തങ്ങൾ എന്തുചെയ്താലും പാകിസ്താനും മുസ്ലിം തീവ്രവാദവും പറഞ്ഞു ഇനിയും ജയിക്കാം

183

Sudha Menon

രണ്ടായിരത്തി പതിനാലു മെയ് പതിനാറാം തീയതി വൈകുന്നേരം മുതൽ കാണാൻ തുടങ്ങിയ ചില പേടിസ്വപ്നങ്ങൾ ഉണ്ട്, ഉറങ്ങാതിരിക്കുമ്പോഴും മനസ്സിൽ തെളിയുന്നത്.. ആ പേടിയുടെ അടിസ്ഥാനം ഒരിക്കലും ടീവി ചർച്ചകളോ, അക്കാദമിക വ്യവഹാരങ്ങളോ ആയിരുന്നില്ല. മറിച്ചു, ഇന്ത്യയുടെ ആത്മാവ് അറിഞ്ഞു കൊണ്ടുള്ള നിരന്തരമായ യാത്രകൾ ആയിരുന്നു. ഇപ്പോൾ, തൊഴിൽ കോഡ് ബില്ലും , പിന്നെ പൗരത്വ ബില്ലും ക്യാബിനറ് അംഗീകരിച്ചതോടെ പേടിസ്വപ്‌നങ്ങൾ ഓരോന്നായി വളരെ പെട്ടെന്ന് തന്നെ
യാഥാർഥ്യമാവുകയാണെന്നു മനസിലായി.

പൊതു തിരഞ്ഞെടുപ്പിനു, കൃത്യം ഒരു മാസം മുൻപ് ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ ഭീമമായ കടബാധ്യത കാരണം ആത്മഹത്യ ചെയ്ത ഒരു കർഷകന്റെ വീട്ടിൽ പോയിരുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ അതിശക്തമായ പരാതിയും ജനരോഷവും ആയിരുന്നു അന്ന് അവിടെ കണ്ടത്. ഒരിക്കലും ബിജെപിക്ക്‌ വോട്ടു ചെയ്യില്ലെന്ന് പറഞ്ഞവരാണ് ഏറെയും. ഭാവ്നഗറിലും, അംറേലിയിലും, സുരേന്ദ്രനഗറിലും ഒക്കെ കർഷകരിലും തൊഴിലാളികളിലും കണ്ടത് അതേ വികാരമായിരുന്നു.
വിണ്ടുകീറിയ കാൽപാദങ്ങളുമായി ദിവസങ്ങളോളം കിലോമീറ്റററുകൾ നടന്നു തീർത്ത കർഷകരുടെ രോഷം തന്നെ ആയിരിക്കും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക എന്ന് കരുതി. പക്ഷെ, ഒടുവിൽ, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, അതെ നാട്ടിൽ വീണ്ടും ഒരിക്കൽ കൂടി പോകേണ്ടി വന്നപ്പോഴേക്കും, അന്ന് കണ്ട, ആ രോഷാകുലരായ കർഷകരും, ഡയമണ്ട് തൊഴിലാളികളും, നെയ്ത്തുകാരും എവിടെയും ഉണ്ടായിരുന്നില്ല. വിണ്ടുകീറിയ കാൽപാദങ്ങൾ അവർ പാടെ മറന്നു പോയിരുന്നു, സ്വന്തം കടബാധ്യതകളുടെ ഭാരവും. പകരം അവർ ഓർത്തത് , അവർക്കു പറയാനുണ്ടായിരുന്നത്, അതിർത്തി കടന്നെത്തുന്ന ഭീകരാക്രമണവും, പാകിസ്ഥാനും മാത്രമായിരുന്നു. ഒപ്പം, അത് തടയാൻ കരുത്തുള്ള ഒരേ ഒരാൾ എന്ന മട്ടിൽ അവരുടെ മുന്നിൽ നാടകീയമായി അവതരിപ്പിക്കപ്പെട്ടഅൻപത്തിആറിഞ്ചു നെഞ്ചും! അങ്ങനെ തീയട്രിക്സിന്റിനെ മുന്നിൽ കർഷക ആത്മഹത്യകൾ അവരുടെ സ്വന്തം കുടുംബം പോലും മറന്നുപോകുന്ന അത്രയ്ക്ക് ശക്തമാണ്ഇന്ത്യയിൽ ദേശീയതയെയും രാജ്യസുരക്ഷയെയും ഉള്ള ഏതു പരാമർശവും. വർഗ്ഗ രാഷ്ട്രീയം, ആണത്ത ദേശിയതയുടെ പോപ്പുലർ ആവിഷ്ക്കാരങ്ങൾക്കു മുന്നിൽ ഒരു വെല്ലുവിളിയേ അല്ലായിരുന്നു.

ചുരുക്കത്തിൽ, കഴിഞ്ഞ ആറു വർഷങ്ങൾ ആയി ഉത്തരേന്ത്യയിൽ ഉടനീളം കണ്ടത് കൃത്യമായ പ്ലാനിങ്ങോടെ , കരുതലോടെ, അതിസൂക്ഷ്മമായി നടപ്പാക്കപ്പെട്ട ഈയൊരു രാഷ്ട്രീയപദ്ധതി ആണ് . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സാമൂഹ്യ-സാംസ്കാരിക മൂലധനം അതായിരുന്നു. അതിൽ നിന്ന് അവർ ഉത്പാദിപ്പിച്ചത് രണ്ടു ഉപകരണങ്ങൾ ആയിരുന്നു – മതാധിഷ്ഠിത ധ്രുവീകരണവും, അപരവൽക്കരണവും.

