10,000 പേരോളം മരിച്ച, ഇന്ത്യ കണ്ട ഏറ്റവുംവലിയ ദളിത് നരഹത്യ നടത്തിയത് സിപിഎമ്മോ? നടന്നത് ബംഗാളിലെ മരിജാപ്പിയിലോ

0
95

Subhash Sabu

1947ൽ വിഭജനാനന്തരം ബംഗ്ലാദേശ്, അതായത് അന്നത്തെ ഈസ്റ്റ് ബംഗാൾ/ഈസ്റ്റ് പാകിസ്ഥാൻൽ നിന്ന് ഇന്ത്യയിലേക്ക് ആദ്യം വണ്ടി കയറിയവർ ഭൂരിഭാഗവും സവർണ്ണരായിരുന്നു.കാസ്റ്റിലും ക്ലാസ്സിലും മേൽതട്ടിൽ ഉള്ളവർ! ഉപജീവനമാർഗം പ്രകൃതിയോട് കൂടുതൽ ഇഴുകിച്ചേർന്നിരിക്കുന്നത് കൊണ്ടും ദീർഘകാലം അതിൽനിന്നുണ്ടായ മാനസികമായ അടുപ്പം കൊണ്ടും സാമ്പത്തികമായ ആശ്രിതത്വം കൊണ്ടും ജനിച്ച നാടും വീടും വിട്ട് പോകാൻ അവർണ്ണർക്ക് പ്രാരംഭഘട്ടത്തിൽ സാധിച്ചിരുന്നില്ല. മാത്രവുമല്ല, ജാതീയവും സാമുദായികവുമായ അടിച്ചമർത്തൽ നേരിട്ട ദളിതരും പിന്നോക്ക സമുദായങ്ങളും മുസ്ലിങ്ങളും ഫ്യൂഡൽ വ്യവസ്ഥിതിയിൽ അടിച്ചമർത്തൽ നേരിട്ടവരും അതുമൂലം ഒരേ ജീവിതശൈലിയും സാമൂഹിക പരിസരവും ഉള്ളവരും ആയിരുന്നു.
ബംഗ്ലാദേശ് പിന്നോക്ക സമുദായങ്ങളിൽ പെട്ടവർക്ക് അതുകൊണ്ട് തന്നെ സെയ്ഫ് ആണെന്ന് അവർ കരുതി. പിന്നീട് പാകിസ്ഥാനിലെ പോലെ തന്നെ ബഗ്ലാദേശിലും സ്ഥിതി വ്യത്യസ്തമായി.

തോടും പുഴയും കടലും കായലും എവിടെ തുടങ്ങുന്നു എന്നോ അവസാനിക്കുന്നുവെന്നോ അപരിചിതർക്ക് മുന്നിൽ വെളിപ്പെടുത്താതെ ഇന്നും മുഖംതിരിഞ് നിൽക്കുന്ന,കണ്ടൽ കാടുകളാൽ സമൃദ്ധമായ,ഗംഗ-ബ്രഹ്മപുത്ര-മേഘ്‌ന-പദ്മ എന്നീ നാല് നദികളുടെ സംഗമഭൂമി കൂടിയായ സുന്ദർബൻസിന്റെ മൂന്നിൽ രണ്ട് ഭാഗവും ഉൾപ്പെടുന്ന ബംഗ്ലാദേശിൽ മത്സ്യബന്ധനം നടത്തിയും മണൽ വാരിയും മൃഗങ്ങളെ വളർത്തിയും അറ്റങ്ങൾ കൂട്ടിമുട്ടിച്ച ജീവിതം കരക്കടുപ്പിച്ചു കൊണ്ടിരുന്ന മനുഷ്യർ ഇന്ത്യയിലെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാൻ സ്വാഭാവികമായും സമയമെടുത്തു.

