ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് രണ്ടാം ലോകമഹായുദ്ധത്തിലേക്ക് എത്ര ദൂരം? 

458
Sudhakaran Kunhikochi

ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് രണ്ടാം ലോകമഹായുദ്ധത്തിലേക്ക് എത്ര ദൂരം? 

മഹാഭാരതയുദ്ധത്തിന്റ അവസാനഘട്ടം, കർണന്റെ വധത്തെക്കുറിച്ചറിഞ്ഞ കുന്തി വിങ്ങിപ്പൊട്ടിയ മനസുമായി യുധിഷ്ഠിരനെ സമീപിച്ചു കൊണ്ട് കർണ്ണന് തർപ്പണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ശത്രുവിന് എന്തിനാണ് ശേഷക്രിയകൾ ചെയ്യുന്നതെന്ന് ആരാഞ്ഞ യുധിഷ്ഠിരനോട് കുന്തി ഇപ്രകാരം മൊഴിഞ്ഞു, ‘കർണൻ ജേഷ്ഠ പാണ്ഡവനാണ് ‘ ഇത് കേട്ട യുധിഷ്ഠിരനിൽ നിന്നും ഒരാർത്തനാദം കണക്കെ ഒരു വാക്യം പുറത്തേക്ക് ചാടി,

” ജയോയമജയാകാരോ/ജയസ്‌തസ്മാൽ
പരാജയ. ”

Sudhakaran Kunhikochi
Sudhakaran Kunhikochi

ഒരു കുടുംബകലഹം ഒരു മഹായുദ്ധമായി പരിണമിക്കുകയും, ആ യുദ്ധത്തിൽ ഇരുഭാഗങ്ങളിലും അണിനിരന്ന രാജ്യങ്ങൾ (മഹാജനപദങ്ങൾ ) തകരുകയും മഹായോദ്ധാക്കൾ വീരമൃത്യു വരിക്കുകയും സാധാരണക്കാരായ ജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി അസഖ്യം ജനങ്ങൾ വര്ഷങ്ങളോളം ആ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുകയും ചെയ്തു. ആ മഹാ യുദ്ധത്തിലേക്കെത്തിയ കഥയാണ് മഹാഭാരതം പറയുന്നത്. മഹാഭാരതം ഐതിഹ്യം ആയിരിക്കാം അല്ലെങ്കിൽ കഥകൾ ആയിരിക്കാം ചിലപ്പോൾ സംഭവ്യവും (മഹാഭാരതം അവകാശപ്പെടുന്നത് പോലെ അല്ലായിരിക്കാം ) ആയിരിക്കാം. ഒരു മഹായുദ്ധം മനുഷ്യവംശത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് ആ കൃതി നമുക്ക് വ്യക്തമായ ഉൾക്കാഴ്ച്ച നൽകുന്നുണ്ട്.

യുദ്ധത്തിൽ ജയിച്ചത് പാണ്ഡവരാണ്. പക്ഷേ അവർക്ക് നഷ്ടപെടുത്തേണ്ടി വന്നത് ബന്ധുജനങ്ങളെയും സ്വന്തം മക്കളെയുമാണ്. ആ വിജയത്തിൽ അവർക്കൊരിക്കലും സന്തോഷിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെയാണ് യുധിഷ്ഠിരൻ കുന്തിയോട് ‘ജയിച്ചിടത്തു തന്നെയാണ് തോറ്റു പോയതും’ എന്ന് പറഞ്ഞതും വിലപിച്ചതും. മഹാഭാരതം ജയിച്ചവന്റെ കഥ മാത്രമല്ല പരാജപ്പെട്ടവന്റെയും കഥകൂടിയാണ്.

യുദ്ധത്തിൽ ജയവും പരാജയവും എന്നത് സാങ്കേതികം മാത്രമാണ്. ഇതുവരെയുണ്ടായ എല്ലാം യുദ്ധങ്ങളും ആ ഒരു സന്ദേശം തന്നെയാണ് നൽകുന്നത്. ഓരോ യുദ്ധങ്ങൾ കഴിയുമ്പോഴും നാം ആഗ്രഹിക്കാറുണ്ട് ഈ യുദ്ധം അവസാനത്തേത് ആയിരിക്കണമെന്ന്. അങ്ങനെയൊരു ആഗ്രഹം മനുഷ്യരാശി വെച്ച് പുലർത്തിയ യുദ്ധമായിരുന്നു ഒന്നാം ലോകമഹായുദ്ധം.

