ഓട്ടോറിക്ഷ ഇടിച്ചിട്ടല്ല ഗാന്ധിജി മരിച്ചത് എന്ന് ഉത്തമബോധ്യമുള്ളവര്‍ തന്നെയാണ്, ഗോഡ്‌സെയെ ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി എന്ന് വിളിച്ച കമലഹാസനു നേരെ ചെരുപ്പ് എറിഞ്ഞത്

0
307
Sudha Menon writes

ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിനു കുറച്ചു നാൾ മുന്പ്, ഏതാനും ഗാന്ധിയന്‍ പ്രവര്ത്തകർ അയോധ്യയില്‍ ഒരു പ്രാര്ഥനായോഗം നടത്തിയിരുന്നു. ഗാന്ധിജിയുടെ ഡോക്ടര്‍ ആയിരുന്ന, ബാപ്പുവുമായി ഏറെ അടുപ്പമുണ്ടായിരുന്ന സുശീല നയ്യാര്‍ ആയിരുന്നു ആ പ്രാര്ത്ഥന നയിച്ചിരുന്നത്. അന്ന് എൺപതു വയസ്സോളം ഉണ്ടായിരുന്ന വന്ദ്യവയോധികയായ സുശീലാ നയ്യാര്‍ രഘുപതി രാഘവ രാജാറാം പാടുകയായിരുന്നു. ‘ഈശ്വര അള്ളാ തേരേ നാം ‘എന്ന വരികളില്‍ എത്തിയപ്പോള്‍, യോഗസ്ഥലത്തുണ്ടായിരുന്ന ചിലര്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടു, ആക്രോശിച്ചു കൊണ്ട്, സ്റ്റേജിന് അരികിലേക്ക് പാഞ്ഞു വന്നു. കറ കളഞ്ഞ ഗാന്ധിയനായ സുശീലാ ബെന്‍, താഴെയിറങ്ങി അവര്ക്ക് മാത്രം കഴിയാവുന്നത്ര ശാന്തതയോടെ പറഞ്ഞു, “ഞാന്‍ ഗാന്ധിജിക്ക് വേണ്ടിയാണ് ഇവിടെ വന്നത്’. അപ്പോള്‍, ബഹളം ഉണ്ടാക്കുന്നവരുടെ നേതാവ്, മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു. “ഞങ്ങള്‍ ഗോഡ്‌സേക്ക് വേണ്ടിയാണ് ഇവിടെ വന്നത്. ഗോഡ്സെയെപോലെ ഞങ്ങളും വിശ്വസിക്കുന്നുണ്ട്, നിങ്ങള്‍ ഗാന്ധിയെപോലെ മുസ്ലിങ്ങളെ പ്രീണിപ്പിക്കാന്‍ വേണ്ടി ശ്രമിക്കുകയാണെന്ന്”.

സുശീലാ നയ്യാര്‍ ഒരു നിമിഷം ശബ്ദം നഷ്ടപ്പെട്ടു നിന്നുപോയി. “ We came here on behalf of Godse” എന്ന് പരസ്യമായി പൊതുവേദിയില്‍ പറയാനുള്ള തലത്തിലേക്ക്, ഗോഡ്സെയുടെ രാഷ്ട്രീയം ഇന്ത്യയില്‍ വളർന്നു കഴിഞ്ഞു എന്നും രഥയാത്രയും, രാമജന്മഭൂമിവിവാദവും ഒക്കെ ആ വിപുലമായ രാഷ്ട്രീയകര്മ്മ പദ്ധതി അതിസമർത്ഥമായി നടപ്പിലാക്കാനുള്ള രാഷ്ട്രീയഹിന്ദുത്വത്തിന്റെ ഏണിപ്പടികള്‍ ആണെന്നും വേദനയോടെ സുശീലാ നയ്യാര്‍ അന്ന്, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിരണ്ടില്‍ തന്നെ മനസ്സിലാക്കി.

നിർഭാഗ്യവശാൽ , നമ്മള്‍ അപ്പോഴും ഇരുട്ടില്‍ തപ്പുകയായിരുന്നു. നമ്മുടെ എല്ലാ മുഖ്യധാരാ രാഷ്ട്രീയപാര്ട്ടികളും അങ്ങനെ, വീണ്ടും ദശകങ്ങളോളം ഇരുട്ടില്‍ തന്നെ നില്കുകയും, വളര്ന്നു വരുന്ന ധ്രുവീകരണ രാഷ്ട്രീയത്തെ നേരിടാനുള്ള ‘916’ തനിമയും, ശക്തിയും ആര്ക്കാണെന്ന് തെളിയിക്കാന്‍ മത്സരിക്കുകയും ചെയ്തപ്പോള്‍, ‘ഈശ്വര അള്ളാ തേരേ നാം ‘തീരെ അപ്രസക്തമാവുകയും, പകരം ഗോഡ്സെയെ ധീരദേശാഭിമാനിയായി വാഴ്ത്താന്‍ ധൈര്യമുള്ള ജനപ്രതിനിധികള്‍ സ്വാതന്ത്ര്യ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു എന്നിടത്താണ് നമ്മുടെ പരാജയം.

