Share The Article

Sudhakaran Kunhikochi എഴുതുന്നു 

അനൂബിസ്‌ : മരണത്തിന്റെ ദേവൻ

പ്രാചീന ഭാരതത്തിലെന്ന പോലെ മരണാന്തര ജീവിതത്തിൽ വിശ്വസിച്ചവരായിരുന്നു ഈജിപ്തുകാർ. ജീവിച്ചിരിക്കുമ്പോൾ മാത്രമേ ദേവന്മാരെയും ദേവിമാരെയും മനുഷ്യൻ ദേവപ്രീതിക്കായി അനുനയിപ്പിക്കേണ്ടിയിരുന്നുള്ളു. മരണത്തോടെ ദേവകൾ മനുഷ്യരുടെ ഉദാരമതികളായ സംരക്ഷകരായി

Sudhakaran Kunhikochi

മാറുന്നു എന്നാണ് കരുതപ്പെട്ടിരുന്നത്. ഓരോ മനുഷ്യരുടെയും മരണശേഷമുള്ള അവസ്ഥാന്തരത്തെ കാത്തുസൂക്ഷിച്ചിരുന്നത് പ്രധാനമായും രണ്ട് ദേവതകളായിരുന്നു. അനുബിസും ഒസിറിയസും. അനൂബിസ് ഒരു ഗ്രീക്ക് നാമമാണ്. പ്രാചീന ഈജിപ്തിലെ ജനങ്ങൾ ഈ ദേവനെ ‘അനുപു'(ഇൻപു ) എന്നാണ് വിളിച്ചിരിക്കാൻ സാധ്യത എന്ന് പുരാതന ഭാഷാശാസ്ത്രജ്ഞർ പറയുന്നു. മരിച്ചവർക്ക് പരലോകത്തേക്കുള്ള വഴി തുറന്ന് കൊടുക്കുന്നത് അനൂബിസ് ആണെന്ന സങ്കല്പത്തിൽ “ആത്മാക്കളുടെ മാർഗദർശി ” എന്നും വിളിക്കുന്നു. ഇവിടെ നമുക്ക് ഭാരതീയ വിശ്വാസപ്രകാരം യമധർമൻ നിർവഹിക്കുന്ന കർമ്മത്തെയും ഓർക്കാവുന്നതാണ്. പുരാതന ഈജിപ്ത് രാജവംശങ്ങളിൽ മരണാന്തര ക്രിയകൾക്ക് അനൂബിസ് മാത്രമായിരുന്നു കാർമ്മികത്വം വഹിച്ചിരുന്നത്. പിൽക്കാലത്ത് ആ സ്ഥാനം ഒസിറിയസിന് ലഭിക്കുകയാണ് ഉണ്ടായത്. പ്രാചീന കാലത്തെ ഏത് മത ഘോഷയാത്രയിലും മുൻപന്തിയിൽ തന്നെ അനൂബിയസിന് സ്ഥാനം ലഭിച്ചിരുന്നു.

പരേതാത്മാക്കളുടെയും അവരുടെ ശവകുടീരങ്ങളുടെയും സംരക്ഷകനാണ് അനൂബിസ്. മൃതദേഹങ്ങൾ രാസവസ്തുക്കളാലും വിവിധതരം സ്നേഹദ്രവ്യങ്ങളാലും സൂക്ഷിക്കുന്നതും അനൂബിസ് തന്നെയാണ്. അത് കൊണ്ട് അനൂബിസ് ” ദി എംബാമർ ” (The Embalmer ) എന്ന് അറിയപ്പെടുന്നു.

