ഒരു ഇന്ത്യൻ ബഡ്ജറ്റ് തമാശ

154
Sudha Menon എഴുതുന്നു 
എങ്ങോട്ടാണ് നിർമലാ സീതാരാമനും മോദിയും, ഇന്ത്യയെ കൊണ്ടുപോകുന്നത്? ഈ മഹാരാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോള്, നാല്പത്തി അഞ്ചു വർഷത്തെ ഏറ്റവും ഭീകരമായ തൊഴിലില്ലായ്മ അഭിമുഖീകരിക്കുമ്പോള്, ഗ്ലോബല് Hunger റിപ്പോര്ട്ടില് ഇന്ത്യ, 102മത്തെ സ്ഥാനവുമായി നാണക്കേടിന്റെ പരകോടിയില് നിൽക്കുമ്പോൾ, ഇന്നാട്ടിലെ ഏറ്റവും ദരിദ്രരോട്, ഗ്രാമീണരോട്, ആത്മഹത്യയുടെ മുനമ്പില് നില്ക്കുന്ന കർഷകരോട് എന്താണ് നിർമലാ സീതാരാമന് നിങ്ങള് പറയുന്നത്?
ഇന്ത്യന് സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് എന്നും ഗ്രാമങ്ങളാണ്. സാമ്പത്തിക മാന്ദ്യം പാടെ തളർത്തിക്കളഞ്ഞ, ചൈതന്യം നഷ്ടപ്പെട്ട, തൊഴിലവസരങ്ങളില്ലാത്ത, നിത്യോപയോഗസാധനങ്ങള് പോലും വാങ്ങാന് പണമില്ലാത്ത കോടിക്കണക്കിനു ഗ്രാമീണർക്ക് ഭക്ഷ്യസബ്സിഡി എന്നും ആശ്വാസമായിരുന്നു. കഴിഞ്ഞ ബജറ്റില്, ഏകദേശം 1.84 ലക്ഷം കോടി രൂപ ഭക്ഷ്യസബ്സിഡിക്കായി നീക്കി വെച്ചുവെങ്കില്, ഈ ബജറ്റില്, മുകളില് സൂചിപ്പിച്ച ഏറ്റവും ഭീതിദമായ അതിലേറെ സങ്കടകരമായ സാമ്പത്തിക അവസ്ഥയിലും, അത് വെറും 1.16 ലക്ഷം കോടി രൂപയായി കുറച്ചിരിക്കുന്നു. എന്തൊരു വൈരുധ്യമാണിത്.ദേശിയഭക്ഷ്യസുരക്ഷ നിയമത്തെ പതുക്കെ പതുക്കെ ദയാവധത്തിന് വിധേയമാക്കും എന്ന് ഉറപ്പായി. തീർന്നില്ല, രാസവള സബ്സിഡി 80,000 കോടിയില് നിന്നും 71300 കോടി രൂപയായി കുറച്ചു. അതോടൊപ്പം, മിനിമം സപ്പോർട്ട് പ്രൈസ് ഇനിയും ഒരുപാട് ചുരുങ്ങും എന്ന സൂചനയും. പതിനായിരക്കണക്കിനു കർഷകരാണ് കഴിഞ്ഞ കുറെ വർഷങ്ങൾ ആയി, നമ്മുടെ നാട്ടില് ആത്മഹത്യ ചെയുന്നത്. ലക്ഷക്കണക്കിന് കർഷകർ, കൃഷിഭൂമി കിട്ടിയ വിലക്ക് വിറ്റ്, നഗരങ്ങളിലേക്ക് കുടിയേറി, കൂലിപ്പണി അന്വേഷിക്കുന്നു. ഈ സാഹചര്യത്തിലാണ്, അവരുടെ ജീവന് നിലനിർത്തുന്ന ഓക്സിജന് സിലിണ്ടറുകള് ആയ ഭക്ഷ്യ-രാസവള സബ്സിഡിയും, മിനിമം സപ്പോർട്ട് പ്രൈസും കൂടി ചുരുക്കി ചുരുക്കി കാർഷിക മേഖലയെ കൊല്ലാന് ശ്രമിക്കുന്നത്. മരണം വിധിക്കപ്പെട്ട രോഗിക്ക് മരുന്ന്കൊടുക്കാതെ, പകരം ഐ ഫോണും, വിലകൂടിയ വസ്ത്രങ്ങളും വാങ്ങിക്കൊടുക്കാന് തീരുമാനിക്കുന്നത്‌ പോലെയാണ്, അവരുടെ 16 ഇന പദ്ധതി.
