ഈ അധര്‍മ്മവും നീതിനിഷേധവും മലയാളിയെ ഇനിയെന്നും വേട്ടയാടും

0
360

Sudha Menon

സൈനബ് അൻസാരി എന്ന ഏഴു വയസ്സുകാരിയായ പാക്കിസ്ഥാനി പെൺകുട്ടിയെ നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നറിയില്ല.പഞ്ചാബിലെ കസൂര്‍ ജില്ലയില്‍ ആയിരുന്നു സംഭവം. രണ്ടായിരത്തി പതിനെട്ട് ജനുവരി നാലാം തീയ്യതി വീടിനു അടുത്തുള്ള ഖുറാന്‍ ക്ലാസില്‍ പോയി വരുന്ന വഴി, തട്ടിക്കൊണ്ട് പോകപ്പെട്ട സൈനബിന്റെ, അതിക്രൂരമായ പീഡനത്തിനു വിധേയമാക്കപ്പെട്ട കുഞ്ഞുശരീരം അഞ്ചു ദിവസം കഴിഞ്ഞു,അടുത്തുള്ള ചവറുകൂനയില്‍ നിന്നുമാണ് കിട്ടിയത്. അതിനുമുന്പും കുട്ടികള്‍ ഈ പ്രദേശത്തു നിന്നും തട്ടിക്കൊണ്ടു പോകപ്പെടുകയും ലൈംഗികഅക്രമത്തിന് ഇരയാക്കിയ ശേഷം കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു. ഈയൊരു സംഭവം കൂടി റിപ്പോര്ട്ട് ചെയ്യപ്പെട്ടതോടെ കസൂരിലെ ജനങ്ങള്‍ മുഴുവന്‍ ഇളകി, പോലീസ് സ്റ്റേഷന്‍ ആക്രമിക്കുക വരെ ചെയ്തു. സിവില്‍ സമൂഹത്തില്‍ നിന്നുള്ള നിരന്തരമായ സമ്മർദ്ദം സഹിക്കാൻ കഴിയാതെ പോലീസ്, DNA ഫോറന്സിക് ടെസ്റ്റ്‌ നടത്തുകയും, കൃത്യമായ തെളിവുകളോടെ പ്രതിയെ പിടികൂടുകയും ചെയ്തു. ഒടുവില്‍ ജനുവരി ഇരുപത്തി മൂന്നിന് പ്രതിയെ അറസ്റ്റ് ചെയുകയും , ഒരു മാസം തികയും മുന്പേ വധശിക്ഷ വിധിക്കുകയും ചെയ്തു. കൃത്യം ഒന്പതു മാസങ്ങൾക്ക് ശേഷം, ഒക്ടോബര്‍ പതിനേഴിന്, ഇമ്രാന്‍ അലി എന്ന ആ കുറ്റവാളി തൂക്കിലേറ്റപ്പെട്ടു.

ഈയൊരു കേസില്‍ നടന്നത് സര്ക്കാരിൽ നിന്നും, പൊതുസമൂഹത്തില്‍ നിന്നും, മാധ്യമങ്ങളില്‍ നിന്നുമുള്ള അതിശക്തമായ ഇടപെടലും, ഏറ്റവും നീതിപൂർവമായ കുറ്റപത്രവും വിചാരണയും ആയിരുന്നു. അതുകൊണ്ട് കാലതാമസം കൂടാതെ കടുത്ത ശിക്ഷയും കിട്ടി. പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇതൊരു ഒറ്റപ്പെട്ട കേസ് ആണ്. കാരണം, അവരുടെ നീതിബോധത്തെ നയിക്കുന്നത് പലപ്പോഴും, മതനിയമങ്ങളും, ഫ്യുഡല്‍സാമൂഹ്യ വ്യവസ്ഥയും ഒക്കെയാണ്. അമാനവികമായ നിയമവ്യവസ്ഥയും, ഭരണകൂട- മത- ജുഡിഷ്യല്‍ കൂട്ടുകെട്ടും അതിന്റെ ഏറ്റവും വൃത്തികെട്ട രൂപത്തില്‍ നിലനിൽക്കുന്ന ഒരു ദുർബല രാഷ്ട്രമാണ് പാക്കിസ്ഥാൻ. എന്നിട്ടും, ഒന്പതു മാസത്തിനുള്ളില്‍ പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ അവരുടെ നിയമവ്യവസ്ഥക്ക് കഴിഞ്ഞുവെങ്കില്‍ അതിനു ഒരു കാരണമേ ഉള്ളൂ. ഇരയായത്, പിഞ്ചുകുഞ്ഞുങ്ങള്‍ ആണ്. നിഷ്ക്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങള്‍. …ഒരു വിധത്തിലുള്ള ന്യായവാദങ്ങളും അവിടെ പ്രസക്തമല്ല.ധർമം ഒഴിച്ച് …