കാരണം അഭയാർത്ഥികൾക്ക് കേന്ദ്ര ഗവണ്മെന്റ സ്ഥലം കണ്ടെത്തിയത് ദണ്ഡകാരണ്യയിൽ ആയിരുന്നു. (ഈ സ്ഥലം ഇന്നത്തെ ഒഡിഷ,ചത്തീസ്ഗഡ്, മധ്യ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.ആദ്യത്തെ ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും ബംഗാൾ saturation പോയിൻറ്റിൽ എത്തിയിരുന്നു.) റോഡ് പണിയും കൃഷി സ്ഥലങ്ങൾ ഒരുക്കുന്നതും ആയിരുന്നു ദണ്ഡകാരണ്യയിലേ അഭയാർഥികളുടെ തൊഴിൽ. ലക്ഷക്കണക്കിന് ബംഗാളികൾ പൊരിയുന്ന വേനലിനോടും കോച്ചുന്ന തണുപ്പിനോടും,മനസ്സിലാകാത്ത ഭാഷയോടും, മെരുങ്ങാത്ത, പരിചിതമല്ലാത്ത ഭൂപ്രകൃതിയോടും പടവെട്ടി ജീവിതം കെട്ടിപ്പടുത്തു. അവരുടെ ക്യാംപിലും ജാതി വേർതിരിവ് അന്വോന്യം ഉണ്ടായിരുന്നു എന്ന് പറയുന്നു അനുഭവസ്ഥർ.

സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷമുള്ള 23 വർഷം, അതായത് 1971 വരെ ഈസ്റ്റ് ബംഗാളിൽ നിന്ന് 52 ലക്ഷം ആളുകൾ ഇന്ത്യയിലേക്ക് വന്നു എന്നാണ് 76ൽ കേന്ദ്രമന്ത്രി റാംനിവാസ് മിർധ ലോക് സഭയിൽ പറഞ്ഞത്. ബംഗാളിന് ഉൾക്കൊള്ളാൻ പറ്റുന്ന സംഖ്യയും കടന്ന് അഭയാർഥികളുടെ എണ്ണം വർധിച്ചപ്പോൾ അവരെ ദണ്ഡകാരണ്യയിലേക്കുള്ള പറിച്ചുനടൽ പ്രതിപക്ഷത്തിരുന്ന ഇടത് നേതാക്കൾ സഭയിൽ നഖശികാന്തം എതിർത്തു. റാം ചാറ്റർജിയെ പോലുള്ള നിരവധി നേതാക്കൾ അവരെ നേരിട്ട് പോയി കണ്ട് ബംഗ്ലാ ഭാഷ സംസാരിക്കുന്നവരുടെ ഇടയിലേക്ക്, ഭലഭൂയിഷ്ടമായ ബംഗ്ലാ മണ്ണിലേക്ക് തിരിച്ചുകൊണ്ടുവരും എന്നുറപ്പ് നൽകി.
നാല് ചുവരുകളുടെ സംരക്ഷണമോ ഐഡന്റിറ്റിയോ പേര് ചോദിച്ചാൽ പോലും ഇന്നയാളുടെ പെങ്ങളോ മകളോ എന്ന് സ്വയം അടയാളപ്പെടുത്തുന്നതുമായ ക്യാമ്പിലെ സ്ത്രീകളെ ചുറ്റുമുള്ള പല കണ്ണുകൾ ലക്ഷ്യമിട്ടിരുന്നതായും പോലീസുകാരുടെ അടക്കം പീഡനത്തിന് വിധേയമായതും ജ്യോതിർമൊയ് മണ്ഡൽ ഓർത്തെടുക്കുന്നു.

1977ൽ ഇടത് മുന്നണി ജ്യോതി ബസുവിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്നു. ബംഗാളിലേക്ക് തിരികെ വിളിക്കാൻ ജ്യോതിയേയും നോക്കിയിരുന്ന അഭയാർത്ഥികൾക്ക് കിലുക്കത്തിലെ രേവതിയുടെ അവസ്ഥ ആയി.സഹികെട്ട് അവർ ഇടത് മന്ത്രി സഭയിലെ രാധിക ബാനർജിയെ സമീപിച്ചു. അവർ ആണെങ്കിൽ ചിത്രത്തിലെ നെടുമുടി വേണുവിനെ പോലെ “ഹാ..ആര് പറഞ്ഞു?എപ്പോ പറഞ്ഞു? ആ…വാക്കാലല്ലേ…മുദ്രപത്രത്തിൽ എഴുതി തന്നിട്ടൊന്നുമില്ലല്ലോ” എന്ന് കൈമലർത്തി. എന്നാ ശെരി,ഗവണ്മെന്റ സഹായം കിട്ടിയാലും ഇല്ലെങ്കിലും വരുന്നത് വരെട്ടെന്ന് കരുതി 1.5 ലക്ഷം മനുഷ്യർ ദണ്ഡകാരണ്യയിൽ നിന്ന് ബംഗാളിലെ ഹസ്നബാദിലേക്ക് വണ്ടി കയറി. 1978 മാർച്ച് മുതലുള്ള പത്തു-പതിനാല് മാസം കൊണ്ടായിരുന്നു ഇത്രയും പേർ സുന്ദർബൻസിൽ എത്തിയത്‌.

