ഹെഡ്ഡോഫീസിലിലെ താപ്പാനകൾ അഥവാ എല്ലിൻ കഷ്ണത്തിൽ ചുരണ്ടുന്നവർ

0
29

Subair PM Subair

എല്ലിൽ നിന്ന് ചുരണ്ടുന്നവർ

പുറത്ത് ആനയുടെ ചിത്രം പേറുന്നത് കൊണ്ടോ ? ഇനി ആനയുടെ തലയെടുപ്പുള്ളത് കൊണ്ടോ ? അതുമല്ലെങ്കിൽ, കൂപ്പിൽ മരം പിടിക്കുന്ന ആനയെ പോലെ ചേറിൽ പുരണ്ട് നടന്നിരുന്നത് കൊണ്ടോ … എന്തോ ആളുകൾ ആനവണ്ടിയെന്നാണ് മൂപ്പരെ വിളിക്കുന്നത്.

എന്തായാലും കേരളത്തിൽ റോഡിനും മുമ്പേ റോഡ് അന്വേഷിച്ചു ഓടിത്തുടങ്ങിയതാണ് ആനവണ്ടി, ശ്രീചിത്തിര രാജാവിന്റെ സംഭാവന, പിന്നീട് 1965മുതൽ KSRTC യായി, പിന്നെ സ്വയം പര്യാപ്തിക്കായി ആളുകളുടെ പോക്കറ്റിലെ ചക്രങ്ങൾ തേടി ആന വണ്ടിയുടെ ചക്രമുരുണ്ടു, കേരളത്തിലെ കുന്നും മലയും കയറിയിറങ്ങി, കുണ്ടും കുഴിയും ഇറങ്ങിക്കേറി,. വയലും പുഴയും താണ്ടി, പലപ്പോഴും ഇടിച്ചു നിന്നു ചിലപ്പോഴൊക്കെ ഇടി കൊണ്ട് നിന്നു, പിന്നെ കിതച്ചു നിന്നു, മടിച്ചു നിന്നു, ചോർന്നൊലിച്ചു തുരുമ്പെടുത്ത് ഞരങ്ങി നിൽക്കുന്നത് വരെയും പണിചെയ്ത് പ്രയാസപ്പെട്ടു, ഊറ്റിയുണ്ടാക്കി, പക്ഷേ എല്ലാം ഹെഡ്ഡോഫീസിലിരുന്ന് ചില താപ്പാനകൾ അമുക്കി , എല്ലിൻ കഷ്ണത്തിൽ ചുരണ്ടുന്നവർ, ഇലനക്കുന്നവന്റെ ചിറി നക്കുന്ന തരങ്ങൾ..

എന്ത്ചെയ്യാൻ , ആനവണ്ടി മെല്ലെ ഉത്തരവാദിത്ത സർവീസ് നിർത്തി, ചില താപ്പാനകളെ സേവിക്കാൻ തുടങ്ങി, നാട്ടുകാർക്ക് വേണ്ടിയുള്ള ഓട്ടം നിർത്തി, വോട്ടിന് വേണ്ടി രാഷ്ട്രിയക്കാർ കല്പിച്ച റോട്ടിലൂടെ നെട്ടോട്ടമോടി.. അങ്ങിനെ തോന്നുന്ന നേരത്ത് തോന്നുന്നിടത്തേയ്ക്ക് തോന്നും പോലെ ഓടി തോന്നിവാസം കളിക്കുന്ന നേരത്താണ്, നാട്ടിൽ മംഗലം ബസ്സിന്റെ, ഭംഗിയോടെയും പ്രൗഢിയോടെയും പ്രൈവറ്റ് ബസ്സ് രംഗത്തെത്തിയത്, ഉർവ്വശീശാപം ഉപകാരമായത്, പോലെയായി, പിന്നെ കഥ മാറി, കളി മാറി, തിങ്ങി നിറഞ്ഞ യാത്രക്കാരുമായി പൊരിവെയിലത്തും, പെരും മഴയത്തും റോട്ടിൽ നിർത്തിയിട്ടു ടിക്കറ്റ് കൊടുത്തു തിർന്നതിന് ശേഷം ഡബിൾ ബെല്ലടിക്കുന്ന പരിപാടി നിർത്തി, നേരത്തും കാലത്തും പോകാനും വരാനും തുടങ്ങി, കൈകുഞ്ഞിനും, ചിലപ്പോ വയറ്റിലുള്ളതിനും, റേഷൻ സഞ്ചിക്കുംവരേ ടിക്കറ്റ് ഈടാക്കൽ നിർത്തി.. ഇടയ്ക്കൊക്കെ പൊടിതട്ടാനും വെള്ളം തെളിക്കാനും തുടങ്ങി, ഓസിയും പിസിയും പ്രൈവറ്റിലേയ്ക്ക് മാറി.

