കോവിഡ്‌ 19, ഒരു അന്താരാഷ്ട്ര വിപ്ലവമാണ്

56

Sudha Radhika

കോവിഡ്‌ 19, ഒരു അന്താരാഷ്ട്ര വിപ്ലവമാണു . മനുഷ്യന്റെ ബോധത്തിൽ നിന്ന് സമ്പന്നത, മതം, എന്ന ഇക്വ്വേഷൻ പൂർണ്ണമായും തിരുത്തിക്കൊണ്ട്‌ പ്രകൃതി അതിന്റെ സർവ്വാധികാരം നടപ്പാക്കുകയും മനുഷ്യനെ ഒറ്റകോശത്തിനും താഴെയാണു അവന്റെ ഊഴം എന്നു ബോധ്യപ്പെടുത്തി. നൂറ്റാണ്ടുകളെടുത്ത്‌ അവനുണ്ടാക്കിയ ഓസോൺ വിള്ളലുകൾ വരെ ഒരു മാസം കൊണ്ട്‌ അടപ്പിച്ചു . ഈശ്വരനും( പ്രകൃതി) മനുഷ്യനും ഇടയിൽ ഒരു ഇടനിലക്കാരുമില്ലെന്നു, മതം വലിയ ഒരു നുണയാണെന്നു, ആയിരക്കണക്കിനു ജീവൻ കൊടുത്ത്‌ ലോകസമൂഹം മനസ്സിലാക്കി. ഒറ്റയ്ക്ക്‌ കൂട്ടിവയ്ക്കുന്ന സമ്പത്തിനേക്കാൾ പരസ്പരം സഹായമാകുന്ന സമൂഹം ആയിത്തീരണമെന്നു ഇറ്റലിയിലെ തെരുവിൽ ചവറായി കിടന്ന കറൻസികൾ ചവുട്ടിനടക്കവെ ക്യൂബയിൽ നിന്നു പോയ മെഡികൽ സംഘം ലോകത്തോട്‌ വിളംബരം ചെയ്തു. അമേരിക്ക പോലെ സ്വപ്ന സാമ്രാജ്യങ്ങൾ മിനിറ്റുകൾക്കുള്ളിൽ പൊട്ടിതകരുന്ന അവസ്ഥ. വലിയ മാറ്റങ്ങൾ വരും പോസ്റ്റ്‌ കൊറോണ യുഗത്തിൽ.
നമ്മുടെ കൊച്ചു കേരളം പരിമിതികളിലെ ആർജ്ജവമായി പല കാര്യങ്ങളിലും ഈ അവസരത്തിൽ ലോകത്തിനു മാതൃകയായി നിന്നു. ഓരോ ദുരന്തത്തിലും, പരസ്പര ഭിന്നതകൾ മാറ്റിവച്ച്‌ ഒന്നാകുന്ന മലയാളി എന്ന അത്ഭുതജീവിയെ നമ്മൾ കണ്ടു. അതിനോടൊപ്പം കൊറോണ കേരളത്തിനു പഠിപ്പിക്കുന്ന ചില പാഠങ്ങൾ, സ്വയംപര്യാപ്തതയുടെ അനിവാര്യതയെ പറ്റിയാണു. അരി,പച്ചക്കറി, പാൽ, തൊഴിൽ എന്നിവയൊക്കെ നമുക്ക്‌ വിദൂര-സമീപ സംസ്ഥാനങ്ങളെ ആശ്രയിച്ച്‌ ശീലിച്ചത്‌ കൊണ്ട്‌ കൊറോണക്കാലം ഇരട്ടി ദുഷ്കരമായി. പോസ്റ്റ്‌ കൊറോണ കേരളത്തിനു ഇതിന്റെ എത്രയൊ മടങ്ങ്‌ വെല്ലുവിളികളുടേതായിരിക്കും . നിലച്ചു പോയ കച്ചവടങ്ങളും ഒട്ടുമിക്ക തൊഴിലുകളും ഒന്നിൽ നിന്ന് തുടങ്ങേണ്ടി വരും. അതിനേക്കാൾ വലിയ അവസ്ഥ ഒരു സംസ്ഥാനത്തിനു താങ്ങാവുന്നതിലുമധികം പ്രവാസി തിരിച്ചു വരവുകളുടെയായിരിക്കും. ഇപ്പോൾ മാസങ്ങൾ ശീലിക്കുന്ന മിതമായ അതേ ജീവിത ശൈലി ലോക്ക്‌ ഡൗണിനപ്പുറത്തേയ്ക്കും കൊണ്ടുപോയാൽ മാത്രമെ കൂട്ട ആത്മഹത്യകൾ ഒഴിവാക്കി നമുക്ക്‌ ജീവിതം മുന്നോട്ട്‌ കൊണ്ടുപോകാൻ കഴിയു. ദാരിദ്ര്യത്തേക്കാൾ മലയാളികുടുംബങ്ങളെ വീഴ്ത്തുന്നത്‌ പൊങ്ങച്ചമെന്ന ഈഗൊ ആണു. കഴിഞ്ഞ പതീറ്റാണ്ട്‌ മലയാളി വാങ്ങിക്കൂട്ടിയ മാനസിക മാലിന്യങ്ങൾ ഇപ്പോൾ ഇരുകൈകളിലും സോപ്പിട്ടു നന്നായി കഴുകി കളയാൻ അവസരമുണ്ടായിട്ടുണ്ട്‌. കമ്യൂണിറ്റി അടുക്കളകൾ മനുഷ്യനന്മയുടെ ഉറവകൾ വറ്റുന്നില്ല എന്നു നമ്മളിൽ ആനന്ദമാവുന്നുണ്ട്‌. ഇപ്പോൾ വീട്ടിലിരിക്കുന്ന ഓരോ വ്യക്തിയും മനസ്സിലാക്കിയ കാര്യങ്ങളൊക്കെ എടുത്തങ്ങു പ്രയോഗിക്കുക. “അത്യാവശ്യം ആവശ്യം അനാവശ്യ്ം” എന്ന തിയറി നമ്മളിപ്പോൾ പ്രാക്റ്റികലായി പഠിച്ചു കഴിഞ്ഞു. മതാചാരങ്ങളും ആഘോഷങ്ങളും ഇല്ലാതെ ജീവിക്കാൻ നമുക്ക്‌ കഴിയുമെന്നു തിരിച്ചറിഞ്ഞു. വിവാഹമാമാങ്കങ്ങളിൽ നിന്ന് വെറും ചടങ്ങ്‌ ആയി നടത്താൻ വരെ നമ്മൾ പഠിച്ചു. ഇനി ഒരിക്കലും ആ തെറ്റുകളിലേയ്ക്ക്‌ മടങ്ങിപ്പോകാതിരികാൻ ശ്രമിക്കണം.
ആർഭാടങ്ങളെക്കാൾ, പൊങ്ങച്ചങ്ങളേക്കാൾ നമുക്ക്‌ ആരോഗ്യമുള്ള, കെട്ടുറപ്പുള്ള ഒരു സമൂഹമാണു ആവശ്യം. രാഷ്ട്രീയമായ വിഭിന്നതയിൽ ചിറ്റമ്മ നയം കാണിക്കുന്ന കേന്ദ്ര സർക്കാരും അതിരു മണ്ണിട്ടടയ്ക്കുന്ന അയൽ സംസ്ഥാനവും സാമൂഹ്യവിപത്തുകളിൽ കേരളത്തിന്റെ ഒറ്റപ്പെടലിന്റെ വ്യാപ്തി പറഞ്ഞു തരുന്നു. ഗൾഫ്‌ മേഖല മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ തന്നെ പല ചെറുകിട-വൻകിട വ്യവസായികളായ മലയാളികൾ പൊട്ടി. തൊഴിൽചെയ്യുന്ന വലിയൊരു ശതമാനവും ജോലി നഷ്ടപ്പെടുന്നു. അതുകൊണ്ട്‌ തന്നെ ഇനിയങ്ങോട്ട്‌ നടക്കാൻ PPP അഥവാ പൊതു- സ്വകാര്യ സഹകരണങ്ങളുടെ ഒന്നിച്ചുള്ള പദ്ധതികൾ വലിയ തോതിൽ ആസൂത്രണം ചെയ്യേണ്ടി വരും. തിരിച്ചു വരുന്ന പ്രവാസികളും അവിടെ തന്നെയുള്ളവരും കേരളത്തെ ഭക്ഷ്യ ഉത്പാദന പദ്ധതികളിൽ പങ്കാളികളാവണം. നമുക്ക്‌ ആവശ്യമായ അരിയും പച്ചക്കറികളും പാലും പാലുൽപ്പന്നങ്ങളും കേരളത്തിൽ തന്നെ ലഭ്യമാക്കുന്ന ബൃഹത്തായ ഒരു സമൂഹിക ഉത്പാദന വിതരണ വ്യവസ്ഥ. കൃഷി , പശു, നാട്ടുവൈദ്യം , ആയുവേദം, ആരോഗ്യശീലങ്ങൾ എന്നിവയൊക്കെ ഉൾക്കൊള്ളിച്ച്‌ ഈ അടച്ചിരിപ്പ്‌ കാലം ആസൂത്രണങ്ങൾക്ക്‌ ക്രിയാത്മകമായി ഉപയോഗപെടുത്തുക. പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ ‘സ്വയം പര്യാപ്തത’ പദ്ധതികൾ പ്ലാൻ ചെയ്യു. പിന്നീടത്‌ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുകയും ചെയ്താൽ തിരിച്ചുപിടിക്കാം നമുക്ക്‌ ആ എല്ലാരുമൊന്നെന്ന മാവേലി നാട്‌.

നമുക്ക്‌ ഗ്രാമങ്ങളിൽ നിന്നു ആരംഭിക്കാം

നമുക്ക്‌ പ്രകൃതിയിലേയ്ക്ക്‌ വളരാം

Advertisements