സിന്ധു സൂര്യകുമാറിന്റെ സഹപാഠികൾക്കു വേദനയുണ്ടാക്കിയ സംഭവവും ഇന്നത്തെ സിന്ധുവും

0
585

Sudha Menon ന്റെ ഫേസ്ബുക് പോസ്റ്റ്

1996 ലെ നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഞാൻ കാര്യവട്ടത്ത് പൊളിറ്റിക്കൽ സയൻസ് വകുപ്പിൽ MA വിദ്യാർത്ഥിനി ആയിരുന്നു. ഉത്സവം പോലെ ആയിരുന്നു ഞങ്ങൾക്ക് ആ തിരഞ്ഞെടുപ്പ്. ആദ്യമായി ഡൽഹിയിലെ CSDS മായി ചേർന്ന് ഒരു തിരഞ്ഞെടുപ്പ് സർവേയുടെ ഭാഗമായി പ്രീ പോളും exit പോളും ചെയ്തത് അക്കൊല്ലമാണ്. രാഷ്ട്രീയവിശകലനത്തിന്റെ അടിസ്ഥാനങ്ങൾ പ്രിയപ്പെട്ട Gopa Kumar ഗോപകുമാർ സാറിൽ നിന്നും പഠിച്ചെടുക്കുന്ന കാലം. ഞങ്ങളെപോലെ തന്നെ ആ തിരഞ്ഞെടുപ്പ് തൊട്ടപ്പുറത്തെ ജേർണലിസം വകുപ്പിലെ സുഹൃത്തുക്കൾക്കും അക്ഷരാർത്ഥത്തിൽ പൂരം തന്നെയായിരുന്നു. ദൂരദർശൻ ആദ്യമായിട്ടാണെന്നു തോന്നുന്നു, തിരഞ്ഞെടുപ്പ് റിപ്പോർട്ടിങിന് ജേർണലിസം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയത് അക്കൊല്ലമായിരുന്നു.

ഒരു പാട് കടമ്പകൾക്കും, പരീക്ഷകൾക്കും, മോക്ക് ഇന്റർവ്യൂവിനും ശേഷം ദൂരദർശൻ തിരഞ്ഞെടുത്ത വിരലിൽ എണ്ണാവുന്ന സുഹൃത്തുക്കളിൽ ഒരാൾ ഹോസ്റ്റലിലെ എന്റെ ആത്മമിത്രമായിരുന്നു. അന്ന് ദൂരദർശന്റെ ഓബി വാനുകൾ മഹാത്ഭുതമായിരുന്നു. ജീവിതം ചിത്രഹാറിലും, ഞായറാഴ്ച സിനിമയിലും ഒതുങ്ങിയ വിരസകാലം. ഞങ്ങളുടെ കൂട്ടുകാരിയെ ദൂരദർശനിൽ റിനി ഖന്നയെപോലെ, നീതി രവീന്ദ്രനെ പോലെ കാണുന്നതോർത്ത് വനിതാഹോസ്റ്റൽ ആകമാനം വിജ്രംഭിച്ചു. ഒടുവിൽ ആ ദിവസം വന്നു. വീട്ടിലെ പഴയ ടിവിയുടെ മുന്നിൽ മിടിക്കുന്ന നെഞ്ചോടെ എറണാകുളം മണ്ഡലത്തിൽ നിന്ന് ദൂരദര്‍ശനു വേണ്ടി തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയുന്ന അവളെ കാണാനിരുന്നു. പക്ഷെ, അവൾക്കു അവസരം കിട്ടിയില്ല. പകരം വേറെ ഏതോ ഒരു കുട്ടിയെ അവർ അതേൽപ്പിച്ചു. വികാരരഹിതമായി, വിക്കി വിറച്ചു, പകുതി തെറ്റിച്ചുകൊണ്ട് പറയുന്ന ആ പെൺകുട്ടിയുടെ പിന്നിൽ സഹായിയായി നിൽക്കുന്ന ഞങ്ങളുടെ പ്രിയസുഹൃത്തിന്റെ മങ്ങിയ നിഴൽ സ്‌ക്രീനിലെവിടെയോ അവ്യക്തമായി കാണാമായിരുന്നു. Bini Joseph Puthen, Ajai Kumar തുടങ്ങിയ അന്നത്തെ അവളുടെ സഹപാഠികൾക്കും ഏറെ വേദനയായിരുന്നു ആ സംഭവം. അജയ് അതേക്കുറിച്ചു ഒരിക്കൽ എഴുതിയിട്ടുമുണ്ട്.

