണുങ്ങി.. ,കുണുങ്ങി സുബൈദാന്റെ മുറ്റത്തും എത്തി . സാബിറ നട്ടുവളര്‍ത്തിയ മുല്ലയും ,റോസും കുഞ്ഞി കാറ്റിനോട് സലാം പറഞ്ഞു . പോക്കുവെയിലിന്റെ ഒളിഞ്ഞു നോട്ടം കണ്ട സുന്ദരി പൂകളുടെ മുഖം നാണം കൊണ്ട് കുനിഞ്ഞു , എന്നാലും മുഖത്ത് ഒരു തിളക്കവും ഉണ്ടായിരുന്നു …

കുഞ്ഞി കാറ്റ് ഇതെല്ലാം കണ്ടു പൂകളെ ഒന്ന് “ആക്കി ” ചിരിച്ചു കൊണ്ട് അവരുടെ കയ്യില്‍ നിന്നും മനം മയകുന്ന അത്തറും തട്ടിപറിച്ചു പതുക്കെ , പതുക്കെ സുബൈദാന്റെ മുന്നിലും എത്തി . അപ്പോഴേക്കും പൂക്കളുടെ മണം എല്ലാം കുഞ്ഞി കാറ്റിനു നഷ്ടപെട്ടിരുന്നു . പകരം മുറ്റത്തെ ആട്ടിന്‍ കൂട്ടിലെ ആടുകളുടെയും , ചീഞ്ഞ കാബെജിന്‍ ന്റെയും ഒരു വല്ലാത്ത ചൂരായി മാറി .ഇത് ഒട്ടും ഇഷ്ടപ്പെടാതെ കാറ്റ്, ആ ചൂര് സുബദാന്റെ മൂകിലേക്ക് എറിഞ്ഞു കൊടുത്തിട്ട് ഓടെടാ ഓട്ടം……

ഉമ്മറ പടിയില്‍ , തലയിലെ പേനും ,ഈരും വലിച്ചു എടുത്തു പൊട്ടിച്ചു രസിചിരികുന്ന സുബൈദ ഈ ഒടുക്കത്തെ ചൂര് മൂകിലൂടെ തുളച്ചു കയറിയിട്ടും ഒന്ന് അനങ്ങിയില്ല .മനമെവിടെയോ ,മിഴിയിവിടെ എന്ന് പറയുന്നപോലെ സുബൈദ പേന്‍ നുള്ളി വലികുന്നുന്ടെങ്കിലും മനസ്സ് വേറെ എവിടെയോ ആണ് .

ലജ്ജാവതിയെ … അന്റെ കള്ള കട കണ്ണില്‍ …. നാനാ നന്നാ …

പാട്ടുകേട്ടതും സുബൈദ തിരിഞ്ഞു നോക്കി , ദാണ്ടേ നില്കുന്നു അയല്കാരനും കുട്ടികാലം മുതലേ ചെങ്ങായിയായ കുഞ്ഞാപ്പു .മടക്കി കുത്തിയ പുള്ളിതുണിയും , ചുണ്ടത്തൊരു ബീഡിയും ,ചെവിക്കു മുകളില്‍ മറ്റൊരു ബീഡിയും (സ്റ്റെപ്പിനി ) തലയില്‍ നരച്ച ഒരു കര്ചീഫു കൊണ്ടുള്ള ഒരു കെട്ടും , ബീടികറ പുരണ്ട പല്ലുകളും കാട്ടി പൊട്ടന്‍ ബിസ്കറ്റ് കണ്ടപോലെയൊരു ചിരിയുമായി നില്‍കുന്ന കുഞ്ഞാപ്പുവിനെ കണ്ടതും സുബൈദാന്റെ കണ്ണുകളില്‍ ഒരു തിളക്കം , കുഞ്ഞാപൂന് ആണെങ്കില്‍ സുബൈദാനെ കാണുമ്പോളുള്ള കണ്ണുകളിലെ തിളക്കം ഓര്മ വെച്ച നാള്‍ മുതലേ ഉള്ളതാണ് .

” എന്താണ് സുബൈദാ ഇങ്ങിനെ ഒറ്റക്കിരികുന്നത് ?”