വൃകമുഖനാണ് അനൂബിസ്. പുരാതന ചുമർ ചിത്രങ്ങളിലടക്കം പകുതി ചെന്നായയും പകുതി മനുഷ്യനായും ചിത്രീകരിച്ചു കാണുന്ന ബീഭത്സരൂപിയാണ് അനൂബിസ് എന്ന് കാണാൻ കഴിയും. എന്ത് കൊണ്ടായിരിക്കാം ചെന്നായയുടെ രൂപസങ്കല്പം അനൂബിസിനെ കല്പ്പിച്ചു കൊടുത്തിട്ടുണ്ടാവുക? ഒരു നിഗമനം എന്ന നിലയിൽ നമുക്ക് ഇങ്ങനെ കാണാവുന്നതാണ്:, വേണമെങ്കിൽ ഒരു ദൈവസങ്കല്പം എങ്ങനെയാണ് ഉരുത്തിരിഞ്ഞു വരുന്നതെന്നും നമുക്ക് ഇവിടെ ദർശിക്കാം. അക്കാലത്തു അലഞ്ഞു തിരിയുന്ന ചെന്നായ്ക്കൾ ശവപ്പറമ്പുകളിൽ സാധാരണമായിരുന്നു. ചിലപ്പോൾ കഴുതപ്പുലികളും ഉണ്ടാവും. മറവ് ചെയ്യപ്പെട്ട മൃതശരീരങ്ങൾക്ക് നിരന്തര ഭീഷണിയായിരുന്നു ഈ മൃഗങ്ങൾ. തരം കിട്ടിയാൽ ശരീരങ്ങൾ മാന്തിയെടുത്തു കടിച്ചുകീറി തിന്നുന്ന നികൃഷ്ടജീവികൾ തന്നെയായിരുന്നു അവ. അപ്പോൾ പിന്നെ, തന്റെ പ്രിയപ്പെട്ടവരുടെ ജഡങ്ങളെ സംരക്ഷിക്കാൻ ഒരു ചെന്നായ് മുഖനല്ലാതെ മറ്റാർക്ക് കഴിയും. അതുകൊണ്ട് തന്നെ, ജീർണ്ണഭുക്കുകളായ ചെന്നായ്ക്കളിൽ നിന്നും സർവ്വരെയും സംരക്ഷിച്ചു കൊണ്ട് ജീവിതത്തിന്റെയും മരണത്തിന്റെയും നിഴലിൽ കഴിയുന്ന അധോലോകനാഥനായി അനൂബിസിനെ കാണാം.അവിടെ മരണനഗരിയുടെ യഥാർത്ഥ കാവൽസൂക്ഷിപ്പുകാരനായി അനൂബിസിനെ അല്ലാതെ മറ്റാരെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയും.

എണ്ണക്കറുപ്പായിരുന്നു അനൂബിസിന്റെ നിറം. അഴുകിചീയ്യുന്ന ശരീരത്തിന്റെ നിറമാണ് കറുപ്പ്. നൈൽത്തടത്തിലെ പ്രത്യുൽപാദന ശേഷിയുടെ പ്രതീകമായ എക്കൽമണ്ണിൻ്റെ നിറവും അതുതന്നെയാണ്. അതായത് അനൂബിസിന്റ കറുപ്പ്നിറം ഒരേ സമയം മരണത്തിന്റെ ജീർണതയെയും പുതുജീവന്റ പ്രതീക്ഷകളെയും അനുസ്മരിക്കുന്നു എന്നർത്ഥം. (മരണം ഒന്നിന്റെയും അവസാനമല്ലെന്ന് വിശ്വസിച്ചിരുന്ന ഈജിപ്തുകാർക്ക്, മരണാനന്തര ജീവിതത്തെ പുതുജീവനായി കണ്ടാൽ, ആ ജീവിതത്തിലേക്ക് ആനയിച്ചു കൂട്ടികൊണ്ട് പോകുന്നതും അനൂബിസ് തന്നെ ആണല്ലോ.)

പുരാണങ്ങൾ പ്രകാരം ഒസിറിയസിന്റെ ശരീരം എംബാം ചെയ്തതും മമ്മികരണം നടത്തിയതും അനൂബിസ് ആയിരുന്നത്രേ. മരണാനന്തരക്രിയകൾ ചെയ്യുമ്പോൾ, പ്രത്യേകിച്ച് എംബാം ചെയ്യുമ്പോൾ പ്രധാന പുരോഹിതൻ അനൂബിസിന്റെ മുഖാവരണം ഉപയോഗിച്ചിരുന്നത്രെ.