വാളയാര്‍, പക്ഷെ കസൂര്‍ അല്ല. എന്തിനു, യു.പിയോ, ബീഹാറോ, മധ്യപ്രദേശോ പോലും അല്ല. സാമൂഹ്യസൂചികയില്‍ യുറോപ്യന്‍‍‍ രാജ്യങ്ങളോട് ആണ് മത്സരം എന്ന് ആത്മരതി നടത്തുന്ന നാട്ടിലാണ്. നവോത്ഥാനം ഉഴുതുമറിച്ച മണ്ണ്. വികസനത്തിന്റെ ആണിക്കല്ലു തന്നെ കേരളീയ പൊതുസമൂഹത്തിന്റെ ക്രീയാത്മകമായ ഇടപെടലുകൾ ആണെന്ന് ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട ദൈവത്തിന്റെ സ്വന്തമായ നാട്.

നമുക്ക് ഇല്ലാത്തത് ഒന്നുമില്ല. ജനമൈത്രി പൊലീസ്, ജനകീയമായ ഗ്രാമസഭകൾ, ഏതു കല്യാണവീട്ടിലും ചെന്നെത്തുന്ന ഊര്ജ്വസ്വലരായ ജനപ്രതിനിധികൾ, ലോകോത്തര മാതൃകയായ കുടുംബശ്രീ, ആത്മ വിശ്വാസമുള്ള, ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ….പട്ടിക നീണ്ടുപോകുന്നു. ഇത്രയും സജീവമായ, വായനാശീലമുള്ള, എന്തിലും രാഷ്ട്രീയം ശ്വസിക്കുന്ന ഒരു പൊതുസമൂഹം വേറെ എവിടെയുണ്ട്? പക്ഷെ, ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സാമൂഹ്യമൂലധനവും, സാംസ്കാരികമൂലധനവും ഉള്ള ‘ഈയൊരു സംസ്ഥാനത്ത്, ഇടതുപക്ഷം ഭരിക്കുന്ന കാലത്താണ്, രണ്ടു ദളിത്‌ പെണ്‍കുഞ്ഞുങ്ങള്‍ ‍ നമുക്ക് മുന്നില്‍ നീതി കിട്ടാതെ തൂങ്ങിനില്ക്കു ന്നത്.

ഭരണകൂടവും, സിവില്‍ സമൂഹവും, മാധ്യമങ്ങളും, ഞാനും നിങ്ങളുമൊക്കെ ഇതില്‍ കുറ്റവാളികളാണ്. എങ്കിലും, എങ്ങനെ ന്യായീകരിക്കാന്‍ ശ്രമിച്ചാലും, ഒന്നാം പ്രതി, സ്റ്റേറ്റ് തന്നെയാണ്. പോലീസ്, ‘ഇടതുപക്ഷ സർക്കാരിന്റെ പോലീസ്’, ഇവിടെ ഒരു ദളിത്‌ കുടുംബത്തോട് നീതി കാട്ടിയില്ല. മൂത്തകുട്ടിയുടെ ദുരൂഹമരണം ആത്മഹത്യ ആക്കി മാറ്റിയപ്പോഴും, അലസലാസ്യമായി,മുന്‍വിധി കളോടെ അന്വേഷണം നടത്തിയപ്പോഴും, ‘പരസ്പരസമ്മതം’ എന്ന കടുത്ത അശ്ലീലം ആ കുട്ടികള്‍ക്ക് മേല്‍ ‍ കുടഞ്ഞിട്ടപ്പോഴും, അനങ്ങാത്ത സര്ക്കാര് ‍സംവിധാനവും ജനപ്രതിനിധികളും തന്നെയാണ് എങ്ങനെ തിരിച്ചും മറിച്ചും ഇഴ കീറി പരിശോധിച്ചാലും വാളയാറിലെ പെണ്‍കുഞ്ഞുങ്ങളോട് കൊടിയ അനീതി കാട്ടിയത്.