“ഞാനിപ്പോ ഒറ്റയ്ക്ക് തന്നെയല്ലേ ..അന്ത്രുക്ക ന്നെ വിട്ടു പോയിട്ട് കാലം കുരെയായില്ലേ , ഇപ്പൊ ന്റെ മോള് സാബിറ കല്യാണം കഴിഞ്ഞു പോകുക കൂടി ചെയ്തപ്പോ ഞാന്‍ ഒറ്റകായി ” – സുബൈദാന്റെ കണ്ണുകളിലെ തിളക്കം പെട്ടെന്ന് നിരാശയായി മാറി .അത് കണ്ടതും കുഞ്ഞാപ്പു സുബൈദാന്റെ അടുത്ത് വന്നു .എന്നിട്ട് പോക്കാച്ചി തവളയ്ക്ക് ജലദോഷം വന്നാലെന്നപോലെയുള്ള തന്റെ സ്വരം ഒന്ന് ആര്ദ്രമാകികൊണ്ട് ഒരു ചോദ്യം ” ഞാനില്ലേ സുബൈദാ നിനക്ക് ? ”

ചോദ്യം കേട്ടതും സുബൈദ കുഞാപ്പൂനെ ഒരു നോട്ടം. കറുത്തമ്മ,കൊച്ചുമുതലാളിയെ നോക്കിയപോലെയാണോ ,നാഗവല്ലി നഗുലനെ നോക്കിയപോലെയാണോ .. നോട്ടത്തിന്റെ അര്‍ഥം കുഞാപ്പൂനു പിടികിട്ടിയില്ല , വെറുതെ തിന്നും കുടിച്ചും, പേന്‍ നുള്ളിവലിച്ചും , ആടുകളെ നോക്കിയും നടക്കുന്ന സുബൈദാന്റെ കയ്യില്‍ നിന്ന് ഒന്ന് “പൊട്ടിയാല്‍ ” പൊട്ടാന്‍ ഇനി തന്റെ വായില്‍ ഒരു കോട്ടുപല്ലുപോലും ഉണ്ടാകില്ലെന്ന സത്യം ഒരു മിന്നല്‍ പോലെ കുഞാപൂന്റെ മനസിലൂടെ മിന്നി . ഉടനെ തന്നെ കുഞ്ഞാപ്പു ആ ചോദ്യം ഒന്ന് തിരുത്തി ,” അല്ലാ .. ഇപ്പൊ ഞാന്‍ ഇല്ലേ ഇവിടെ എന്നാണു ഞാന്‍ ചോതിച്ചത് “കുറച്ചേരം മ്മക്ക് മിണ്ടീം പറഞ്ഞും ഇരികാം ,എന്ത്യേയ് ?

” ന്നാ ജ്ജ് ഇവിടെ കുത്തിരിക്ക്‌ .. ഇനിക്കും ഒരു കാര്യം അറിയാനുണ്ട് നിന്റെ അടുത്തുനിന് ”
ഉമ്മറ തിണ്ണയില്‍ ഇരികാനുള്ള അനുവാദം കിട്ടിയപാടെ ,കുഞ്ഞാപ്പു തലയിലെ ഉറുമാല്‍ അഴിച്ചു തിണ്ണയിലെ പൊടി തട്ടി ,ഉറുമാല്‍ വിരിച്ചു അതിന്മേല്‍ ഇരുന്നു .പാറി പറന്നു കിടക്കുന്ന മുടി കെട്ടി വെച്ച് ,തോളിലിരുന്ന തട്ടം ഒന്ന് കുടഞ്ഞു നിവര്‍ത്തി തലയില്‍ ഇട്ടിട്ടു സുബൈദ ഒന്നുകൂടി ഒന്ന് അനങ്ങിയിരുന്നു , മിണ്ടി പറഞ്ഞിരികാന്‍ ഒരാളെ കിട്ടിയ സന്തോഷം സുബൈദ മറച്ചു വെച്ചില്ലാ , വിടവുള്ള പല്ലുകള്‍ കാട്ടിയൊരു ചിരി കുഞ്ഞാപൂന് പാസ് ചെയ്തു കൊടുത്തു .

” അല്ല കുഞ്ഞാപ്പോ ..അനക്ക് ഈ കംബ്യുട്ടെരിന്റെ ഉള്ളിലുള്ളതൊക്കെ അറിയോ ? ഈ ഫെയ്സ് ബുക്കും ,ജിടോക്കും , മെസ്സെന്ചെരും ….. ഇതൊക്കെ ? ”
പിന്നേ.. കുഞ്ഞാപൂന് അറിയാത്തത് എന്താ ഉള്ളത് , എന്ത്യേപ്പോ ചോതിക്കാന്‍ ?

