Sudhakaran Kunhikochi‎ എഴുതുന്നു 

ടൈറ്റാനിക്കിനെ മുക്കിയ മമ്മി.

രണ്ടാം ലോകമഹായുദ്ധവും തൂത് അംഖ് അമൂനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? പൗരാണികകാലത്തെ ഈജിപ്തിലെ ഫറവോയായിരുന്ന തൂതിന്റെ ശവപേടകവും നിധിശേഖരവും കണ്ടെടുക്കപ്പെട്ടത് 1922-ലാണ്. നിധിശേഖരത്തിലുണ്ടായിരുന്ന കുഴൽ 1939-ൽ ആദ്യമായി വിളിച്ചതാണ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ കാരണമെന്ന് പറഞ്ഞാൽ നിങ്ങൾ എത്ര പേർ വിശ്വസിക്കും? രണ്ടാമതൊരിക്കൽ വിളിച്ചപ്പോൾ അതിന്റെ ദുരന്തം ഏറ്റു വാങ്ങേണ്ടി വന്നത് ഈജിപ്ത് തന്നെയായിരുന്നു. 2011-ൽ തൂതിന്റെ കുഴൽ വിളിച്ച് ഏതാനും ആഴ്ചകൾക്കകം രക്തരൂക്ഷിതമായ വിപ്ലവം ഈജിപ്തിൽ പൊട്ടിപ്പുറപ്പെട്ടു. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ലോകത്തെ നടുക്കിയ മറ്റൊരു ദുരന്തകഥ പറയാനാണ് പോകുന്നത്. ഈ കഥ പറയാൻ എന്നോടപ്പം മലയാളത്തിന്റെ പ്രിയ സഞ്ചാരസാഹിത്യകാരനും നമ്മുടെ സ്വകാര്യ അഹങ്കാരവുമായ മഹാനായ എസ്. കെ പൊറ്റെക്കാട്ട് സാറും ഉണ്ട്.

Sudhakaran Kunhikochi
Sudhakaran Kunhikochi

ഈ കഥ ആരംഭിക്കുന്നത് ബ്രിട്ടനിൽ നിന്നുള്ള സമ്പന്നരായ നാല് യുവാക്കൾ ഉല്ലാസത്തിനും ലോകമഹാത്ഭുതങ്ങൾ നിറഞ്ഞ ഈജിപ്തിന്റെ മഹാനിർമ്മിതികൾ ദർശിക്കുന്നതിനും വേണ്ടി ഈജിപ്തിൽ എത്തിയതോട് കൂടിയാണ്. ഈജിപ്തിൽ കൂടിയുള്ള ആ സന്തോഷകരമായ യാത്രയിൽ നൈൽനദിയിലൂടെ ഒരു ബോട്ടിൽ അവർ ലെക്സറിൽ എത്തിച്ചേർന്നു. അവരവിടെ അമോൻ-റ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ട് നടക്കുമ്പോൾ ഒരു അറബി അവരെ സമീപിക്കുകയും തനിക്ക് ഒരു മമ്മിപേടകം കിട്ടിയിട്ടുണ്ടെന്നും നല്ല വില കിട്ടിയാൽ അത് വിൽക്കാൻ ഒരുക്കമാണെന്നും അവരെ അറിയിച്ചു.

യുവാക്കളായ നാലുപേരും ആ കൗതുക വസ്തു ഒറ്റയ്ക്ക് കിട്ടണമെന്ന് മോഹിക്കുകയും വാശി പിടിക്കുകയും ചെയ്തു. അവസാനം അവരതിനൊരു വഴി കണ്ടെത്തി. നറുക്കിട്ടെടുക്കുക. നറുക്ക് വീണ യുവാവ് അറബി പറഞ്ഞ വില കൊടുത്ത് ആ മമ്മിപേടകം സ്വന്തമാക്കി. സന്തോഷത്താൽ മതിമറന്ന അയാൾ നദിയിൽ നങ്കുരമിട്ടു നിർത്തിയ തങ്ങളുടെ ബോട്ടിൽ ആ മമ്മിയെ സുരക്ഷിതമായി വെച്ചതിന് ശേഷം, ഏതാനും സമയം കഴിഞ്ഞ് അയാൾ ബോട്ടിൽ നിന്ന് കരയ്ക്കിറങ്ങി അറ്റമില്ലാതെ പരന്നുകിടക്കുന്ന മരുഭൂമിയിലേക്ക് ഒറ്റ നടത്താമായിരുന്നു. അയാൾ പിന്നീടൊരിക്കലും തിരിച്ചു വന്നില്ല.