നിറയെ കുറ്റിച്ചെടികൾ മാത്രമുള്ള മരിജാപ്പി എന്ന സുന്ദർബൻസിലെ തുരുത്തിൽ എത്തിപ്പെട്ടപ്പോൾ ഏതോ അന്യഗ്രഹത്തിൽ ആദ്യമായി കാല് കുത്തിയ ബഹിരാകാശ യാത്രികനെ പോലെ തോന്നി എന്ന് അവിടെ ആദ്യം എത്തിയവരിൽ ഒരാളായ സഫൽ ഹാൾഡർ ഓർത്തെടുക്കുന്നു.

രാമകൃഷ്ണ മിഷൻ പോലുള്ള സന്നദ്ധ സംഘടനകൾ സേവനസജ്ജരായി മരിജാപ്പിയിൽ എത്തിപ്പെടാൻ ശ്രമിച്ചെങ്കിലും ജ്യോതി ബസുവിന്റെ പോലീസ് വിലക്കി. എന്നിരുന്നാലും വിഘ്നങ്ങൾ ഭേദിച്ച് ഏതാനും വ്യക്തികൾ മരിജാപ്പിയിൽ എത്തുകയും ചെയ്തു.
കൽക്കട്ടയിലെ പേരുകേട്ട നേതാജി നഗർ കോളനി പ്ലാൻ ചെയ്ത, ലണ്ടനിൽ നിന്ന് തിരികെ വന്ന എഞ്ചിനിയർ സുബ്രത ചാറ്റർജിയുടെ ഉപദേശപ്രകാരം ഗവണ്മെന്റിനെ ആശ്രയിക്കാതെ തന്നെ, കാര്യമായി പരസഹായം ഇല്ലാതെ ഏറെക്കുറെ സ്വയംപര്യാപ്തത കൈവരിച്ച ഒരു ദ്വീപസമൂഹമായി മരിജാപ്പി പെട്ടെന്ന് വളർന്നു. സ്കൂളും ചന്തയും ഡിസ്പെന്സറിയും വള്ളം നിർമ്മാണ യൂണിറ്റും ബണ്ടുകളും മത്സ്യബന്ധനവും ഒക്കെയായി ഞാടിയിടയിൽ മരിജാപ്പി തുരുത്തിലെ അന്തേവാസികളെ തന്നെത്താൻ ആശ്ചര്യം കൊള്ളിച്ചു. ആദ്യം നാല്പത്തിനായിരത്തോളം ഉണ്ടായിരുന്ന ജനസംഖ്യ താമസിയാതെ ഏതാനും മാസങ്ങൾ കൊണ്ട് ഒരുലക്ഷം കടന്നു.
കുടിവെള്ളം അടുത്തുള്ള ദ്വീപായ കുമിർമാരിയിൽ നിന്നായിരുന്നു ദ്വീപ് നിവാസികൾ കൊണ്ടുവന്നിരുന്നത്. ഇതുമൂലം ഉള്ള വെള്ളത്തിന്റെ റേഷനിങ്ങും ദൗർലഭ്യവും മനസ്സിലാക്കിയ സുബ്രത ചാറ്റർജി മരിജാപ്പിയിൽ തന്നെ ഒരു കുഴൽകിണർ കുത്താനുള്ള പൈസ ഇറക്കി.