സാബിറക്ക് പഠിക്കാനാണെന്നും പറഞ്ഞു എന്റെ ആങ്ങള ഒരു കംബ്യൂടര്‍ വാങ്ങി കൊടുത്തിരുന്നു ,ഓള് അത് പഠിച്ചു ,പഠിച്ചു ഒടുക്കം അതിന്റെ ഉള്ളിലുള്ള ഒരുത്തനെ അങ്ങട് കെട്ടി .അല്ലാ അനക്ക് അറിയാല്ലോ ആ കാര്യങ്ങളൊക്കെ ..

ഉം.. . അറിയാം

” ന്നെ ന്റെ ബാപ്പ കല്യാണം കഴിച്ചു വിടാന്‍ തീരുമാനിച്ചപ്പോ ,ന്നെ ഇപ്പൊ കെട്ടിച്ചുവിടണ്ടാന്നു പറഞ്ഞു കരഞ്ഞവള്‍ ആണ് ഞാന്‍ .ന്നാല് ന്റെ മോള് സാബിറ കംബ്യുട്ടറിന്റെ ഉള്ളിലെ കുപ്പായടാതെ നിക്കണ ഒരുത്തനെ കാണിച്ചു തന്നിട്ട് പറഞ്ഞു ഓള്‍ക്ക് ഓനെ കെട്ടിച്ചു കൊടുക്കണം എന്ന് .അന്ന് ഓള് പറഞ്ഞതൊന്നും ഇനിക്ക് മനസിലായില്ല , ഫെയ്സ് ബുക്ക്‌ പഠിക്കണ ബൂകാണ് എന്നല്ലേ അന്ന് വരെ ഞാന്‍ കരുതിയത് ,ബുക്കിലുള്ള ഓനെ ഒക്കെ എങ്ങിനെയാ കേട്ടാന്നു കരുതി അന്തം വിട്ടു …ഓളെ വാശി കണ്ടിട്ട് ഞാന്‍ ആങ്ങളെനോട് ചോതിച്ചപ്പോളല്ലേ സങ്ങതീന്റെ കെടപ്പ് മനസിലായത് , ഫെയ്സ് ബുക്കും ,ജിടോക്കും ഒന്നും പഠിക്കണ ബുക്കുകളല്ലെന്നും , അതിലൊക്കെ ഏതു കുപ്പായല്ലാതോനും കേറി കൂടാമെന്നുമൊക്കെ അന്നാ മനസിലായത് . ഇപ്പോളത്തെ കുട്യോള് നേരിട്ട് വന്നു പറയല്ലേ ന്നെ കെട്ടിചോളിം , ഇനിക്ക് കെട്ടണം ന്നൊക്കെ .. ഒരു നാണവും ഇല്ലാതെ ..പണ്ടൊക്കെ കുട്യോള് മുഖത്തേക്ക് നോക്കിയാല്‍ തന്നെ ഉമ്മമാര്‍ക്ക് മനസിലാകുമായിരുന്നു എന്താ കുട്യോള്‍ക്ക് പറയാനുള്ളതെന്ന് ,ഇന്ന് ഇവറ്റകള് മുഖത്ത് നോക്കി പറഞ്ഞാല്‍ പോലും ഒന്നും മനസിലാകൂല ,
ഇപ്പൊ സാബിറാന്റെ കാര്യം തന്നെ നോക്ക് ,ഓളും കുമാരന്റെ മോളും കൂടി എതുനേരം നോക്കിയാലും ആ കുന്ത്രാണ്ടത്തിന്റെ മുന്നിലായിരുന്നു,രണ്ടാളും അതില്‍ നോക്കി പടികാനെന്നല്ലേ ഞാന്‍ കരുതീരുന്നത് , ഇപ്പൊ പത്താം ക്ലാസുകാര്‍ക്ക് പഠിക്കാന്‍ കംബ്യൂട്ടരുവേണം എന്ന് അപ്പുറത്തെ മോല്യാരുടെ മോനും പറയുന്നത് കേട്ടു. അവിടേം ഉണ്ട് ഇത് . ഇങ്ങിനെ ആണുങ്ങളോട് ലോഹ്യം കൂടുന്ന പണിയും അതിലുണ്ടെന്നു സാബിറ ഓനെ കാണിച്ചു തന്നപ്പോ മാത്രാണ് ഞാന്‍ അറിഞ്ഞത് . അതെങ്ങിനെ.. സാബിറ കുമാരന്റെ മോളെ വിളിക്കും എടാന്നു , ഓള് തിരിച്ചും വിളിക്കും എടാന്നു കംബുട്ടെരില്‍ നോക്കിയും വിളിക്കും എടാന്നു .. പോരാത്തതിന് മനുസ്യനു തിരിയാത്ത ഒരു ഭാഷയും ,ഇംഗ്ലീഷും മലയാളവും ഒക്കെ കൂടി പത്തിരീം കൊയികറീം പോലെ കൊയച്ചിട്ടു ഒരു പറച്ചില് ..എങ്ങിനെയാ കുഞ്ഞാപ്പോ ന്നെ പോലൊരു ഉമ്മാക് ഈ കുട്ട്യോളെ ഇമ്മാരി പണിയൊക്കെ മനസിലാകാ ? പത്താം ക്ലാസ്സില്‍ എത്തിയാ പിന്നേ എല്ലാര്‍കും കംബ്യുട്ടെരു വേണം , ഈ നാട്ടില്‍ തന്നെ ഇപ്പൊ എത്ര പെരയിലായി ആ കുന്ത്രാണ്ടം .. ഓലൊക്കെ സാബിറാന്റെ മാതിരി ഉമ്മമാരെ പറ്റിച്ചു നടകായിരികും അല്ലെ ?നമ്മളെ പെണ്‍കുട്ട്യോളെ കാര്യം ഓര്‍ക്കുമ്പോള്‍ പള്ളന്റെ ഉള്ളികൂടെ എന്തോ ഒരു ആധിയാണ് . എങ്ങിനെയാ കുഞ്ഞാപ്പോ ഈ കുന്തതിന്നൊക്കെ പുത്യാപളമാരെ കിട്ടാ ? ശരിക്കും എന്താപോ ഈ ഫെയ്സ് ബുക്ക് ,കംബ്യുട്ടെര്‍ എന്നൊക്കെ പറഞ്ഞാല്‍ ?

