ഈ പെൺകുട്ടിയിൽ എങ്ങനെ എപ്പോൾ ഇത്തരമൊരു സ്വഭാവ പരിണാമം സംഭവിച്ചു എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ?

Sudha Radhika

കാമുകനൊപ്പം പോകാൻ കുഞ്ഞിനെ എറിഞ്ഞു കൊന്നു എന്നൊക്കെ ഉപരിപ്ലവമായി ഇത്തരം കേസുകളെ അനലൈസ്‌ ചെയ്യുന്ന, വിചാരണ നടത്തുന്ന , വിധിക്കുന്ന സമൂഹം, ഈവക കേസുകളിൽ നേരിട്ട്‌ പങ്കില്ലെന്ന മാപ്പുസാക്ഷിയാണു. മകളെ തൂക്കിക്കൊല്ലണമെന്നും അവളെയിനി വേണ്ടെന്നുമൊക്കെ ബഹളം വയ്ക്കുന്ന മാതാപിതാക്കൾ എന്തു ദുരന്തമാണു. വിവാഹിതയായി കുഞ്ഞുണ്ടായി ആ കുഞ്ഞിനെ കല്ലിലെറിഞ്ഞു കൊല്ലുമെന്നു സ്വപ്നം കണ്ടു വളർന്ന ഒരാളല്ല ആ അമ്മയും.

ആ പെൺകുട്ടിയിൽ എങ്ങനെ എപ്പോൾ ഇത്തരമൊരു സ്വഭാവ പരിണാമം സംഭവിച്ചു എന്ന് അന്വേഷിച്ചിറങ്ങിയാൽ എത്ര ആഴത്തിൽ ചിന്തിക്കയും എത്ര വ്യാപകമായി കറക്ഷൻസ്‌ കണ്ടെത്തേണ്ടതുണ്ട്‌ എന്നു മനസ്സിലാവും. പരിഹാരമാണു ഉദ്ദേശമെങ്കിൽ, സംഭവങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സാമൂഹിക സാഹചര്യങ്ങളും മനശാസ്ത്ര തലങ്ങളുമൊക്കെ കണക്കാക്കിയെ ഈ വിഷയത്തെ അഡ്രസ്‌ ചെയ്യാൻ പാടുള്ളു. അസാധാരണമായ ഇത്തരം കൃത്യങ്ങളിൽ, ലൈംഗികതയും സദാചാരവും നിയമങ്ങളും സമൂഹവും ഒക്കെ കൂട്ടുത്തരവാദികളാണു. കുടുംബങ്ങൾ, വൃദ്ധരും കുഞ്ഞുങ്ങളും സംരക്ഷിക്കപ്പെടുന്ന, പരിപാലിക്കപ്പെടുന്ന സാമൂഹിക സെല്ലുകൾ ആയി ഇനിയുള്ള കാലം ആരോഗ്യകരമായി നിലനിൽക്കണമെങ്കിൽ, വിവാഹമെന്ന പ്രാകൃതമായ ആചാരത്തിൽ, ഭാര്യാഭർത്തൃബന്ധത്തിൽ ലൈംഗികതയെ കെട്ടിയിടരുത്‌.

അത്‌ പരസ്പരം ആകർഷണം തോന്നുന്ന ഇണകൾക്ക്‌ വിട്ടുകൊടുത്തുകൊണ്ട്‌ കുടുംബത്തെ അതിന്റെ സദാചാര/ നൈതിക നൂലാമാലകളിൽ നിന്നു മുക്തമാക്കേണ്ടതുണ്ട്‌. കൂട്ടുകുടുംബ സമ്പ്രദായങ്ങൾ നിലനിന്നിരുന്ന കാലത്ത്‌ കുഞ്ഞുങ്ങൾ എല്ലാരും ഒന്നിച്ച്‌ “നല്ലമ്മ” എന്നൊക്കെ വിളിപ്പേരുള്ള പ്രസവിച്ചതല്ലാത്ത അമ്മയുടെ ശ്രദ്ധയിൽ ആയിരിക്കും. കുഞ്ഞുങ്ങളെയും പ്രായമായവരെയും ശുശ്രൂഷിക്കാൻ മനസ്സലിവുള്ള ജീൻ ഉള്ളവർ അത്‌ ഏറ്റെടുക്കും. കായികശേഷിയുള്ളവർ ആ വഴിക്ക്‌.

വച്ചുവിളമ്പാൻ കുതുകികൾ തെക്കിനി കീഴടക്കുക. അലസരായ സ്വപ്ന ജീവികൾ മച്ചിലും മാളികപ്പുറത്തും പാതി ഇരുട്ടിൽ സ്വപ്നം കണ്ടിരിക്കട്ടെ. ഇഷ്ടാനിഷ്ടങ്ങളിൽ എന്നപോൽ, മനുഷ്യന്റെ ആവാസങ്ങൾ സാമൂഹികമായ പ്രാഥമിക കൂട്ടങ്ങൾ പുനർനിർണ്ണയിക്കയില്ലെങ്കിൽ തീ പിടിച്ച വാലുമായി നരനോടിക്കൊണ്ടിരിക്കും . അസ്വസ്ഥനും അക്രമിയുമായി അവനവനെയും മറ്റുള്ളവരെയും നിഗ്രഹിച്ചുകൊണ്ട്‌.