ഒന്നാം ലോകമഹായുദ്ധത്തെ ആ യുദ്ധത്തിൽ പങ്കു കൊണ്ട സംഖ്യശക്തികൾ വിശേഷിപ്പിച്ചത് ‘യുദ്ധങ്ങൾക്ക് വിരാമമിടാനുള്ള യുദ്ധം’ എന്നാണ്. മുപ്പത് ലോകരാഷ്ട്രങ്ങൾ പങ്കെടുത്ത ഒന്നാം ലോകമഹായുദ്ധം അന്നോളം ലോകം കണ്ട ഏറ്റവും ഭീകരമായ യുദ്ധമായിരുന്നു. 1918 നവംബർ 11-ആം തീയതി യുദ്ധത്തിന് തിരശീല വീണപ്പോൾ ലോകം ആശ്വാസത്തോടെ നെടുവീർപ്പിട്ടു. വരാനിരിക്കുന്ന വലിയൊരൂ ദുരന്തത്തിന്റെ നീണ്ട ഇടവേളയാണെന്ന് അന്നാരും കരുതിയിരുന്നില്ല. 1939 സെപ്റ്റംബർ 1-ആം തീയതി ചരിത്രം ആവർത്തിക്കപ്പെട്ടു. ഒരു നാടകമെന്നപോലെ, കൂടുതൽ ഭയാനകമായ രീതിയിൽ, ഭീകരമായ രൂപത്തിൽ, കഥാപാത്രങ്ങൾ പലതും വ്യത്യസ്തരായെന്ന് മാത്രം ! അരങ്ങിൽ കഥാപാത്രങ്ങൾ തകർത്താടിയപ്പോൾ തോറ്റത് ജര്മനിയോ, ഇറ്റലിയോ, ജപ്പാനോ ആയിരുന്നില്ല, മനുഷ്യരാശി തന്നെയായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് കാരണക്കാരൻ ഹിറ്റ്ലർ ആയിരുന്നോ? ആ ചോദ്യത്തിനുള്ള ഉത്തരം ഒരു മറുചോദ്യമാണ്. മഹാഭാരതയുദ്ധത്തിന് കാരണക്കാരൻ ദുര്യോധനൻ മാത്രമായിരുന്നോ? മഹാഭാരതയുദ്ധത്തിന് ബീജാവാപം ചെയ്യപ്പെട്ടത് യുധിഷ്ഠിരന്റെ പട്ടാഭിഷേകത്തിന് മായാസഭയിലെത്തിയ ദുര്യോധനന് സംഭവിച്ച ജലവിഭ്രാന്തിയും, ദ്രൗപദിയിൽ നിന്ന് നേരിട്ട പരിഹാസവും അത് വഴിയുണ്ടായ അപമാനവുമാണ്. ”അപമാനം ” അത് സഹിക്കാവുന്നതിനപ്പുറമാണ് ജർമനിക്ക്. കാരണം ജർമ്മനി ദേശീയതയിലും വംശശുദ്ധിയിലും അഭിമാനം കൊണ്ടവരായിരുന്നു. അവർ ഒരിക്കലും ഭരിക്കപ്പെടാൻ ആഗ്രഹിച്ചവരായിരുന്നില്ല. ഭരിക്കാൻ വേണ്ടി ജനിച്ചവർ മാത്രമായിരുന്നു അവർ. അത് കൊണ്ട് തന്നെയല്ലേ ജർമ്മൻ ചക്രവർത്തിയായ (കൈസർ ) വില്യം രണ്ടാമൻ ലോകചക്രവർത്തിയാകാൻ 1914-ന് ദിഗ്‌വിജയത്തിന് ജർമൻ സൈന്യത്തോടപ്പം ഇറങ്ങി പുറപ്പെട്ടത്. ആ യാത്ര അദ്ദേഹത്തിന് സിംഹാസനം നഷ്ടപ്പെടുത്തുക മാത്രമല്ല ചെയ്തത് ഹോളണ്ടിലേക്ക് പലായനം ചെയ്യാനും നിർബന്ധിതമായി.

