സിന്ദൂരമായാലും പർദ്ദയുമൊക്ക കഴിഞ്ഞ രണ്ടു ദശാബ്‌ദങ്ങളായി മതരാഷ്ട്രീയ അജണ്ടകളുടെ നിരന്തരമായി പരിശ്രമമങ്ങൾ ആയിരുന്നു

153
Sudha Radhika
(പ്രകടനാത്മക മതാധിനിവേശം ഒരു സമൂഹത്തിൽ യാദൃശ്ചികമായി സംഭവിക്കുകയില്ല- യാഗ്‌.)
മനുഷ്യജീവിതത്തിൽ വലിയ സ്വാധീനമുള്ള ചലചിത്രമെന്ന മാധ്യമം ഉപയൊഗിച്ചുള്ള “ഇമേജ്‌ ക്രിയേഷൻ” സമൂഹത്തിൽ എത്ര മാരകമായ ഇംപ്രിന്റ്‌‌ ആണു ഉണ്ടാക്കുക എന്നു പലപ്പോഴായി എഴുതിയിരുന്നു. അന്നു മതം തിരിച്ച്‌ ഓരോ പോസ്റ്റിലും മാറിമാറി വന്ന് തെറിവിളിച്ചവരാണു ഇന്നു സംഘപരിവാറിന്റെ സിന്ദൂരവിപ്ലവം കണ്ട്‌ നെറ്റിചുളിക്കുന്നത്‌. സിന്ദൂരമായാലും പർദ്ദ ആയാലും മറ്റേത്‌ മതചിഹ്നങ്ങളായാലും സ്വകാര്യമായി ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പായിട്ടല്ല അത്‌ കേരളത്തിൽ കടന്നുവന്നത്‌. അതിനു പിന്നിൽ, കഴിഞ്ഞ രണ്ടു ദശാബ്‌ദങ്ങളായി മതരാഷ്ട്രീയ അജണ്ടകളോടെ മലയാളികൾ അറിഞ്ഞും അറിയാതെയും നിരന്തരമായി പരിശ്രമിക്കയായിരുന്നു. അൻപതുകൾക്ക്‌ ശേഷം മതത്തെയും ജാതിയെയുമൊക്കെ പുറങ്കാലുകൊണ്ട്‌ തള്ളിയിട്ട്‌ കടന്നുപോയ നവോത്ഥാന തലമുറയ്ക്ക്‌ പിന്നീട്‌ രണ്ടായിരമാണ്ടെത്തിയപ്പോൾ ചാതുർവ്വർണ്ണ്യ കാലത്തേക്കാൾ ചിഹ്നങ്ങളിലേയ്ക്കും പ്രകടനാത്മകതയിലേയ്ക്കും എന്തിനു/ എങ്ങനെ തിരിഞ്ഞുനടക്കാൻ കഴിഞ്ഞു? അതിൽ മതം ബെറ്റ്‌ ചെയ്ത്‌ അധികാരം നിലനിർത്തിയ കോൺഗ്രസ്സ്‌ എന്ന വർഗ്ഗീയ വിഷരാഷ്ട്രീയത്തിനു വലിയ പങ്കുണ്ട്‌. മലബാറിലെ മുസ്ലീം ലീഗും നസ്രാണിയുടെ മലയോരകോൺഗ്രസ്സുകളും ചേർന്ന് പള്ളിയിലും മോസ്ക്കിലും വളർത്തിയ മതപ്രാദേശികത, ഇടവകകളും മദ്രസ്സകളും കടന്ന് സംഘപരിവാറിന്റെ ശാഖകളിൽ തഴച്ചു വളർന്നു. കടുത്ത വേർത്തിരിവിന്റെ ഇടയലേഖനങ്ങളും പർദ്ദകളും നിശ്ശബ്‌ദമായി നുഴഞ്ഞുകയറി മനുഷ്യജീവിതത്തെ നരകിപ്പിച്ചപ്പോൾ, മനസ്സിലാകാത്ത അങ്കലാപ്പ്‌ സിന്ദൂരത്തിൽ മാത്രം മലയാളി കാണുന്നത്‌ കേന്ദ്രഭരണമെന്ന ബാലികേറാമല ഇടതുപക്ഷത്തെ രാഷ്ട്രീയ കുറുക്കന്മാരെ ചൊടിപ്പിക്കുന്നത്‌ കൊണ്ട്‌ മാത്രമാണു. വർഗ്ഗീയ വിഷയങ്ങളിൽ, അൽപമെങ്കിലും ആത്മാർത്ഥത/ സത്യസന്ധത, ഭരിക്കുന്ന സർക്കാരിനൊ സ്വയം മതാതീതരെന്നു ഞെളിയുന്ന മലയാളിസമൂഹത്തിനൊ ഉണ്ടായിരുന്നെങ്കിൽ മാറാടുകൾക്ക്‌ മുന്നെ, തങ്ങളിൽ ബാഹ്യമായി വളർന്നു വരുന്ന മാറ്റങ്ങളെ , മതചിഹ്നങ്ങളെ , വിപര്യാസങ്ങളെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാൻ തുടങ്ങുമായിരുന്നു. ഇപ്പോൾ സംഘപരിവാറിനെതിരെ കാണിക്കുന്ന ഈ അസ്പൃശ്യത പോലും ഒന്നു നല്ലോണം സ്വയം വിചാരണ ചെയ്താൽ ജനാധിപത്യം ഭരണഘടന എന്നൊക്കെ വ്യാജമായ കുപ്പായത്തിൽ ഒളിച്ചിരിക്കുന്ന വെറും മത / ജാതി അസഹിഷ്ണുത അല്ലെങ്കിൽ രാഷ്ട്രീയ അപകർഷത മാത്രമാകും. അങ്ങനെ ആകാതിരിക്കാൻ എല്ലാ രാഷ്ട്രീയത്തിലെയും മതം എന്ന ഒളിപ്പോരാളിയെ പുറത്താക്കണം, UAPA ചുമത്തി മലയാളി മനസ്സുകളിൽ നിന്നു നാടുകടത്തണം. ഐഡികളിൽ, ബാഹ്യപ്രകടനങ്ങളിൽ ഒക്കെ മതത്തെ സ്വന്തം സാമൂഹ്യജീവിതത്തിൽ നിന്നും ഓരോ മലയാളിയും ഉപേക്ഷിക്കണം. അതിനു കഴിയാത്തവർ അവനവന്റെ ഉള്ളിൽ കൊണ്ടുനടക്കുന്ന ആക്രോശങ്ങളെ മറച്ചുവച്ച്‌ ഒരു സിന്ദൂരത്തെയും പരിഹസിക്കാൻ അർഹരല്ല. വിവേചനപൂർവ്വമായ, ഡബിൾ സ്റ്റാൻഡേഡ്‌ പരിഹാസങ്ങൾ മതവികാരമെന്ന വിഷം കൂടുതൽ വളരാനെ ഉപകരിക്കു.