പുരാരേഖകളിൽ ഒസിറിയസിന്റെയും നെഫ്‌തിസ് ദേവിയുടെയും പുത്രനായും ചില സ്ഥലത്ത് ” ര ” യുടെ പുത്രനായും അനൂബിസിനെ ചിത്രികരിച്ചിരിക്കുന്നു. അനൂബിസിന്റെ ജനനത്തെക്കുറിച്ചുള്ള കഥ ഇപ്രകാരമാണ് :- ഇതിഹാസ കഥയിലെ കൃഷ്ണനെപോലെ ഒസിറിയസിന്റെ നിറവും കറുപ്പായിരുന്നു. കാർവർണനെ പോലെ തന്നെ തരുണീമണികൾ മോഹിച്ചുപോകുന്ന സൗന്ദര്യത്തിനുടമയായിരുന്നു ഒസിറിയസും. ഒസിറിയസിന്റെ പത്‌നി ഇസിസ് ദേവിയുടെ സ്വന്തം സഹോദരിയായിരുന്നു നെഫ്‌തിസ്. നെഫ്‌തിസിന്റെ ഭർത്താവ് ഉഗ്രമൂർത്തിയായ സേത് ആയിരുന്നു. സൗന്ദര്യവും മാദകത്വവും എല്ലാം ഉണ്ടായിട്ടും നെഫ്‌തിസിനെ സേത് പാടെ അവഗണിക്കുകയാണ് ഉണ്ടായത്. ഭർത്താവിന്റെ അവഗണന നെഫ്‌തിസിന് സഹിക്കാൻ കഴിയുമായിരുന്നില്ല . തന്റെ സഹോദരിയായ ഇസിസിനെയാണ് ഭർത്താവ് കാമിക്കുന്നതെന്ന് കരുതിയ നെഫ്‌തിസ് സേതിനെ പരീക്ഷിക്കാൻതന്നെ തീരുമാനിച്ചു.

നിവൃത്തികേടിന്റെയും നൈരാശ്യത്തിന്റെയും അഗാധതയിൽ പെട്ടുപോയ നെഫ്‌തിസ് മന്ത്രശക്തിയാൽ ഇസിസായി രൂപം മാറി. വശ്യമോഹിനിയായി ഇസിസിന്റെ രൂപത്തിൽ നെഫ്‌തിസ് നൃത്തം ചുവടുകൾ വെച്ചപ്പോൾ സേത് അതിലൊന്നും മയങ്ങിയില്ല എന്നതാണ് സത്യം . നിരാശയിൽ രോഷം കൊണ്ട് അവിടെ നിന്നിറങ്ങിയ നെഫ്‌തിസ് നേരെ ചെന്നത് ഒസിറിയസിന്റെ അടുത്തേക്കാണ്. രൂപാന്തരം വന്ന നെഫ്‌തിസിനെ തിരിച്ചറിയാൻ ഒസിറിയസിന് കഴിഞ്ഞില്ല. പ്രേമാർത്തയായി മുന്നിൽ വന്നു നിന്നത് തന്റെ സഹധർമ്മിണി അല്ലെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും സമയം വൈകിയിരുന്നു. സ്വയം മറന്നുപോയ ആ ദുർബലനിമിഷത്തിൽ നിന്നും ജന്മമെടുത്തതാണ് അനൂബിസ്.

പിന്നീട് ഒസിറിയസിന്റെ മരണത്തെത്തുടർന്ന് (അത് മറ്റൊരു കഥയാണ്, ആ കഥ പിന്നീടൊരിക്കൽ പറയാം ) അദ്ദേഹത്തിന്റെ പുനർജ്ജന്മ പ്രാപ്തിക്കായുള്ള ഇസിസ് ദേവിയുടെ തപസ്യയിലും അനുഷ്ടാനങ്ങളിലും നെഫ്‌തിസിനോടപ്പം അനൂബിയസും സഹായിക്കാൻ ഉണ്ടായിരുന്നു. ഒസിറിയസിന്റെ മമ്മികരണത്തിൽ അനൂബിസ് പ്രധാന കർമ്മിയായി. അങ്ങനെ ഉയർത്തെഴുനേറ്റ ഒസിറിയസ് ദേവനും അനൂബിസും ഈജിപ്തിൽ പിന്നീട് തുടർന്ന് വന്ന മരണാനന്തര സങ്കല്പങ്ങൾക്കും മമ്മികരണത്തിനും നാന്ദിയായി മാറി……by sudhakaran kunhikochi.

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.