1918-ൽ ജർമ്മൻ സൈനിക ശക്തി പൂർണമായും പരാജയെപ്പെട്ടെങ്കിലും ഐതിഹാസികമായ പോരാട്ടമാണ് അവർ കാഴ്ച്ചവെച്ചത്. രണ്ട് തവണ ജർമൻ പട്ടാളം ഫ്രാൻസിന്റെ തലസ്ഥാനത്തിനടുത്തെത്തി. വിജയം ജർമനിയുടെ പക്ഷത്തായിരിക്കുമെന്ന് തോന്നിയ നിമിഷങ്ങൾ പലതുണ്ടായി. എങ്കിലും അവർ പരാജയപ്പെട്ടു. സഖ്യശക്തികളിൽ ഒന്നായ റഷ്യ പരാജയത്താലും ആഭ്യന്തര വിപ്ലവങ്ങളാലും നേരെത്തെ യുദ്ധത്തിൽ നിന്നും പിന്മാറിയിരുന്നു. സഖ്യശക്തികളുടെ ആൾബലത്തിന്റെയും, വിഭവശേഷിയുടെയും, സംയുക്ത നേതൃത്വത്തിന്റെയും പുതിയ യുദ്ധോപകരണമായ ടാങ്കുകളുടെയും മുന്നിൽ ജർമൻ സൈനികരുടെ പോരാട്ടവീര്യം നിഷ്ഫലമായി. എങ്കിലും അവരുടെ നേതാക്കളായ ഹിൻഡൻബെർഗും ലുഡൻഡോർഫും ഇതിഹാസ പുരുഷന്മാരായി തീർന്നു.

ഒന്നാം ലോകമഹായുദ്ധം പ്രധാനമായും യൂറോപ്പിനെ കേന്ദ്രികരിച്ചായിരുന്നെങ്കിലും, മഹാസമുദ്രങ്ങളിലേക്കും, അന്യഭൂഖണ്ഡങ്ങളിൽ ഉള്ള കോളനികളിലേക്കും യുദ്ധം വ്യാപിച്ചതിനാൽ അക്ഷരാർത്ഥത്തിൽ അതൊരു മഹായുദ്ധമായി തീർന്നു. വ്യവസായ വിപ്ലവത്തിന് ശേഷം ഉണ്ടായ ജനസംഖ്യ വർദ്ധനവ്, ഗതാഗത വികസനം, യന്ത്രവൽക്കരണം മുതലായവയിലൂടെ ആധുനിക രാഷ്ട്രങ്ങൾക്ക് ലഭിച്ച ശക്തി മുഴുവൻ ഈ യുദ്ധത്തിൽ വിനിയോഗിച്ചു. ഓരോ രാഷ്ട്രവും അവസാനം വരെയും പിടിച്ചു നിന്നത് സാമ്പത്തിക ശേഷിയുടെ പിൻബലത്തിലായിരുന്നു. യുദ്ധാവസാനത്തോടെ ജർമ്മനി മാത്രമായിരുന്നില്ല യുദ്ധത്തിൽ പങ്കെടുത്ത രാജ്യങ്ങൾ എല്ലാം തകർന്നടിഞ്ഞു. സാമ്പത്തികമായി തകർന്ന യൂറോപ്പിന്റെ പ്രാധാന്യം കുറഞ്ഞു. ലോകസാമ്പത്തിക രംഗത്തെ നിയന്ത്രിക്കാൻ അമേരിക്ക പുതിയ ശക്തിയായി അവതരിക്കപ്പെട്ടു.

യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയുടെ കടക്കാരായി മാറി. അവർ അമേരിക്കയ്ക്ക് അടയ്‌ക്കേണ്ടതായി അവശേഷിച്ച തുക 1000 കോടി ഡോളറിന് മുകളിലായിരുന്നു. മനുഷ്യന്റെ സഹനശക്തിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിന് അപ്പുറമായിരുന്നു നാശനഷ്ടങ്ങൾ. 85 ലക്ഷം ഭടന്മാർ പോർക്കളത്തിൽ മരിച്ചുവീണു. ഭാര്യമാർ വിധവകളായി, മക്കൾക്ക് പിതാക്കന്മാരെ നഷ്ടപ്പെട്ടു. മാതാപിതാക്കൾക്ക് മക്കളെയും നഷ്ടപ്പെട്ടു. അംഗഭംഗം ബാധിച്ചവരും മുറിവേറ്റവരുമായി 212 ലക്ഷം പേർ ജീവനുള്ള യുദ്ധസ്മാരകങ്ങളായി അവശേഷിച്ചു. മഹാഭാരത യുദ്ധം കഴിഞ്ഞ് ഗാന്ധാരി കണ്ട കുരുക്ഷേത്ര ഭൂവിനെ പോലെ രക്തവും കണ്ണുനീരും കൊണ്ട് യൂറോപ്പിന്റെ മണ്ണ് കുതിർന്നിരുന്നു.

കഷ്ടതയും നഷ്ടങ്ങളും മഹാത്യാഗമായി സഹിക്കാൻ മനുഷ്യൻ തയ്യാറായി, അവർ ഒന്ന് മാത്രമാണ് ആഗ്രഹിച്ചത് ‘ഇനിയൊരു യുദ്ധം ഉണ്ടാവരുത്, ഒരു കുഞ്ഞും അനാഥരരാവരുത് , ഒരു വിധവയും ഉണ്ടാവരുത് ‘ മഹായുദ്ധത്തിന്റെ അവസാനം ഒരു പുതിയ ലോകം അവർക്ക് മുന്നിൽ വന്നണയുമെന്ന് അവർ കരുതി. ആ പ്രതീക്ഷയിലാണ് പിന്നീടുള്ള അവരുടെ ജീവിതം മുന്നോട്ട് പോയത്.

സമാധാനത്തിന്റെ പൊൻപുലരിയെ വിജയികളും പരാജിതരും ഒരുപോലെ സ്വാഗതം ചെയ്തു. യുദ്ധത്തിന്റെ നിരർത്ഥകത അവർക്ക് ബോധ്യപ്പെട്ടു. മനുഷ്യ മനസാക്ഷിക്കേറ്റ കനത്ത ഒരാഘാതമായിരുന്നു ഈ യുദ്ധം. ഇനി ഒരിക്കലും ഈ വിഡ്ഢിത്തം ആവർത്തിക്കുകയില്ലെന്ന് ഓരോ രാഷ്ട്രവും പ്രഖ്യാപിച്ചു.

1919-ൽ വേഴ്സെയ്ൽസ് കൊട്ടാരത്തിൽ വെച്ച് ജർമ്മനിയും സഖ്യകക്ഷികളും ഒത്തുകൂടി. 48 വർഷങ്ങൾക്ക് മുന്പ് ഇവിടേം തന്നെയാണ് രണ്ടാം ജർമൻ സാമ്രാജ്യത്തിന്റ പിറവിക്ക് സാക്ഷ്യം വഹിച്ചത്. അന്ന് ഫ്രാൻസ് പ്രഷ്യൻ സൈനികശക്തിക്ക് മുൻപിൽ അടിപതറി നിൽക്കുകയായിരുന്നു. അര നൂറ്റാണ്ടിനുള്ളിൽ അതെ പ്രഷ്യൻ സൈനിക ശക്തിയുടെ മരണാനന്തര ചടങ്ങുകൾ ഇതേ സ്ഥാനത്ത് വെച്ച് നടന്നത് വിധിവൈപരീത്യമെന്നേ പറയാനാവൂ.

