ഷൈൻ നിഗം ശരിയോ തെറ്റോ ആവട്ടെ, ഉത്തരേന്ത്യൻ ഖാപ് പഞ്ചായത്തുകളെ പോലെ ‘വിലക്ക്’ കൽപ്പിക്കാൻ ഈ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരാണ് ?

189

Subeesh Kuthuparakkal

രണ്ട് സിനിമകളുടെ ചിത്രീകരണം മുടങ്ങിയതിന് കാരണക്കാരനായി തങ്ങൾ ‘കണ്ടെത്തിയ’ കുറ്റവാളിയോട് അതിന് നഷ്ടപരിഹാരം നൽകാനും അത് ചെയ്യാത്ത പക്ഷം അയാളെ ‘സഹകരിപ്പിക്കാതെ’ മുന്നോട്ട് പോവാനും നിർമ്മാതാക്കളുടെ ‘കോടതി’ ഉത്തരവിട്ടിരിക്കുന്നു!

ഷൈൻ നിഗം ശരിയോ തെറ്റോ ആവട്ടെ, ഉത്തരേന്ത്യൻ ഖാപ് പഞ്ചായത്തുകളെ അനുസ്മരിപ്പിക്കും വിധം ‘വിലക്ക്’ കൽപ്പിക്കാൻ ഈ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരാണ്!?

നിർമ്മാതാവും അഭിനേതാവും തമ്മിൽ ഒപ്പിട്ട ഒരു കരാറിന്റെ ലംഘനം ഉണ്ടായാൽ പരാതി ഉന്നയിക്കാനും ബന്ധപ്പെട്ട രേഖകളും മറ്റും പരിശോധിച്ച് രണ്ട് പക്ഷത്തിന്റെയും മൊഴികളും തെളിവുകളും പരിശോധിച്ച് തീർപ്പ് കൽപ്പിക്കാനും ഇന്ത്യയിൽ നിലവിൽ കോടതി എന്നൊരു സംവിധാനമുണ്ട്. ആ സംവിധാനം പോലും അഭിനേതാവ് കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും അല്ലെങ്കിൽ അയാളുടെ സ്വത്തുക്കളിൽ നിന്നും അത് വസൂലാക്കി കൊടുക്കണമെന്നും പറയുകയല്ലാതെ, അയാളുടെ ഉപജീവനമാർഗമായ അഭിനയം വിലക്കാറില്ല. കാരണം അത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.

ഇവിടെ പരാതിക്കാരായ നിർമ്മാതാക്കളുടെ സംഘടന തന്നെ ഏകപക്ഷീയമായി കേസ് കേട്ട് കുറ്റക്കാരനെ നിർണ്ണയിച്ച് അയാളുടെ മൗലികവും നിയമപരവുമായ അവകാശത്തെ നിഷേധിക്കുകയാണ്. പണത്തിന്റെ മുഷ്ക് എന്നല്ലാതെ ഈ സമാന്തര കോടതി കളിയെ മറ്റെന്താണ് വിശേഷിപ്പിക്കേണ്ടത്. അഭിനയിക്കാൻ അയാളും അത് കാണാൻ ജനങ്ങളും തയ്യാറാണെന്നിരിക്കെ ഞങ്ങൾ കാശ് മുടക്കില്ലെന്ന് പറയാൻ ഈ മാടമ്പികളാരാണ്? കാശു മുടക്കുന്നവർ എന്ന ന്യായമാണെങ്കിൽ അവരത് ചെയ്യുന്നത് പുണ്യ പ്രവർത്തിയായല്ല ലാഭമുണ്ടാക്കാൻ തന്നെയാണ്. അങ്ങനെ ലാഭമുണ്ടാക്കാൻ കാശ് മുടക്കുന്നവന് അതു പോലുളള മറ്റ് ഏത് മുതലിറക്കുന്നവനുമുള്ള അവകാശങ്ങ തന്നെയേ ഇന്നാട്ടിൽ ഉളളൂ. ഒരു സ്ഥാപനത്തിലെ തൊഴിലാളിയെ പിരിച്ച് വിടുന്ന മുതലാളിക്ക് അയാളിനി ഒരു സ്ഥാപനത്തിലും ജോലി ചെയ്ത് ജീവിക്കരുത് എന്ന് പറയാൻ അവകാശമുണ്ടോ? മുതലാളിമാരുടെ ഒരു സംഘടനയുണ്ടാക്കി അങ്ങനൊരു പ്രമേയം പാസ്സാക്കിയാൽ അത് ശരിയാണോ?

പ്രഖ്യാപിതവും അപ്രഖ്യാതവുമായ വിലക്കുകൾ കൊണ്ട് അങ്ങേയറ്റം മലീമസമായിരിക്കുകയാണ് മലയാള സിനിമ രംഗം. അതൊരു സംഘടിത കുറ്റവാളിക്കൂട്ടത്തെ വരെ ഉപയോഗപ്പെടുത്തി ഏറ്റവും തരംതാണ കളി കളിച്ചതിന് നാം സാക്ഷികളായിട്ട് നാളേറെയായില്ല. ഏറ്റവും ജനകീയമായ ഈ കലാരൂപത്തിൽ ചിലർ ചേർന്ന് അതത് മേഖലയിൽ കുത്തക സംഘടനകളുണ്ടാക്കുന്നതും അവരുടെ താളത്തിൽ നിൽക്കാത്തവരെ രംഗത്ത് നിന്നും അപ്രത്യക്ഷമാക്കുന്നതും നിയമവാഴ്ചയോടും സംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്. ഈ സമാന്തര അധികാര പ്രയോഗത്തിന് തടയിടാൻ സർക്കാർ അടിയന്തിരമായും ഇടപെടേണ്ടതുണ്ട്.