ബന്ധങ്ങളുടെ ഇന്റെറാക്റ്റീവ്‌ സ്പേസിനു ഒരു പ്രത്യേകതയുണ്ട്‌, നമ്മൾ നോക്കി കാണുന്ന പോലെ അതു നമ്മളെയും ഉറ്റുനോക്കുന്നുണ്ട്‌.

Sudha Radhika

വരിവരിയായി നടന്നു പോകുന്ന തലമുറകളുടെ ആ ഉറുമ്പ്‌ പാതയിൽ നിന്ന് വ്യതിചലിക്കപ്പെടുന്ന, പുതിയ പാറ്റേൺ രൂപപെടുന്ന, കാലത്തിലാണു “dear friend” സെറ്റ്‌ ചെയ്തിരിക്കുന്നത്‌. “സൗഹൃദകുടുംബ”ത്തിലേയ്ക്ക്‌ ചേക്കേറിയ നാലു സുഹൃത്തുക്കളിലൂടെ പറയുന്ന, മക്കൾ- മാതാപിതാക്കൾ ബന്ധങ്ങളുടെ, പ്രായോഗികതയും കാൽപ്പനികതയും പുതുതലമുറയുടെ സർവ്വൈവൽ സെല്ലുകൾ ഇടമാക്കി അതിമനോഹരമായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്‌. ജനത്‌ അലിയും അർജ്ജുനും ശ്യാമും വിനോദും സജിത്തുമാണു ഒരു ബിസിനെസ്‌ സ്റ്റർട്‌ അപ്‌ ഒക്കെ ഒന്നിച്ചു നിന്ന് തുടങ്ങുന്ന ആ സുഹൃത്തുക്കൾ.

ശ്യാം ഒരു ബിസിനെസ്‌ ഫാമിലിയിൽ നിന്നും വന്നയാളാണു. അതിൽ തുടരുന്ന അനിയനുമായുള്ള സംഭാഷണത്തിലാണു ശ്യാമിന്റെ അച്ഛനുമായുള്ള ബന്ധം ഡീറ്റെയിൽ ചെയ്യപ്പെടുന്നത്‌. അച്ഛനെ അയാൾക്ക്‌ ഭയം കലർന്ന ബഹുമാനമാണു. അച്ഛന്റെ മുന്നിൽ നിന്ന് സ്വന്തം ഇഷ്ടങ്ങളെ സ്ഥാപിച്ചെടുക്കാൻ അയാൾക്ക്‌ ധൈര്യമില്ല, അവർ അങ്ങനെ “ഫ്രന്റ്സ്‌” പോലെയുള്ളവരുമല്ല. മകനുവേണ്ടി ഒരു ബിസിനെസ്‌ സജഷൻ ആ അച്ഛനും മുന്നോട്ട്‌ വയ്ക്കുന്നുണ്ട്‌. അതിൽ നിന്ന് മാറി സുഹൃത്തുക്കൾക്കൊപ്പം മറ്റൊന്ന് ഉണ്ടാക്കിയെടുക്കാനാണു അയാൾക്ക്‌ താൽപര്യം. സ്റ്റാർട്‌ അപ്പിലെ ഇനീഷ്യൽ investor ശ്യാമാണു. എന്നാൽ അതിന്റെ കോൺസെപ്റ്റ്‌ വിനോദിന്റെയാണു. അയാൾ തന്നെ ഉത്സാഹിച്ച്‌ മെയിൻ investment ഒരു കമ്പനിയുമായി റ്റൈ അപ്‌ ആവുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ signatory ആയി 2 പേരെ തീരുമാനിക്കുമ്പോൾ ശ്യാം വിനോദിനെയാണു ചേർക്കുന്നത്‌. വിനോദ്‌ അയാൾക്ക്‌ അത്രയും വിശ്വാസമാണു.