ഹഹ്ഹ … ഇത് സിമ്പിള്‍ കൊസ്ട്ട്യനല്ലേ ..ഇപ്പൊ ഈ ഫെയ്സ് ബുക്ക് എന്നൊക്കെ പറഞ്ഞാല്‍ ഒരു പകര്‍ച്ച വ്യാധിയാണ് ,ന്നാലും … ഇജ്ജു വിജാരികനപോലെയൊന്നും അല്ലാ കമ്പ്യൂട്ടര്‍ . അതിനെ പറ്റി അറിയാതോണ്ടാണ് അനക്ക് ഒന്നും മനസിലാകാഞ്ഞതും ,സാബിറ നിന്നെ പറ്റിച്ചതും . ഞാന്‍ പറഞ്ഞു തരാം , അല്ലാ പഠിപ്പിച്ചു തരാം ..അത് ഇവിടെ തന്നെയില്ലേ ,സാബിറ കൊണ്ടുപോയിട്ടില്ലല്ലോ ? കുഞ്ഞാപ്പു നല്ല കോഴി ബിരിയാണി കയ്യില്‍ കിട്ടിയ പോലെ ഭയങ്കര ഉല്സാഹവാന്‍ ആയി .

” ഇല്ലാ ഇവിടെ തന്നെയുണ്ട്‌ .”
ന്നാ .. വാ … പഠിപ്പിച്ചു തരാം .

രണ്ടു പേരും കൂടെ അകത്തെ മുറിയിലേക്ക് നടന്നു .മുന്നില്‍ നടക്കുന്ന സുബൈദാനെ കണ്ടപ്പോള്‍ എന്തോ.. മുറ്റത്തെ താറാവ് വാക്കാ വാക്കാ പാടി കുണുങ്ങി നടക്കുന്ന പോലെയാണ് കുഞ്ഞാപ്പുവിനു തോന്നിയത് , വാക്ക ..വാക്കാ പാടികൊണ്ട് തന്നെ കുഞ്ഞാപു പിറകെ നടന്നു .

അകത്തെ മുറിയില്‍ ഒരു മേശയുടെ പുറത്തുള്ള കംബ്യുട്ടെര്‍ കണ്ടതും കുഞ്ഞാപ്പുവിനൊരു പുച്ഛം ..” ഓ ഇത് ഇങ്ങിനത്തെ കംബ്യുട്ടെര്‍ ആണോ,ഇന്റെ അടുതുള്ളതെയ് ലാപ്ടോപ്പാണ്‌ . അളിയന്‍ ഗള്‍ഫീന്ന് കൊടുതയച്ചതാണ് .
ലാപ്ടോപ്പോ ? അതെന്താണ് ? സുബൈദാക്ക് ആകാംക്ഷ .
ഹഹ്ഹ … അതും കംബ്യുട്ടെരു തന്നെ .. അത് നമുക്ക് മടിയില്‍ വെക്കാം കൊണ്ട് നടക്കാം …

ഓഹ്.. അതന്റെ അളിയന്‍ വല്ല ബക്കാലീന്നും (പലചരക്ക് കട ) വാങ്ങിയതാകും ,ഇതേ ഇന്റെ ആങ്ങള നല്ലോണം കായി ചെലവാക്കി വാങ്ങിയതാണ് ,എവിടെങ്കിലും വെച്ചാല്‍ അവിടെ നിന്നോളും ,നമ്മള് കൊണ്ട് നടക്കണ്ടാ … സുബൈദ ഇത്തിരി ഗര്‍വ്വോടെ പറഞ്ഞു .

ന്റെ സുബൈദാ … അന്റൊരു കാര്യം .. ആ അതെന്തെലും മാകട്ടെ ..നമുക്കിപ്പോ ഇത് പഠിക്കാം . കുഞ്ഞാപു അടുത്തുള്ള ഒരു കസേര വലിച്ചിട്ടു അതില്‍ ഇരുന്നു ,കംബ്യുട്ടെര്‍ ഓണ്‍ ആക്കി .കുഞ്ഞാപ്പൂന്റെ സ്വന്തം ഫെയ്സ്ബുക്ക് പ്രൊഫൈല്‍ എടുത്തു സുബൈദാനെ കാണിച്ചു ..ദാ.. നോക്ക് ന്റെ ഫെയ്സ്ബുക് ..

“എവിടെ ..നോകട്ടെ.”. സുബൈദാ കുഞാപൂന്റെ തൊട്ടടുത്ത്‌ വന്നു നിന്ന് കംപ്യുട്ടറിലേക്ക് നോക്കി .

സുബൈദാന്റെതായ ആ ഒരു ഗന്ദം കുഞ്ഞാപ്പൂന്റെ മൂകിലൂടെ സിരകളിലേക്ക് പടര്‍ന്നു .. കുഞ്ഞാപ്പു വല്ലാത്തൊരു അവസ്ഥയിലായി , പടച്ചോനെ പിടിച്ചു നില്കാനുള്ള കരുത്തു തരണേ … അറിയാതെ പ്രാര്‍ഥിച്ചു പോയി കുഞ്ഞാപ്പു . കംബ്യുട്ടെരിലെ കുഞ്ഞാപ്പൂന്റെ ആ മോന്ജുള്ള ഫോട്ടം കണ്ടു, ഈ ഇരിക്കുന്ന കുഞ്ഞാപ്പു തന്നെയാണോ ആ കള്ളിയില്‍ ഉള്ളതെന്ന് ഓര്‍ത്തു അന്തം വിട്ടു നില്കായിരുന്ന
സുബൈദാനെ കുഞ്ഞാപ്പു ഒന്ന് നോക്കി …

‘ സുബൈദാ’ … – കുഞ്ഞാപ്പു സുബൈദാനെ സകല സ്നേഹവും ചേര്‍ത്ത് വിളിച്ചു …
എന്ത്യേയ് ? കുഞ്ഞാപ്പൂന്റെ മട്ടും ഭാവവും കണ്ടു സുബൈദ വല്ലാതായി

ഞാനൊരു കാര്യം ചോതിച്ചാല്‍ .. ജ്ജ് നേര് പറയോ ? കുഞ്ഞാപ്പു സുബൈദാന്റെ കണ്ണുകളിലേക്കു നോക്കി .. ഇത്തിരി നാണം ആ കണ്ണുകളില്‍ ഉണ്ടോ…