യുവാക്കളിൽ രണ്ടാമൻ മഹത്തായ ആ മമ്മി പേടകത്തെ തന്റെ ക്യാബിനിലേക്ക് മാറ്റി. ഒരു മണിക്കൂർ കഴിഞ്ഞു കാണും. അയാളുടെ ക്യാബിനിൽ നിന്നും ഉച്ചത്തിലുള്ള ഒരു വെടിശബ്ദം കേട്ടു. കപ്പൽ ജോലിക്കാരനിൽ ഒരാൾക്ക് ഭ്രാന്തിളകുകയും വെള്ളക്കാരനായ യുവാവിന്റെ നേർക്ക് വെടിയുതിർക്കുകയായിരുന്നു. യുവാവിന്റെ വലതുകൈക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് ആ കൈ ഛേദിച്ചു കളയുകയും ചെയ്തു. ശവപ്പെട്ടി മൂന്നാമത്തെ ചങ്ങാതി ഏറ്റെടുത്തു. ആ യാത്രാസംഘം കയ്‌റോയിൽ മടങ്ങിയെത്തിയപ്പോൾ അയാളുടെ പേരിൽ ഇംഗ്ലണ്ടിൽ നിന്നും ഒരു കമ്പി സന്ദേശം വന്നുചേർന്നു. അയാളുടെ സമ്പാദ്യം മുഴുവൻ നിക്ഷേപിച്ചിരുന്ന ലണ്ടനിലെ ബാറിങ് ആൻഡ് കമ്പനി ബാങ്ക് പൊളിഞ്ഞു എന്ന വാർത്തയായിരുന്നു അതിലുണ്ടായിരുന്നത്. നാലാമത്തെ യുവാവിന്റെയും ജീവിതവും ദയനീയമായിരുന്നു. ഒരു ഹോട്ടലിന് മുൻപിൽ തീപ്പെട്ടിയും വില്പനയ്ക്ക് വെച്ച് യാചകന്റെ നിലയിൽ കുത്തിയിരിക്കുന്ന അയാളെ പലരും കണ്ടതായി പറയാറുണ്ട്.

No photo description available.പിന്നിടാണ് ആ മമ്മി പേടകം വിക്ടോറിയ മഹാറാണിയുടെ കാലത്ത് ലണ്ടനിൽ കപ്പലിറങ്ങിയത്. എവിടെയെല്ലാമോ ചുറ്റിത്തിരിഞ്ഞതിന് ശേഷം സ്ത്രത്താമിലെ ഒരു ധനിക വിധവയുടെ വീട്ടിൽ ആ മമ്മിയെത്തിച്ചേർന്നു. ആയിടെയ്ക്കാണ് റഷ്യക്കാരിയായ മാഡം ബ്ലവാട്ട്സ്കി തന്റെ പുതിയ തിയോസഫിമതവുമായി ലണ്ടനിലെത്തിച്ചേർന്നത്. സ്ട്രാതാമിലെ ധനിക വിധവ ഒരു ദിവസം തന്റെ കൂടെ താമസിക്കുന്നതിന് വേണ്ടി മാഡം ബ്ലാവട്സ്കിയെ വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചു കൊട്ടാരസദൃശ്യമായ ഗൃഹത്തിലെത്തിലേക്ക് കാലെടുത്തു വെച്ച ബ്ലവാട്‌സ്‌കിക്ക് ആകപ്പാടെ അകാരണമായ അസ്വസ്ഥത അനുഭവപ്പെട്ടു. അപസ്മാരബാധയേറ്റതു പോലെ ഞെട്ടലും വിറയലും. അവർക്ക് അവിടെ നിന്ന് എത്രയും പെട്ടന്ന് പുറത്ത് കടക്കണമെന്ന് തോന്നി. ബ്ലവാട്‌സ്‌കിയുടെ അസ്വസ്ഥത മനസിലാക്കിയ ആതിഥേയ നിർബന്ധം പിടിച്ചപ്പോൾ അവർ കാര്യം തുറന്ന് പറഞ്ഞു.

