മഹാരാഷ്ട്ര രാഷ്ട്രീയവും കോൺഗ്രസിന്റെ പ്രസക്തിയില്ലായ്മയും

0
157

Sudha Menon

ഒരു ദേശത്തെ നിലയില്ലാത്ത കയത്തിലേക്ക് ആഴ്ത്തുന്ന, അതിന്റെ ആത്മാവിനെ അടിപതറിക്കുന്ന അത്യന്തം പ്രക്ഷുബ്ദമായ അവസ്ഥയാണ് സിവില്‍ യുദ്ധവും, വര്‍ഗീയ കലാപവും, പിന്നെ വിഭജനവും.

മനുഷ്യന്റെ മനസ്സും, ശരീരവും, കുടുംബവും, ദേശവും, രാഷ്ട്രീയ-സാമൂഹ്യ ബന്ധങ്ങളുമെല്ലാം ചിതറിത്തെറിക്കുന്ന, അത്രമേല്‍ സ്ഫോടനാത്മകമായ ഒരവസ്ഥ. അതായിരുന്നു, 1947 ലെ ഇന്ത്യ.
ഒപ്പം, പത്തു ലക്ഷം അഭയാര്ഥികൾ ..കടുത്ത ഭക്ഷ്യക്ഷാമവും, പട്ടിണി മരണങ്ങളും.. പരസ്പരം പോരടിച്ചു നില്‍ക്കുന്ന അറുനൂറിലേറെ നാട്ടുരാജ്യങ്ങള്‍.. നിരവധി ഭാഷകളും, അതിലേറെ ഗോത്ര സ്വത്വങ്ങളും.. കോളനിവാഴ്ച തകര്‍ത്തെറിഞ്ഞ ആടിയുലയുന്ന സാമ്പത്തികഘടന.. ഏതു നിമിഷവും, ആഭ്യന്തരയുദ്ധത്തിലേക്കോ, ഏകാധിപത്യത്തിലേക്കോ , അരാജകത്വത്തിലേക്കോ വഴുതി മാറാവുന്ന സങ്കീര്ണ്ണമായ ഒരു ചരിത്രസന്ധി. എത്ര കഴിവുറ്റ ഭരണാധികാരിക്കും ചുവട് പിഴച്ചുപോകാവുന്ന അസാധാരണമായ അവസ്ഥ.

ചരിത്രവുമായുള്ള ഏറ്റവും അപകടകരമായ ആ കൂടിക്കാഴ്ചയില്‍ ഇന്ത്യ എന്ന ദേശരാഷ്ട്രത്തിനു അത്രമേല്‍ നൈതികവും ബഹുസ്വരവും, ശക്തവുമായ അടിത്തറ ഇട്ടതു പണ്ഡിറ്റ്‌ ജവഹർ ലാൽ നെഹ്‌റു എന്ന കോൺഗ്രസുകാരൻ ആയിരുന്നു . ഈ ഒരൊറ്റ കാരണം കൊണ്ടാണ് ഒരു വിധത്തിലുള്ള തമസ്ക്കരണത്തിനും, ചരിത്രത്തിന്റെ വ്യാജനിര്മിതികള്ക്കും , നിന്ദാസ്തുതികള്ക്കും വഴങ്ങാതെ നെഹ്‌റുവും നെഹ്രുവിയന്‍ ആധുനികതയും ഇന്ത്യയെന്ന മതേതരജനായത്ത റിപ്പബ്ലിക്കിന്റെ നെടുംതൂണായി തന്നെ ഇന്നും നിലനില്ക്കുന്നത്. പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്താലോ, നിരന്തരം പരിഹസിച്ചാലോ ഇല്ലാതാവുന്ന ഒന്നല്ല സവിശേഷമായ നെഹ്രുവിയന്‍ പൈതൃകം. അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്.

