കേരളം ലോകോത്തര മോഡൽ ആയില്ലെങ്കിലും സാരമില്ല !

0
235

Sudha Menon

കേരളത്തിന് വെളിയിൽ ജീവിക്കുന്ന എനിക്ക്, നാട് വിട്ടതിൽ ഏറ്റവും സങ്കടം തോന്നിയിട്ടുള്ളത് മകൾക്കു കേരളത്തിലെ പൊതുവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് കൊണ്ടായിരുന്നു. വൻതുക ഫീസ് കൊടുത്തു സ്വകാര്യവിദ്യാലയത്തിൽ പഠിപ്പിക്കുമ്പോഴും എന്തോ ഒരു കുറവ് എപ്പോഴും അനുഭവപ്പെട്ടിരുന്നു. നാട്ടിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഒരു ലിബറൽ മാനവിക ബോധം മകൾക്കു ഒരിക്കലും കിട്ടില്ലല്ലോ എന്ന കുറ്റബോധം എപ്പോഴും അലട്ടാറുണ്ട്. ബിഹാറിലെയും , യുപിയിലെയും, രാജസ്ഥാനിലേയും സർക്കാർ സ്‌കൂളുകൾ കാണുമ്പോഴൊക്കെയും കേരളത്തിൽ ജനിച്ചു വളർന്നതിൽ അഭിമാനം തോന്നാറുമുണ്ട്. ഗുജറാത്തിലെ സർക്കാർ സ്‌കൂളുകൾ ആണെങ്കിൽ നിലവാരത്തിലും, അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലും വളരെ ദയനീയ അവസ്ഥയിൽ ആണ്.

പക്ഷെ, ഇപ്പോൾ തോന്നുന്നു, ഈ ആത്മരതിക്കും , സമത്വത്തിന്റെയും, സാമൂഹ്യനീതിയുടെയും ‘റൊമാന്റിസൈസ്ഡ് ‘ വ്യാഖ്യാനങ്ങൾക്കും അപ്പുറം നമ്മൾ, ഒരു പൊതുസമൂഹമെന്ന നിലയിൽ, പൊതു വിദ്യാഭ്യാസത്തെ വളരെ ഗൗരവമായി ആത്മവിമര്ശനത്തിനു വിധേയമാക്കേണ്ട കാലം കഴിഞ്ഞു എന്ന് . ഗൃഹാതുരതയല്ല,യാഥാർഥ്യ ബോധമാണ് ആവശ്യം. സ്വകാര്യവിദ്യാലയങ്ങൾ ഉപേക്ഷിച്ചു കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് തിരിച്ചു വരുന്നതും, സ്മാർട്ട് ക്ലാസുകൾ ഉണ്ടാക്കുന്നതും, നടക്കാവ് പോലുള്ള മൈക്രോ മോഡലുകൾ ആഘോഷിക്കുന്നതും ഒക്കെ നല്ലതു തന്നെ. പക്ഷെ, സാർവത്രിക പൊതുവിദ്യാഭ്യാസത്തിന്റെ ദീർഘമായ ചരിത്രവും, സാമൂഹ്യനീതിയുടെ രാഷ്ട്രീയ പരിസരവുമുള്ള സവിശേഷമായ നമ്മുടെ ഈ സാമൂഹ്യഭൂമികയിൽ, ഈ ഒന്നാം സ്ഥാനം ഇനിയും ആഘോഷിക്കപ്പെടേണ്ട കാര്യമില്ല.

