സംഘപരിവാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ഗാന്ധിജി ഒനമ്മുടെ അര്‍ദ്ധനഗ്നനായ ആ ഫക്കീര്‍ അല്ല, ഏറെ വിപണിമൂല്യമുള്ള ഒരു ബ്രാന്‍ഡ്‌ മാത്രമാണ്

0
226

Sudha Menon

സബര്‍മതി ആശ്രമത്തില്‍ ഇരുന്നാണ് ഞാന്‍ ഇതെഴുതുന്നത്. കഴിഞ്ഞ പതിനഞ്ചു വര്ഷങ്ങളായി, ഒക്ടോബർ രണ്ടിന് അഹമ്മദാബാദിൽ ഉണ്ടെങ്കിൽ മുടങ്ങാതെ പോകുന്ന ഒരിടമാണ് സബർമതി ആശ്രമം. പണ്ട്, സബർമതി നദീ മുഖം, മനോഹരമായ ഇന്നത്തെ ” River front” ആകുന്നതിനു മുൻപ്, ഹൃദയകുഞ്ചിൽ(ഗാന്ധിജിയുടെ വീട്) നിന്നും മുന്നോട്ടു നടന്നു പടവുകൾ ഇറങ്ങിയാൽ, നേരെ നദിയിലെത്താമായിരുന്നു. ഇന്ന്, ഗാന്ധി ആശ്രമത്തിനും സബര്മതിക്കും ഇടയിൽ മതിലുകളുടെയും, രാജവീഥിയുടെയും വിടവുണ്ട്..മഹാത്മാ ഗാന്ധിയുടെ പേരിൽ നടത്തപ്പെടുന്ന അർത്ഥശൂന്യമായ അസംഖ്യം പരിപാടികളും, ഗാന്ധി ചിന്തയും തമ്മിലുള്ള അതെ വിടവ്…ബി ജെ പി ഇന്ന് മുതല്‍ രാജ്യവ്യാപകമായി ആഘോഷിക്കാന്‍ പോകുന്ന ‘ഗാന്ധി സങ്കല്‍പ്പ യാത്രയും, ഗാന്ധിചിന്തയും തമ്മിലുള്ള വിടവ്..

Image result for modi and gandhi‘മന്‍‍ മേ ബാപ്പു’ – ഹൃദയത്തില്‍ ബാപ്പു!! എത്ര മനോഹരമായ, ഇമ്പമുള്ള പേര്. ഗാന്ധി സങ്കല്പ്പയാത്രയുടെ സന്ദേശം ആണിത്. ഗാന്ധിജിയുടെ ആശയങ്ങള്‍ ആയ അഹിംസയും, ശുചിത്വവും, സ്വദേശിയും, സ്വരാജും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള യാത്ര.
അതേസമയം, ബാപ്പുജിക്ക് ഏറെ പ്രിയപ്പെട്ട സഹിഷ്ണുതയും, സമാധാനപരമായ സഹവര്‍ത്തിത്വവും, മതസൌഹാര്‍ദവും, അയിത്തോച്ചാടനവും, സമര്‍ത്ഥമായി, നിശബ്ദമായി അവര്‍ നിരാകരിക്കുകയും ചെയുന്നു. വര്‍ത്തമാനകാല ഇന്ത്യയില്‍ ഏറ്റവും പ്രസക്തമായത് ഇതൊക്കെ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ!

