തൊഴിൽ നിയമ ബില്ലിനെതിരെ മൗനമോ ? അപകടം അറിയാത്തതുകൊണ്ടാകും, വായിക്കൂ

  0
  156

  Sudha Menon 

  സംയുക്തകര്‍ഷകസമരം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. കൊടും തണുപ്പിലും പ്രലോഭനങ്ങള്‍ക്കും, ആരോപണങ്ങള്‍ക്കും,തളര്‍ത്താന്‍ കഴിയാത്ത ആത്മവീര്യവുമായി, കര്‍ഷകര്‍ ഇപ്പോഴും തെരുവില്‍ തന്നെയുണ്ട്‌. അതിന് ഒരൊറ്റ കാരണം മാത്രമേയുള്ളൂ: ജീവിതം കൈവിട്ടുപോകുമെന്ന തിരിച്ചറിവ്. പുതിയ കാര്‍ഷികനിയമങ്ങളിലെ വ്യവസ്ഥകള്‍ തങ്ങളുടെ കൃഷിയും, ജീവിതവും, ഭാവിയും അപകടത്തില്‍ ആക്കുമെന്ന് അവര്‍ക്ക് കൃത്യമായ ബോധ്യമുണ്ട്. ആ മഹാസത്യം, കര്‍ഷകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുവാന്‍ സംയുക്ത കിസാന്‍ മോർച്ചക്ക് സാധിച്ചു എന്നതിലാണ് വിജയം. അതുകൊണ്ട് തന്നെയാണ് ബിജെപിയുടെ സ്ഥിരം ‘വിഭജന/ വംശീയ/ വര്‍ഗീയ നരേട്ടിവുകളെ’ ഉപയോഗിച്ചുകൊണ്ട് ഈ സമരത്തെ അട്ടിമറിക്കാന്‍ കഴിയാത്തതും. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഈ സമരത്തെ പലരീതിയില്‍ പിന്തുണക്കുകയും, കര്‍ഷകരോടൊപ്പം സജീവമായി തങ്ങള്‍ രംഗത്തുണ്ടെന്ന് പൊതുസമൂഹത്തെ അറിയിക്കുന്നുമുണ്ട്.

  പക്ഷെ, കുറെ നാളായി എന്നെ അലട്ടുന്ന ഒരു സംശയമുണ്ട്‌. കാര്‍ഷികനിയമങ്ങള്‍ പോലെ തന്നെ, അല്ലെങ്കില്‍ അതിലും പ്രതിലോമകരമായ ഒന്നാണ് തൊഴിൽ നിയമബില്ല്. 350 പേജുകളിലായി, 411 ക്ലോസുകളും, 13 ഷെഡ്യൂളുകളും ഉള്ള, ഇന്ത്യയിലെ അമ്പതു കോടിയോളം വരുന്ന തൊഴിലാളികളുടെ ജീവിതവും ഭാവിയും, തൊഴിലാളിപ്രസ്ഥാനങ്ങളുടെ തന്നെ നിലനില്‍പ്പും അങ്ങേയറ്റം അപകടത്തില്‍ ആക്കുന്ന ലേബര്‍കോഡ്ബില്‍ ആണ് വെറും മൂന്നു മണിക്കൂറിനുള്ളില്‍ പാർലമെന്റ് ചർച്ച ചെയാതെ പാസാക്കിയത്. കഴിഞ്ഞ എത്രയോ ദശകങ്ങള്‍ ആയി ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ പൊരുതി നേടിയ സുപ്രധാനമായ പല അവകാശങ്ങളും ഈ പുതിയ നിയമത്തോടെ എന്നെന്നേക്കുമായി ഒലിച്ചുപോയി.