ജ്യോതിർമോയ് ദത്ത,സുനിൽ ഗാംഗുലി എന്നീ കവികളിലൂടെയും,അനന്ദബസാർ പത്രികയിലെ സുഖരഞ്ജൻ സെൻഗുപ്തയെപോലുള്ള മാധ്യമപ്രവർത്തകരിലൂടെയും,നിഹരേന്ദു ദത്ത മജുദാർ, ശക്യ സെന്നിനെ പോലെയുള്ള വക്കീലുമാരിലൂടെയും, മനോരഞ്ജൻ ബ്യാപാരി, ഗാന്ധിയൻ സോഷ്യലിസ്റ്റ് പന്നാലാൽ ദാസ്ഗുപ്തയെ പോലുള്ളവരിലൂടെയും മരിജാപ്പിയെ പുറംലോകം അറിഞ്ഞു.
ആഗസ്റ്റ് 1978 ലും പിന്നീട് സെപ്റ്റംബർ ലും ബംഗാളിൽ മഴ കനത്തു,മരിജാപ്പിയിൽ അടക്കം ഏറെക്കുറെ മഴക്കാലത്തെ കുട്ടനാട്ടിലെ അവസ്ഥയായി. ബംഗാളിലെ ഇടത് മുന്നണിയിലെ തന്നെ സഖ്യകക്ഷി ആയിരുന്ന RSP നേതാക്കൾ സഹായത്തിനായി ഓടിയെത്തി. ജ്യോതി ബസുവിന് ഇതത്ര സുഖിച്ചില്ല. ശക്തമായ താക്കീത് പുറകെ എത്തി.
കോണ്ഗ്രസ് നേതാവും അസ്സെംബ്ലിയിലെ പ്രതിപക്ഷ നേതാവുമായിരുന്ന കാശികാന്ത മൈത്ര അസ്സെംബ്ലിയിൽ മരിജാപ്പി വിഷയം ഉന്നയിച്ചു. ബസു പ്രധാനമന്ത്രി മൊറാർജി ദേശായി യെ സമീപിച്ചു. ദേശായി ജനത പാർടിയുടെ ബംഗാൾ പ്രസിഡന്റ് ആയിരുന്ന പ്രഫുല്ല ചന്ദ്ര സെന്നിനോട് അഭിപ്രായം ആരാഞ്ഞു. സെന്നിന്റെ സംശയം ബസുവിന് കാശികാന്ത മൈത്രയോട് നേരിട്ട് തന്നെ സംസാരിച്ചു ഇതിനൊരു ഒത്തുതീർപ്പ് ആക്കിക്കൂടെ എന്നായിരുന്നു.

പക്ഷെ ബസു പിന്നീട് കണ്ടത് ജനതാ പാർട്ടി നേതാവ് ഫജ്ലൂർ റഹ്‌മാനെ ആണ്. റഹ്‌മാന്റെ വീട് പന്ത്രണ്ട് വർഷം മുൻപോരു ഹിന്ദു അഭയാർഥികളുടെ കൂട്ടം ആളുകൾ തീയിട്ടിരുന്നു. ആ പക രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി മുതലെടുക്കൽ ആയിരുന്നു ബസുവിന്റെ ഉദ്ദേശം. റഹ്മാൻ അതൊക്കെ അന്നേ മറന്നു എന്ന് പറഞ്ഞ് ബസുവിനെ തിരിച്ചയച്ചു.
ജ്യോതി ബസു രണ്ടും കല്പിച്ചു തന്നെ ആയിരുന്നു. ആദ്യം പോലീസ് ഭക്ഷ്യവസ്തുക്കൾ,മരുന്നുകൾ, അവശ്യ സാധനങ്ങൾ എന്നിവ കൊൽക്കത്ത യില്നിന്ന് വരുന്ന supply ബ്ലോക്ക് ചെയ്യിച്ചു.

പോലീസ് ഡിസംബർ 1978 ഓടെ മരിജാപ്പി വളഞ്ഞിരുന്നു. തോണിക്കാരെ പാട്ടിലാക്കി മരിജാപ്പി നിവാസികളെ നിരന്തരം നിരീക്ഷിച്ചു കൊണ്ടേ ഇരുന്നു. ചെറിയ കൊതുമ്പുവളത്തിൽ മരിജാപ്പി വിശേഷങ്ങൾ പുറം ലോകത്തെ അറിയിക്കാൻ കര ലക്ഷ്യമാക്കി കുതിച്ചവരെ വെള്ളത്തിൽ വെച്ച് തന്നെ വള്ളവും ഇടിച്ച് മറിച് തിരിച്ചയച്ചു. സുഖാന്വേഷണത്തിന് പോലും ആരും അങ്ങോട്ടോ ഇങ്ങോട്ടോ പോകാതെയായി. സഹികെട്ട് പോലീസിന്റെ കണ്ണുവെട്ടിച്ച്, എഴുതാൻ അറിയുന്നവരെ കൊണ്ട് എഴുത്ത് എഴുതി പ്ലാസ്റ്റിക്ക് കവറിൽ അരയിൽ കെട്ടി കൽക്കട്ട യിൽ എത്തിയ മരിജാപ്പിക്കാരാണ് supply നിലച്ചത് പുറംലോകത്തെ അറിയിച്ചത്.
ഇതിനിടയിലാണ് സർക്കാരിന്റെ സർജിക്കൽ സ്‌ട്രൈക്ക്! ഒരു രാത്രിയിൽ കുടിവെള്ളത്തിനായി കുത്തിയ കുഴൽ കിണറിൽ ആരോ വിഷം കലക്കി. പെരുച്ചാഴികളെ പോലെ പിഞ്ചുകുഞ്ഞുങ്ങളാണ് പിടഞ്ഞു മരിച്ചത്. പതിമൂന്നുപേർ അടുത്ത ദിവസം തന്നെ മരിച്ചു. സ്ത്രീകൾ ആണെങ്കിൽ പോലീസിനെ പേടിച്ചു പുറത്തിറങ്ങുന്നത് തന്നെ നിർത്തി.