‘ഈ വീട്ടിൽ എന്തോ പ്രേതബാധയുള്ളതു പോലെ തോന്നുന്നു. ‘ ഇത് കേട്ട വിധവയായ ആ സ്ത്രീ ചിരിച്ചുകൊണ്ട് തമാശരൂപേണ ഇത്രയും പറഞ്ഞു., ‘എങ്കിൽ നിങ്ങൾ തന്നെ ഇവിടെയെല്ലാം പരിശോദിച്ചു ആ പ്രേതത്തെ പിടിച്ചു തരാൻ ആവശ്യപ്പെട്ടു. ബ്ലവാട്‌സ്‌കി സമ്മതിച്ചു. ഇരുവരും വീട് മുഴുവൻ ഏറെനേരമെടുത്ത പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ബ്ലവാട്‌സ്‌കി തട്ടിൻപ്പുറത്തെ കോവണിയുടെ അരികിലെത്തിയപ്പോൾ അവിടെ നിന്നുകൊണ്ട് ‘ഇതിനടുത്തെവിടെയോ ഉണ്ടെന്നും അത് തന്നെ അസ്വസ്ഥപ്പെടുത്തുകയാണെന്നും’ അവർ പറഞ്ഞു. ഇരുണ്ട അറ മുഴുവൻ വളരെ നേരം പരതിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അന്വേഷണം മതിയാക്കി തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് ഒരു മൂലയിൽ ആരാലും ശ്രദ്ധിക്കപ്പെടാത്ത നിലയിൽ ഒതുക്കിയിട്ടിരുന്ന ഒരലമാര ബ്ലവാഡ്സ്കിയുടെ കണ്ണിൽ പെട്ടത്. അത് തുറന്നപ്പോൾ അതാ കിടക്കുന്നു ഒരു മമ്മിപേടകം !

ബ്ലവാട്‌സ്‌കി പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല. ‘ഇത് ഇവിടെ നിന്ന് എത്രയും വേഗം പുറത്ത് കളയുന്നുവോ, അത്രയും നിങ്ങൾക്ക് നന്ന് ‘ എന്ന് ആതിഥെയെ ഓർമ്മപ്പെടുത്തി അവർ അവിടെ നിന്നിറങ്ങിപ്പോയി. ധനികയായ ആ വിധവയാകട്ടെ വളരെ പെട്ടന്ന് തന്നെ മമ്മിയുൾപ്പെടുന്ന ഒരു പേടകം ബ്രിട്ടീഷ് മ്യുസിയത്തിലേക്ക് സംഭാവന ചെയ്യാൻ ഉണ്ടെന്ന് മ്യുസിയത്തിലെ ഈജിപ്ഷ്യൻ മമ്മി വിഭാഗത്തിന്റെ തലവനായ ഡോക്ടർ ബഡ്ജിനെ അറിയിച്ചു.

