അധ്യാപകരിൽ എപ്പോഴും നല്ലവരും മോശക്കാരും ഉണ്ട്, മോശക്കാർ പഠിപ്പിക്കുന്ന പിള്ളേർക്കു മൂല്യങ്ങളുടെ അഭാവമുണ്ടാകുന്നു

0
86

Subi Farshana

മാതാ പിതാ ഗുരു ദൈവം.

തന്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ വളർത്താനും തളർത്താനും കഴിവുള്ളവരാണ് അധ്യാപകർ.അതിനാൽ തന്നെ ഓരോ അധ്യാപകരും എങ്ങനെ ആവണമെന്നും ആകരുതെന്നും അവരിൽ നിന്നും കണ്ടു പഠിക്കാവുന്നതാണ്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് തന്റെ വിദ്യാർത്ഥികൾ കഴിച്ചിട്ടുണ്ടോവെന്ന് തിരക്കുന്ന അധ്യാപകരെ ഓർത്ത് അഭിമാനിച്ചിട്ടുണ്ട്..എന്നാൽ സ്റ്റാഫ് റൂമിന്റെ കതകടച്ചിരുന്ന് കഴിക്കുന്ന അധ്യാപകരെ ഓർത്ത് സഹതപിച്ചിട്ടുമുണ്ട്.

ക്ലാസ്സിലേക്ക് കൃത്യമായി വരികയും പാംഭാഗങ്ങൾ എടുത്ത് തീർക്കുകയും ചെയ്യുന്ന അധ്യാപകരുണ്ട്.എന്നാൽ വല്ലപ്പോഴും ക്ലാസ്സിലേക്ക് വരികയും പാംഭാഗങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ സംസാരിക്കുകയും കൃത്യമായി ശമ്പളം കൈപ്പറ്റുകയും ചെയ്യുന്ന അധ്യാപകരുമുണ്ട്.വിദ്യാർത്ഥികളെ ഒരുപോലെ സ്നേഹിക്കുന്ന അധ്യാപകരുണ്ട്.എന്നാൽ വിദ്യാർത്ഥികളെ വേർതിരിച്ച് സ്നേഹം പ്രകടിപ്പിക്കുന്ന അധ്യാപകരുമുണ്ട് (ഈ മുൻ ബെഞ്ച്,പിൻ ബെഞ്ച് ഗണം തിരിച്ചുള്ള സ്നേഹ പ്രകടനം ഇതിൽ ഉൾപ്പെടുത്താവുന്നതാണ് ).

തന്റെ വിദ്യാർത്ഥികൾ സുരക്ഷിതരായി(സ്കൂൾ പരിസരങ്ങളിൽ നിന്നെങ്കിലും) വീടുകളിലേക്ക് പോയെന്ന് ഉറപ്പുവരുത്തുന്ന അധ്യാപകരുണ്ട്.എന്നാൽ അതൊന്നും ഞങ്ങൾക്ക് ബാധമല്ലെന്ന് കരുതുന്ന അധ്യാപകരുമുണ്ട്.വിദ്യാർത്ഥികളെ അറിയുവാനും അവരുടെ കഴിവുകളെ വികസിപ്പിക്കുവാനും ശ്രമിക്കുന്ന അധ്യാപകരുണ്ട്.എന്നാൽ ജോലിയിൽ തുടരുമ്പോഴും തന്റെ കഴിവുകൾക്കും പഠനങ്ങൾക്കും മാത്രം പ്രാധാന്യം നൽകുന്ന അധ്യാപകരുമുണ്ട്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കുന്ന അധ്യാപകരുണ്ട്.എന്നാൽ അത്തരം വിദ്യാർത്ഥികളെ അകറ്റി (ജാതി,മതം,നിറം etc..)നിർത്തുന്ന അധ്യാപകരുമുണ്ട്.

തന്റെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ സ്വന്തം മക്കളായി കരുതുന്ന അധ്യാപകരുണ്ട്. എന്നാൽ കാമം നിറഞ്ഞ കണ്ണുകളോടുകൂടി അവരെ സമീപിക്കുന്ന അധ്യാപകരുമുണ്ട്.തനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ പകുതി തന്റെ വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കായി മാറ്റിവെക്കുന്ന അധ്യാപകരുണ്ട്.എന്നാൽ അത്തരം പ്രവർത്തനങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കുന്ന അധ്യാപകരുമുണ്ട്. വിദ്യാർത്ഥികളുടെ ചെറിയ കഴിവുകൾ പോലും എടുത്ത് കാണിച്ച് അവർക്ക് വേണ്ട പരിശീലനവും പ്രോത്സാഹനവും നൽകുന്ന അധ്യാപകരുണ്ട്.എന്നാൽ മികച്ച കഴിവുളുള്ള വിദ്യാർത്ഥികളെ അടിയോടുകൂടി പിഴുത് കളയുന്ന അധ്യാപകരുമുണ്ട്. വിദ്യാർത്ഥികളുടെ വലിയ തെറ്റുകൾ വരെ തിരുത്തുകയും ക്ഷമിക്കുകയും ചെയ്യുന്ന അധ്യാപകരുണ്ട്.എന്നാൽ ചെറിയ തെറ്റുകൾ വരെ എടുത്തുകാട്ടി സമൂഹത്തിന് മുന്നിൽ അവരെ നാണം കെടുത്തുന്ന അധ്യാപകരുമുണ്ട്.

ഒന്നോർക്കുക,എല്ലാ കാലത്തും ആരോഗ്യ-സാമൂഹ്യ സേവനങ്ങളിലും മറ്റു പ്രവർത്തനങ്ങളിലുമായി മുന്നിട്ടു നിൽക്കുന്ന നഴ്സുമാർ,ഡോക്ടർമാർ,പോലീസുകാർ തുടങ്ങിയവരെ പോലുള്ളവർ ചില നല്ല അധ്യാപകരുടെ പ്രവർത്തന ഫലമായി വാർത്തെടുക്കപ്പെട്ടവരാണെന്ന്. ഇന്നിപ്പോൾ ചില അധ്യാപകർ സംഘടനയുടെ പേരിൽ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കെതിരെ മുഖം തിരിക്കുമ്പോൾ ലജ്ജിക്കുകയും സ്വമനസ്സോടുകൂടി തന്റെ ശമ്പളത്തിന്റെ ഒരു വീതം നൽകി ആ പ്രവർത്തനങ്ങളുടെ ഭാഗമായ അധ്യാപകരെ ഓർത്ത് അഭിമാനിക്കുകയും ചെയ്യുന്നു.