സാര്‍വത്രിക വോട്ടവകാശത്തിലൂടെ, 173 ദശലക്ഷം വോട്ടര്‍മാരെ പോളിംഗ്ബൂത്തിലേക്ക് അയച്ചുകൊണ്ട്, പ്രത്യയശാസ്ത്രപരമായ ഭിന്നതകള്‍ കണക്കിലെടുക്കാതെ ഏറ്റവും പ്രഗല്ഭരായ വ്യക്തികളെ ഉള്‍പ്പെടുത്തി ഭരണഘടനാനിര്മ്മാണസഭ ഉണ്ടാക്കിക്കൊണ്ട്, ഇന്ത്യന്‍ സിവില്‍ സര്‍വീസിനെ കക്ഷിരാഷ്ട്രീയ വിമുക്തമാക്കികൊണ്ട്, സായുധസൈന്യത്തെ രാഷ്ട്രീയ നേതൃത്വ ത്തിന്റെ കീഴില്‍ ശ്രദ്ധാപൂർവം നിര്ത്തി ക്കൊണ്ട്, മതത്തെ പൂര്ണ്ണമായും രാഷ്ട്രീയത്തില്‍ നിന്നും മാറ്റിനിര്‍ത്തിക്കൊണ്ട് ,എതിര്സ്വരങ്ങളെ ബഹുമാനിച്ചുകൊണ്ട്, ഈ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒരു ദേശരാഷ്ട്രമാതൃകയാണ് സമാനതകളില്ലാത്ത ധൈഷണികതയോടെ, അതിലേറെ പ്രായോഗികതയോടെ കോണ്‍ഗ്രസ്സുകാരനായ നെഹ്‌റു കെട്ടിപ്പടുത്തത്‌.

ആ ദേശിയ പാർട്ടിയാണ് , ആ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ് ഇന്ന് മഹാരാഷ്ട്രയില് മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്നത്. ശിവസേന എല്ലാകാലത്തും, ഇന്ത്യന്‍ നാഷണല് കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്ന മൂല്യങ്ങളുടെ നേര്‍ വിപരീതമായിരുന്നു. എന്നിട്ടും, നിലപാടില്ലായ്മയുടെ അങ്ങേയറ്റത്ത് നിന്നുകൊണ്ട് കോണ്‍ഗ്രസ്‌ നടത്തിയ ഈ രാഷ്ട്രീയനീക്കം കൊണ്ട് ഒടുവിൽ എന്താണ് നേടിയത്? മറു വശത്തു നിൽക്കുന്നത് , രാഷ്ട്രീയപ്രവർത്തകരല്ല, മറിച്ചു ഇന്ത്യ കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ മാനിപ്പുലേറ്ററും, ജനായത്ത പ്രക്രിയയെ ദൈനംദിന ട്രേഡിങിന്റെ നിലവാരത്തിലേക്ക് താഴ്ത്തിയ രാഷ്ട്രീയ നെറികേടിന്റെ ഉസ്താദുമാരും ആണെന്ന് മനസിലാവാത്തവരാണ് കോൺഗ്രസ്സിന്റെ അഖിലേ ന്ത്യ നേതാക്കന്മാരെങ്കിൽ അധികം വൈകാതെ കോൺഗ്രസ്സ് മുക്ത ഭാരതം കൂടി സാധ്യമാക്കാൻ ബിജെപിക്ക്‌ കഴിയും. ശിവസേനയോടുള്ള ഇപ്പോഴത്തെ നിലപാട് നെഹ്രുവിയൻ മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും ഏറ്റവും നെറികെട്ട നിരാകരണമാണ് . ഏതു പ്രതിസന്ധിയിലും ഒരു കോൺഗ്രസ്സുകാരനും ഒരിക്കലും ചെയ്തുകൂടാത്തത്. ആത്മഹത്യാപരം .

ഏറ്റവും സങ്കടം, ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്ന കർഷകരും, പിരിച്ചു വിടപ്പെടുന്ന തൊഴിലാളികളും, സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ലക്ഷക്കണക്കിന് സാധാരണ മനുഷ്യരും, ഇപ്പോഴും കോൺഗ്രസിൽ ആൾട്ടർനേറ്റീവ് തേടിക്കൊണ്ടിരിക്കുന്നു എന്നുള്ളതാണ് . അതാണ് രാജസ്ഥാനിൽ കണ്ടത്. കോൺഗ്രസ്സിന് തിരിച്ചു വരാനുള്ള ഏക പോംവഴി ആ മനുഷ്യർക്കൊപ്പം സജീവമായി നിലകൊള്ളലാണ്. ഒന്നുമില്ലെങ്കിൽ പുതിയ ലേബർ കോഡ് ബില്ലിനെതിരെ രാജ്യവ്യാപകമായി സംവാദം നടത്തലാണ്.