ഓട്ടോറിക്ഷ ഇടിച്ചിട്ടല്ല ഗാന്ധിജി മരിച്ചത് എന്ന് ഉത്തമബോധ്യമുള്ളവര്‍ തന്നെയാണ്, ഗോഡ്‌സെയെ സ്വാതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി എന്ന് വിളിച്ച കമലഹാസനു നേരെ ചെരുപ്പ് എറിഞ്ഞത്. ഗോഡ്സെ എക്കാലത്തും ദേശസ്നേഹിയായിരുന്നു എന്ന് പറഞ്ഞ പ്രഗ്യ താക്കൂര്‍ ഇന്ന് വൻഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട എം.പി ആണ്. സാക്ഷി മഹാരാജ്, നളിന്‍ കുമാര്‍ കട്ടീല്‍, അനില്‍ സൌമിത്ര, അനന്തകുമാര്‍ ഹെഗ്ദേ….തുടങ്ങി സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ മുൻ നിരയിൽ നില്ക്കുന്നവരൊക്കെയും ഗോഡ്സെയെ ന്യായികരിക്കാന്‍ ശ്രമിച്ചവരാണ്. അവരെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഗോഡ്സെ തെറ്റാവുന്നില്ല, കാരണം അവര്‍ എക്കാലവും നിർവചിച്ചിരുന്ന പ്രതീകവൽത്കരിച്ചിരുന്ന രാഷ്ട്രം ഇതായിരുന്നില്ല, ആ രാഷ്ട്രത്തിന്റെ പിതാവ് ഒരിക്കലും നമ്മുടെ മഹാത്മാ ആയിരുന്നുമില്ല. അതുകൊണ്ട് തന്നെയാണ് ഗാന്ധിജിയെ കൊന്നതിനു ശേഷവും, സമാനതകളില്ലാത്ത ആ ക്രൂരതയ്ക്ക് ശക്തമായ പ്രത്യയശാസ്ത്ര ഭാഷ്യം ചമയ്ക്കാന്‍ ഗോഡ്സെക്ക് കഴിഞ്ഞതും, അത് ഇപ്പോഴും വലതുപക്ഷ രാഷ്ട്രീയത്തില്‍ ഉടനീളം നരേട്ടിവ് ആയി തുടരുന്നതും.

ഗാന്ധി വധം നടക്കുമ്പോള്‍, ഗോഡ്സെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകൻ ആയിരുന്നില്ല എന്നത് സത്യമാകാം. ഇവിടെ ഏതു സംഘടന എന്നുള്ളതല്ല വിഷയം. മറിച്ച് , എന്നും പ്രസക്തമായ ഘടകം, ഗോഡ്സെയും, ഹിന്ദു മഹാസഭയും, RSS നെ പോലെത്തന്നെ ലക്ഷ്യമാക്കിയിരുന്നത്‌ ഇന്ത്യയുടെ മതബന്ധമില്ലാത്ത ബഹുസ്വര-ദേശിയതക്കുമേലുള്ള ഹിന്ദുരാഷ്ട്രത്തിന്റെ പുനഃ സ്ഥാപനമാണ്‌ എന്നുള്ളതാണ്. അതിനു അവര്‍ കണ്ട ഏറ്റവും വലിയ തടസ്സം ആ മെലിഞ്ഞ മനുഷ്യനായിരുന്നു. ഗാന്ധിജി വധിക്കപ്പെട്ട ഈ ദിവസം മാത്രമല്ല, ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നമ്മള്‍ എന്നും, ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടേയിരിക്കേണ്ടത് ഈ വസ്തുതയാണ്. ഗാന്ധിജിയെ ഇല്ലാതാക്കിയത്, ഒരു വ്യക്തിയല്ല, മറിച്ച് ഒരു ചിന്തയാണ്. വ്യക്തമായ പ്രത്യയശാസ്ത്രമാണ്. അതിനു ഒരൊറ്റ പേരേയുള്ളൂ: രാഷ്ട്രീയ ഹിന്ദുത്വം. ആ ചിന്താപദ്ധതിയാണ് എതിര്ക്ക പ്പെടെണ്ടത്.നിർഭാഗ്യവശാല്‍, എഴുപതുകള്‍ മുതലുളള, ഇന്ത്യയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട നേതാക്കന്മാർ പോലും ഈ അപകടം മനസിലാക്കിയില്ല എന്നുള്ളതാണ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം.

