ലോകമെമ്പാടും ഉള്ള, വംശീയവെറിക്ക് വിധേയരായ, മനുഷ്യര്‍ ബൈഡന്റെ വിജയം ഒരു പാട് ആഗ്രഹിച്ചിരുന്നു

0
126

Sudha Menon

1835ല്‍ ആണ് അലെക്സിസ് ദേ ടോക്യോവെൽ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളുടെ എക്കാലത്തെയും വിശുദ്ധഗ്രന്ഥങ്ങളില്‍ ഒന്നായ ‘ഡെമോക്രസി ഇന്‍ അമേരിക്ക’ എന്ന ക്ലാസ്സിക്‌ പുസ്തകം എഴുതിയത്. അമേരിക്കന്‍ ജനാധിപത്യത്തെക്കുറിച്ച്, 185 കൊല്ലങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പ്രവചിച്ചിരുന്നത് ഭാവിയിലെ അമേരിക്കൻ സമൂഹത്തിൽ ‘മുഖ്യധാരാ പൊതുജനാഭിപ്രായം’ എല്ലാ നിയന്ത്രണങ്ങള്‍ക്കും അപ്പുറത്തുള്ള സ്വാധീനശക്തിയായി മാറുകയും ഒടുവില്‍‘ഭൂരിപക്ഷത്തിന്റെ കിരാതവാഴ്ച’ യിലേക്ക് അത് നയിക്കുമെന്നും ആയിരുന്നു. ന്യുനപക്ഷങ്ങളുടെയും, അരികുവല്‍ക്കരിക്കപ്പെട്ടവരുടേയും രാഷ്ട്രീയതിരോധാനവും അദൃശ്യവത്കരണവുമാണ് ഇതിന്റെ ഏറ്റവും പ്രത്യക്ഷമായ ഫലം എന്നും, അത് ആത്യന്തികമായി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും ടോക്യോവെൽ കാലത്തിനു മുന്‍പേ സഞ്ചരിച്ചു കണ്ടെത്തിയിരുന്നു.

അമേരിക്കയും, ഇന്ത്യയും അടങ്ങുന്ന ജനാധിപത്യ സമൂഹങ്ങളില്‍ എല്ലാം തന്നെ വലതുപക്ഷവംശീയതയും, ഭൂരിപക്ഷവാദവും, വ്യവസ്ഥാപിതമായിക്കൊണ്ടിരിക്കുന്ന ഈ ഇരുണ്ടകാലത്ത് അതുകൊണ്ട് തന്നെ എന്ത് പരിമിതികള്‍ ഉണ്ടെങ്കിലും ജോ ബൈഡന്റെ വിജയം നമ്മള്‍ നിറഞ്ഞ മനസ്സോടെ ആഘോഷിക്കേണ്ടതാണ്. കാരണം, ലോകമെമ്പാടും ഉള്ള, വംശീയവെറിക്ക് വിധേയരായ, മനുഷ്യര്‍ ബൈഡന്റെ വിജയം ഒരു പാട് ആഗ്രഹിച്ചിരുന്നു. അത് ബൈഡന്‍ എന്തെങ്കിലും മാജിക് കാണിച്ചു അമേരിക്കന്‍രാഷ്ട്രീയവ്യവസ്ഥയുടെ പരമ്പരാഗത ശൈലി ഒറ്റ രാത്രിയില്‍ മാറ്റുമെന്ന് പ്രതീക്ഷിച്ചിട്ടല്ല. മറിച്ച്, ട്രംപിന്റെ രണ്ടാമത്തെ വിജയം, അദ്ദേഹത്തിന്‍റെ നയങ്ങള്‍ക്കുള്ള ‘പൊളിറ്റിക്കല്‍ലെജിറ്റിമസി’ എന്നതിനപ്പുറം വംശീയതക്ക് ചിറക് വിരിച്ചു പറക്കാനുള്ള ഒരു വിശാലമായ ആകാശം കൂടി സൃഷ്ടിക്കുമായിരുന്നു എന്ന ഭയം കൊണ്ട് കൂടിയാണ്.
കോറോണാനന്തരകാലത്ത് കടുത്ത വംശീയതയും, വെറുപ്പിന്റെ വ്യാപനവും ചേര്‍ന്ന് ഉണ്ടാക്കുന്ന അപകടങ്ങള്‍ പ്രവചനാതീതമാണ്‌. ബൈഡന്റെ അനിവാര്യമായ വിജയത്തിന്റെ രാഷ്ട്രീയപ്രസക്തി ഇവിടെയാണ്‌.