ജനത്തും അർജ്ജുനും പ്രണയത്തിലാണു. അക്കാര്യം ജന്നതിന്റെ ഉപ്പ അറിയുന്നു. വീട്ടിൽ പോയി ഉപ്പയൊട്‌ കാര്യങ്ങൾ വിശദീകരിക്കാമെന്ന് കരുതി ബസ്‌ കയറാൻ തുടങ്ങുന്ന ജന്നത്തിനെ അവൾ വീട്ടിൽ ‘ലോക്ക്‌’ ആകുമെന്ന് പറഞ്ഞ്‌, യാത്ര അർജ്ജുനും ചേർന്ന് എന്ന സജഷനിൽ എത്തിക്കുന്നത്‌ വിനോദാണു. ജന്നത്തിന്റെ ഉപ്പയെ അവളേക്കാൾ അവൻ അളന്നു കഴിഞ്ഞിരുന്നു, വളരെ കൃത്യമായി. സജിത്തിന്റെ സാഹചര്യം മറ്റൊന്നാണു, വീട്ടിൽ അയാളുടെ വരുമാനവും സപോർട്ടും നിർണ്ണായകമാണു. തന്റെ കയ്യിലെ സെക്യൂരിറ്റി സംഖ്യയിൽ നിന്ന് വിനോദ്‌ സജിത്തിനെ സാമ്പത്തികമായി സഹായിക്കുന്നുപോലുമുണ്ട്‌.

അർജ്ജുന്റെ സാഹചര്യം ഡിസ്കഷനിൽ വരുന്നില്ല, ജന്നത്തിനും സുഹൃത്തുക്കൾക്കുമൊപ്പം അയാൾ ജീവിതം മുന്നോട്ട്‌ പ്ലാൻ ചെയ്യുന്നു. വിവാഹമെന്ന ലീഗൽ സുരക്ഷയിലേയ്ക്ക്‌ അവരുടെ ബന്ധത്തെ എത്തിക്കുന്നതും വളരെ ഇന്റെലിജെന്റ്‌ ആയ caring ആയ ജന്നതിൽ ഒരു കുഞ്ഞുണ്ടാകുന്നത്‌ നന്നായിരിക്കും എന്ന് അർജ്ജുനോട്‌ വിനോദ്‌ പറഞ്ഞുവയ്ക്കുന്നുമുണ്ട്‌. വിനോദിനു എല്ലാം അമ്മയാണു. അമ്മയെ ഓർക്കുന്ന പ്രിയപ്പെട്ട പാട്ട് അയാൾ കൂട്ടുകാരോട്‌ പങ്കു വയ്ക്കുന്നുണ്ട്‌‌, അമ്മയുടെ ഓർമ്മദിവസത്തിന്റെ അയാളുടെ രീതികൾക്ക്‌ ശല്ല്യം ചെയ്തതിനു കൂട്ടുകാരനെ അയാൾ മർദ്ദിക്കുന്നുണ്ട്‌. അതേ ഗാങ്ങിലെ ഒരു പെൺകുട്ടി അയാളെ പ്രൊപോസ്‌ ചെയ്യുന്നു, അത്രയും ആക്സെപ്റ്റൻസ്‌ ആണു വിനോദിനു.

അങ്ങനെയങ്ങനെ എല്ലാവരിലും പൂത്തിരി പോലെ കത്തിനിൽക്കുന്ന ഒരാൾ ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഒരു നോട്ട്‌ എഴുതി വച്ച്‌ അപ്രത്യക്ഷനാകുന്നു.രണ്ടു വർഷമായി കൂടെ താമസിക്കുന്ന, സുഹൃത്തിനെ പറ്റി അവൻ പറഞ്ഞതല്ലാതെ മറ്റൊന്നും അറിയില്ലന്ന വാസ്തവം, പണം തട്ടിപ്പ്‌ കേസിൽ അവനെ അന്വേഷിച്ചു വന്ന ഓഫീസേഴ്സിനോട്‌ പറയുമ്പോഴും അവർക്ക്‌ അത്‌ വിശ്വസിക്കാൻ കഴിയുന്നില്ല. അവനെ അന്വേഷിച്ച്‌ അവന്റെ ഹിന്റുകളെ തന്നെ develop ചെയ്ത്‌ അവരിറങ്ങുന്നു. അമ്മ എന്ന് വലിയ മലയാളം അക്ഷരത്തിൽ അവന്റെ കയ്യിലെ റ്റാറ്റൂ മുതൽ കാഴ്ചയിലും കേൾവിയിലും അവന്റെതായ എല്ലാ സ്പേസിലും അമ്മയുണ്ട്‌. കാൻസർ ബാധിച്ച്‌ മരിച്ച ആ അമ്മ പക്ഷെ അയാളുടെ കൂട്ടുകാരന്റെ അമ്മയാണു. അവിടെ നിന്നും അന്വേഷണം അവന്റെ യഥാർത്ഥ അമ്മയിലും എത്തുന്നുണ്ട്‌.

