ചന്ദ്രശേഖർ ആസാദിനെ ജാമ്യം നിഷേധിച്ച് ജയിലിലിട്ടത് ഒരു തന്ത്രമാണ്, വലിയ പൊട്ടൻഷ്യലുള്ള നേതാവാണയാൾ, ഒറ്റയ്ക്ക് ഒരു കാട്ടുതീയാവാൻ കെൽപുറ്റ മനുഷ്യൻ

490

Subeesh Kuthuparakkal

“വളരെ ലളിതമാണ് സംഘപരിവാറിന്റെ സ്ട്രാറ്റജി. വലിയ രീതിയിൽ ആക്രമിക്കാതെ, അടിച്ചമർത്താൻ ശ്രമിക്കാതെ പൗരത്വ ഭേദഗതി സമരത്തെ നേരിടുക, ഒപ്പം ആരുടെയും പൗരത്വം നഷ്ടപ്പെടില്ല, ഇന്ത്യയിലെ മുസ്ലീംങ്ങൾ ഭയക്കണ്ട, പൗരത്വ ഭേദഗതി ബില്ലും പൗരത്വ റജിസ്റ്ററും തമ്മിൽ ബന്ധമില്ല എന്നൊക്കെ ചുമ്മാ പറഞ്ഞു കൊണ്ടിരിക്കുക.

രണ്ട് ഗുണങ്ങളാണ്, ഒന്ന് ശക്തമായ അടിച്ചമർത്തൽ സർക്കാറിന്റെ ഭാഗത്ത് നിന്നും ഇല്ലാതാവുമ്പോൾ പ്രതിഷേധ/ പ്രതിരോധ സമരങ്ങളുടെ മൂർച്ച കുറയാം, അവ വഴിപാടുകളായി മാറാം. രണ്ട് പ്രതിഷേധിക്കുന്നവർക്കിടയിൽ തന്നെ ഭിന്നതകളുണ്ടാവുകയും ഐക്യം ദുർബലപ്പെടുകയും ചെയ്യും. ഇത് രണ്ടും സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്.

ചന്ദ്രശേഖർ ആസാദിനെ ജാമ്യം നിഷേധിച്ച് ജയിലിലിട്ടത് മറ്റൊരു തന്ത്രമാണ്, വലിയ പൊട്ടൻഷ്യലുള്ള നേതാവാണയാൾ, ഒറ്റയ്ക്ക് ഒരു കാട്ടുതീയാവാൻ കെൽപുറ്റ മനുഷ്യൻ. അയാളെ ജയിലിലടച്ചതിലൂടെ തലസ്ഥാന നഗരിയിലെ പ്രതിഷേധങ്ങളുടെ ഗതി തിരിച്ച് വിടാൻ അവർക്ക് കഴിഞ്ഞു.

മുഖ്യ പ്രതിപക്ഷ കക്ഷിക്ക് ഇപ്പോഴും ദിശാബോധം കിട്ടിയിട്ടില്ല, പതിവ് തായം കളികൾക്കപ്പുറം ജീവസ്സുറ്റ ഒരു സമരം അവരിൽ നിന്ന് പ്രതീക്ഷിക്കാനാവില്ല. സത്യത്തിൽ പൗരത്വ വിഷയത്തിലെ കോൺഗ്രസ് നിലപാട് പോലും സംശയാസ്പദമാണ്. ഇന്റർനെറ്റ് ബ്ലോക്കിംഗ് സംവിധാനങ്ങൾ വാർത്തകളും പ്രതിഷേധത്തിന്റെ വിവരങ്ങളും അറിയുന്നതിൽ തടസ്സം സൃഷ്ടിക്കുകയും കോളേജ് / യുവ പ്രതിഷേധങ്ങളുടെ മുനയൊടിക്കുകയും ചെയ്യുന്നു. ഇടത് പാർട്ടികളും തൃണമൂലും ഡിഎംകെയും ആപ്പും ഒന്നും ദേശീയ തലത്തിൽ ഒരു സമരത്തെ കെട്ടിപ്പടുക്കാൻ മാത്രം ശക്തമല്ല.

സമരത്തെ സജീവമായി നിലനിർത്തുക, അതും രാജ്യ തലസ്ഥാനത്ത് പ്രത്യേകിച്ചും എന്നതാണ് ഏറ്റവും പ്രധാനം. അതിന് തുടക്കത്തിൽ ഈ സമരം ആരുടെ കരുത്തിലാണോ മുന്നേറിയത്, അവരുടെ, വിദ്യാർത്ഥികളുടെയും യുവാക്കളുടെയും നേതൃത്വത്തിലേക്ക് തന്നെ വരണം. അവരാണീ സമരത്തിന്റെ കുന്തമുന. മറ്റുള്ളവർക്കെല്ലാം, പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെയുള്ളവർക്ക് തങ്ങളുടെതായ പ്രതിഷേധ പ്രചരണ പങ്കാളിത്തം കൊണ്ട് ആ സമരത്തെ പിന്തുണയ്ക്കാം, അന്തർദേശീയ ശ്രദ്ധയിൽ സമരത്തെ കൊണ്ടു വരാം.

അതിനാദ്യം മോഡിയും അമിത് ഷായും ആവർത്തിച്ച് പറയുന്ന പോലെ ഇത് പൗരത്വ പ്രശ്നം മാത്രമല്ല മറിച്ച് ഭരണഘടന ലംഘനമാണ്, അഥവാ ഭരണഘടനയെ നോക്കുകുത്തിയാക്കി കൊണ്ട് സൗകര്യപൂർവ്വം തങ്ങളുടെ അജണ്ട നടപ്പിലാക്കലാണെന്ന ബോധ്യം, ഇതൊരു തുടക്കം മാത്രമാണെന്ന തിരിച്ചറിവ് വേണം.
തോറ്റു പോവരുത്, പിന്മാറാനിയൊരു ഇടമില്ല.”