പോക്സോ കേസില്‍ പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകനെ ശിശുക്ഷേമസമിതിയുടെ അധ്യക്ഷന്‍ ആക്കിയത് ഒരിക്കലും ഒരു ഇടതുപക്ഷസർക്കാരും ചെയ്തുകൂടാത്തതാണ്. ഇരകൾക്കും വേട്ടകാരനും വേണ്ടി ഒരാള്‍മതിയെന്ന് ഏതു മാര്ക്സിയന്‍ മൂല്യബോധം കൊണ്ടാണ്‌ തീരുമാനിക്കുന്നത്‌? എങ്ങനെയാണ്, സ്റ്റേറ്റിന്റെ ഭാഗമായ, പോക്സോ നിയമങ്ങള്‍ അറിയാവുന്ന ഒരു അന്വേഷണഉദ്യോഗസ്ഥന് , ‘പരസ്പരസമ്മതം’ എന്ന മനുഷ്യവിരുദ്ധമായ ഭാഷ്യം നല്കാനാവുന്നതും, അതെ പദവിയില്‍ അയാള്‍ തുടര്ന്നും ജോലി ചെയുകയും ചെയുന്നത്? ദരിദ്രരായ, കൂലിപ്പണിക്കാരായ, ദളിതരായ ഒരച്ഛനും അമ്മയും എങ്ങനെയാണ് പോലീസിന്റെ, ജനപ്രതിനിധികളുടെ, സാമൂഹ്യ-പട്ടികജാതി ക്ഷേമവകുപ്പിന്റെ ഒക്കെ മുന്‍ഗണനയില്‍ നിന്നും മാഞ്ഞുപോകുന്നത്? ഈ ജാഗ്രതയില്ലായ്മ കൊണ്ട് മാത്രമല്ലേ ഇളയകുഞ്ഞു കൂടി മരിക്കാന്‍ ഇടയായത്? ശിശു സൌഹൃദ കോടതികള്‍, പ്രതിജ്ഞാബദ്ധരായ പ്രോസിക്യുട്ടര്‍‍, ബോധവല്ക്കരിക്കപ്പെട്ട ജഡ്ജ്, പ്രത്യേക കേസ് അന്വേഷിക്കാന്‍ പ്രത്യേക ഫോറന്സിക് വിഭാഗം..അങ്ങനെ എത്ര എത്ര മനോഹരമായ വാചകങ്ങള്‍ ആണ് പോക്സോ നിയമത്തില്‍ ഉള്ളത്. അതില്‍ ഒരെണ്ണം പോലും, വെറുതെ വായിക്കാന്‍ പോലും മെനക്കെട്ടോ ഇവിടുത്തെ പോലീസ് സംവിധാനം? അതുകൊണ്ട് അവര്‍ തന്നെയാണ് കുറ്റവാളികള്‍, ഒപ്പം അവരെ നിയന്ത്രിക്കുന്ന, നിയമവാഴ്ച ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ട സര്ക്കാര്‍ സംവിധാനവും. അത് അംഗീകരിച്ചുകൊണ്ട് , ഉള്‍ക്കൊണ്ടു ആകണം പുനരന്വേഷണവും. അല്ലെങ്കില്‍ വീണ്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകും.