വിദ്യാസമ്പന്നരായ, നഗരജീവികളായ മധ്യവർഗ്ഗത്തെയും, കുഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ജീവിക്കുന്ന , സവര്ണന്റെ ചവിട്ടടിയിൽ കിടക്കുന്ന, ദളിതനെയും ഒരു പോലെ ഉത്തേജിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് സംഘപരിവാറിന്റെ ഈ ശക്തമായ ഉപകരണങ്ങൾ വിജയിച്ചത്. നിർഭാഗ്യവശാൽ, പൊളിറ്റിക്കൽ ഇസ്ലാം എന്ന അങ്ങേയറ്റം പിന്തിരിപ്പനായ ചിന്താധാരയുടെ വ്യാപനം, ഇസ്ലാം വിരുദ്ധമായ പൊതുബോധത്തിനും, ഇന്ത്യൻ ദേശീയതയുടെ അത്രമേൽ സങ്കുചിതമായ വ്യാഖ്യാനത്തിനും,വളരെ പെട്ടെന്ന് തന്നെ സ്വീകാര്യത നേടാൻ അവരെ സഹായിച്ചു. ആണത്ത ദേശീയതയ്ക്ക് മാത്രമേ ദേശ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ എന്ന പൊതുബോധം ‘ചൗക്കിദാർ വേഴ്സസ്‌ പപ്പുമോൻ’ എന്ന നരേട്ടീവിലൂടെ കൃത്യമായി ഹിന്ദി ഹൃദയഭൂമിയിൽ ഉഴുതു മറിക്കുകയാണ് അവർ ചെയ്തത് . ഈ ഒരൊറ്റ കാരണം കൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മറ്റെല്ലാ പ്രശ്നങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടു ബിജെപി വീണ്ടും ജയിച്ചു വന്നതും.

ഈയൊരു നരേട്ടിവിനെ നേരിടുന്നതിൽ പ്രതിപക്ഷത്തിനു പറ്റിയ പാളിച്ചക്കു നമ്മൾ കൊടുക്കേണ്ടി വന്ന വിലയാണ് ഇന്ന് പല രൂപത്തിൽ അനുഭവിക്കേണ്ടി വരുന്നത്. പൗരത്വബിൽ അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.ഭരണഘടനയുടെ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ് പൗരന്മാരെ മതാധിഷ്ഠിതമായി വേർതിരിക്കുന്നത്. ഇന്ത്യ എന്ന ആശയത്തിന് തന്നെ കടകവിരുദ്ധമാണ് ഇത്. ഹിന്ദു പാകിസ്ഥാൻ അല്ലായിരുന്നു, ജയിലിൽ കിടന്നും മർദ്ദനമേറ്റും, ജനങ്ങളെ സംഘടിപ്പിച്ചും സ്വാതന്ത്ര്യ സമരം നയിച്ച നമ്മുടെ നേതാക്കന്മാർ സ്വപ്നം കണ്ടത് . മറിച്ച് , ബഹുസ്വരതയും, മതേതരത്വവും, സംവാദവും നിർണ്ണയിക്കുന്ന ഒരു പുരോഗമന ജനാധിപത്യ രാഷ്ട്രമായിരുന്നു.

ഇന്ന്, നമ്മുടെ നിശബ്ദതക്ക് മുകളിൽ കൂടി ഇവ ഓരോന്നായി ഛേദിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മൾ ആണെങ്കിൽ മിണ്ടാൻ മടിക്കുന്ന ജനതയും. മുകളിൽ സൂചിപ്പിച്ച സാമൂഹ്യമൂലധനം എപ്പഴും ഉപയോഗിയ്ക്കാൻ പാകത്തിൽ ഉള്ളത്കൊണ്ടാണ്, ഇന്ത്യ എന്ന ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിന്റെ ധനകാര്യ മന്ത്രി ഒരു ജനകീയ പ്രശ്നമായ ഉള്ളി വിലയെ കേവലം തമിഴ് ബ്രാഹ്മണസ്വത്വ ബോധത്തിൽ നിന്നുകൊണ്ട് പുച്ഛിച്ച് തള്ളിയത്. സമ്പത് വ്യവസ്ഥ പാടെ തകർന്നാലും മുകളിൽ പറഞ്ഞ ഉപകരണങ്ങൾ അടുത്ത തിരഞ്ഞെടുപ്പിലും അവരെത്തന്നെ മുന്നിൽ എത്തിക്കുമെന്ന് അവർക്കു അറിയാം. അറിയാത്തതു, അല്ലെങ്കിൽ അറിഞ്ഞില്ലെന്ന് നടിക്കുന്നത് പ്രതിപക്ഷം മാത്രമാണ്. ഇന്ത്യ എന്ന ആശയം തന്നെ നിർണ്ണായക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ നമുക്ക് ആവശ്യം കോൺഗ്രെസ്സോ, ഇടതു പക്ഷമോ, തൃണമൂലോ, സമാജ് വാദി പാർട്ടിയോ, ജനതാദലോ ഒന്നുമല്ല. പകരം, ഇവരെല്ലാം ഒന്നിച്ചു നിൽക്കുന്ന ഒരു വിശാലസഖ്യമാണ്. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും , ഈഗോയും മറന്നകൊണ്ടുള്ള ഒരു ജനകീയ മുന്നേറ്റം.

ഒന്നുകൂടി ആവർത്തിച്ചുപറയുന്നു, നിങ്ങളുടെ ഈ ആലസ്യവും, കുറ്റപ്പെടുത്തലും അപകടകരമാണ് .
നിങ്ങളുടെ മൗനം ഇന്നാട്ടിലെ അവശേഷിക്കുന്ന ജനാധിപത്യ വിശ്വാസികളോടും, അപരത്വം ആരോപിക്കപ്പെടുന്നവരോടും ഉള്ള കടുത്ത വഞ്ചനയും. Silence is not golden, it is betrayal.