അടിയന്തിരാവസ്ഥ കുടം തുറന്നു വിട്ടത് ഈ ഭൂതത്തെ കൂടിയായിരുന്നു. ജയപ്രകാശ് നാരായൺ ചെയ്ത ഏറ്റവും വലിയ തെറ്റ്, ജനസംഘത്തെ അന്നത്തെ അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തില്‍ തുല്യപങ്കാളികള്‍ ആക്കിയതായിരുന്നു. അതാണ്‌, ഗാന്ധിവധത്തിനു ശേഷം അഖിലേന്ത്യാതലത്തില്‍ ഹിന്ദുത്വശക്തികൾക്ക് കിട്ടിയ ആദ്യത്തെ സോഷ്യല്‍ ലെജിറ്റിമസി. മൊറാർജി മന്ത്രിസഭയില്‍ വാജ്പേയിയും, അദ്വാനിയും മന്ത്രിമാരായതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ഏണിപ്പടികള്‍ ഓരോന്നായി കീഴടക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് എളുപ്പമായി.

‘എന്റെ ഹിമാലയങ്ങള്‍ ഇവിടെയാണ്‌ ‘എന്നായിരുന്നു, ഗാന്ധിജി എല്ലാം നിർത്തി ഹിമാലയത്തില്‍ പോകേണ്ട സമയമായി എന്ന് വിമർശിച്ച അതിർത്തിയിലെ ഹിന്ദുക്കളോടും സിഖുകാരോടും അദ്ദേഹം പറഞ്ഞിരുന്നത്. 1948 ഫെബ്രുവരി പതിമൂന്നാം തിയ്യതി മുതല്‍, വാർദ്ധായിൽ നിന്നും തുടങ്ങി, അസംഖ്യം ജനങ്ങള്‍ കൊല്ലപ്പെട്ട ജനപദങ്ങളിലൂടെ കാൽനടയായി യാത്ര ചെയ്ത് കൊണ്ട്, മാനവിക ചരിത്രത്തിലെ ഏറ്റവും വലിയ “ദേശാന്തരഗമനത്തിന്റെ പ്രവാഹവേഗങ്ങള്‍ ” എന്ന് ഡൊമിനിക് ലാപിയരും ലാറി കൊളിന്സും വിശേഷിപ്പിച്ച ലക്ഷക്കണക്കിന് അഭയാർത്ഥികളെ നേരില്‍ കണ്ടു ,ലഹളയില്‍ നിന്നും കൂട്ടക്കൊലയില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും ആയിരുന്നു അനുഗമികളില്ലാത്ത ആ പഥികന്‍ തീരുമാനിച്ചിരുന്നത്. അക്ഷരാര്ത്ഥ ത്തില്‍, പാകിസ്ഥാനിലേക്ക് ഒരു തീർത്ഥയാത്ര.

പക്ഷെ, അതിനു മുന്പ് ഗോഡ്സെ ജയിക്കുകയും ഗാന്ധിജി തോല്ക്കുകയും ചെയ്തു. ഇപ്പോഴും വീണ്ടും തോല്പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ന് ഗാന്ധിജിയുടെ ആശ്രമം പോലും കൈയ്യേറാൻ അവർക്കു കഴിയുന്നു.
നമ്മള്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും ക്രൂരമായ യാഥാര്ത്ഥ്യം ഗോഡ്‌സെയെ ദേശസ്നേഹിയായി വിശേഷിപ്പിച്ച പ്രഗ്യാ സിംഗ് താക്കൂര്‍ ഇന്ത്യന്‍ പാര്ലിമെന്റില്‍ ഇരുന്നു നിയമ നിര്മാണം നടത്തുന്നു എന്നതാണ് .

നാളെ ‘On behalf of Godse’ ഇവിടെ അവർ നിയമ നിർമാണവും നടത്തിയേക്കാം . അതിനു മുൻപ് ‘on behalf of Gandhiji ‘ നമുക്ക് നമ്മുടെ തെറ്റുകളെ തിരുത്തി,ഇന്ത്യ എന്ന ആശയത്തെ , ബഹുസ്വര ദേശീയതയെ നമ്മുടെ സമരങ്ങളിൽ കൂടി വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ജനുവരി മുപ്പത് പ്രസക്തമാകുന്നത് അവിടെയാണ് .എന്റെ ഹിമാലയങ്ങൾ ഇവിടെ തന്നെയാണ് എന്ന ഗാന്ധിജിയുടെ വാക്കുകളും .