സൗജന്യമായി നൽകപ്പെട്ട ആ മമ്മി പേടകം വളരെ പെട്ടന്ന് തന്നെ ബ്രിട്ടീഷ് മ്യുസിയത്തിലേക്ക് നീക്കം ചെയ്യപ്പെട്ടു. രണ്ട് പോർട്ടർമാർ ആ പേടകവും താങ്ങി മ്യുസിയത്തിന്റ മുകളിലേക്ക് കോവണി കയറുകയായിരുന്നു. മുകളിലെത്തുന്നതിന് മുൻപേ തന്നെ പടിതടഞ്ഞു വീണ് അവരിലൊരുത്തന്റെ കാലൊടിഞ്ഞു. മറ്റേ പോർട്ടരെ പിറ്റേന്ന് കാരണമൊന്നും കൂടാതെ വീട്ടിൽ വെച്ച് മരിച്ചുകിടക്കുന്നതാണ് കണ്ടത്. കുറച്ച് ദിവസങ്ങൾക്കകം തന്നെ പേടകത്തിലെ പ്രേതം മ്യുസിയത്തിലെ മുറികളിൽ കൂടി സവാരി തുടങ്ങി. മ്യുസിയത്തിലെ കാവൽക്കാരനെ ഭയപ്പെടുത്തുകയും കാഴ്ചബംഗ്ലാവിലെ പ്രദർശന വസ്തുക്കൾ മറിച്ചിടുകയും പതിവായി. കൂടാതെ ആ പേടകത്തിനകത്തു നിന്ന് തട്ടലും മുട്ടലും ചിലപ്പോൾ തേങ്ങിക്കരച്ചിലും കേട്ടു തുടങ്ങി.

ഈജിപ്ഷ്യൻ മമ്മിയുടെ വിക്രിയകൾ പതിവായതോടെ മ്യുസിയം ഡയരക്ടർ ബഡ്ജിന് പരാതിയും വന്നു തുടങ്ങി. ബഡ്ജിന്റെ അന്വേഷണത്തിൽ 3500 വർഷങ്ങൾക്ക് മുൻപ്‌ അമോൻ-റാ പുരോഹിത മഠത്തിലെ അന്തേവാസിയായിരുന്ന ഒരു കന്യകയുടെ മമ്മിയായിരുന്നു പേടകത്തിനകത്തു ഇരിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു. അദ്ദേഹം സഹതാപപൂർവ്വം ചിന്തിച്ചു: 3500 കൊല്ലം മുൻപുള്ള ഒരു മാന്യമഹിളയാണ് പേടകത്തിനകത്ത് ഇരിക്കുന്നത്. അവർക്ക് ഈ പുതിയ വീട്ടിനകത്ത് മാന്യമായൊരു സ്ഥാനം കിട്ടാത്തതിലുള്ള പ്രതിഷേധമായിരിക്കാം പ്രകടിപ്പിക്കുന്നതെന്ന് ബഡ്ജിന് തോന്നി. പ്രതിവിധിയായി ആ മമ്മി പേടകം ഒരു പ്രത്യേക മുറിയിലേക്ക് മാറ്റുകയും പേടകം സന്ദർശിക്കുന്നതിന് വളരെ വലിപ്പത്തിൽ ഒരു പ്രത്യേക ടിക്കറ്റും ഏർപ്പെടുത്തി. അത്ഭുതമെന്നെ പറയേണ്ടു ആ കന്യകപ്രേതം ഒന്നടങ്ങി.

ഒരു ദിവസം ഒരു ഫോട്ടോഗ്രാഫർ ആ പേടകത്തിന്റെ ഫോട്ടോ എടുത്തുകൊണ്ടു പോയി. വീട്ടിലെത്തി ഫിലിം കഴുകി പ്രിന്റെടുത്തപ്പോൾ അയാൾ ഞെട്ടിപ്പോയി. ഒരാധുനിക പരിഷ്കാരി പെൺകുട്ടിയുടെ മുഖമാണ് കാണാൻ കഴിഞ്ഞത്. വിറളി വെളുത്ത, പ്രേതബാധയേറ്റു വിറച്ച മുഖവുമായി പിറ്റേന്ന് മ്യുസിയത്തിലെത്തിയ ഫോട്ടോഗ്രാഫർ വിവരമെല്ലാം ബഡ്ജിനെ ധരിപ്പിച്ചു. പിന്നീട് വീട്ടിലേക്ക് പോയ അയാൾ തന്റെ മുറിയിൽ കടന്ന് വാതിലടച്ചു തോക്കെടുത്തു സ്വയം വെടിവെച്ചു മരിച്ചു.

