നേപ്പാളിന്റെ പ്രകൃതിമനോഹാരിത കണ്ട് എടുത്തുചാടരുത്, താമസ സൗകര്യങ്ങൾ ശ്രദ്ധിച്ചു തിരഞ്ഞെടുക്കുക, ഇല്ലെങ്കിൽ അപകടമാണ്

0
169
Sudha Menon
നേപ്പാളിൽ വെച്ച് മരണമടഞ്ഞ മലയാളികുടുംബങ്ങൾ ഇന്നലെ മുതൽ വല്ലാത്ത നൊമ്പരമായി മനസിലുണ്ട്. ഞാൻ ഇടയ്ക്കു തൊഴിൽ സംബന്ധമായ കാര്യങ്ങൾക്കായി നേപ്പാളിൽ പോകാറുള്ളത് കൊണ്ട് ധാരാളം സുഹൃത്തുക്കൾ, നേപ്പാൾ യാത്രയെ കുറിച്ച് അഭിപ്രായം ചോദിക്കാറുണ്ട്. കഴിയുന്നതും, ഈ പർവതരാജ്യം ഡിസംബർ, ജനുവരി മാസങ്ങളിൽ ഒഴിവാക്കാൻ അവരോടൊക്കെ പറയാറുണ്ട്. കാരണം, പലപ്പോഴും ക്ഷാമം കാരണം ഇന്ധനം വളരെ ചുരുക്കി ഉപയോഗിക്കുന്നത് കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്ന സൗകര്യങ്ങൾ ഹോട്ടലുകളിൽ നിന്ന് കിട്ടണം എന്നില്ല. വളരെ അപകടകരം ആണത് .ഒരിക്കൽ, നാല് വര്ഷം മുൻപ് ഞാൻ ഒരു റിസോർട്ടിൽ ആയിരുന്നു റൂം ബുക്ക് ചെയ്തത്. ഭൂകമ്പം കഴിഞ് ആറുമാസം ആയിക്കാണും.
ഹോട്ടൽ വെബ്സൈറ്റിൽ കണ്ട ഫോട്ടോകളിൽ, പച്ചപ്പുള്ള വയലുകളുടെ പശ്ചാത്തലത്തിൽ ഹിമാലയത്തിന്റെ ദൂരകാഴ്ച അത്രമേൽ മനോഹരമായിരുന്നു. അങ്ങനെയാണ്
ഒറ്റക്കായിട്ടും ഞാൻ അവിടെ ബുക്ക് ചെയ്തത്. സന്ധ്യ കഴിഞ്ഞാണ് എത്തിയത്.
അപകടം മനസ്സിലായത് അപ്പോഴാണ് . ഹോട്ടൽ റിസപ്‌ഷൻ വേറൊരു ചെറിയ കെട്ടിടത്തിലാണ്. അവിടെനിന്നും, താഴേക്ക് കുറെ പടിക്കെട്ടുകൾ ഇറങ്ങിയാൽ വയലുകൾ. വയൽ വരമ്പത്തു കൂടെ ഏകദേശം ഒരു കിലോമീറ്റർ നടക്കണം, റൂമുകളിൽ എത്താൻ. കറണ്ടില്ല. ഇന്ധനക്ഷാമ കാലമായതു കൊണ്ട് സ്റ്റാഫ് കുറവ്. ഒരു സ്ത്രീ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവർ റിസപ്‌ഷനിൽ നിന്നും ഒരു മെഴുകുതിരി തന്നു. അതും കത്തിച്ചു പിടിച്ചു, മറ്റേ കൈയ്യിൽ ബാഗും എടുത്തു, തണുത്തു വിറച്ചു, ഇരുട്ടിൽ ഞാൻ ഒറ്റയ്ക്ക് ആ വയൽ വരമ്പിലൂടെ നടന്നു. പാതി വഴിക്കു മെഴുകുതിരി കെട്ടു. ഏറ്റുമാനൂർ ശിവകുമാറിന്റെയും പിവി തമ്പിയുടെയും ഒക്കെ മന്ത്രവാദ നോവലുകളിലെ അന്തരീക്ഷം. കൂരിരുട്ട് . എങ്ങനെയോ മൊബൈൽ ഫോണിലെ ടോർച്ച് കത്തിച്ചു പിടിച്ചു നടന്നു. അടുത്തെങ്ങും ഒരു മനുഷ്യജീവി ഇല്ല.
