അതിവേഗം ജ്വലിച്ചു പൊലിഞ്ഞ ഒരു ദീപം പോലെ ജ്യോതി

0
247

Subin Gk

¶¶ “വെള്ളൈപുറാ ഒണ്ട്ര്.. ഏങ്കുത്, കയ്യിൽ വരാമലേ…!!” 🕊¶¶

ഇളയരാജയുടെ സംഗീതം, യേശുദാസിന്റെയും എസ് ജാനകിയുടെയും മാസ്മരിക ശബ്ദം. സ്റ്റൈൽ മന്നൻ രജനീകാന്തിനൊപ്പം ഗാനരംഗത്ത് ജ്യോതി !!എസ് പി മുത്തുരാമൻ സംവിധാനം ചെയ്ത് 1982ൽ പുറത്തിറങ്ങിയ ‘പുതുകവിതൈ’ എന്ന ചിത്രത്തിലെ ഈ ഗാനം തമിഴ് പ്രേക്ഷകരെ പോലെ തന്നെ മലയാളികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. ചിത്രത്തിൽ രജനീകാന്തിന്റെ നായികയായി അഭിനയിച്ച നടിയായിരുന്നു ജ്യോതി. ടി രാജേന്ദർ സംവിധാനം ചെയ്ത ‘റെയിൽപയനങ്കളിൽ’ എന്ന ചിത്രത്തിൽ മലയാള നടൻ ശ്രീനാഥിന്റെ നായികയായാണ് ജ്യോതി തമിഴിൽ അരങ്ങേറിയത്. എന്നാൽ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിന്നത് തെലുങ്ക് സിനിമയായ ‘തൂർപ്പു വെള്ളെ റെയിൽ’ എന്ന ചിത്രത്തിലാണെന്ന് തോന്നുന്നു. പ്രശസ്തമായ തമിഴ് ചിത്രം ‘കിഴക്കേ പോകും റെയിലി’ന്റെ തെലുങ്ക് റീമേക്ക്.

May be a close-up of 1 personശശികുമാർ സംവിധാനം ചെയ്ത് 1982ൽ റിലീസ് ആയ ‘കോരിത്തരിച്ച നാൾ’ എന്ന ചിത്രത്തിലൂടെ ജ്യോതി മലയാളത്തിലും അരങ്ങേറി. എന്നാൽ മലയാളികൾക്ക് ഒരു പക്ഷേ ജ്യോതിയെന്ന നടിയെ കൂടുതൽ അറിയാവുന്നത് പി എൻ മേനോൻ സംവിധാനം ചെയ്ത ‘അസ്ത്ര’ത്തിലെ രേഖ എന്ന നായിക കഥാപാത്രമായാണ്.

പ്രമാദമായ കെ എം നാനാവതി VS സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര എന്ന കൊലക്കേസിനെ ആസ്പദമാക്കി വന്ന ചിത്രമാണ് ‘അസ്ത്രം’. ഭരത്ഗോപി, ജ്യോതി, മമ്മൂട്ടി, ബാലൻ കെ നായർ, ശങ്കരാടി, മോഹൻലാൽ, നെടുമുടി വേണു, ജഗതി, സുകുമാരി, ലിസി, ഭാഗ്യശ്രീ എന്നിങ്ങനെ വൻതാര നിരയുള്ള സിനിമ. മമ്മൂട്ടിയുടെ നെഗറ്റീവ് വേഷമുള്ള ചിത്രത്തിൽ, രേഖ എന്ന യുവ കവയിത്രിയായി മികച്ച പ്രകടനമാണ് ജ്യോതി കാഴ്ചവച്ചത്. കോട്ടയം ശാന്ത ആയിരുന്നു ചിത്രത്തിൽ ജ്യോതിക്ക് ശബ്ദം നൽകിയത്.

തുടർന്ന് ആ ദിവസം, സ്വർണ്ണ ഗോപുരം തുടങ്ങിയ മലയാള ചിത്രങ്ങളിലും ജ്യോതി അഭിനയിച്ചു. 1992ൽ ഒരു ബ്രേക്ക് എടുത്ത ശേഷം 2000ൽ ‘പാർത്തേൻ രെസിത്തേൻ’ എന്ന ചിത്രത്തിലൂടെ ക്യാരക്ടർ റോളുകളിൽ വീണ്ടും തിരിച്ചെത്തി. ഉള്ളം കൊള്ളൈ പോകുതെ, അല്ലി അർജുന, സ്റ്റൈൽ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ രണ്ടാം വരവിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലുമായി അമ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സ്തനാർബുദത്തെ തുടർന്ന് 2007ൽ ജ്യോതി തന്റെ നാൽപത്തിനാലാം വയസ്സിൽ അന്തരിച്ചുവെന്ന് വിക്കിയിൽ കാണുന്നു.

മലയാളത്തിൽ ശാലിനി എന്ന പേരിലാണ് അഭിനയിച്ചത് എന്ന് തോന്നുന്നു. ‘അസ്ത്ര’ത്തിൻറെ ടൈറ്റിൽ കാർഡിൽ ശാലിനി എന്നാണ് എഴുതി കാണിക്കുന്നത്. ഡേറ്റാബേസിൽ ജ്യോതിയുടെ വിവരങ്ങളിൽ അതുകൊണ്ടുതന്നെ കുറെ തെറ്റുകൾ ഉണ്ടോയെന്ന് സംശയമുണ്ട്. പുതുകവിതൈ, അസ്ത്രം, എന്നീ ചിത്രങ്ങൾ മാത്രം മതി ജ്യോതിയെ ഓർക്കാൻ. ഒരു പുതിയ കവിത പോലെ, അതിവേഗം ജ്വലിച്ചു പൊലിഞ്ഞ ഒരു ദീപം പോലെ.