നമ്മൾ ശ്രദ്ധിക്കേണ്ടത് അടിസ്ഥാന സൗകര്യങ്ങൾ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ സ്‌കൂളുകളിലും ഒരുപോലെ ലഭ്യമാക്കാനാണ്. പാമ്പിൻ പൊത്തുകളുള്ള, ഒരു കാറ്റടിച്ചാൽ മറിഞ്ഞു പോകുന്ന ചുമരുകൾ ഉള്ള , പ്രഥമ ശുശ്രൂഷാ സൗകര്യം ഇല്ലാത്ത , കൗൺസിലറുടെ സേവനം ആഴ്ചയിൽ ഒരിക്കൽ എങ്കിലും കിട്ടാത്ത സ്‌കൂളുകൾ ഇവിടെ ഉണ്ടാവരുത്. അതുപോലെ, അധ്യാപക പരിശീലനവും മാറ്റങ്ങൾക്കു വിധേയമാക്കേണ്ടതുണ്ട്. ഷൂസും സോക്‌സും കുട്ടികൾക്ക് നിര്ബന്ധമാക്കുന്നതു ഒരു പൊങ്ങച്ചമൊന്നും അല്ല, കേവല സുരക്ഷിതത്വം മാത്രമാണെന്ന് ഇനിയെങ്കിലും മനസിലാക്കേണ്ടെ? ക്ലാസ്സിൽ കുട്ടികളെ ചെരിപ്പിടാൻ അനുവദിക്കാത്ത മാനസിക രോഗികളെയൊന്നും അധ്യാപകർ എന്ന് വിളിക്കാൻ കഴിയില്ല. മികവ് എന്ന് പറയുന്നത് നൂറു ശതമാനം വിജയവും ഫുൾ ആ പ്ലസും കലോത്സവങ്ങളും മാത്രമാണോ? ഏതാനും അധ്യാപകരുടെ പെരുമാറ്റവും, അശ്രദ്ധയും കാരണം ഉണ്ടായ ‘ഒറ്റപ്പെട്ട സംഭവത്തെ’ മുൻനിർത്തി മഹത്തായ മാതൃകയെ അവഹേളിക്കുന്നതെന്തിന് എന്ന് ചോദിച്ചേക്കാം. കാരണം, അക്കൗണ്ടബിലിറ്റിയുടെ അഭാവം ഇവിടെ വളരെ വ്യക്തമാണ്, ഓരോ തലത്തിലും. ആ വലിയ മാളം കാണുംതോറും മനസിലാകും, അവിടുത്തെ അധ്യാപകരുടെയും, മേലധികാരികളുടെയും ഉത്തരവാദിത്വബോധവും, ആത്മാർത്ഥതയും . ഈ സംഭവം യോഗി ആദിത്യനാഥിന്റെ യുപിയിൽ ആയിരുന്നെങ്കിൽ നമ്മൾ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന് കൂടി ഓർക്കണം.
പാമ്പ് കടിയേറ്റത് മുതൽ മരിക്കുന്നതു വരെയുള്ള മണിക്കൂറുകളിലെ ആ കുഞ്ഞിന്റെയും മാതാപിതാക്കളുടെയും മാനസികാവസ്ഥ ഒരിക്കലെങ്കിലും നമ്മൾ ഓർത്താൽ മതി, മനസിലാകും . കേരളം ലോകോത്തര മോഡൽ ഒന്നും ആയില്ലെങ്കിലും സാരമില്ല, അത്യാവശ്യം മനുഷ്യത്വവും, കോമൺസെൻസും, കരുണയും, ഉത്തരവാദിത്വ ബോധവും ഉള്ള അധ്യാപകരും , ഡോക്ടർമാരും എങ്കിലും ഉണ്ടായാൽ മതിയായിരുന്നു എന്ന് .

ഏറ്റവും വേദന, ഏതു വിഷയത്തിലും , നമ്മുടെ പൊതുബോധത്തെ തിരസ്കരിക്കുന്ന ഇത്തരം തിരിച്ചറിവുകൾ ഉണ്ടാകാൻ എപ്പോഴും ഓരോ ജീവൻ കുരുതി കൊടുക്കേണ്ടി വരുന്നു എന്നുള്ളതാണ് . ഇനി ഒരു ചർച്ച ഉണ്ടാവാൻ അടുത്ത ഒരു ദുരന്തം ഉണ്ടാകണം.