ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ നമ്മുടെ താല്പര്യങ്ങള്‍, രാഷ്ട്രീയബോധ്യങ്ങള്‍, പരിഗണനകള്‍ ഒക്കെ നമുക്ക് മാറ്റിവെക്കേണ്ടി വരും

26

Sudha Menon

നമ്മളെല്ലാവരും 916 നന്മമരങ്ങള്‍ ആണെന്ന അഭിപ്രായം ഒന്നും എനിക്കില്ല. രാഷ്ട്രീയവും, വ്യക്തിപരവും, തൊഴില്‍ പരവുമായ ഒരുപാട് താല്പര്യങ്ങള്‍ എല്ലാവര്ക്കും ഉണ്ട്. മിക്കവാറും നമ്മുടെ സാമൂഹ്യ ഇടപെടലുകളെ നമ്മള്‍ അറിയാതെ തന്നെ ഈ താല്പര്യങ്ങള്‍ സ്വാധീനിച്ചേക്കാം. എന്നാല്‍, ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ഇത്തരം താല്പര്യങ്ങള്‍, രാഷ്ട്രീയബോധ്യങ്ങള്‍, പരിഗണനകള്‍ ഒക്കെ നമുക്ക് മാറ്റിവെക്കേണ്ടി വരും. നമ്മുടെയും, സഹജീവികളുടെയും ജീവന്‍ അപകടത്തിൽ ആണെന്ന ഘട്ടത്തിൽ മറ്റെല്ലാം മറന്നു കൂട്ടായ അതിജീവനത്തിനു ശ്രമിക്കുന്നത് ജൈവികമായ ഒരു ചോദനയാണ്. അത് പലപ്പോഴും മനുഷ്യൻ മറക്കുന്നത് തങ്ങൾ സുരക്ഷിതരാണ് എന്ന മിഥ്യയിൽ നിന്നാകാം. ദുരന്തത്തിന്റെ മുന്നിൽ പ്രസക്തമാകുന്നത് പാരസ്പര്യവും, സഹവർത്തിത്വവും മാത്രമാണ് . മറ്റെല്ലാം വേറൊരു അവസരത്തിലേക്കു മാറ്റിവെയ്ക്കാവുന്ന പരിഗണനകൾ മാത്രം.ഈയൊരു തിരിച്ചറിവും ഔചിത്യബോധവും ആണ് അധ്യാപകർക്കും, സംഘടനാ പ്രവർത്തകർക്കും,മാധ്യമപ്രവർത്തകർക്കും, അതുപോലെ നമുക്ക് എല്ലാവര്ക്കും വേണ്ടത്.

ഓർക്കുക, നല്ല വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ട് എത്ര നാളായി?. എല്ലാവര്ക്കും പറയാനുള്ളത് ഒരേ ദുരിതകഥകൾ! സമ്പത്തിന്റെ നെറുകയിൽ ജീവിച്ചിട്ടും, കോവിഡ് പോസിറ്റീവ് ആയപ്പോൾ ഹോസ്പിറ്റലിൽ പോകാൻ പറ്റാത്ത അവസ്ഥയാണ് യൂറോപ്പിൽ ഉള്ളതെങ്കിൽ, റേഷനരിയും, കുടിവെള്ളവും ഇല്ലാതെ മുഴുപ്പട്ടിണിയിൽ കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് ബിഹാറിലും യുപിയിലും.. ആരും വിലക്കെടുക്കാൻ ആളില്ലാതെ ചീഞ്ഞളിയുന്ന വിളകളെക്കുറിച്ചു ആകുലപ്പെട്ടു, ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന ഗുജറാത്തിലെയും, മഹാരാഷ്ട്രയിലെയും കർഷകർ! ഒരു സീസണിലെ കഠിനാദ്ധ്വാനം മുഴുവൻ വെറുതെ പാഴായിപ്പോയ ദുഃഖം വരികളിൽ ഒതുക്കാൻ പറ്റില്ല. ബംഗ്ലാദേശിലെ റെഡിമേഡ് വസ്ത്രനിർമാണ മേഖലയിലെ 4 ദശലക്ഷം തൊഴിലാളികൾക്കു ജോലി നഷ്പ്പെടും എന്ന് ഏകദേശം ഉറപ്പായി. കൊടും പട്ടിണിയിലേക്കാണ് ആ രാജ്യം നീങ്ങുന്നത്.

ലോകമാകെ മനുഷ്യർ അനിശ്ചിതമായ ഭാവിയിലേക്ക് കണ്ണും നട്ടിരിക്കുന്നഈ സാഹചര്യത്തിൽ, സർക്കാർ ജോലിയുടെ സുരക്ഷിതത്വത്തിന്റെ, പ്രിവിലേജിന്റെ ബലത്തിൽ , ഇരുനില വീട്ടിന്റെയും, പോർച്ചിലെ കാറിന്റെയും പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വെറും 6 ദിവസത്തെ ശമ്പളം 5 മാസത്തേക്ക് പിടിക്കാനുള്ള ഓർഡർ കത്തിക്കുന്ന അധ്യാപകരും, കോടതിയെ ഇടപെടുത്തി അനുകൂല വിധി നേടിയെടുത്തവരും എന്ത് ന്യായവാദം പറഞ്ഞാലും അതിനെ തികഞ്ഞ ഔചിത്യബോധമില്ലായ്മ ആയി മാത്രമേ ഈ സാഹചര്യത്തിൽ കാണാൻ പറ്റൂ. എങ്ങനെ ആലോചിച്ചാലും അതിലൊരു മനുഷ്യ വിരുദ്ധത ഉണ്ട്. സംഘടനയും ജനാധിപത്യ ബോധവും, വിമർശനവും എല്ലാം വേണം.

പക്ഷെ,അതിലുപരി ഈ ദുരന്തകാലത്ത് നമ്മെ നയിക്കേണ്ടത് പക്വമായ സമീപനവും, സാമൂഹ്യബോധവും ആണ്. ഈ മഹാമാരിയെ പ്രതിരോധിക്കാൻ സർക്കാരിനൊപ്പം നിൽക്കുകയാണ് നമ്മൾ ഇപ്പോൾ ചെയ്യേണ്ടത്. പ്രതിഷേധങ്ങൾക്കു ഇത് കഴിഞ്ഞും ധാരാളം സമയമുണ്ട്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച രോഗി, അനാവശ്യ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനോട് എത്ര പക്വതയോടെയാണ് പ്രതികരിച്ചത് എന്നോർക്കണം….ഒരു സാധാരണ മനുഷ്യന്റെ വിവേകം ആണത്. തന്റെ നാവിൽ തുമ്പിൽ നിന്നും ഒരു തീപ്പൊരി ഉണ്ടാകരുത് എന്ന കരുതൽ. അതാണ് ഓരോ മനുഷ്യനും ഇപ്പോൾ മിനിമം വേണ്ടത്: ഔചിത്യബോധവും, വിവേകവും.