മ്യുസിയം ജോലിക്കാർക്കൊക്കെ അവളെ ഭയമായിരുന്നു. അവളുടെ നേർക്ക് പൊടി തട്ടിക്കുടഞ്ഞു അവജ്ജയോടെ നോക്കിയ ഒരു പരിചാരകന്റെ കുട്ടി, അടുത്ത ദിവസം അകാരണമായി മരിച്ചു. അങ്ങനെ പക വെച്ച് അവൾ പലരെയും വധിച്ചു തുടങ്ങിയപ്പോൾ ഡോക്ടർ ബഡ്‌ജ്‌ ആ പേടകം മ്യുസിയത്തിന്റ നിലവറയിൽ നിക്ഷേപിച്ചു. പേടകം നിലവറയിലേക്ക് ചുമന്നുകൊണ്ട് പോയവരിലൊരാൾ കാലുളുക്കി കിടപ്പായി. മറ്റൊരാൾ മ്യുസിയത്തിലെ ഒരു മേശപ്പുറത്ത് തല വെച്ച് മരിച്ചു കിടക്കുന്ന നിലയിലാണ് പിന്നീട് കണ്ടെത്തിയത്.

1912-ൽ ബ്രിട്ടീഷ് മ്യുസിയത്തിൽ നിന്നും ആ പേടകം ഒരു അമേരിക്കൻ ഈജിപ്റ്റോളജിസ്റ്റ് വില കൊടുത്തു വാങ്ങി. ആ മമ്മിയും അതിന്റെ പുതിയ ഉടമസ്ഥനായ അമേരിക്കക്കാരനും ഒരിക്കലും അമേരിക്കയിൽ എത്തിയില്ല. ആ മമ്മി പേടകവും വഹിച്ചുള്ള യാത്ര ലോകം കണ്ട ഏറ്റവും വലിയ ദുരന്തത്തിലാണ് അവസാനിച്ചത്. 1912 ഏപ്രിൽ 10- ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്നാണ് ലോകത്തെ മുഴുവൻ വെല്ലുവിളിച്ചു കൊണ്ട് അന്നുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ ആഡംബരകപ്പലായ “ടൈറ്റാനിക് ” തന്റെ കന്നിയാത്ര ആരംഭിച്ചത്. നിഭാഗ്യവശാൽ ആ കപ്പലിൽ തന്നെയായിരുന്നു അമേരിക്കക്കാരൻ നമ്മുടെ കഥാനായികയായ മമ്മിയുമായി യാത്ര ആരംഭിച്ചതും. യാത്രാമധ്യേ ഒരു തണുത്ത രാത്രിയിൽ അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് ഒരു കൂറ്റൻ മഞ്ഞുകട്ടയുമായി കൂട്ടിമുട്ടി ടൈറ്റാനിക് കപ്പൽ മുങ്ങുകയും യാത്രക്കാരിൽ 1500-ലധികം പേർ മരണപ്പെടുകയും ചെയ്തു.

അങ്ങനെ ഇംഗ്ലണ്ടിൽ ഭീതിയും ദുരന്തവും വിതച്ച മമ്മി പേടകവും, പേടകത്തിലെ പുരോഹിത കന്യകയും അറ്റ്ലാന്റിക് മഹാസമുദ്രത്തിലെ അടിത്തട്ടിൽ, നമ്മുടെ പ്രിയപ്പെട്ട റോസിനെ തനിച്ചാക്കി മരണത്തിന്റെ അഗാധഗർത്തങ്ങളിലേക്ക് പോയ ‘ജാക്കി’നോടപ്പം അടുത്ത യാത്രയ്ക്ക് മുൻപായി ഇപ്പോഴും വിശ്രമം കൊള്ളുന്നു…..

by sudhakaran kunhikochi.

(നബി: ഇതിലെ കഥയും കഥാപാത്രങ്ങളും ജീവിച്ചിരുന്നവരോ മരിച്ചിരുന്നവരോ ആരുമായെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദർശ്ചികം മാത്രമാണ്.എസ്. കെ പെറ്റെക്കാടിന്റെ ക്ലിയോപാട്രയുടെ നാട്ടിൽ നിന്നും കടപ്പാടോട് കൂടി എഴുതിയത്. )

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.