“പുട്ടിനെ റഷ്യൻ ദേശീയതയുടെ കാവൽകാരനും വീരപുരുഷനും, നാറ്റോ വിരുദ്ധതയുടെ നായകനും ആക്കുന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ സാമ്രാജ്യത്വത്തോടുള്ള ആരാധന തന്നെയാണ്. നാറ്റോ വിരുദ്ധതയുടെ നായകസ്ഥാനം അലങ്കരിക്കേണ്ടത് പുട്ടിനെപ്പോലുള്ള യുദ്ധഭ്രാന്തൻമാർ അല്ല. അതിശക്തവും ജനകീയവുമായ ആഗോളസമാധാനപ്രസ്ഥാനമാണ് …..”
സുധാ മേനോന്റെ പോസ്റ്റ് വായിക്കാം
ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ ജീവന്‍ റഷ്യൻ ഷെല്ലാക്രമണത്തിൽ നഷ്ടപ്പെട്ടത് നമ്മളെ എല്ലാവരെയും സങ്കടപ്പെടുത്തുന്നില്ലേ? ഇതുപോലെ എത്രയോ ഇരകളുടെ കുടുംബങ്ങൾ എവിടെയൊക്കെയൊ ഇരുന്നു കരയുന്നുണ്ടാകും.ഒരു മഹാമാരിയുടെ ദുരന്തത്തിൽ നിന്നും ഇതുവരെ കര കയറാത്ത ലോക ജനതക്ക് മുന്നിലേക്ക് ഒരു പ്രകോപനവും ഇല്ലാതെ യുദ്ധം എറിഞ്ഞു തന്ന പുട്ടിൻ ഒരു ന്യായീകരണത്തിനും അർഹൻ അല്ല. മനുഷ്യരാശിയോടുള്ള വെല്ലുവിളിയാണ് അയാൾ നടത്തുന്നത്. അത്കൊണ്ട്, ‘റഷ്യ നടത്തിയത് ഒരു ഡെക്കറേഷനും ആവശ്യമില്ലാത്ത ക്രൂരമായ ‘അധിനിവേശം’ ആണെന്നു പറയാൻ അമേരിക്കൻ പക്ഷപാതി ആകേണ്ട കാര്യമില്ല.
അമേരിക്കയുടെയും നാറ്റോയുടെയും അധിനിവേശ ചരിത്രമറിയാത്ത വിഡ്ഢികളോ നിഷ്ക്കളങ്കരോ അല്ല നമ്മളാരും. ഹിരോഷിമയിലും, നാഗസാക്കിയിലും ഒരൊറ്റ മിന്നൽ പ്രഭയിൽ പിടഞ്ഞുവീണു മരിച്ചത് രണ്ടു ലക്ഷത്തിൽ അധികം മനുഷ്യരാണ്. അന്ന് അമേരിക്കൻ പ്രസിഡണ്ട് ട്രൂമാന്റെ മുഖത്ത് വിടർന്നത് ലോകമഹായുദ്ധം’ ജയിച്ച അഭിമാനച്ചിരിയായിരുന്നു. 84,000 കുഞ്ഞുങ്ങളാണ് വിയറ്റ്‌നാം യുദ്ധത്തിൽ കൊല്ലപ്പെട്ടത്. എട്ടുലക്ഷത്തിലേറെ മുതിർന്നവരും!
ഇതേ അമേരിക്കയാണ് 2015 ഇൽ അഫ്‌ഘാനിസ്ഥാനിൽ ഒരു ആശുപത്രി തന്നെ ബോംബിട്ട് തകർത്തത്. Doctors Without Borders എന്ന അന്തർദേശിയ പ്രസ്ഥാനം നടത്തിക്കൊണ്ടിരുന്ന ആ ആശുപത്രിയിൽ അന്ന് കൊല്ലപ്പെട്ടത് സന്നദ്ധസംഘടനാ പ്രവർത്തകർ ആയ ഡോക്ടർമാരും, നേഴ്‌സ്മാരും, രോഗികളും അടക്കമുള്ള സാധുമനുഷ്യർ ആയിരുന്നു. ഇറാഖ് യുദ്ധത്തിൽ മരിച്ചത് രണ്ടു ലക്ഷത്തിൽ അധികം മനുഷ്യർ ആയിരുന്നു. 9/11 ശേഷമുള്ള സൈനികനടപടിയുടെ ഭാഗമായി യുദ്ധഭൂമിയിൽ ഉണ്ടായിരുന്ന അമേരിക്കൻ സൈനികരിൽ മുപ്പത്തിനായിരത്തിൽ അധികംപേർ മാനസികസംഘർഷം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു. അങ്ങനെ എത്രയെത്ര അധിനിവേശങ്ങൾക്കും , ദുരന്തങ്ങൾക്കും , മരണങ്ങൾക്കും ആണ് അമേരിക്കയും നാറ്റോ സഖ്യവും ശീതയുദ്ധകാലത്തും അതിന് ശേഷവും കാരണമായത്. സത്യത്തിൽ നാറ്റോ പോലുള്ള ഒരു മിലിറ്ററി സഖ്യം ഇന്നത്തെ ലോകത്തു തുടരുന്നത് തന്നെ ഏറ്റവും വലിയ അശ്ലീലമാണ്.