കുട്ടികളെ പ്രൈവറ്റിൽ കയറ്റിവിട്ട് അദ്ധ്യാപകർ ആനവണ്ടിയിൽ കേറി, ആനന്ദലബ്ധി കൊണ്ടു, ഏമാന്മാർക്ക് ഇഷ്ടമില്ലാത്ത പ്രൈവറ്റ് മുതലാളിയുടെ മുമ്പിലും പിമ്പിലും വണ്ടിയിട്ട് വാശി തീർത്തു, ഇഷ്ടക്കാരന്റെ മുമ്പിലെ വണ്ടി മാറ്റിക്കൊടുത്തു, ചുരുക്കിപ്പറഞ്ഞാൽ KSRTCക്ക് ആകെ മൊത്തം ടോട്ടൽ ഒരു എനർജി കിട്ടി എന്ത് കിട്ടിയിട്ടെന്ത്, കടലിൽ കായം കലക്കിയത് പോലെ, ഒന്നുമില്ല, ശമ്പളം കൊടുക്കാൻ സർക്കാർ കൊടുക്കണം, എണ്ണയടിക്കാൻ പണയം വെയ്ക്കണം, ടയർ വാങ്ങാൻ ലോണെടുക്കണം, ഇതൊക്കെയാണേലും, കോടികളുടെ ആസ്തിയുള്ള ഒരു മഹാ പ്രപഞ്ചമാണ് കേട്ടോ KSRTC, അങ്ങ് ഹെഡ്ഡോഫീസ്, ഡിപ്പോകൾ, സബ് ഡിപ്പോകൾ, ഓപ്പറേറ്റിങ് ഡിപ്പോകൾ, വർക്ക്‌ ഷോപ്പുകൾ ട്രെയിനിങ് സെന്ററുകൾ എന്നുവേണ്ട, വിവിധ കമ്പനികളുടെ, വോൾവോ, സ്‌കാനിയ, ഗരുഡ മിന്നൽ ശബരി, മലബാർ, രാജധാനി, എയർബസ്സ് ഡബിൾ ഡക്കർ അങ്ങിനെയെന്തൊക്കെ, ഒക്കെയുണ്ടല്ലോ എന്ന് സമാധാനിക്കാൻ പൊതുജനത്തിന് കഴിയില്ല, കിഴക്കമ്പലം മോഡൽ മുതലാളി തെളിക്കുന്ന വഴിയിൽ നടക്കുന്ന ഒരു ഭരണ സംവിധാനം തിരുവനന്തപുരത്ത് എത്തുമ്പോൾ ഇതെല്ലാം ഇപ്പോൾ വിമാനത്താവളങ്ങൾ വിറ്റത് പോലെ ഏതെങ്കിലും അംബാനിമാർക്കോ അദാനിമാർക്കോ കൊടുക്കും, അതുവരെ നമ്മൾ ഈ മഹാ പൊതുമേഖലാ സ്ഥാപനത്തെ സ്നേഹിക്കുകയും, സംരക്ഷിക്കുകയും ചെയ്യുക ഇപ്പോൾ

MD ബിജു പ്രഭാകർ പറയുന്നത് പോലെ, കുറെ പെരുച്ചാഴികൾ ശമ്പളവും വാങ്ങി, റമ്മി കളിച്ചും ലാത്തിയടിച്ചും തേരാപാരാ നടക്കുന്നുണ്ട്, അവർക്കും കുടുംബമൊക്കെയില്ലെ, അവർ പട്ടിണി കിടക്കാതെ നോക്കേണ്ടത് നാം ഓരോ മലയാളിയുടെയും ബാധ്യതയാണ്.അവരെ കുറ്റം പറഞ്ഞുകൂടാ, ഇനി കൂടിയാൽ മൂന്നോ നാലോ വർഷവും കൂടിയേറിട്ടയർ മെന്റിനുള്ളു, ഇതിനിടയിൽ ആവുന്നതും അടിച്ചുമാറ്റണം, അവർക്ക് വേണ്ടിയല്ല മക്കൾക്കും, കുടുംബത്തിനും വേണ്ടി, അവർ നമ്മളെപോലെയല്ല, കുടുംബം നോക്കുന്നവരാ.

വാർത്ത : നൂറു കോടി കാണാനില്ല MD.