യു എസ് – മെക്സിക്കൻ അതിർത്തിയിൽ നിന്നും അസ്വസ്ഥമാക്കുന്ന ഈ വീഡിയോ നിങ്ങൾ കണ്ടോ ?

253

Sudhakaran Kunhikochi

അതിർത്തികളിൽ മതിലുകൾ ഉയരുമ്പോൾ ചില കാഴ്ചകൾ സങ്കടകരമാണ്.

സരബ്ജിത് സിങ് അബദ്ധത്തിലാണ് 1990- ൽ അതിർത്തി കടന്ന് പാകിസ്ഥാൻ പട്ടാളക്കാരുടെ പിടിയിലായത്. പിന്നീട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സരബ്ജിത് സിങ്ങിനെ ജീവനോടെ തിരിച്ചു കൊണ്ട് വരാൻ സഹോദരി ദൽബിർ കൗർ നടത്തിയ നിയമ പോരാട്ടം സമാനതകളിലില്ലാത്തതായിരുന്നു. എന്നാൽ 23 വർഷങ്ങൾക്ക് ശേഷം 2013 മെയ്‌ മാസം സരബ്ജിത് സിങ്ങിന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാനായിരുന്നു ദൽബീർ കൗറിന്റെ വിധി. ആ നിയമ പോരാട്ടത്തിനിടയിൽ രണ്ട് രാജ്യങ്ങളെയും വേർതിരിക്കുന്ന കണ്ണെത്താത്ത ദൂരത്തോളം നീണ്ടു കിടക്കുന്ന കമ്പി കൊണ്ട് ഉയർത്തപ്പെട്ട മതിലിനെ നിസ്സഹായതയോടെ നോക്കി ദൽബിർ കൗർ നിറ കണ്ണുകളോടെ ആത്മഗതം ചെയ്തത് ഇങ്ങനെയായിരുന്നു:,” അന്ന് ഇങ്ങനെയൊരു അതിരുകൾ ഉണ്ടായിരുന്നെങ്കിൽ തന്റെ സഹോദരന് ഈയൊരു ഗതി വരില്ലയായിരുന്നു… ”

എന്ത് കൊണ്ടാണ് ചില മതിലുകൾ പ്രതീക്ഷയുടെതും മറ്റു ചിലത് നിരാശയുടെതുമായി മാറുന്നത് ?…. പറഞ്ഞു വരുന്നത് യു എസ് – മെക്സിക്കൻ അതിർത്തിയിൽ നിന്നുള്ള അസ്വസ്ഥമാക്കുന്ന ചില ദൃശ്യങ്ങളെ കുറിച്ചാണ്.ഏതാനും ദിവസങ്ങൾക്ക് മുൻപ് അർദ്ധ രാത്രിയിൽ മൂന്നും അഞ്ചും വയസ് പ്രായമുള്ള രണ്ട് ഇക്വഡോറൻ പെൺകുട്ടികളെ നാല് മീറ്റർ ഉയരമുള്ള യുഎസ് -മെക്സിക്കൻ അതിർത്തിയിലെ മതിലിന് മുകളിൽ നിന്ന് താഴേക്ക് ഉപേക്ഷിച്ചു കടന്ന് കളയുന്ന ദൃശ്യങ്ങൾ ആരെയും വേദനിപ്പിക്കുന്നതായിരുന്നു.

സ്വന്തം രാജ്യങ്ങളിൽ നേരിടേണ്ടി വരുന്ന കൊടിയ ദാരിദ്ര്യവും വർധിച്ചു വരുന്ന അക്രമവും ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കളെ ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ഇവരെ നിർബന്ധിക്കപ്പെടുന്നു. നിരവധി കുട്ടികളാണ് ഓരോ ദിവസവും ഇങ്ങനെ ആരോരുമില്ലാതെ അതിർത്തി കടത്തപ്പെടുന്നത്. കാരണങ്ങളും ന്യായികരണങ്ങളും ഉണ്ടായേക്കാം, എങ്കിലും കരളലിയിപ്പിക്കുന്നതാണ് ഇത്തരം കാഴ്ചകൾ.. ഹൃദയഭേദകമാണ്.