Featured
നാസയുടെ ചൊവ്വാ ദൗത്യത്തിൽ ഒരു ഇന്ത്യൻ വിജയഗാഥ
‘ടച്ച് ഡൗൺ സ്ഥിരീകരിച്ചു, (Touch down confirmed ) പെർസിവിയറൻസ് ചൊവ്വയുടെ ഉപരിതലത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തിരിക്കുന്നു’.
192 total views, 1 views today

നാസയുടെ ചൊവ്വാ ദൗത്യത്തിൽ ഒരു ഇന്ത്യൻ വിജയഗാഥ
‘ടച്ച് ഡൗൺ സ്ഥിരീകരിച്ചു, (Touch down confirmed ) പെർസിവിയറൻസ് ചൊവ്വയുടെ ഉപരിതലത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തിരിക്കുന്നു’.
വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 2.28- ന് കാലിഫോർണിയയിലെ നാസയുടെ ആസ്ഥാനത്ത് നിന്ന് ശാന്തവും എന്നാൽ ആവേശത്തോടെയുള്ള ഈ വാക്കുകൾ ആകാംക്ഷയുടെ മുൾമുനയിലായിരുന്ന ശാസ്ത്രലോകം ആശ്വാസത്തോടെയാണ് കേട്ടത്.
നാസയുടെ ചൊവ്വാ ദൗത്യത്തിന്റെ പ്രൊജക്റ്റ് ലീഡർ കൂടിയായിരുന്നു ഡോ സ്വാതി മോഹൻ. ‘ആറ്റിറ്റ്യൂഡ് കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ’ എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്സിവീയറൻസിനെ ചൊവ്വയിൽ കൃത്യ സ്ഥലത്ത് ഇറക്കുന്നതിൽ നിർണായകമായത്. ഇതു വികസിപ്പിച്ചെടുത്ത സംഘത്തിനു നേതൃത്വം കൊടുത്തത് ഡോ. സ്വാതി മോഹനായിരുന്നു.
കർണാടകയിൽ നിന്നുള്ള സ്വാതിയുടെ കുടുംബം, അവൾക്ക് ഒരു വയസ്സുള്ളപ്പോഴാണ് അമേരിക്കയിലേക്ക് ചേക്കേറിയത്. നോർത്തേൻ വെർജിനിയയിലും വാഷിങ്ടൺ ഡി സി എന്നിവിടങ്ങളിലായിരുന്നു കുട്ടിക്കാലം.
മെക്കാനിക്കൽ ആൻഡ് എയ്റോസ്പേസ് എൻജീനീയറിങ്ങിൽ കോർണർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ സ്വാതി മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എയ്റോനോട്ടിക്സിൽ എംഎസും പിഎച്ച്ഡിയും പൂർത്തിയാക്കി.16 വയസ്സ് വരെ ശിശുരോഗ വിദഗ്ധയാകാനാണ് സ്വാതി ആഗ്രഹിച്ചിരുന്നത്. എന്നാൽ അവളുടെ ആദ്യത്തെ ഭൗതികശാസ്ത്ര ക്ലാസ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബഹിരാകാശ പര്യവേഷണത്തോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ‘എൻജിനീയറാകാൻ തീരുമാനിച്ചു. അതോടപ്പം ഒൻപതാം വയസിൽ കണ്ട സ്റ്റാർ ട്രെക്ക് സയൻസ് ഫിക്ഷൻ മൂവി സീരിസ് തന്നെ സ്വാധീനിച്ചിരുന്നതായും അവർ വെളിപ്പെടുത്തിയിരുന്നു.
കാലിഫോർണിയയിലെ പസഡെനയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ പെർസെവെറൻസ് റോവർ മിഷന്റെ തുടക്കം മുതൽ അംഗമായിരുന്നു സ്വാതി. നാസയിലെത്തി ഏഴ് വർഷം മുൻപാണ് ചൊവ്വാദൗത്യ പദ്ധതിയുടെ ഭാഗമാകുന്നത്. നിലവിൽ പെർസിവിയറൻസ് പദ്ധതിയുടെ ഗൈഡൻസ്, കൺട്രോൾ ഒപ്പറേഷൻസ് വിഭാഗം മേധാവി കൂടിയാണ്. കാസിനി ( ശനിയിലേക്കുള്ള ദൗത്യം ), ഗ്രെയ്ൽ ( ചന്ദ്രനിലേക്കുള്ള ബഹിരാകാശ വാഹനം ) തുടങ്ങി നിരവധി നാസ ദൗത്യങ്ങളിലും പങ്കെടുത്ത ഗവേഷകയാണ് സ്വാതി മോഹൻ.
അനന്തമായ ആകാശത്തിന്റെ നിത്യതയിലേക്ക് ഒരഗ്നി നക്ഷത്രമായി കത്തിപടർന്ന് ജ്വാലിക്കുന്ന ഓർമ്മയായി മാറിയ കല്പ്പന ചൗളയും അതിരില്ലാത്ത ബഹിരാകാശ മോഹങ്ങൾ ഇന്ത്യക്കാർക്ക് പകർന്നു നൽകിയ സുനിത വില്യംസും ഭാരതത്തിന്റെ യശസ്സ് വാനോളമുയത്തിയവരായിരുന്നു. അവരുടെ കൂടെ ഒരു പേര് കൂടി നമുക്ക് എഴുതി ചേർക്കാം ഡോ സ്വാതി മോഹൻ എന്ന്.
193 total views, 2 views today