കൈകൊട്ടിയും, പാത്രം അടിച്ചും, ശംഖൂതിയും, വിളക്ക് അണച്ചും, എളുപ്പത്തില്‍ തിരിച്ചുപിടിക്കാവുന്ന ഒന്നല്ല ഇന്ത്യന്‍ ഇക്കോണമി എന്ന പ്രതിഭാസം

0
232

Sudha Menon എഴുതുന്നു.

രംഗം ഒന്ന്: 2016 November 13
“എനിക്ക് 50 ദിവസം തരൂ, എന്റെ തീരുമാനം തെറ്റാണെങ്കില്‍ നിങ്ങള്‍ക്കെന്നെ ജീവനോടെ കത്തിക്കാം”, നോട്ടുനിരോധനം നടപ്പിലാക്കിയ ദിവസങ്ങളില്‍, കോടിക്കണക്കിനു ജനങ്ങള്‍, നാടുനീളെ, ബാങ്കുകള്‍ക്കും ATM മെഷീനുകള്‍ക്കും മുന്നില്‍ പെരുവഴിയില്‍ വരിനിന്നു തളര്‍ന്നു വീണ ആ ദിവസങ്ങളില്‍ ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്വന്തം ജനതയോട് കണ്ണീരോടെ പറഞ്ഞ വാക്കുകളാണിത്.

അന്‍പതു ദിവസം കഴിഞ്ഞപ്പോഴേക്കും,അദ്ദേഹം മറ്റെല്ലാ നാടകീയപ്രസ്താവനകളേയും പോലെ ഇതും മറന്നു കഴിഞ്ഞിരുന്നു. പക്ഷെ, അന്ന് പാടെ തകര്‍ന്നു പോയത് ലക്ഷക്കണക്കിന്‌ സാധുക്കളുടെ ജീവിതവും തൊഴിലും ആയിരുന്നു. നോട്ടുനിരോധനത്തിന്റെ ഫലമായി 2017 ആദ്യപാദമായപ്പോഴേക്കും, 15 കോടി ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗം ഇല്ലാതാവുകയും, 15 ലക്ഷം പേര്‍ക്ക് തൊഴിലുകള്‍ നഷ്ടപ്പെടുകയും അസംഘടിതമേഖലയിലെ ധാരാളം ചെറുകിട വ്യവസായങ്ങള്‍ എന്നെന്നെക്കുമായിഅടച്ചുപൂട്ടുകയും ചെയ്തിരുന്നു. രാജ്യത്തെ 93 ശതമാനം തൊഴിലാളികളും ജോലിചെയ്യുന്ന അസംഘടിത മേഖലയില്‍ ക്രയവിക്രയത്തിനുപയോഗിച്ചിരുന്ന കറന്‍സിയുടെ 86 ശതമാനവും ഒരൊറ്റ സര്‍ജ്ജിക്കല്‍ സ്ട്രൈക്കില്‍ തകിടം മറിഞ്ഞുപോയി. അന്ന് തുടങ്ങിയതാണ് ഇന്ത്യന്‍ ഇക്കോണമിയുടെ പതനം.

രംഗം രണ്ട്: 2020 മാർച്ച് 24
‘മഹാഭാരത യുദ്ധം 18 ദിവസം നീണ്ടുനിന്നു. കൊറോണക്കെതിരായ യുദ്ധം നാം 21 ദിവസം കൊണ്ട് ജയിക്കും’. ആ ‘വെറും ഇരുപത്തി ഒന്ന് ദിവസം ‘ എന്നത് വീണ്ടും, ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു ജനതയ്ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു. ആ ഒരൊറ്റ വാക്കിന്റെ ശക്തിയില്‍ രാജ്യം മുഴുവന്‍ അതിര്‍ത്തികള്‍ അടക്കുകയും, അക്ഷരാര്‍ത്ഥത്തില്‍ സമ്പത്ഘടന നിശ്ചലമാവുകയും ചെയ്തു. വീണ്ടും അസംഘടിതമേഖലയിലെ തൊഴിലാളികള്‍ ഒരൊറ്റ രാത്രിയില്‍ അനാഥരായി. വിഭജനത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പലായനത്തിനു രാജ്യം സാക്ഷ്യം വഹിച്ചു. സംരക്ഷിക്കേണ്ട ദേശരാഷ്ട്രവും ജനാധിപത്യവും അവരെ പാടെ അന്യവൽക്കരിച്ചപ്പോഴാണ് പെരുവഴിയിലേക്കും, പട്ടിണിയിലേക്കും, ഒടുവിൽ മരണത്തിലേക്കും അവർക്ക് നടന്നുപോകേണ്ടി വന്നത്.