വിഷയം കോടതിയിൽ എത്തി. വനസംരക്ഷണ നിയമം ബസു എടുത്ത് ആവുന്നത്ര പയറ്റി.മരിജാപ്പിയിൽ കുറ്റിക്കാട് കുറച്ചുണ്ടായിരുന്നു എന്നാദ്യമേ പറഞ്ഞല്ലോ..കോടതിയിൽ ഫയൽ ചെയ്ത കേസിൽ സർക്കാർ വാദം അതുപയോഗിച്ചായിരുന്നു.
മരിജാപ്പി വിഷയത്തിലൂടെ ബസു സർക്കാരിന്റെ കണ്ണിലെ കരടായി മാറിയ നിരഞ്ജൻ ഹാൾഡറേ പോലുള്ള മാധ്യമപ്രവർത്തകരെ നിരന്തരം മാധ്യമ മാനേജ്‌മെന്റുകളെ സ്വാധീനിച്ചു അവരുടെ കഞ്ഞിയിൽ പാറ്റ ഇട്ടുകൊണ്ടേ ഇരുന്ന ബസുവിന്റെ ചെയ്തികൾ ഹാൾഡർ ഇന്നും അക്കമിട്ട് നിരത്തുന്നു. മരിജാപ്പി സന്ദർശിച്ച ഗവണ്മെന്റ് ഉദ്യോഗസ്ഥരിൽ ചിലർ സർക്കാരിന്റെ അവഗണനയിൽ മനം നൊന്ത് രാജി വെച്ചു.
ഇതിനിടയിൽ ഭക്ഷ്യ വസ്തുക്കളുടെ വിതരണം നിലച്ചത് മൂലം നിരവധി കുട്ടികൾ പട്ടിണി കിടന്ന് മരിച്ചു. കഴിക്കാനായി ബാക്കിയുണ്ടായിരുന്ന പുല്ലും മരങ്ങളുടെ ഇലയും മുതിർന്നവർ കുട്ടികൾക്കായി മാറ്റിവെച്ചു. മീൻ പിടിക്കാൻ പോയവർക്ക് പലപ്പോഴും വലയിൽ കുട്ടികളുടെ അടക്കം ശവശരീരം കിട്ടി.