തമാശ തീരുന്നില്ല. കൃഷി, ജലസേചനം, ഗ്രാമീണ വികസനം എന്നിവയ്ക്കായി നീക്കിവെച്ചത് 2.83 ലക്ഷം കോടി രൂപ. കഴിഞ്ഞ വര്ഷം ഇത്, 2.68 ലക്ഷം കോടിരൂപയായിരുന്നു. ഈ നേരിയവർദ്ധനവ് മാത്രം വെച്ച്, നിർമലാ സീതാരാമന് പ്രതീക്ഷിക്കുന്നത് 2022 ആകുമ്പോള് കാർഷികവരുമാനം ഇരട്ടി ആക്കുമെന്ന്!!!!! വാർഷിക വളര്ച്ചാ നിരക്ക് ഏകദേശം 10.4 ശതമാനം എങ്കിലും ഉണ്ടെങ്കില് മാത്രമേ കാർഷികവരുമാനം ഇരട്ടി ആകാനുള്ള വിദൂരസാധ്യത എങ്കിലും നമുക്ക് പ്രവചിക്കാന് കഴിയൂ. കഴിഞ്ഞ മൂന്നു കൊല്ലമായി എത്രയാണ് കാർഷിക വളര്ച്ചാ നിരക്ക് എന്നറിയേണ്ടേ? 3.9ശതമാനം. ആരെയാണ് ഇവര് പറ്റിക്കുന്നത്? ആരാണ് ഇവരുടെ ഉപദേശകര്?
അതെ സമയം, ഇവരുടെ താല്പര്യങ്ങള് കൂടി നോക്കുക. സർവേ, സെൻസസ് തുടങ്ങിയവയ്ക്ക് 2019-2020 ൽ 623 കോടി രൂപ യാണ് മാറ്റി വെച്ചതെങ്കിൽ ഇത്തവണ അത് എത്രയെന്നോ? 4568 കോടി രൂപ!
ഇനി തൊഴിലുറപ്പ് പദ്ധതി. കഴിഞ്ഞ രണ്ടു
വർഷങ്ങളിൽ ഇന്ത്യ കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോയപ്പോള്, ഗ്രാമങ്ങളിലെ പാവങ്ങൾക്ക് ഏറ്റവും ആശ്വാസം തൊഴിലുറപ്പ് ആയിരുന്നു. അവരുടെ ലൈഫ് ലൈന്. എന്നാല്, എങ്ങനെയാണ് മോദിയും നിർമലാ സീതാരാമനും ഈ പദ്ധതിയെ നശിപ്പിക്കുന്നതെന്ന് കാണുക. കഴിഞ്ഞ റിവൈസ്ഡ് എസ്റ്റിമേറ്റിൽ 71,001 കോടി നീക്കിവെച്ചത്, ഈ വര്ഷം
61,500 കോടിയായി വെട്ടിച്ചുരുക്കി.ഇന്ത്യയിലെ പകുതിയില് അധികം വരുന്ന ഗ്രാമീണ ജനത ഭൂമിയോ, സ്ഥിരജോലിയോ ഇല്ലാത്ത കൂലിപ്പണിക്കാര് മാത്രമാണ്. തൊഴിലവസരങ്ങള് നഷ്ടപ്പെട്ടതോടെ അവരുടെ സ്ഥിതി അങ്ങേയറ്റം ദയനീയമാണ്. Distress migration തടയുന്ന ഏറ്റവും ഫലപ്രദമായ പദ്ധതിയാണ് MGNREGA. ഈ പദ്ധതിയെ ഇന്നത്തെ സ്ഥിതിയില് നിലനിർത്തണമെങ്കിൽ തന്നെ ഏറ്റവും കുറഞ്ഞത്‌ 85,927 കോടി ആവശ്യമാണ്. അവിടെയാണ്, വെട്ടിച്ചുരുക്കി അത് 61,500 കോടി ആക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയില് തൊഴിലുറപ്പ് പദ്ധതിയുടെ ഉപഭോക്താക്കളുടെ എണ്ണത്തില് 25% വര്ദ്ധനവ് ‌ ആണ് ഉണ്ടായത് എന്നുകൂടി