  ഉദാഹരണത്തിന്, പുതിയ നിയമം അനുസരിച്ച് 300ല്‍ താഴെ തൊഴിലാളികള്‍ ഉള്ള സ്ഥാപനം അടച്ചുപൂട്ടുന്നതിന് അനുമതി ആവശ്യമില്ല എന്നത് മാത്രമല്ല, തൊഴിലാളികള്‍ക്കുള്ള പെരുമാറ്റചട്ടങ്ങള്‍ പോലും വേണ്ട. തീര്‍ച്ചയായും, യാതൊരു തത്വദീക്ഷയുമില്ലാതെ തൊഴിലാളികളെ പിരിച്ചുവിടാന്‍ ഇതിലും എളുപ്പവഴിയില്ല. മാത്രമല്ല, ഇന്ത്യന്‍ തൊഴിലാളി സംഘടനകളെ ഒന്നടങ്കം പ്രതിസന്ധിയില്‍ ആക്കുന്ന മറ്റൊരു ക്ലോസ് കൂടിയുണ്ട്. സ്ഥാപനത്തിലെ 51% തൊഴിലാളികളെ എങ്കിലും പ്രതിനിധീകരിച്ചാല്‍ മാത്രമേ, ഒരു തൊഴിലാളി സംഘടനക്ക് അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയൂ! ഇങ്ങനെയാണെകിൽ ഇവിടെ എത്ര യൂണിയനുകൾ ബാക്കിയുണ്ടാകും?

  ദീര്‍ഘകാലമായി തൊഴിലാളിസംഘടനകള്‍ ആവശ്യപ്പെടുന്നതാണ് മിനിമം കൂലി 600 രൂപയെങ്കിലും ആക്കണം എന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മിനിമം വേജ് അനുസരിച്ച് ദിവസക്കൂലി 178 രൂപയാണ്! അതായത് മാസം വെറും 4628 രൂപ! സമീപകാലത്തുണ്ടായ വിലക്കയറ്റവും ചിലവും ഒന്നും തന്നെ പരിഗണിക്കാതെ തികച്ചും മനുഷ്യവിരുദ്ധമായിട്ടാണ് മിനിമം കൂലി കണക്കാക്കിയിരിക്കുന്നത് എന്നോര്‍ക്കണം. തൊഴില്‍ സമയം 12 മണിക്കൂര്‍ ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇത് തന്നെ, “നിര്‍ബന്ധിത/ അടിമ’ ജോലിയുടെ നിര്‍വചനത്തില്‍ വരുന്നത് കൊണ്ട് ആര്‍ട്ടിക്കിള്‍ ഇരുപത്തിമൂന്നിന്റെ ലംഘനമാണ്. മൗലികാവകാശ ലംഘനം! ഇങ്ങനെ എണ്ണിയാല്‍ തീരാത്ത നെറികെട്ട വ്യവസ്ഥകള്‍ ആണ് പുതിയ തൊഴില്‍ നിയമത്തിലൂടെ മുന്നോട്ടു വച്ചിരിക്കുന്നത്.

  ഒരു വശത്ത് തൊഴിലാളികള്‍ അനിതര സാധാരണമായ ദുരിതവും, പട്ടിണിയും അഭിമുഖീകരിക്കുമ്പോള്‍ മറുവശത്ത് കൂടി അവരുടെ അവശേഷിക്കുന്ന അവകാശങ്ങൾ കൂടി അപഹരിക്കുന്നത് ഏറ്റവും ലളിതമായി പറഞ്ഞാല്‍ കുറ്റകൃത്യമാണ്-ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്രൈം. ഓര്‍ക്കുക, ഇപ്പോള്‍ തന്നെ സംഘടിതതൊഴില്‍ മേഖലയില്‍ കരാര്‍ തൊഴിലാളികള്‍ മുപ്പതു ശതമാനത്തില്‍ അധികമായിക്കഴിഞ്ഞു. ഇത് കൂടിവരുന്നുണ്ട്. മാരുതിയുടെ ഗുഡ്ഗാവ് പ്ലാന്റില്‍ 70% അധികം കരാര്‍ തൊഴിലാളികള്‍ മാത്രം ആണ്. ജോലിസ്ഥിരത ഒരു സ്വപ്നം മാത്രമാകുന്ന, എല്ലാ ജോലികളും താല്‍ക്കാലിക-കരാര്‍ തൊഴില്‍ ആകുന്ന, സംവരണം ബാധകമല്ലാത്ത,തൊഴിലാളി സംഘടനകള്‍ പാടെ അപ്രസക്തമാകുന്ന രീതിയിലേക്ക് ഇന്ത്യന്‍ തൊഴില്‍ രംഗം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ തന്നെ 90% ത്തില്‍ അധികം വരുന്ന അസംഘടിതതൊഴിലാളികള്‍ എല്ലാ ആനുകൂല്യങ്ങളുടെയും പുറമ്പോക്കില്‍ ആണ്. ചുരുക്കത്തില്‍, കര്‍ഷകരെപ്പോലെ തന്നെ,അതിനേക്കാള്‍ ഏറെ ജീവിതപ്രതിസന്ധിയില്‍ ആണ് സംഘടിത-അസംഘടിത തൊഴിലാളികളും.