പക്ഷെ, ഇപ്പോൾ റഷ്യ നടത്തിയത് അന്തർദേശിയ മര്യാദകളുടെ നഗ്നമായ ലംഘനവും, പച്ചയായ അധിനിവേശവും, ഏകപക്ഷീയമായ ആക്രമണവും ആയിരുന്നു എന്ന് ഉറപ്പോടെ വിളിച്ചു പറയാൻ ഈ ചരിത്രമൊന്നും തടസ്സമാകരുത്. ഡിപ്ലോമസി ഉപേക്ഷിച്ചു കൊണ്ട് മറ്റൊരു രാജ്യത്തെ ആദ്യം ആക്രമിക്കുന്നവരെയാണ് രാഷ്ട്രതന്ത്രത്തിൽ ‘aggressor’ എന്ന് വിളിക്കുന്നത്. അതിനി എന്ത് ജിയോ പൊളിറ്റിക്കൽന്യായത്തിന്റെ പേരിൽ ആയാലും ഏകപക്ഷീയമായ അക്രമം ആണ്. അത് മനുഷ്യപക്ഷമേ അല്ല. അതുകൊണ്ട്, പൊളിറ്റിക്കൽ റിയലിസം ക്ലാസ് എടുക്കുന്നവരോട് പറയാനുള്ളത്, യുക്രൈൻ എന്ത് തെറ്റ് ചെയ്താലും റഷ്യ അക്രമം അഴിച്ചുവിട്ടതോടെ അനീതിക്കിരയായ രാജ്യമായി അവർ മാറിക്കഴിഞ്ഞു എന്നാണ്. ആഗോള മനുഷ്യാകാശനിയമങ്ങളെല്ലാം ലംഘിച്ച് റഷ്യ ഇപ്പോൾ യുദ്ധം കൂടുതൽ വ്യാപിപ്പിക്കുകയാണ്. ഇത് ലോകത്തെ എങ്ങോട്ട് നയിക്കുമെന്ന് അറിയില്ല.
ഇപ്പോൾ റഷ്യയുടെ കടന്നുകയറ്റത്തെ നമ്മൾ ഉപാധികൾ ഇല്ലാതെ അപലപിച്ചില്ലെങ്കിൽ, ശക്തിയായി എതിർത്തില്ലെങ്കിൽ ‘സാങ്കൽപ്പികശത്രുവിന്റെയും’ അതിർത്തിസുരക്ഷയുടെയും പേരിൽ നാളെ ഏതു ശക്തനും ദുർബലരായ അയൽക്കാരെ ആക്രമിക്കാം, കീഴടക്കാം, കൊല്ലാം. ആരും ആരോടും ചോദിക്കില്ല. അതിലേറെ അപകടം, ഇത് ആയുധശക്തിയിൽ മുൻപിൽ നിൽക്കുന്ന പല രാജ്യങ്ങളുടെയും സാമ്രാജ്യത്വമോഹങ്ങൾക്ക് ചിറക് മുളപ്പിക്കും എന്നത് കൂടെയാണ്. അവർക്കും സമാനന്യായങ്ങൾ നിരത്താൻ ഉണ്ടാകും. അപ്പോഴും എല്ലാ നരകയാതനകളും അനുഭവിക്കുന്നത് വൻശക്തി പ്രിവിലേജുകളോ, ആയുധബലമോ ഇല്ലാത്ത രാജ്യങ്ങൾ ആയിരിക്കും, അവിടുത്തെ ഒന്നുമറിയാത്ത സാധു മനുഷ്യരും.
അതുകൊണ്ട്, പുട്ടിനെ റഷ്യൻ ദേശീയതയുടെ കാവൽകാരനും വീരപുരുഷനും, നാറ്റോ വിരുദ്ധതയുടെ നായകനും ആക്കുന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ സാമ്രാജ്യത്വത്തോടുള്ള ആരാധന തന്നെയാണ്. നാറ്റോ വിരുദ്ധതയുടെ നായകസ്ഥാനം അലങ്കരിക്കേണ്ടത് പുട്ടിനെപ്പോലുള്ള യുദ്ധഭ്രാന്തൻമാർ അല്ല. അതിശക്തവും ജനകീയവുമായ ആഗോളസമാധാനപ്രസ്ഥാനമാണ്. Call a spade a spade. അത് അമേരിക്ക ആയാലും, റഷ്യ ആയാലും, ചൈന ആയാലും. നവീന് ആദരാഞ്ജലികൾ.