Bineesh K Achuthan
തമിഴ് പ്രേക്ഷകരെയെന്നല്ല ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം. എം. ശശികുമാറിന്റെ പ്രഥമ സംവിധാന സംരംഭമായിരുന്നു സുബ്രമണ്യപുരം. ബാലയുടെയും അമീറിന്റെയും സംവിധാന സഹായിയായി പ്രവർത്തിച്ച അനുഭവ സമ്പത്തും ക്രിയേറ്റിവിറ്റിയുമാകാം ഈ Path breaking movie ചെയ്യാൻ ശശികുമാറിനെ പ്രാപ്തനാക്കിയത്. നടപ്പു ശീലങ്ങളിൽ നിന്നും വഴിമാറി നടന്ന ഈ ചിത്രം അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു. വയലൻസിന്റെ തീവ്രത ചോരാതെയുളള സുബ്രമണ്യപുരത്തിന്റെ ചിത്രീകരണം കാണികളെ സ്തബധരാക്കി മാറ്റി.
80 – കളിലെ മധുര പശ്ചാത്തലമാക്കി ജാതിപരവും വർഗ്ഗപരവുമായ വേർതിരിവുകളും അവയോടൊപ്പം തന്നെ സൗഹൃദം, പ്രണയം, പ്രതികാരം, ചതി, പക, അധികാരം, മേൽക്കോയ്മ എന്നീ മാനുഷിക വികാരങ്ങളുടെയും സമ്മേളനമായിരുന്നു സുബ്രമണ്യപുരം. ജയ്, സ്വാതി റെഡ്ഡി തുടങ്ങിയവർ നായികാനായകൻമാരായ ഈ ചിത്രത്തിൽ സംവിധായകൻ കൂടിയായ ശശികുമാർ പരമൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ സമുദ്രക്കനി, ഗഞ്ചാ കറുപ്പ് തുടങ്ങിയവരും വേഷമിട്ടു.
80 – കൾ പുന സൃഷ്ടിക്കാൻ അണിയറ ശിൽപ്പികൾ എടുത്ത എഫർട്ട് അഭിനന്ദനീയമായിരുന്നു. ഒട്ടേറെ ശ്രമകരമായ ഉദ്യമങ്ങൾ ഇതിനായ് വേണ്ടി വന്നു. കേബിളുകൾ പൂർണ്ണമായും ഒഴിവാക്കുക, പഴയ ഉച്ചഭാഷിണികൾ, വസ്ത്രധാരണ രീതികൾ, കേശാലങ്കാരം എന്നിങ്ങനെ പരമാവധി കാര്യങ്ങളിൽ ഗവേഷണാത്മക ബുദ്ധി ഉപയോഗിച്ച് പെർഫെക്ഷൻ വരുത്താൻ ശ്രമിച്ചിട്ടുണ്ട്.
ശശികുമാറിന്റെ സംഗിതാധ്യാപകനായ ജയിംസ് വസന്തിനെയാണ് സുബ്രമണ്യപുരത്തിന്റെ സംഗീതം നിർവ്വഹിക്കാനുള്ള ചുമതല ഏൽപ്പിച്ചത്. കഥാഘടനയോടിണങ്ങുന്ന ഗാനങ്ങൾ ഒരുക്കി ജയിംസ് ശ്രദ്ധേയനായി. ” കൺകൾ ഈ രണ്ടാൽ ” എന്നു തുടങ്ങുന്ന സൂപ്പർ ഹിറ്റ് ഗാനമാലപിച്ചിരിക്കുന്നത് മലയാളി കൂടിയായ ദീപ മിറിയമാണ്.നിരൂപക പ്രശംസ നേടിയതിനൊപ്പം തന്നെ ബോക്സ് ഓഫീസ് വിജയം കൈവരിക്കാനും സുബ്രമണ്യപുരത്തിന് സാധിച്ചു. കൾട്ട് ക്ലാസിക് പദവി നേടിയ ഈ ചിത്രം ഒട്ടേറെ അവാർഡുകൾ വാരിക്കൂട്ടി. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്, തന്റെ പ്രശസ്ത ചിത്രമായ Gangs of Wasseypur – ന് പ്രചോദനമായത് സുബ്രമണ്യപുരമാണ് എന്ന് ട്വീറ്റ് ചെയ്തിരുന്നു.
സുബ്രമണ്യപുരത്തിന്റെ വിജയത്തിന് ശേഷം ശശികുമാർ സംവിധായകന്റെ കുപ്പായം അഴിച്ച് വച്ച് അഭിനയത്തിൽ കൂടുതൽ സജീവമാവുകയാണ് ചെയ്തത്. ചിയാൻ വിക്രം ഓപ്പൺ ഡേറ്റ് നൽകിയിട്ടു പോലും ആ ഓഫർ സ്വീകരിക്കാതെ അദ്ദേഹം സംവിധാന രംഗത്ത് നിന്നും അകന്ന് നിൽക്കുന്നത് അദ്ഭുതകരമായി തോന്നുന്നു. സുബ്രമണ്യപുരത്തിന്റെ മുകളിൽ വരുന്ന ഒരു ചിത്രം ഒരുക്കാൻ ഇനി തനിക്കാവില്ല എന്ന ബോധമാണോ അതോ അതിനോട് കിട പിടിക്കുന്ന ഒരു സബ്ജക്റ്റ് വരുന്നത് വരെ കാത്തിരിക്കുന്നതാണോ അദ്ദേഹം എന്നതിന് കാലം മറുപടി പറയുമെന്ന് കരുതാം.