ഉം … ചോദിക്ക് …

ചോദിച്ചാല്‍ പിന്നേ പിണങ്ങരുത് ….
ഇല്ല… ചോദിക്ക് …

അന്റെ…
ഇന്റെ….?
അന്റെ തലേല്‍ ഒരുപാട് പേന്‍ ഉണ്ട് ല്ലേ ? എന്തൊരു ചൂരാണ് സുബൈദാ .. ഞാന്‍ തല കറങ്ങി വീണില്ലാ എന്നേയുള്ളു ..
ആഹ്.. അത് ഞാന്‍ ഒറ്റകിങ്ങിനെ ഇരികുമ്പോള്‍ നേരം പോകാന്‍ എന്തേലും പണി വേണ്ടേ … പേന്‍ നുള്ളി വലിചിരികുമ്പോള്‍ ഓരോന്നോര്‍തങ്ങിനെ ഇരിക്കാന്‍ ഒരു സുഖാണ് ..അതല്ലേ ഞാന്‍ തലീന്നു പേന്‍ കളയാത്തത്‌……,, ഇത്തിരി ചമ്മലോടെ സുബൈദ കാര്യം പറഞ്ഞു .

ഇനിയിപ്പോ അനക്ക് നേരം പോകാത്ത കേസുണ്ടാകൂല … ഈ കംബ്യുട്ടര്‍ ഒന്ന് ഓണാക്കി ഇതിന്റെ മുന്നില്‍ ഇരുന്നാല്‍ മതി , ഫെയ്സ്ബുക്കില്‍ ഞാനുണ്ടാകും ,നമുക്ക് ചാറ്റ് ചെയ്തും, വീഡിയോ ഷെയര്‍ ചെയ്തും നേരം കളയാം എന്ത്യേയ് /?

ആയികൊട്ടെ… ന്നെ ഇതൊന്നു പഠിപ്പിക്ക് ആദ്യം ….

ആദ്യം നിനകൊരു ഇമെയ്ല്‍ ഐടി ഉണ്ടാക്കണം , അതിപ്പോ ന്റിം കൂടി ഒരു ആവശ്യാണ്‌.., കുഞ്ഞാപു സുബൈദാനെ നോക്കി ചിരിച്ചു .
അതെന്താ .. ?

” നിനക്ക് ഐടി ഉണ്ടാകീട്ടു i wanna chat …th u .. ”

അ അ ആ … ന്നെ ചവിട്ടി പീത്താനാണോ ജ്ജ് ഞാന്‍ പടിപ്പികാം , ഞാന്‍ പടിപ്പികാം എന്നും പറഞ്ഞു തെരക്കുകൂട്ടിയത് ? അത് നടകൂല കുഞ്ഞാപ്പൂ … പുത്യാപ്പളാരെ തെരാന്‍ ഈ കുണ്ട്രാന്ദത്തിനു പറ്റൂങ്കില്‍ ഓരേ നിലക്ക് നിര്‍ത്താനുള്ള സംവിധാനവും ഇതില്‍ ഉണ്ടാകൂല്ലേ .. ഞാന്‍ അത് പഠിച്ചിട്ടു അന്റെ നടും പൊറം നോക്കിയന്ഗഡ് തരും …അല്ലാ പിന്നെ … സുബൈദാ തമാശയിലൂടെ കാര്യം പറഞ്ഞു .

എന്തൊക്ക്യാ ജ്ജ് പറയുന്നത് ചെങ്ങായ്യെ ?…അതാ .. സുബൈദാ.കോം എന്ന് കിട്ടൂലാന്നാ കംബ്യെട്ടെര്‍ പറയുന്നത് .. അങ്ങിനെ വേറേം ഒരുപാട് ഐഡി ഉണ്ടോലോ , സുബൈദാന്റൊപ്പം വേറെ പേരെന്തെങ്കിലും കൂട്ടി നോക്കാം .. എന്ത് പേരാ ഇപ്പൊ കൂട്ടാ ? കുഞ്ഞാപ്പു സുബൈദാനെ നോക്കി ചോദിച്ചു ..

സുബൈദ സാബിറ എന്നാകിയാലോ കുഞ്ഞാപ്പോ ?
ഉം.. വേണ്ടാ പെണ്‍കുട്ട്യോളെ പേര് മാത്രായാല്‍ ശരിയാകൂല ..വേറെ പറയ്‌ .