വാർ റൂം രാഷ്ട്രീയം അല്ല കോൺഗ്രസ്സിന്റ DNA. ചാണക്യന്മാരും റിസോർട്ടുകളും അല്ല ഇവിടെ പാർട്ടിയെ നിലനിർത്തിയത് . കോൺഗ്രസ്സ് വളർന്നതും, പൂത്തുലഞ്ഞതും തെരുവുകളിലും ഗ്രാമങ്ങളിലും തന്നെയായിരുന്നു, എക്കാലത്തും. ആ ഇടങ്ങളെ തിരിച്ചു പിടിക്കാനാണ് ഒരു മതേതര ലിബറൽ പ്ലാറ്റുഫോം എന്ന നിലക്ക് കോൺഗ്രസ്സ് ശ്രമിക്കേണ്ടത്. അല്ലാതെ അമിത് ഷായോടൊപ്പം ചെസ്സ് കളിക്കാനല്ല.

വീണ്ടും വീണ്ടും ആവർത്തിക്കുന്നു, ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിന്റെ ഇന്നത്തെ പ്രസക്തി ഒരു പാൻ-ഇന്ത്യൻ മതേതര പ്ലാറ്റ്ഫോമെന്ന നിലയിൽ മാത്രമാണ്. അധികാരത്തിൽ ഇരുന്നപ്പോഴൊക്കെ ജനാധിപത്യ സ്ഥാപനങ്ങളെ പാടെ ഇല്ലാതാക്കാൻ കോൺഗ്രസ്സ് ശ്രമിച്ചിട്ടില്ല. ഇന്ന് രാജ്യത്തിന്റെ മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി നമ്മുടെ ഇന്സ്ടിട്യൂഷനുകളുടെ സമാനതകളില്ലാത്ത അപനിർമാണം ആണ്. യാതൊരു നൈതികതയും ഇല്ലാത്ത ഈ കടന്നുകയറ്റത്തിനെതിരെ ശക്തമായ ജനകീയ പോരാട്ടം നടത്തേണ്ട കോൺഗ്രസ് , ശിവസേനയുമായി കൂട്ടുകൂടി അതെ തട്ടത്തിൽ ദായം കളിക്കുമ്പോൾ ഊറിചിരിക്കുന്നത് ബിജെപി തന്നെയാണ്.

ജാതിക്കും മതത്തിനും ദേശത്തിനും അപ്പുറം എന്റെ ഐഡന്റിറ്റി ആയി ഞാൻ എന്നും കാണുന്നത് ഒരു പാട് പരിമിതികൾ ഉള്ള നെഹ്രുവിയൻ ആധുനിക മതേതര ലിബറൽ ബോധമാണ്‌ . അതുപോലെ ഒരുപാട് പേർ. നിർഭാഗ്യവശാൽ അതിന് അവസാനത്തെ ആണിയും അടിക്കുകയാണ്, കോൺഗ്രസ് നേതൃത്വം . ഇന്ന് അമിത്ഷായെ തോൽപ്പിച്ചു മുന്നേറാൻ കഴിയുന്ന ഒരൊറ്റ ചതുരംഗമേ കോൺഗ്രസ്സിന് മുന്നിലൂള്ളൂ . അത് ഗാന്ധിയെയും നെഹ്രുവിനെയും അംബേദ്കറിനെയും തെരുവിലൂടെ, വീടുകളിലൂടെ, ഗ്രാമങ്ങളിലൂടെ വീണ്ടെടുക്കൽ മാത്രമാണ് . അതിനു തയ്യാറല്ലെങ്കിൽ കോൺഗ്രസ് ഇനി തിരിച്ചു വരില്ല .

“സെക്കുലർ ജനാധിപത്യ സോഷ്യലിസ്റ് ഇന്ത്യ”മരിച്ചിട്ട് കോൺഗ്രസ്സ് പാർട്ടി ‘വാർറൂമുകളിൽ ‘ മാത്രം ജീവിച്ചാൽ ആർക്കെന്തു നേട്ടം? ഒരു പിടി നേതാക്കന്മാർക്കല്ലാതെ??