തുരുത്ത് ൽ നിന്ന് ചവിട്ടി പുറത്താക്കിയ അഭയാർഥികളിൽ ചിലർ ദണ്ഡകാരണ്യയിലേക്കുള്ള തിരിച്ചുപോകാൻ ശ്രമം നടത്തി. പട്ടിണി കിടന്നു മരിച്ച കുട്ടികളുടെ മൃദദേഹം ട്രെയ്‌നിലൂടെയും വണ്ടിയിലൂടെയും വലിച്ചെറിഞ്ഞു കളയേണ്ട ഗതികേട് ഉണ്ടായ അമ്മമാർ വരെ ഉണ്ടായിരുന്നു കൂട്ടത്തിൽ. അത് ജുഗാന്തർ പത്രം റിപ്പോർട്ട് ചെയ്തതിന് പ്രമോദ് ദാസ്ഗുപ്തയെപോലുള്ള ഇടത് നേതാക്കൾ ഏഷ്യാനെറ്റ്..സോറി ജൂഗാന്തറിനോട് ബഹിഷ്കരണ ഭീഷണി മുഴക്കി. റിപ്പോർട്ട്കൾ സ്വിച്ചിട്ടപോലെ നിന്നു.
ദി സ്റ്റേറ്റ്സ്മാൻ അപ്പോഴും ഭീഷണി വകവെക്കാതെ റിപ്പോർട്ടുകൾ പുറത്ത് വിട്ടപ്പോൾ സിപിഎം നെതിരെയുള്ള സാമ്രാജ്യത്വ ശക്തികളുടെ ഗൂദ്ദാലോചനകളെ പറ്റി ക്യാപ്സൂളുകൾ മുടക്കില്ലാതെ ഇറങ്ങി.
സകല supply ഉം ബ്ലോക്ക് ചെയ്തതിനു ശേഷം പോലീസ് 6000 ഓളം കുടിലുകൾക്ക് തീയിട്ടു. പകുതി വെന്ത് ജീവച്ചവമായ മനുഷ്യരുടെടെയും ജീവൻ തന്നെ പോയവരുടെയും വാർത്തകൾ അനന്ദബാസാർ പത്രിക വാർത്തയാക്കി. മരിച്ചവരിൽ പലരെയും ജീവച്ചവമായവരെയും കല്ലിൽ കെട്ടി വെള്ളത്തിൽ മുക്കിത്താഴ്ത്തി. ഈ മനുഷ്യരെ ഭക്ഷിച്ചാണ് സുന്ദർബൻസിലെ കടുവകൾ നരഭോജികളായത്,അതിന്റെ സ്വാദ് ആസ്വദിച്ചുപോയത് എന്ന് പ്രദേശവാസികൾ പറയുന്നു.
ബംഗാളിലെ ഏറ്റവും വലിയ മീഡിയ house എന്ന പേരും പെരുമയും അതുവഴി ഉണ്ടാക്കിയെടുത്ത ഉന്നതരുമായുള്ള കൊണ്ടാക്ടുകളും ചില മാധ്യമപ്രവർത്തകർക്ക് രക്ഷയായി. എല്ലാരേയും വിലക്കിയിട്ടുള്ള സ്ഥലത്തേക്ക് എത്തിപ്പെടാൻ അനന്ദബസാർ ഇൽ നിന്നുള്ളവർക്ക് എങ്ങനെ സാധിച്ചു എന്ന് പലരും അത്ഭുതപ്പെട്ടിരുന്നു അക്കാലത്ത്. മരിജാപ്പി ഒഴിഞ്ഞുപോകാൻ തയാറുള്ളവരെ കാത്ത് ട്രക്ക്കൾ ഹസ്നബാദ് ജെട്ടിയിൽ നിരനിരയായി കിടന്നു. 2713 കുടുംബങ്ങൾ ഒഴിഞ്ഞു പോയി എന്നത് ഗവണ്മെന്റ ഭാഷ്യം. 1979 ജൂണ് ആയപ്പോഴേക്കും 45,000 അഭയാർഥികൾ തുരുത്ത് വിട്ടുപോയി എന്ന് പത്ര റിപ്പോർട് വന്നു.
എന്തുകൊണ്ട് മരിജാപ്പി നിവാസികളോട് അവരിത് ചെയ്തു?

ആദ്യം ബസു ഗവണ്മെന്റ ന്റെ ചിന്ത ഇവരെ പറഞ്ഞ് മധ്യ പ്രദേശിലേക്ക്/ദണ്ഡകാരണ്യയിലേക്ക് അയച്ചാൽ അവിടെയും ചെങ്കൊടി പാറും എന്നായിരുന്നു,കാരണം പിന്നോക്ക വിഭാഗങ്ങൾ തൃപുരയിലും ബംഗാളിലും ഇടത് മുന്നണിയുടെ ഉറച്ച വോട്ട് ബാങ്ക് ആയിരുന്നു.(പാർട്ടിയിൽ നിറയെ ഉന്നതകുലജാതർ ആയിരുന്നു എങ്കിലും). അവിടെ ബസ്തർ ൽ ഒരു കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി ജയിക്കുകയും ചെയ്തിരുന്നു അക്കാലത്ത്.
ക്രമേണ മൂന്നാം മുറ പ്രയോഗിച്ചു തുടങ്ങിയതോടെ ഇവർ ഇനി ബംഗാളിൽ നിന്നാലും വോട്ട് ബാങ്കിന് ഭീഷണി ആവുമെന്ന് ബസു മനസിലാക്കി. സ്വയംപര്യാപ്തത കൈവരിച്ചൊരു ജനത സർക്കാരിന്റെ സൗജന്യം ഇല്ലാതെ ജീവിക്കാൻ പ്രാപ്തരായതും ബസുവിനെ ചൊടിപ്പിച്ചു. ഇതൊക്കെ പറയുന്ന നിരഞ്ജൻ ഹാൾഡർ ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി നേതാവും കൂടി ആയിരുന്നു.
എന്തായിരുന്നു വിഷയത്തിലെ കോടതിയുടെ ഇടപെടൽ?