കോണ്ഗ്രസ്സുകാരനായിരുന്നു RSS സ്ഥാപകനായ ഹെഡ്ഗെവാര്‍. ലോകമാന്യ തിലകന്‍റെ അടുത്ത അനുയായി. ഗാന്ധിജിയുടെ രണ്ടു നയങ്ങളെ-അഹിംസയും, മത സൗഹാർദവും- ശക്തമായി എതിര്തുകൊണ്ടാണ് ഹെഡ്ഗേവാറും, ബി. എസ്. മൂന്ജെ യും കോണ്‍ഗ്രസ് വിട്ടുപോയത്. ഹെഡ്ഗേവാര് പിന്നീട്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിനു തുടക്കമിട്ടുവെങ്കില്‍ മൂന്ജെ ഹിന്ദു മഹാസഭയുടെ പ്രസിഡണ്ട് ആയി. എങ്കിലും ഗാന്ധിജിയുടെ മരണം വരെ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയത്തില് ചുവടുറപ്പിക്കാന് അവര്‍ക്ക് കഴിഞ്ഞില്ല. ‍‍‍ അതുകൊണ്ടുതന്നെ, ഇന്നും അതേ ഹിന്ദുരാഷ്ട്ര പ്രത്യയശാസ്ത്രം ഒരു മാറ്റവുമില്ലാതെ, കുറേക്കൂടി ഗൌരവത്തോടെ പിന്തുടരുന്നവര്‍, സവര്‍ക്കറുടെ ചിത്രം മതേതര രാജ്യമായ, ഇന്ത്യയുടെ‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രതിഷ്ഠിച്ചവര്‍, ബാപ്പുവിനെ ഹൃദയത്തിലേറ്റാന്‍‍ ജനസമ്പര്‍ക്ക യാത്ര നടത്തുന്നത് സമാനതകളില്ലാത്ത‍ വിരോധാഭാസമാണ്‌.

Image result for modi and gandhiഇന്ന് ഗാന്ധി ആശ്രമത്തിന്റെ മുന്നില്‍ നിറയെ BJP പതാകയും, മോദിയും, ട്രംപും ഒക്കെ നിറഞ്ഞു നില്‍ക്കുന്നു. ഇന്ത്യന് പ്രധാനമന്ത്രിയുടെ ചിത്രം ആശ്രമത്തിനു മുന്നില് നിറഞ്ഞു നിന്നോട്ടെ, എതിര്‍പ്പില്ല. അദ്ദേഹം ജനാധിപത്യ പരമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. എന്തിനായിരുന്നു ട്രംപ്? ഗാന്ധിജിയുടെ ആശ്രമത്തില് അമേരിക്കന് പ്രസിഡണ്ടിനു എന്ത് കാര്യം? ‍

ഇതിലൂടെ ആരുടെ മനസിലേക്ക്, ഏതു ബാപ്പുവിനെയാണ് പ്രതിഷ്ഠിക്കാന്‍‍ നോക്കുന്നത്? നാഥൂറാം ഗോഡ്സെ , ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയാണെന്നു പറഞ്ഞ കമലഹാസനെ നിന്ദ്യമായി ആക്ഷേപിച്ചവര്‍, ഇതേ സബര്‍മതി ആശ്രമത്തില്‍ വെച്ച് മേധാപട്കരെ അകാരണമായി ആക്രമിച്ചവര്‍, ജനാധിപത്യപരമായ എല്ലാ എതിര്സ്വരങ്ങളോടും പ്രകടമായ അസഹിഷ്ണുത കാണിച്ചവര്, ഇതേ നദിയുടെ അങ്ങേക്കരയില്‍ ഒരുകൂട്ടം നിസ്സഹായരായ മനുഷ്യരെ വംശഹത്യ നടത്തിയവര്‍ ഏതു ബാപ്പുവിനെ ആയിരിക്കും ഹൃദയത്തില്‍ കൊണ്ടുനടക്കുന്നത്?