ചേർത്ത് വായിക്കണം. മന്ത്രി നരേന്ദ്ര സിംഗ് തോമാര് ലോകസഭയില് പറഞ്ഞത് 2014-15ഇൽ 6.22 കോടി ആളുകൾ ആണ് തൊഴിലുറപ്പ് പദ്ധതിയില് ജോലി ചെയ്തതെങ്കില് , 2018-19 ആയപ്പോള് അത് 7.77 കോടി ആയി വര്ദ്ധിച്ചു എന്നാണു. മിക്കവാറും സംസ്ഥാനങ്ങളില് മിനിമം കൂലി തൊഴിലുറപ്പ് പദ്ധതിയേക്കാള് കൂടുതല് ആണ്. എന്നിട്ടും, തൊഴിലുറപ്പിനെ ഇത്രയധികം ജനങ്ങൾക്ക് ‌ ആശ്രയിക്കേണ്ടി വന്നുവെങ്കില് അതിനർത്ഥം ഇതാണ്: ഗ്രാമങ്ങളില് മറ്റു തൊഴിലവസരങ്ങള് തീരെ ഇല്ല. ജനങ്ങൾക്ക് ‌ ഏക ആശ്രയം UPA കൊണ്ടുവന്ന തൊഴിലുറപ്പ് മാത്രമായിരുന്നു. ഇതില് തന്നെ കഴിഞ്ഞ നാല് വർഷമായി 271.96 ലക്ഷം ഗുണഭോക്താക്കള് പതിനെട്ടിനും മുപ്പതിനും ഇടയില് പ്രായമുള്ള യുവാക്കള് ആയിരുന്നു. ചുരുക്കത്തില്, അച്ചാദിന് എന്നും പറഞ്ഞു അധികാരത്തില് കയറിയവര് ധ്രുവീകരണ രാഷ്ട്രീയത്തിലേക്കും, അപരവൽക്കരണത്തിലേക്കും കളം മാറ്റി ചവിട്ടിയപ്പോള്, ഇന്ത്യയിലെ ദരിദ്രന്റെ ലൈഫ് ലൈന് ആയിരുന്നു തൊഴിലുറപ്പ് പദ്ധതി. അതിന്റെ കടക്കല് കത്തി വെക്കുന്നതോടെ ഗ്രാമീണമേഖലയുടെ തകർച്ച സമ്പൂർണ്ണമാകും.
നിർമലാ സീതാരാമൻ , വേദനയോടെ പറയട്ടെ, ഇത്രയും ദിശാബോധമില്ലാത്ത, ഇന്ത്യന് സാമ്പത്തികവ്യവസ്ഥയിലെ ഘടനാപരമായ സങ്കീർണ്ണതകളെക്കുറിച്ചു ഒരു ധാരണയും ഇല്ലാത്ത, വൈരുധ്യങ്ങളും, വാചാടോപങ്ങളും, ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങളും മാത്രം നിറഞ്ഞ ഒരു ബജറ്റ് ഈ സന്നിഗ്ധഘട്ടത്തില് നിങ്ങളില് നിന്നും പ്രതീക്ഷിച്ചില്ല. കരുണയുടെ ഉറവ എന്നോ വറ്റിപ്പോയ ഒരു കോർപ്പരേറ്റ് entity യെ പോലെ ഇന്ത്യയുടെ ധനകാര്യമന്ത്രി പെരുമാറാന് പാടില്ലായിരുന്നു. ഒരു ജനാധിപത്യരാജ്യത്തിന്റെ ധനകാര്യമന്ത്രിയാണ് നിങ്ങള്. ഒരു സ്വകാര്യസ്ഥാപനത്തിന്റെ CEO അല്ല. ഒന്നുമില്ലെങ്കില്, എല്ലാ ദുരിതങ്ങളും മറന്നു, രാജ്യസ്നേഹത്തിന്റെ പേരില് നിങ്ങളെ തന്നെ വോട്ടു ചെയ്തു ജയിപ്പിച്ച ആ സാധുക്കളുടെ ദൈന്യത നിറഞ്ഞ മുഖമോ, വിണ്ടു പൊട്ടിയ കാലുകളോ ഒരിക്കല് എങ്കിലും ഓർക്കാമായിരുന്നില്ലേ മാഡം നിർമലാ സീതാരാമന്?