ഈ രണ്ട്‌ അമ്മമാരുമായും ഫ്ലാഷ്‌ ബാക്കിലെ അയാളുടെ ഇന്റെറാക്ഷൻ റിവീൽ ചെയ്യുന്നിടത്ത്‌ അസാമാന്യമായ കയ്യൊതുക്കത്തോടെ relationship defined ആവുന്നുണ്ട്‌. ജനിപ്പിച്ച അമ്മ അവനെ എപ്പഴെ ഉപേക്ഷിക്കുന്നു‌. തന്റെ ചട്ടക്കൂടുകളിൽ അവൻ മകനാവാൻ യോഗ്യനല്ലെന്ന് കരുതി അവർ അടച്ച ആ വാതിലിനപ്പുറം അവനിറങ്ങിയ വഴിയിലാണു രോഗാതുരയായ മറ്റൊരു അമ്മയെ അവൻ കണ്ടെത്തുന്നത്‌, അവന്റെ അമ്മയെ. അവർക്കിടയിലെ അമ്മ – മകൻ ഊഷ്മളത വളരെ ലളിതമായ ഒരൊറ്റ സീനിൽ സംവിധായകൻ സിഗ്നേചർ ആക്കിയിട്ടുണ്ട്. അമ്മ ‌മകനിൽ totally dependent ആയ ആ സമയത്ത്‌ ഈ ഭൂമിയിലെ ഏറ്റവും സ്നേഹമുള്ള മകനെ, കരുതലുള്ള ബന്ധത്തെ നമ്മളും കണ്ടെടുക്കുന്നുണ്ട്‌. പക്ഷെ സുഹൃത്തുക്കൾ എന്ന ആധുനിക വ്യക്തികൾക്ക്‌ ആ ഫ്രെയിമുകളിലെ അമ്മയെയും മകനെയും തിരിച്ചറിയാനെ കഴിയുന്നില്ല. വിശേഷിച്ചും മനശാസ്ത്രത്തിൽ ഗവെഷണം നടത്തുന്ന ഒരു സ്ത്രീ സുഹൃത്തിനു പോലും.

പിന്നീട്‌ സുഹൃത്തുക്കൾ അവരവരുടെ സേഫ്‌ സോണുകളിലേയ്ക്ക്‌ പിരിഞ്ഞു പോവുകയും ചെയ്യുന്നു. മാസങ്ങൾക്ക്‌ ശേഷം യാദൃശ്ചികമായി അവനെ സജിത്ത്‌ കാണുന്നു. മറ്റുള്ളവരെയും വിളിച്ചു വരുത്തി കള്ളനെ കണ്ടെത്തിയ പോലെ അവനെ പുതിയ താമസസ്ഥലത്ത്‌ ചെന്ന് അവർ അവന്റെ മുന്നിൽ നിൽക്കുന്നു. അവനിറങ്ങി തെരുവിന്റെ ഓരത്ത്‌ ഇരുട്ടിനിപ്പുറം ഇരുന്ന് അവരെ ഫേസ്‌ ചെയ്യുന്നു. വലിയ വിശദീകരണം കൊടുക്കാതെ ഇറങ്ങിപ്പോയത്‌ പോലീസ്‌ അന്വേഷിച്ച്‌ വന്നതുകൊണ്ടാണെന്ന് അവരോട്‌ പറഞ്ഞെങ്കിലും അവർക്കത്‌ എത്രകണ്ട്‌ ബോധിച്ചെന്ന് ഇരുട്ടിനിപ്പുറത്ത്‌ അവനെ തനിച്ചാക്കി അവർ നടന്നു നീങ്ങുന്നത്‌ വെളിവാക്കുന്നുണ്ട്‌. തനിക്കിഷ്ടം മകൾ ഡോക്റ്ററാകുന്നതായ്ട്ടും മകളുടെ ഇഷ്ടത്തിനു ബന്ധുക്കളുടെ മുഴുവൻ എതിർപ്പും വകവയ്ക്കാതെ അവളെ ബാംഗ്ലൂരിൽ സൈക്കോളജി പഠിക്കാനയച്ച സ്വന്തം ഉപ്പയെ രണ്ടാമതൊന്നു ആലോചിക്കാതെ ഉപേക്ഷിച്ചിറങ്ങിയവൾ, ജന്നത്‌, അവനെ ഓർമ്മിപ്പിക്കുന്നത്‌ അവന്റെ അമ്മ അവൻ മരിച്ചെന്നാണു കരുതുന്നത്‌ എന്നാണു. അത്‌ അവനോട്‌ പറയുന്ന് ജന്നത്ത്‌, അന്യരുടെ കാര്യത്തിൽ മാത്രം ജഡ്ജമെന്റൽ ആകുന്നവർക്ക്‌ ആത്‌മപരിശോധനയ്ക്ക്‌ അവസരം നൽകുന്നുണ്ട്‌. നമ്മൾ കരുതുന്നതാണു നമുക്ക്‌ ശരി, അത്‌ യഥാർത്ഥതിൽ ശരിയാകുന്നത്‌ വിനോദിന്റെ ഉത്തരത്തിലാണു. അവർക്കതാണു സന്തോഷമെങ്കിൽ അവരങ്ങനെ കരുതട്ടെ എന്ന് പുഞ്ചിരിയോടെ അവൻ പറയുന്നു. വിനോദിന്റെ പുതിയ താവളത്തിലെ കൂട്ടുകാർക്കിടയിൽ എങ്ങനെ എന്നതിനും കനം കൂട്ടിയ റ്റാറ്റു കാണിച്ച്‌ അവനൊരു ഉത്തരമെ ഉള്ളു, അമ്മ.