ഈ നിമിഷം സബര്‍മതി ആശ്രമത്തില്‍, ബാപ്പുവിന്റെ സ്വന്തം ഹൃദയകുന്ജില്, തിരിയുന്ന ചര്‍ക്കക്ക് അരികില്‍ ഇരുന്നു ഈ വരികള്‍ കുറിക്കുമ്പോഴും ഒന്നേ പറയാനുള്ളൂ. ഭിഖു പരേഖും, തൃദീപ് സുഹൃദും, രാമചന്ദ്രഗുഹയും (Gandhian Scholars) എടുത്തു പറഞ്ഞതുപോലെ അടിസ്ഥാനപരമായി സംവാദത്തിന്റെ അനന്തസാധ്യതകളെ രാഷ്ട്രതന്ത്രത്തില്‍ ഉപയോഗപ്പെടുത്തിയ മനുഷ്യനാണ് ഗാന്ധിജി. തന്നോടു തന്നെയും,സുഹൃത്തുക്കളോടും, എതിരാളികളോടും, ഗ്രാമീണരോടും… അംബേദ്കറോടും, നാരായണഗുരുവിനോടും,മനുവിനോടും, മഹാദേവ ദേശായിയോടും, മാത്രമല്ല, ഹെഡഗേവാറിനോടും, സവര്‍ക്കരിനോടും, ജിന്നയോടും ഒക്കെ ഗാന്ധിജി നിരന്തരം സംവദിച്ചു. ‘സത്യഗ്രഹം’ തന്നെ ആത്മശുദ്ധീകരണത്തിലേക്ക് നയിക്കുന്ന ശക്തിയായിട്ടാണ് ഗാന്ധിജി കണ്ടത്.
നിര്‍ഭാഗ്യവശാല്‍ സംവാദത്തിന്റെ സാധ്യതകളെ ഭയപ്പെടുന്ന, ഏകശിലാരൂപമായ,ഭൂരിപക്ഷകേന്ദ്രീകൃതമായ, ഒരു ആശയമായി രൂപാന്തരം പ്രാപിക്കുകയാണ് ഇന്ത്യ. ഇന്ന് വ്യാപകമായി ആഘോഷിക്കപ്പെടുന്ന, സംഘപരിവാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന, ഗാന്ധിജി ഒരിക്കിലും നവഖാലിയിലും, ദാണ്ടിയിലും, അതിര്‍ത്തിയിലെ കലാപമേഖലയിലും, കനവും, അഭയവും വിളക്കുമായി നിന്ന നമ്മുടെ അര്‍ദ്ധനഗ്നനായ ആ ഫക്കീര്‍ അല്ല. സ്ഥാപനവല്‍ക്കരിക്കപ്പെട്ട, ആഗോളതലത്തില്‍ ഏറെ വിപണിമൂല്യമുള്ള ഒരു ബ്രാന്‍ഡ്‌ മാത്രമാണ്.

അവസാനമായി,വേദനയോടെ പറയട്ടെ. ആത്മബലിയിലൂടെയാണ് ഗാന്ധിജി വര്‍ഗീയതയെ പ്രതിരോധിച്ചത്, സങ്കുചിത-ആണത്ത ദേശിയതയുടെ ആളിക്കത്തിക്കലിലൂടെയല്ല. ആഗസ്ത് പതിനാലിന് അര്‍ദ്ധരാത്രി, രാജ്യം മുഴുവന്‍ ചരിത്രവുമായുള്ള കൂടിക്കാഴ്ച ആഘോഷിക്കുമ്പോള്, ക്യാമറകള്‍ക്ക് മുന്നില് നില്‍ക്കാതെ, നാടകീയമായ ആണത്തഘോഷങ്ങളില്ലാതെ, വര്‍ഗീയകലാപങ്ങള്‍ ദുരിതം വിതച്ച നവഖാലിയിലെ ഗ്രാമങ്ങളിലൂടെ, സമാധാനസന്ദേശവുമായി നടക്കുകയായിരുന്നു, അനുഗാമികളില്ലാത്ത ആ ബാപ്പു.

ആ ഗാന്ധിജിയെയാണ് നിങ്ങള്‍ ഹൃദയത്തില് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്, തെളിഞ്ഞ മനസ്സോടെ ഈ മഹാരാജ്യത്തിന്റെ തനതായ വൈവിധ്യങ്ങളെ, ബഹുസ്വരതയുടെ മനോഹാരിതയെ, സംവാദത്തിന്റെ ഉദാത്ത സാധ്യതകളെ അംഗീകരിക്കൂ..