  ഇനി, എന്റെ ചോദ്യം ഇന്നാട്ടിലെ മുഖ്യധാരാ പ്രതിപക്ഷപാര്‍ട്ടികളോടും, ട്രേഡ് യുണിയനുകളോടും ആണ്. ഇത്രയും നഗ്നമായ തൊഴിലവകാശലംഘനം ഈ പുതിയ ഭേദഗതിയിലൂടെ നടപ്പിലാക്കിയിട്ടും, ലക്ഷക്കണക്കിന്‌ കുടിയേറ്റ തൊഴിലാളികളെ ദുരിതത്തിലേക്കും, കൂട്ടപ്പലായനത്തിലെക്കും തള്ളിവിട്ടിട്ടും, എന്തുകൊണ്ടാണ് കര്‍ഷകസമരം പോലെ തെരുവുകളെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു സംയുക്ത സമരം നടത്താന്‍ നിങ്ങള്‍ തയാറാകാത്തത്? ഒരു ഹര്‍ത്താലും, പ്രകടനങ്ങളും മാത്രം നടത്തി എന്തുകൊണ്ടാണ് നിങ്ങള്‍ മൌനം പാലിക്കുന്നത്? എന്തുകൊണ്ടാണ് തൊഴിലാളികളുടെ ജീവിതം കര്‍ഷകരെപ്പോലെയോ, അതിലേറെയോ അനിശ്ചിതത്വത്തില്‍ ആയിട്ടും കര്‍ഷകരെപ്പോലെ ആര്‍ജ്ജവത്തോടെ തൊഴിലാളികള്‍ പ്രതികരിക്കാത്തത്?

  മൂന്ന്കോടി മുപ്പത്തി അഞ്ചുലക്ഷത്തോളം അംഗങ്ങള്‍ ഉള്ള INTUC യും, ഒന്നരക്കോടിക്കടുത്തു അംഗങ്ങള്‍ ഉള്ള AITUC യും അറുപതുലക്ഷം അംഗങ്ങള്‍ ഉള്ള CITU വും, ഏകദേശം ഒരുകോടിക്ക് അടുത്ത് അംഗങ്ങൾ ഉള്ള HMS ഉം വിചാരിച്ചാല്‍ ഈ കര്‍ഷകരെക്കാള്‍ എത്രയോ അധികം തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് സര്‍ക്കാരിനു എതിരെ ഒരു ബഹുജനതൊഴിലാളി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പറ്റില്ലേ? എന്തുകൊണ്ടാണ് അത് ചെയ്യാന്‍ ശ്രമിക്കാത്തത്?

  തൊഴിലാളി-കര്‍ഷക മുന്നേറ്റം ഇന്ത്യയില്‍ മുഴുവന്‍ അലയടിക്കുന്ന ഒരു പ്രക്ഷോഭമാക്കി മാറ്റാനുള്ള എല്ലാ രാഷ്ട്രീയ സാഹചര്യവും ഉണ്ടായിട്ടും നമ്മുടെ തൊഴിലാളി സംഘടനകളും അവരെ നയിക്കുന്ന ഇടതുപക്ഷവും കോണ്‍ഗ്രസ്സും അടക്കമുള്ള മുഖ്യധാരാ പാര്‍ട്ടികളും കാണിക്കുന്ന മൌനം ആരെ പേടിച്ചാണ്? ഫാസിസത്തിനെതിരായുള്ള ഏറ്റവും മൂര്‍ച്ചയുള്ള ആയുധം ആയി ‘ജാതി/മത’ സ്വത്വങ്ങൾക്കതീതമായ’ ‘തൊഴിലാളി- കർഷക വർഗ്ഗസമരത്തിന്റെ’ അപാരസാധ്യതകളെ എന്ത് കൊണ്ടാണ് നിങ്ങള്‍ ഉപയോഗപ്പെടുത്താത്തത്? നിങ്ങളുടെ മൌനം തീര്‍ച്ചയായും അമ്പരപ്പിക്കുന്നതാണ്, അതിലേറെ ആശങ്ക ഉളവാക്കുന്നതും.