കൂടുതല്‍ എഴുതാന്‍ വയ്യ. തളര്‍ന്നുപോകുന്നു. എന്റെ മകളുടെ പ്രായമാണ് ഇളയ കുഞ്ഞിന്.. ലൈംഗികമായി ആക്രമിക്കപ്പെട്ട ചെറിയ പെൺകുട്ടികളെയും, ‘അമ്മമാരെയും, മുതിർന്ന സ്ത്രീകളെയും പല തവണ കണ്ടിട്ടുണ്ട്.അവർ കടന്നുപോയ കൊടും പീഡനത്തിന്റെ നാൾവഴികൾ എഴുതാനോ, ആലോചിക്കാനോ കഴിയില്ല. അത്രമേൽ നൊമ്പരപ്പെടുത്തുന്ന മാനസിക നിലയിലായിരുന്നു അവരൊക്കെ. കുഞ്ഞുങ്ങളിൽ, ഇത്തരം അനുഭവങ്ങൾ ഉണ്ടാക്കുന്ന ആഘാതം ജീവിതകാലം മുഴുവൻ അവരെ പിൻതുടരും.
ഉത്തരേന്ത്യയിൽ പ്രത്യേകിച്ചും ജാതിയും ഭൂവുടമസ്ഥതയും,രാഷ്ട്രീയ സ്വാധീനവും, പണവും നീതിന്യായ വ്യവസ്ഥയെ നിർവചിക്കുന്ന യു. പി, ബീഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ, ദളിത് പെൺകുട്ടികൾ സ്ഥിരമായി പീഡനത്തിന് ഇരയാകാറുണ്ട്. പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് അപൂർവം. കാരണം പലപ്പോഴും പൊലീസും ഇതിൽ പങ്കാളികൾ ആയിരിക്കും. അവർക്ക്‌ ഇതൊരു മുതൽമുടക്കില്ലാത്ത ലാഭകരമായ കളി മാത്രം. കൊലപാതകങ്ങൾ ആത്മഹത്യകൾ ആകുന്നതും, കുഞ്ഞുപെൺകുട്ടികൾ പണത്തിനു വേണ്ടി യും നല്ല വസ്ത്രത്തിനു വേണ്ടിയും ശരീരം വിൽക്കുന്നവരായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നത് ഇത്തരം ഫ്യുഡൽ സാമൂഹ്യ സാമ്പത്തിക പശ്ച്ചാത്തലത്തിൽ ആണ്.

അതല്ലല്ലോ കൊട്ടിഘോഷിക്കപ്പെടുന്ന കേരളം. നമ്മള്‍ നമ്മളെ തന്നെ ‘വിമല്‍കുമാര്‍’ എന്ന് വിളിക്കുന്നവരല്ലേ? ആ കുഞ്ഞുങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ചും, അമ്മയെക്കുറിച്ചും, ഒക്കെ വായിച്ചു. ഒന്നേ പറയാനുള്ളൂ. ജയമോഹന്‍ നൂറുസിംഹാസനങ്ങള്‍ എന്ന നോവലില്‍ പറഞ്ഞ അതെ പൊള്ളിക്കുന്ന സത്യം .. രണ്ടാമത്തെ കുട്ടി കൂടി കൊല്ലപ്പെട്ട ആ നിമിഷത്തില്‍ തന്നെ ആ അമ്മയും അച്ഛനും അനീതിക്ക് ഇരയായവരായി മാറിക്കഴിഞ്ഞു. “അവര്‍ എന്ത് ചെയ്തിട്ടുണ്ടെങ്കിലും, അവര്‍ നിരപരാധിയാണ്. ഒന്നുകൂടി പറയട്ടെ, വെറും നിയമങ്ങളും സമ്പ്രദായങ്ങളും അല്ല, ന്യായത്തെ തീരുമാനിക്കേണ്ടത്.ന്യായം എന്ന് പറഞ്ഞാല്‍ കാതലായി അതില്‍ ഒരു ധര്‍മം ഉണ്ടായിരിക്കണം, അതിന്റെ അടിസ്ഥാനം ആവേണ്ടത് സമത്വവും”. ഇവിടെ മരിച്ചു മണ്ണടിഞ്ഞത് ധര്‍മവും, സമത്വവും, നീതിയും ആണ്.

ഈ അധര്‍മവും,നീതിനിഷേധവും മലയാളിയെ ഇനിയെന്നും വേട്ടയാടും. ആത്മരതിക്കു സമാനമായ വാചാടോപങ്ങള് കേരളത്തെക്കുറിച്ച് എഴുതികൂട്ടുമ്പോള് ആ കുഞ്ഞുങ്ങളുടെ തൂങ്ങിയാടിയ ശരീരങ്ങളും കൂടി നമുക്ക് ഓര്‍മ വരണം.