ന്നാ സുബൈദ അന്ത്രുക്ക ..

ഓഹ്.. മരിച്ചാലും ജ്ജ് അതിനെ വിടൂലെ…. കുഞാപ്പൂനു എന്തോ പെട്ടെന്ന് ദേഷ്യം വന്നു .
ന്നാ സുബൈദാ കുഞ്ഞാപ്പു എന്നാകികോ …- അത് കേട്ടതും ദേഷ്യമൊക്കെ മാറി ഒരു വെളിച്ചം ആ മുഖത്ത് വന്നു കൂടെ എലി പുന്നെല്ലു കണ്ട പോലെയൊരു ചിരിയും …

wow കണ്ടോ ഐഡി റെഡി .. ഇനി വാ .. ഒരു കസേര ഇട്ടു ന്റെ അടുത്ത് വന്നിരി .. ഇനി ചെയ്യേണ്ടതൊക്കെ ഞാന്‍ പഠിപ്പിക്കാം …

അങ്ങിനെ ഒരു വിധ മെല്ലാം പഠിപ്പിച്ചു കുഞ്ഞാപ്പു പോകാന്‍ ഒരുങ്ങി ..
അപ്പൊ ശരിടാ .. രാത്രി ഞാന്‍ ഓണ്‍ലൈനില്‍ വരാം … നീയും ഉണ്ടാകണം ..ഇപ്പൊ പോട്ടെ ..

ന്നാ .. അങ്ങിനെ ആയികൊട്ടെ കുഞ്ഞാപ്പൂ ..

ഹേ .. ഇത്ര എളുപ്പം ഞാന്‍ പടിപ്പിച്ചതൊക്കെ മറന്നോ ? ഇനി നമ്മള്‍ ചാറ്റിങ് ഭാഷയെ പറയാവൂ… , കുഞ്ഞാപ്പു അല്ലാ എടാന്നു വിളി അല്ലെങ്കില്‍ ഡിയര്‍ … ഓക്കേ ..?

ഓക്കെ ..ഡാ ..ബൈ

ബൈ .. സീ യു ..ലേട്ടെര്‍ ..ഡിയര്‍

തനിച്ചിരുന്നു ബോറടികുന്നതില്‍ നിന്നും രക്ഷപെട്ടെന്ന തോന്നലും , കംബുട്ടെര്‍ ,ഫെയ്സ് ബുക്ക് .., ഇതൊക്കെ എന്തൊക്കെ യോ പഠിച്ചു എന്ന സംതൃപ്തിയും , അതിലുപരി ഇതൊക്കെ നല്ലോണം മനസിലാകീട്ടു വേണം തന്നെ പോലെയുള്ള ഉമ്മമാരെ കൂടി ഇതൊക്കെ പഠിപ്പികുകയും, അങ്ങിനെ ഒരു പെണ്‍കുട്ടിയും ഇനി ഒരു ഉമ്മമാരെയും പറ്റികരുതെന്നും, പെന്കുട്ട്യോലെയും ആരും പറ്റികാതിരികാന്‍ ഉമ്മമാര്‍ക്ക് ഇടക്ക് ഇതൊക്കെ ശ്രദ്ധിക്കുകയും ചെയ്യാമെന്നുമുള്ള ഓരോ കണക്കുകൂട്ടലില്‍ സുബൈദാന്റെ ആ ആധി ഒന്ന് കുറഞ്ഞു … സന്തോഷത്തോടെ തന്നെ കുഞ്ഞപ്പൂനു റ്റാ..റ്റാ കൊടുത്തു പറഞ്ഞയച്ചു .ചാറ്റ്ങ്ങിനു പുതിയൊരു ഗേള്‍ ഫ്രെണ്ടിനെ കിട്ടിയ സന്തോഷത്തില്‍ കുഞ്ഞാപ്പുവും വീട്ടിലേക്കു നടന്നു ..ചുണ്ടില്‍ ഒരു മൂളിപാട്ടുമായി ..
വാക്കാ .. വാക്കാ.. ഹേ ..ഹേയ്യ്… ദിസ്‌ ടൈം ഫോര്‍ കുഞ്ഞാപ്പൂ ..

Comments are closed.