പക്ഷേ, ആർക്കും എവിടെയും തളച്ചിടാവുന്ന ഒന്നല്ലല്ലോ പ്രതിഭ… കാലം മുന്നോട്ടു പോയി. അന്നത്തെ ആ മിടുക്കി, സിന്ധു സൂര്യകുമാർ എന്ന ഞങ്ങളുടെ പ്രിയ സുഹൃത്തു പിന്നീട് മലയാള ദൃശ്യമാധ്യമ ചരിത്രത്തിലെ വെട്ടിത്തിളങ്ങുന്ന സാന്നിധ്യമായത് ചരിത്രം. നിലപാടുകളിലെ കൃത്യത, നിർഭയമായ രാഷ്ട്രീയവിമർശനം, സഹപ്രവർത്തകരോടുള്ള കരുതൽ…അവൾ സുദീർഘമായ കാലയളവിൽ ഒരേ ചാനലിൽ തുടർന്നത് യാദൃച്ഛികം അല്ല . അതിനു പിന്നിൽ സിന്ധുവിന്റെ അർപ്പണബോധവും, കഠിനാധ്വാനവും, സ്ഥാപനത്തോടുള്ള പ്രതിബദ്ധതയും ഉണ്ട്. മലയാളത്തിലെ ഒന്നാം നിര ചാനലായി ഉയർന്നുവന്ന എഷ്യാനെറ്റിന്റെ വളർച്ചയുടെ പടവുകളിൽ സിന്ധുവിന്റെ അതുല്യമായ സംഭാവനകളുണ്ട്. സഹപ്രവർത്തകർ പലരും ഇടക്ക് വെച്ച് പടിയിറങ്ങിയപ്പോഴും സിന്ധു മാത്രം ആദ്യം ജോലിക്കു കയറിയ അതേ സ്ഥാപനത്തിൽ ഇരുപത്തിനാലു വർഷമായി തുടരുന്നു! ഒരു പക്ഷെ ദൃശ്യമാധ്യമരംഗത്തു അതും അപൂർവ മാതൃകയാകും.

ഇക്കൊല്ലത്തെ തിരഞ്ഞെടുപ്പ് വാർത്തകൾ ഏഷ്യാനെറ്റിലൂടെ കാണുമ്പോൾ, സിന്ധുവിന്റെ മനോഹരവും പക്വവുമായ അവതരണം നോക്കിയിരുന്നപ്പോൾ, കാൽ നൂറ്റാണ്ടിനു മുൻപുള്ള ആ പഴയ ദൂരദർശൻ വാർത്തയും, സ്ക്രീനിന്റെ മൂലയ്ക്ക് എവിടെയോ കണ്ട മങ്ങിയ മുഖവും കൂട്ടുകാർ എല്ലാം ഒരുപോലെ ഓർത്തെടുത്തത് നിറഞ്ഞു കവിഞ്ഞ ആഹ്ലാദത്തോടെ ആയിരുന്നു.

ഇതൊക്കെ ഇപ്പോൾ എഴുതിയത് എന്തിനെന്നോ? സിന്ധു സൂര്യകുമാർ ഏഷ്യാനെറ്റിന്റെ പുതിയ എക്സിക്യുട്ടിവ് എഡിറ്റർ ആയി സ്ഥാനമേറ്റിരിക്കുന്നു! ഒരു മലയാള ന്യൂസ് ചാനലിന്റെ തലപ്പത്തു ഒരു വനിത. ഇത് സിന്ധുവിന്റെ ഇച്ഛാശക്തിക്ക്, സമർപ്പണത്തിന്, മികവിന്, ടീം വർക്കിന്‌, പ്രൊഫഷണലിസത്തിനു, ആത്മാർത്ഥതക്കു ഒക്കെ കിട്ടിയ അർഹമായ അംഗീകാരമാണ്. നിറഞ്ഞ മനസ്സോടെ, അവാച്യമായ ആനന്ദത്തോടെ, അതിലേറെ അഭിമാനത്തോടെ ഈ ലോകത്തിലെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിക്ക്, എല്ലാ നന്മകളും ആശംസകളും നേരുന്നു. ഇനിയും ഒരു പാട് ദൂരം നേരിന്റെ വഴിയിൽ നിർഭയം മുന്നോട്ടു പോവൂ,പ്രിയപ്പെട്ടവളേ❤️.
ഏഷ്യാനെറ്റിന്റെ പുതിയ എക്സിക്യുട്ടിവ് എഡിറ്റർ സിന്ധു സൂര്യകുമാറിന് അഭിനന്ദനങ്ങൾ Sindhu Sindhusooryakumar