21 ദിവസം എന്നത് മാസങ്ങള്‍ക്ക് വഴിമാറി. പ്രധാനമന്ത്രി വാക്ക് തന്ന ഈ യുദ്ധവും നമ്മള്‍ ജയിച്ചില്ല. മാത്രമല്ല, അസാധാരണമായ സ്ഥിതിയിലേക്ക്, ലോകരാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തേക്ക് വൈറസ് വ്യാപനത്തിന്റെ കാര്യത്തില്‍ ഇന്ത്യ കുതിക്കുകയാണ്. ഒപ്പം ഇക്കോണമി ചരിത്രത്തില്‍ ആദ്യമായി ‘23.9 ശതമാനം’ താഴെക്ക് പോയ GDP യുമായി ഏറ്റവും വലിയ തകര്‍ച്ചയെ മുഖാമുഖം കാണുന്നു. സ്ഥിരശമ്പളക്കാരില്‍ മാത്രം 18.9ദശലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി CMIE യുടെ റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍, അസംഘടിതമേഖലയില്‍ എത്രപേര്‍ക്ക് തൊഴിലും, ഉപജീവനമാര്‍ഗ്ഗവും നഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് ഊഹിക്കാന്‍ പോലും കഴിയില്ല. ഇന്ത്യയിലെ തൊഴിലില്ലായ്മ ഈ വര്ഷം 32.5% ആയി ഉയരുമെന്ന് അന്താരാഷ്‌ട്രതൊഴില്‍ സംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്. നിര്‍മാണരംഗത്തും, ടെക്സ്റ്റയില്‍ മേഖലയിലും ഒക്കെ അതിജീവനം സാധ്യമല്ലാത്തവിധമുള്ള കടുത്ത പ്രതിസന്ധിയാണ്. കൊറോണയെ മാത്രം പഴി ചാരി രക്ഷപ്പെടാവുന്ന ലളിതം ആണോ കാര്യങ്ങള്‍? ചിലവാക്കാന്‍ ജനങ്ങളുടെ കൈയ്യില്‍ പണമില്ലാതെ എങ്ങനെയാണ് സമ്പത്ത് വ്യവസ്ഥ ഉണരുന്നത്? ആരാണ് ഇത്രയും ദയനീയാവസ്ഥയില്‍ എക്കോണമിയെ കൊണ്ടെത്തിച്ചത്?

ആത്മനിര്ഭര്‍ഭാരത് എന്നപേരില്‍ പ്രഖ്യാപിച്ച സാമ്പത്തികഉത്തേജകപാക്കേജു മൊത്തം ദേശിയ വരുമാനത്തിന്റെ 10% എന്നാണു പറയുന്നതെങ്കിലും വെറും 0.55 % മാത്രമാണ് അതില്‍ നിന്നും പാവങ്ങള്‍ക്ക് ലഭിച്ചത്. അതായത് 20 ലക്ഷം കോടി രൂപയുടെ പാക്കേജില് വെറും 1 ലക്ഷത്തി പതിനായിരത്തി മുന്നൂറു കോടി രൂപ മാത്രം! ഇതില്‍ തന്നെ 61500 കോടി രൂപയുടെ സഹായം പണമായിട്ടല്ല, മറിച്ച് അരി, ഗോതമ്പ്, ഗ്യാസ് സിലിണ്ടര്‍ എന്നിവയിലൂടെ ആയിരുന്നു കൊടുത്തത്. ചുരുക്കത്തില്‍, 20 ലക്ഷം കോടിയെന്ന മാന്ത്രികസംഖ്യയില്‍ വെറും 48,800 കോടി രൂപ മാത്രമാണ് ജീവിതം വഴിമുട്ടിയ, തൊഴിലും, വരുമാനവും ഇല്ലാത്ത കോടിക്കണക്കിനു ജനങ്ങള്‍ക്ക്‌ മോദിസര്‍ക്കാര്‍ നല്‍കിയത്!.പിന്നെ എങ്ങനെയാണ് അസംഘടിതമേഖലയെ ആശ്രയിച്ചു നില്‍ക്കുന്ന ഒരു രാജ്യത്ത് GDP യില്‍ വര്‍ദ്ധനവ്‌ ഉണ്ടാകുന്നത്? മാത്രമല്ല, ഈ വാഗ്ദാനം ചെയ്ത സഹായങ്ങളില്‍ പകുതിയും അര്ഹരില്‍ എത്തിയില്ല. സര്ക്കാരിന്റെ തന്നെ കണക്കുകള്‍ കാണിക്കുന്നത് വെറും 33% ശതമാനം പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധാന്യങ്ങള്‍ കിട്ടിയിട്ടുള്ളത് എന്നാണ്.