മലയാള സിനിമയുടെ ഭാവി, അല്ലെങ്കിൽ സാധ്യത ബന്ധങ്ങൾക്കിടയിലെ മാനസിക യുദ്ധങ്ങളാണെന്ന് പണ്ട്‌ ഞാനെഴുതിയിട്ടുണ്ട്‌. സ്വന്തം ഏകാന്തതയോട്‌ ജയിക്കാൻ അവൻ കണ്ടെത്തുന്ന സന്ധിശ്രമങ്ങളാണു ഓരോ ബന്ധങ്ങളും. മനസ്സിലാവായ്കയുടെയും പൊരുത്തക്കേടുകളുടെയും വിടവുകളിൽ പിടിച്ചു നിൽക്കാൻ രക്‌തബന്ധങ്ങൾ പോലും ഒന്നിച്ചു കഴിയുന്ന സമയങ്ങളുടെ ക്വാളിറ്റിയെ കൂടി ആശ്രയിക്കേണ്ടതുണ്ട്‌‌ എന്ന് വിനോദ്‌ എന്ന മകനും , അലി എന്ന ഉപ്പയും നമുക്ക്‌ നല്ലൊരു പാഠം തരുന്നു‌. സ്നേഹം, ജന്മം കൊണ്ടുണ്ടാകുന്ന ബാധ്യതയോ സങ്കൽപ്പത്തിലെ ചാരുതയൊ അല്ല, അത്‌ ഒരാൾ മറ്റൊരാളിൽ നിന്ന് അനുഭവിച്ചറിയുന്ന, അനുഭവിപ്പിച്ച്‌ അറിയിക്കേണ്ടുന്ന ഒന്നാണു. സൗഹൃദം സ്നേഹം എന്നതൊക്കെ വ്യക്തിബന്ധങ്ങൾ എന്നതിലേയ്ക്ക് ഷിഫ്റ്റ്‌ ചെയ്യപ്പെടുന്ന പുതിയ സെല്ലുകൾ നമുക്ക്‌ ചുറ്റും രൂപം കൊള്ളുന്നുണ്ട്‌‌, അത്‌ കൊണ്ടുതന്നെ അത്‌ നിലവിലെ കുടുംബത്തിനകത്തും പുറത്തും ഓഡിറ്റ്‌ ചെയ്യപ്പെടുകയും ചെയ്യുന്നു. ബന്ധുക്കൾ ആയാലും സുഹൃത്തുക്കൾ ആയാലും സ്നേഹം പങ്കിടുക എന്നത്‌ ഒന്നിച്ചു ചെയ്യുന്ന ആഘോഷങ്ങൾ അല്ല, സൂക്ഷ്മാംശങ്ങളിലെ പരസ്പരമുള്ള തിരിച്ചറിവുകളാണു. ആ മനസ്സിലാക്കലിൽ പരാജയപ്പെട്ട്‌ അവനെ നഷ്ടപ്പെട്ടവരാണു വിനോദിന്റെ അമ്മയും അവന്റെ സുഹൃത്തുക്കളും.