അവശ്യ വസ്തുക്കളുടെ വിതരണം നിലച്ചപ്പോൾ കോടതി ഇടപെട്ട് സർക്കാരിനോട് തിരുത്താൻ ആവശ്യപ്പെട്ടു. ബസു സർക്കാർ ചെവിക്കൊണ്ടില്ല എന്ന് മാത്രമല്ല, 1979 മെയ്-ജൂണിൽ ഒഴിപ്പിക്കൽ വരെ എത്തിയ സംഭവങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്തു. തുരുത്തിൽ തീയിട്ട ശേഷം കോടതിയിൽ എത്തിയ റിപ്പോർട്ട് വന്നപ്പോഴേക്കും ബഞ്ച് മാറി. വാദം കേട്ടത് ബസുവിനോട് അടുപ്പമുണ്ടായിരുന്ന ബി.സി. ബസക് ആയിരുന്നു എന്നൊരു മാധ്യമപ്രവർത്തകൻ ഓർത്തെടുക്കുന്നു. മരിജാപ്പി സംരക്ഷിത മേഖലയാണെന്നും ഒന്നരലക്ഷം ആളുകൾ അനധികൃതമായി സ്ഥലം കയ്യേറി എന്നും പറഞ്ഞ് കോടതി കേസ് ക്ലോസ് ചെയ്തു. (മരിജപ്പിക്കാർക്ക് വേണ്ടി ഈ കേസ് കോടതിയിൽ സൗജന്യമായി വാദിച്ച സക്യ സെൻ ന്റെ കുടുംബം സ്വാതന്ത്ര്യ സമര സേനാനി ചിത്തരഞ്ജൻ ദാസിന്റെ കോർ ടീമിൽ ഉള്ളവർ ആയിരുന്നു).മരിജാപ്പിയിലെ കുറ്റികാടുകൾ റിസർവ് വനത്തിൽ ഉൾപ്പെട്ട ഭാഗമേ അല്ലായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു എന്ന് സക്യ സെൻ പറയുന്നു. ഇന്ന് സുന്ദർബൻസിലെ 104 ൽ 54 തുരുത്തുകളിൽ ആൾതാമസമുണ്ട്.
എങ്ങനെയാണ് തുരുത്തിന് തീയിട്ടത്?
സമീപത്തുള്ള തുരുത്തായ കുമിർമാരിയിൽ ഒരിക്കൽ ഒരു പയ്യനെ കണ്ടത് ഒരു മാധ്യമപ്രവർത്തകൻ ഓർത്തെടുക്കുന്നു. അവൻ ഒരിക്കൽ മരിജാപ്പി തീയിടാൻ നോക്കി പരാജയപ്പെട്ടിരുന്നു. പിന്നീട് കണ്ടെത്തിയത് സർക്കാർ ഒരു ബ്ലോക്ക് ടെവലപ്മെന്റ് ഓഫീസർ വഴി പയ്യനെ സ്വാധീനിച്ചു എന്നും അവന് റോഡ് പണി വഴി ഒരു ഉപജീവനമാർഗം റെഡി ആക്കി കൊടുക്കാമെന്ന് വാഗ്ദാനം കൊടുത്തിരുന്നു എന്നുമാണ്.
എന്താണ് അന്നത്തെ ഇടത് ഗവണ്മെന്റിന്റെ,അതിൽ അംഗമായിരുന്നവരുടെ ഈ വിഷയത്തിലെ സ്റ്റാൻഡ്?
അക്കൂട്ടത്തിൽ ഒരാൾ മാത്രമാണ് ദീപ് ഹാൾഡറിനോട് സംസാരിച്ചത്-ബസു ഗവണ്മെന്റിൽ അംഗമായിരുന്ന കാന്തി ഗാംഗുലി. അയാൾ പറയുന്നത് പത്തിൽ താഴെ മാത്രം ആളുകളാണ് മരിജാപ്പിയിൽ മൊത്തം മരിച്ചത് എന്നാണ്. ജൂണ് 1979 ന് ആറുമാസം മുൻപ് 1700 പേർ തുരുത്തിൽ മരിച്ച ഒരു സംഭവം എടുത്ത് ചോദിക്കുമ്പോൾ ഒരാൾ മാത്രമാണ് അവിടെ കൊല്ലപ്പെട്ടത് എന്നാണ് അയാളുടെ ഭാഷ്യം. മരിച്ചവർ 90% നമശൂദ്ര വിഭാഗത്തിൽ പെടുന്ന ദളിതരായിരുന്നു എന്ന ഓക്സ്‌ഫോഡ് യൂണിവേഴ്‌സിറ്റി റീസെർച്ച പേപ്പറിനെ കുറിച്ച് ചോദിക്കുമ്പോഴും ഗാംഗുലി ബസു സർക്കാരിന്റെ ദളിത് വിരുദ്ധത നിഷേധിക്കുന്നു. നമശൂദ്ര സമൂഹം ബ്രഹ്മണരോട് വൈരാഗ്യം ഉണ്ടായിരുന്ന സമൂഹം ആയിരുന്നു എന്നും ഗാംഗുലി പ്രതിരോധിക്കുന്നു.