എട്ടു ലക്ഷം ടൺ ഭക്ഷ്യധാന്യത്തില്‍ 2.64 ലക്ഷം ടൺ മാത്രമേ വിതരണം ചെയ്യാന്‍ കഴിഞ്ഞുള്ളു. ജനധന്‍ അക്കൗണ്ട്‌ വഴി 500 രൂപ ലഭിച്ചത് വെറും 30 % സ്ത്രീകള്‍ക്ക് മാത്രമാണ്. BPL കുടുംബങ്ങള്‍ക്ക് മാസം 7500 രൂപയെങ്കിലും നല്കിയാല്‍ മാത്രമേ ഗ്രാമങ്ങളിലും നഗരങ്ങളിലും സമ്പദ് വ്യവസ്ഥക്കു ചെറിയ ഉണര്‍വ് എങ്കിലും നല്‍കാന്‍ കഴിയൂ എന്ന് പ്രതിപക്ഷപാര്‍ട്ടികളും തൊഴിലാളി സംഘടനകളും മാര്‍ച്ച് മുതല്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അത് തള്ളിക്കളയുകയാണ് ചെയ്തത്.

ചുരുക്കത്തില്‍, നോട്ടു നിരോധനം മുതല്‍ ഇന്ത്യ അകപ്പെട്ടിരിക്കുന്ന മഹാദുരന്തത്തെ നിസ്സംഗമായി നേരിട്ടതിനും കോറോണാകാലത്തെ ഉത്തേജന പാക്കെജിലൂടെ, സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിനു പകരം ദുരന്തമുതലാളിത്തത്തെ കണ്ണുമടച്ചു സഹായിക്കാന്‍ കാണിച്ച അനാവശ്യവ്യഗ്രതക്കും കിട്ടിയ തിരിച്ചടിയാണ് സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയും GDPയുടെ തകര്‍ച്ചയും. ഇന്ന് ഗ്രാമങ്ങളില്‍ പാവപ്പെട്ട സ്ത്രീകള്‍ക്ക് റൊട്ടിയും ചോറും കഴിക്കാന്‍ പറ്റുന്നത്, ദേശിയ വേസ്റ്റ് എന്ന് urban middleക്ലാസ്സ്‌ ഒരു കാലത്തു പരിഹസിച്ച തൊഴിലുറപ്പ്പദ്ധതി കാരണമാണ്. അതൊരു “ഗ്യാരണ്ടി’ ആയതുകൊണ്ട് മാത്രമാണ്.

ഓർക്കുക, കൈകൊട്ടിയും,പാത്രം അടിച്ചും, ശംഖ്ഊതിയും, വിളക്ക് അണച്ചും, എളുപ്പത്തില്‍ തിരിച്ചുപിടിക്കാവുന്ന ഒന്നല്ല ഇന്ത്യന്‍ ഇക്കോണമി എന്ന പ്രതിഭാസം. ഹിന്ദുത്വം മാത്രമല്ല, പര്‍വതീകരിച്ച വികസനസ്വപ്നങ്ങളും കൂടി തിരഞ്ഞെടുപ്പ് വിപണിയില്‍ വിറ്റ് വോട്ടാക്കി ഒരുപാട് യുവാക്കളുടെ സ്വപ്നങ്ങളെ ചൂഷണം ചെയ്തുകൊണ്ട് അധികാരം നേടിയവര്‍ ഇടയ്ക്കു അതു കൂടി ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കും.