പകുതിയോളം അമേരിക്കക്കാര്‍ വംശീയവെറിയുടെ പച്ചയായ പ്രഖ്യാപനം ഇഷ്ടപ്പെടുന്നില്ല എന്നുള്ളതും കുറേക്കൂടി സൌമ്യനായ ഒരാളെ ഉള്‍ക്കൊണ്ടു എന്നുള്ളതും ഒരു ചെറിയ കാര്യമല്ല. ‘Black Lives Matter’ മൂവ്മെന്റ് അമേരിക്കന്‍സമൂഹത്തിലെ വംശീയവിദ്വേഷത്തിന്റെ ആഴം ലോകത്തിനു മുന്നില്‍ തുറന്നു കാണിച്ചിട്ടും,തീവ്രവലതുപക്ഷവംശീയതയു ടെ അപ്പോസ്തലന്‍ ആയി മാറിയിട്ടും, ജുഡിഷ്യല്‍ നിയമനങ്ങളില്‍കൂടി കൈ കടത്തിയിട്ടും ഒക്കെ ട്രംപ് വിജയിക്കുകയാണെങ്കില്,‍ അത്, ആഗോളതലത്തില്‍ വലതുപക്ഷ വംശീയ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ജനസമ്മതി ഉണ്ടാക്കുമായിരുന്നു.
ബൈഡന്‍ ട്രംപിനെപോലെ ഒരു വിടുവായനോ,ആത്മരതിയില്‍ നിര്‍വൃതി അടയുന്ന ആളോ അല്ലാത്തതുകൊണ്ട്, കുറേക്കൂടി പക്വമായതും, സമന്വയത്തിന്റെ സാധ്യതകള്‍ കൂടി ഉള്‍ക്കൊള്ളുന്നതുമായ രാഷ്ട്രീയസംവാദങ്ങളും, ഐക്യരാഷ്ട്രസഭയോടും, ലോകാരോഗ്യസംഘടനയോടും, കുറച്ചുകൂടി ഉത്തരവാദിത്വബോധത്തോടെയുള്ള സമീപനങ്ങളും ഉണ്ടാകുമെന്നെങ്കിലും നമുക്ക് ആശിക്കാം.

അമേരിക്കയില്‍, ഒരുപക്ഷെ, ഇത് സാധ്യമാക്കിയതില്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ അസാധാരണ ധൈര്യം കാണിച്ച അവിടുത്തെ സിവില്‍ സമൂഹവും, മാധ്യമങ്ങളും, സര്‍വകലാശാലകളും ഒക്കെ പങ്കാളികള്‍ ആണ്. വ്യക്തികേന്ദ്രീകൃതമായ അജണ്ടയിലേക്കും, ഭക്തിയിലേക്കും, മാനിപ്പുലേഷനുകളിലേക്കും വഴുതി വീഴാതിരിക്കാനും, ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ തകരാതിരിക്കാനും അവര്‍ അതിയായ ജാഗ്രത കാണിച്ചിരുന്നു.മാധ്യമങ്ങൾ ഇന്ത്യയിലെപ്പോലെ ഒരിക്കലും മുട്ടില്‍ ഇഴഞ്ഞില്ല. ദേശസ്നേഹത്തെ നേതാവിലേക്ക് ചുരുക്കി, ചോദ്യം ചെയുന്നവരെ രാജ്യദ്രോഹികള്‍ എന്ന് വിരല്‍ ചൂണ്ടി മാറ്റിനിര്‍ത്തിയില്ല. ‘അമേരിക്ക’ എന്ന ആശയത്തിന്റെ തിരി കെടാതെ നോക്കാന്‍ അവിടുത്തെ ബഹുസ്വരസമൂഹവും മാധ്യമങ്ങളും എപ്പോഴും പ്രതിജ്ഞാബദ്ധമായിരുന്നു. ഒരര്‍ഥത്തില്‍ ബൈഡന്റെ വിജയം അവരുടെകൂടി വിജയമാണ്.

അമേരിക്കയിലെ പോലെ ശക്തവും സ്വതന്ത്രവുമായ ഭരണഘടനാസ്ഥാപനങ്ങളോ, മാധ്യമങ്ങളോ, പൊതുസമൂഹമോ ഇന്ത്യയില്‍ ഇന്നില്ല. നിശബ്ദതയാണ് നമ്മുടെ മുഖമുദ്ര. ഓര്‍ക്കുക, ബഹുസ്വരജനാധിപത്യത്തിലേക്ക്, നേര്‍ രേഖ പോലെയുള്ള തെളിഞ്ഞ പാതകളോ കുറുക്കുവഴികളോ ഇല്ല. കാട് വെട്ടി, വഴി തെളിക്കേണ്ടതും, മുന്നില്‍ ഇരുട്ട് നിറയുമ്പോള്‍ മെഴുകുതിരി കത്തിച്ചു വീണ്ടും, വീണ്ടും വഴി കണ്ടുപിടിക്കേണ്ടതും നമ്മള്‍ പൌരന്മാരും വിവിധ മതേതര രാഷ്ട്രീയപാര്‍ട്ടികളും,മാധ്യമങ്ങളും, പൊതുസമൂഹവും ഒന്നിച്ചു നിന്നു കൊണ്ടാണ്. പക്ഷെ, നമ്മള്‍ മാത്രം, അത് മനസ്സിലാക്കാതെ ഇപ്പോഴും ഭൂരിപക്ഷവാദത്തെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ യോഗ്യതയുള്ള ‘സര്‍വഗുണവും തികഞ്ഞ’ , ഒരു തെറ്റും ചെയ്യാത്ത, ഏതെങ്കിലും നേതാവിനെയും പാര്‍ട്ടിയെയും കാത്ത് ‘അഞ്ജന കണ്ണെഴുതി, കുടമുല്ല മലർമാലയും കോര്‍ത്തുവച്ച്’ 2014 മുതല്‍ കാത്തിരിക്കുകയാണ്…
അവിടെയാണ് നമ്മുടെ തോൽവിയും.
അമേരിക്കന്‍ ജനതക്കും ബൈഡനും ഹൃദയം നിറഞ്ഞ ആശംസകള്‍