എന്ത് കൊണ്ട് ഇത്രയും കാലം ആരും ഈ ബുക്ക് എഴുതാതെ ഇരുന്നു?
സിപിഎം വിരുദ്ധ വാർത്തകൾ കൊടുത്ത ആനന്ദബസാർ പത്രികയിലെ അന്നത്തെ ഉദ്യോഗസ്ഥരെ ഓഫീസിന് പുറത്തിട്ട് പാർട്ടി ഗുണ്ടകൾ തല്ലി ചതക്കുന്നത് പോലീസ് നോക്കി നിക്കുമായിരുന്നു എന്ന് ദീപ് പറയുന്നു. സ്ത്രീകൾ ആയിരുന്നെങ്കിൽ മരിജാപ്പിയിലെ സ്ത്രീകളോട് ചെയ്തത് തന്നെ അവരോടും ചെയ്യുമായിരുന്നു. ഒരിക്കൽ UNICEF-ഫണ്ട് തിരിമറി നടത്തിയ സിപിഎം ന്റെ തദ്ദേശ സ്ഥാപനങ്ങളെ പറ്റിയുള്ള അന്വേഷണത്തിന് വന്ന അവിടുത്തെ ഉദ്യോഗസ്ഥ ആയ അനിത ധവാൻ റേപ്പ് ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ടപ്പോൾ പോസ്റ്മോർട്ടേം നടത്തിയ ഡോക്ടർമാർ ശരീരത്തിൽ നിന്ന് കണ്ടെത്തിയതൊരു ടോർച്ചാണ്. ജ്യോതി ബസു അതിനോട് പ്രതികരിച്ചത് “ഓ.. ഇതൊക്കെ സംഭവിക്കുന്ന കാര്യങ്ങളാണ്” എന്നാണ്.
നിഷ്ക്രിയമായി നോക്കിനിന്ന ഗവണ്മെന്റുകളുടെ കുറ്റം കൊണ്ടും മൗനാനുവാദം കൊടുത്ത ഗവണ്മെന്റുകൾ മൂലവും ഇന്ത്യയിൽ അനിഷ്ട സംഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ടാവാം. എന്നാൽ സർക്കാർ നേരിട്ട് ചെയ്ത ഈ കൂട്ടക്കൊല അതില്നിന്നൊക്കെയും വേറിട്ട് നിൽക്കുന്നു എന്ന് ലേഖകൻ പറയുന്നു.

(NB: ദീപ് ഹാൾഡർ പറയുന്നത് ഇന്ത്യ കണ്ട എക്കാലത്തെയും വലിയ കൂട്ടക്കൊല 10,000 പേരോളം മരിച്ച മരിജാപ്പി ആണെന്നാണ്. മുകളിൽ പറഞ്ഞതൊക്കെയും ദീപ് പറയുന്നത് വക്കീലുമാർ,മാധ്യമപ്രവർത്തകർ, survivors, എഴുത്തുകാർ, എന്നിവരെ ഒക്കെയും ഇന്റർവ്യൂ ചെയ്താണ്. ലേഖകൻ ഇന്ത്യ ടുഡേയിലെ എക്സിക്യൂട്ടീവ് എഡിറ്റർ ആണ്.)