ഒടുവിൽ ഒരു വിധം, താമസിക്കേണ്ട ആ കെട്ടിടത്തിൽ എത്തി. അവിടെ ഒരു കെയർ ടേക്കർ ഷെർപ്പ ഉണ്ടായിരുന്നു. അയാൾ തീപ്പെട്ടി ഉരച്ചു മെഴുകുതിരി കത്തിച്ചു. അങ്ങനെ റൂമിൽ എത്തി. ഇപ്പോഴും എനിക്ക് അതോർക്കാൻ വയ്യ .രാത്രി ഏറെ വൈകിയാണ് കറന്റ് വന്നത്. ഭക്ഷണം ഉണ്ടെന്നു നേരത്തെ പറഞ്ഞിരുന്നുവെങ്കിലും, ബ്രഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. റൂം ഹീറ്റർ പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ടു ജീവൻ രക്ഷപ്പെട്ടു. സൗജന്യ വൈഫൈ എന്നൊക്കെ പറഞ്ഞിരുന്നുവെങ്കിലും ഫോണിനു റേഞ്ച് പോലും കിട്ടിയില്ല. പിറ്റേന്ന് അതിരാവിലെ തന്നെ നേപ്പാളിലെ ട്രേഡ് യൂണിയൻ നേതാക്കന്മാരായ സുഹൃത്തുക്കളെ വിളിച്ചു വരുത്തി, ചെക്ക് ഔട്ട് ചെയ്ത്, അവരിൽ ഒരാളായ സുശീലാ ദീദിയുടെ കുഞ്ഞു വീട്ടിലേക്കു താമസം മാറ്റി.
റിസോർട്ടിൽ കൊടുത്ത പണം തിരിച്ചു കിട്ടിയില്ല. അതിനു ശേഷം, ഞാൻ ഒരിക്കലും ,സാഹസികമായി റൂം ബുക്ക് ചെയ്തിട്ടില്ല. കാഠ്മണ്ഡുവിലെ നല്ല ഹോട്ടലുകളിൽ മാത്രം താമസിച്ചു, മറ്റു സ്ഥലങ്ങളിൽ ടാക്സി എടുത്തു പോയി വരും.പ്രിയ സുഹൃത്തുക്കളെ, മഞ്ഞിൽ മൂടിയ ഹിമാലയകാഴ്ച വിറ്റു കാശാക്കുന്ന വെറും ഷൈലോക്കുമാരാണ്‌ പല റിസോർട്ട് ഉടമകളും. അതുകൊണ്ട് നല്ല റിവ്യൂ നോക്കി മാത്രം റിസോർട്ടുകൾ തിരഞ്ഞെടുക്കുക. മിക്ക റിസോർട്ടുകൾക്കും തൊട്ടടുത്ത് ഒരു പെട്ടിക്കട പോലും ഉണ്ടാവില്ല. അതുകൊണ്ടു റിസോർട്ടുകാർ തരുന്ന ഭക്ഷണം തന്നെ കഴിക്കേണ്ടി വരും.
പണം കൂടുതൽ ചിലവായാലും നല്ല branded ഹോട്ടലുകൾ ആണ് ഏറ്റവും സുരക്ഷിതം എന്നാണു എന്റെ അനുഭവം. ഓരോയാത്രയും നന്നായി ശ്രദ്ധിച്ച് മാത്രം പ്ലാൻ ചെയുക. കുറെ അനുഭവങ്ങൾ ഉള്ളതുകൊണ്ട് , റൂം വലിപ്പവും, വെന്റിലേഷനും, ഫുഡ് ക്വാളിറ്റിയും ഒക്കെ പലപ്രാവശ്യം നോക്കി താരതമ്യം ചെയ്തിട്ടേ ബുക്ക് ചെയ്യാറുളളൂ. ലാഭം നോക്കാറില്ല. നേരത്തെ പ്ലാൻ ചെയ്‌താൽ ഒന്നാംകിട ബ്രാൻഡ് ഹോട്ടലുകൾ ഡിസ്‌കൗണ്ട് റേറ്റിൽ കിട്ടും. അതാണ് സുരക്ഷിതം.
ഇതൊക്കെ ചെറിയ കാര്യങ്ങൾ ആണെന്ന് തോന്നിയേക്കാം എങ്കിലും, നേരത്തെ ശ്രദ്ധിച്ചാൽ പല അപകടങ്ങളും ഒഴിവാക്കാം. ആ വാർത്ത വായിച്ചതു മുതൽ വല്ലാത്ത സങ്കടം. ഒറ്റക്കായിപ്പോയ ആ കുഞ്ഞ്‌ വിടാതെ നൊമ്പരപ്പെടുത്തുന്നു. അതുകൊണ്ടുഎഴുതിയതാണ്.