അവനായിരുന്നു ഈ സൗഹൃദ സെല്ലിന്റെ അച്ചുതണ്ട്‌, അവനൊഴിഞ്ഞ ആ കൂടും താമസിയാതെ ശൂന്യമാകുന്നു. ജന്മം കൊണ്ട്‌ ആരുമല്ലാത്ത ആ അമ്മയുടെ ചികിത്സയ്ക്ക്‌ സ്വന്തം ജോലിയും ജീവിതവും റിസ്കിലാക്കി പണം കണ്ടെത്തിയ ആ മകനെ മനസ്സിലാക്കാൻ മനശാസ്ത്രം പഠിച്ചെങ്കിലും കൂട്ടത്തിൽ അവനേറ്റവും അടുത്ത കൂട്ടുകാരിക്ക്‌ പോലും ആയില്ല. അവളടക്കം ഇന്നത്തെ മക്കൾ ആൾക്കുട്ടത്തിൽ തനിച്ചാണെന്നും സ്വയം രക്ഷപ്പെടണം എന്ന് ഇൻസെക്യൂരിറ്റിയും സ്വാർത്ഥതയും ഉള്ളിന്റെ ഉള്ളിൽ ദൃഡമാകുന്ന ജനിതകമാറ്റം വന്നവരാണു, അവർക്കിടയിൽ വിനൊദ്‌ എന്ന മനുഷ്യൻ തട്ടിപ്പുകാരനാണു ഉപേക്ഷിക്കപ്പെടേണ്ടവനാണു. അയാളെയും അവനവനെയും കണ്ടെത്താൻ കഴിയാതെ, നിലനിൽപ്പിന്റെ യാന്ത്രികതയിലേയ്ക്ക്‌ അവർ പോകുമ്പോൾ പിറകിൽ തനിച്ചാകുന്ന ഒരു തുരുത്തു പോലെ dear friend…

റിവ്യൂകളിൽ മുഴുവൻ സൗഹൃദം തേങ്ങ മാങ്ങ എന്നൊക്കെ കണ്ടതുകൊണ്ട്‌ ആസ്വാദകന്റെ നിലവാരം കൂടി മെച്ചപ്പെടേണ്ടതുണ്ട്‌ എന്ന എന്നത്തേയും സജഷൻ ആവർത്തിക്കുന്നു. നല്ല സിനിമകളുടെ മികച്ച വശങ്ങളെ ആസ്വാദകർ കാണാതെ പോകരുത്‌ എന്ന് എനിക്ക്‌ നിർബന്ധമുള്ളതുകൊണ്ടാണു ഞാനിതെഴുതുന്നത്‌. കഥയും സ്ക്രിപ്റ്റും അസാധ്യമായ വർക്കാണു. മൂന്നുപേർ ചേർന്ന് എഴുതിയതിന്റെ ക്വാളിറ്റി അതിനുണ്ട്‌. അഭിനേതാക്കളും കൊള്ളാം, അഭിനയിച്ചു വൃത്തികേടാക്കിയിട്ടില്ല. ഇതാണു സത്യത്തിൽ മലയാളത്തിലെ ആദ്യ ന്യൂ ജെൻ മൂവി. വിനീത്‌ കുമാർ (നടൻ) എന്ന സംവിധായക്നും ക്യാമറയിലും എഡിറ്റിങ്ങിലും കട്ടയ്ക്ക്‌ കൂടെ നിന്ന ടീമിനും നേരിൽ വന്ന് കെട്ടിപ്പിടിച്ച്‌ ഒരുമ്മ തരുന്നുണ്ട്‌. ജാഗ്രതൈ.

Leave a Reply
You May Also Like

മോഹൻലാലിൻറെ പുതിയ വീടിന്റെ അകകാഴ്ചകൾ ഗംഭീരം, വീഡിയോ

മോഹൻലാൽ കൊച്ചി കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയത് വർത്തയായിരുന്നല്ലോ. 15, 16…

സണ്ണിലിയോൺ ഐറ്റം ഡാൻസിൽ എത്തുന്ന മലയാളചലച്ചിത്രം മൃദു ഭാവേ ദൃഢ കൃതേ, സൂരജ് സൺ നായകൻ , നാളെ തിയേറ്ററുകളിൽ

ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത്, ഹൈഡ്രോഎയർ ടെക്‌ടോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച മലയാളചലച്ചിത്രമാണ് മൃദു ഭാവേ…

കുർത്തയിൽ അഴകായി രമ്യ നമ്പീശൻ.

ഗായികയായും അഭിനേത്രിയായും മലയാളികളുടെ മനസ്സിൽ തൻ്റെതായ സ്ഥാനം കണ്ടെത്തിയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശൻ.

ഖജ് രാവോ ഡ്രീംസ് പ്രദർശനത്തിന്

ഖജ് രാവോ ഡ്രീംസ് പ്രദർശനത്തിന് മലയാളത്തിലെ പുതിയ തലമുറയിലെ ‘ഏറ്റവും ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ…