മലയാള സിനിമ പല കാലങ്ങളിലായി കൗതുകകരമായ പല മണ്ടത്തരങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്

0
215

Subin Adoor

മലയാള സിനിമയ്ക്ക് പല കാലങ്ങളിലായി കൗതുകകരമായ പല മണ്ടത്തരങ്ങൾക്കും സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു 1995-ൽ വന്ന ഈ കരിനിയമം.അന്ന് വീടുകളിൽ കേബിൾ ടിവി ആയിവരുന്നതേയുള്ളു. ദൂരദർശനും അതിൽ അത്ര പുതുതല്ലാത്ത പാട്ടുകൾ കാണിക്കുന്ന ചിത്രഗീതവും മാത്രമുണ്ട്. ആകാശവാണിയിൽ പാട്ടുകളും ഓഡിയോ ആഡും.

പിന്നെയുള്ള പ്രധാന പ്രൊമോഷൻ പത്രത്തിൽ വരുന്ന പരസ്യങ്ങളാണ്.”ഉടൻ വരുന്നു” മുതൽ മുന്നൂറും അഞ്ഞൂറും ദിവസങ്ങൾ പിന്നിടുമ്പോഴത്തെ വരെയുള്ള ചെറുതും വലുതുമായ പത്രപരസ്യങ്ങൾ ജനങ്ങൾക്ക് ആ സിനിമകളെ കൂടുതൽ പരിചിതമാക്കി. വൈവിധ്യമാർന്ന എത്രയോ പരസ്യങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു അന്നത്തെ പത്രങ്ങൾ. അങ്ങനെയിരിക്കുമ്പോഴാണ് ആരുടെയോ തലയിൽ ഈ ബുദ്ധി ഉദിക്കുന്നത്. കാശുണ്ടെന്നു കരുതി ആരും അങ്ങനെയിപ്പോ വലിയ പരസ്യം ഇടേണ്ട. ദാ, ഈ പടത്തിൽ കാണുന്നതാണ് പരസ്യത്തിന്റെ മാക്സിമം വലിപ്പം (2X2 കോളം ആണോ..അറിയില്ല).

ഈ വലിപ്പത്തിന് മോഹൻലാലിൻറെ റിലീസ് പടം അഗ്നിദേവനെന്നോ, ഇറങ്ങി 46 ദിവസമാകുന്ന മാന്ത്രികമെന്നോ, സിൽക്ക് സ്മിതയുടെ അറബിക്കടലോരമെന്നോ, പ്രഭുദേവയുടെ രാസയ്യ എന്നോ, ഇംഗ്ലീഷ് പടം ജുറാസിക് പാർക്ക് എന്നോ വേർതിരിവില്ല.എല്ലാവരും ഒരേ ലുക്ക്..ഒരേ വലിപ്പം.ടാക്സി സ്റ്റാൻഡിൽ കറുപ്പും മഞ്ഞയും അംബാസിഡറുകൾ ഇങ്ങനെ നിരനിരയായി പാർക്ക് ചെയ്തിരിക്കുന്നതുപോലെ. ടെൻഡർ നോട്ടീസ് പോലെ അടുക്കിയിട്ട പരസ്യങ്ങൾ കൊണ്ട് കാര്യങ്ങൾ കൈവിട്ടുപോകുമെന്നു വളരെ കുറച്ചു നാളുകൾക്കുള്ളിൽത്തന്നെ എല്ലാവർക്കും മനസിലായി.വലിയ പടങ്ങളുടെ റിലീസ് പോലും ആളുകൾ അറിയുന്നില്ല,അല്ലെങ്കിൽ ആളുകളുടെ ശ്രദ്ധയിൽ പെടുന്നില്ല.ചെറിയ പടങ്ങളുടെ കാര്യം പറയാനുമില്ല.അങ്ങനെ നഷ്ടങ്ങളുടെ ചുരുക്കം കാലം കൊണ്ടുതന്നെ പിടിവാശി ഉപേക്ഷിച്ചു പരസ്യങ്ങൾ ഫിക്സഡ് സൈസിന്റെ ചട്ടക്കൂടിൽ നിന്ന് പുറത്തിറങ്ങി.റിലീസിന് ഫുൾ പേജ് കളർ പരസ്യമിടുന്ന ആശീർവാദ്-മുളകുപ്പാടം കാലഘട്ടത്തിൽ ഇതൊക്കെ ഓർക്കാൻ ഒരു രസമാണ്.

ബസ് പ്രേമികളായ സിനിമാസ്നേഹികൾക്കറിയാം,നമ്മുടെ സംസ്ഥാനത്തെ പല വർണ്ണങ്ങളിൽ പാറിനടന്ന മനോഹരമായ സ്വകാര്യബസുകൾക്ക് ഏതാനും വർഷം മുൻപ് കളർ കോഡ് കൊണ്ടുവന്നതും ഇതേപോലെയായിരുന്നു.എനിക്ക് കളർ ഡ്രസ് ഇടാൻ വയ്യ,അതുകൊണ്ട് നിങ്ങൾ എല്ലാരും യൂണിഫോം ഇടണം എന്ന നയം.അതുകൊണ്ടിപ്പോ വണ്ടിയേതാണ് എന്ന് തിരിച്ചറിയാൻ വയ്യാണ്ടായി.