ചരിത്രം ഭൂതകാലത്തിൽ മാത്രമല്ല നിലകൊള്ളുന്നത്, അത് വർത്തമാനകാലത്തെ സൃഷ്ഠിക്കുകയാണ് ചെയ്യുന്നത്. ആ സൃഷ്ടി മനുഷ്യകുലത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ളതായിരിക്കണം. പക്ഷേ, വേഴ്സെയിൽസ് കൊട്ടാരത്തിൽ സമ്മേളിച്ച രാജ്യതന്ത്രജ്ഞന്മാർക്ക് സ്വന്തം താല്പര്യങ്ങൾ സുരക്ഷിതമാക്കുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധിച്ചത്. അവരിൽ പലർക്കും സാമ്രാജ്യത്വത്തിന്റെ നിലനില്പിനോളം വലുതായിരുന്നില്ല സമാധാനത്തിന്റെ സംരക്ഷണം. കുറെയൊക്കെ നിഷ്പക്ഷ സമീപനമായിരുന്നു അമേരിക്കൻ പ്രസിഡന്റ്‌ വുഡ്രോ വിൽ‌സൺ സ്വീകരിച്ചത്. എന്നാൽ അത് വളരെയൊന്നു ഫലവത്തായില്ല. അടിയൊഴുക്കുകളുടെ ശക്തി അത്രമാത്രം ഉണ്ടായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ലോയ്ഡ് ജോര്ജും ഫ്രഞ്ച് പ്രധാനമന്ത്രി ക്ലമന്റ്കോവും തന്ത്രപരമായി കരുനീക്കിയപ്പോൾ മറ്റെല്ലാ താല്പര്യങ്ങളും പിന്നിലായി.

യുദ്ധത്തിന്റെ ഉത്തരവാദിത്തം ജർമനിക്കായിരുന്നുവെന്നു സഖ്യകക്ഷി നേതാക്കൾ ഒരേ സ്വരത്തിൽ ആരോപണം ഉന്നയിച്ചു. യുദ്ധത്തിന്റെ ഹേതു ജർമനിയുടെ സൈനിക ശക്തിയായിരുന്നുവെങ്കിൽ സമാധാനത്തിനുള്ള മാർഗം ആ ശക്തിയുടെ നിർമ്മാർജ്ജനമാണെന്ന യുക്തി അവിടെ നടപ്പിലാക്കപ്പെട്ടു. ജർമൻ സാമ്രാജ്യത്തെയും സൈനിക ശക്തിയെയും ഇനിയൊരിക്കലും തിരിച്ചു വരാത്ത രീതിയിൽ ഇല്ലാതാക്കുക അതായിരുന്നു സഖ്യശക്തികളുടെ ലക്ഷ്യം.

ജർമ്മനി ഇനിയൊരിക്കലും ലോകത്തിന് ഭീക്ഷണി ആവരുതെന്ന മുൻകരുതലോടെയാണ് വേഴ്സെയിൽസ് ഉടമ്പടിയിലെ ഓരോ വ്യവസ്ഥയ്ക്കും രൂപം കൊടുത്തത്. ജർമൻ കോളനികളായിരുന്ന പ്രദേശങ്ങൾ അതിന്റെ അധികാര പരിധിയിൽ നിന്ന് വേർപെടുത്തി വിജയികളായ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും മറ്റും നിയന്ത്രത്തിലാക്കി. (ജർമനിക്ക് കോളനികൾ പോരെന്ന പരാധിയായിരുന്നു യുദ്ധത്തിന്റ പ്രധാന കാരണങ്ങളിലൊന്ന്. )

ജർമനിയുടെ കരസൈന്യം ഒരു ലക്ഷം കവിയരുതെന്നും യുദ്ധവിമാനങ്ങളും അന്തർവാഹിനികളും വലിയ പീരങ്കികളും ഉണ്ടായിരിക്കരുതെന്നും വ്യവസ്ഥയിൽ ഉൾപ്പെടുത്തി. കൂടാതെ ജർമൻ പടക്കപ്പലുകൾ ബ്രിട്ടനെ ഏൽപ്പിക്കണമെന്നും വ്യവസ്‌ഥ ചെയ്തു.

രാജ്യാതിർത്തികളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി. ഫ്രാൻസിൽ നിന്നും ജർമ്മനി പിടിച്ചെടുത്ത അൽസേസും ലോറൈനും ഫ്രാൻസിന് തിരികെ നൽകി. റൈൻ നദിക്ക് പടിഞ്ഞാറുവശം ജർമൻ പട്ടാളത്തിന് വിലക്കേർപ്പെടുത്തി. കുറച്ച് നാളത്തേക്ക് സഖ്യസേനകളെ അവിടെ നിർത്താൻ തീരുമാനിച്ചു. പടിഞ്ഞാറെ ജർമനിയിലെ ഡാർപ്രദേശം 15 വർഷത്തേക്ക് നിഷ്പക്ഷ മേഖലയാക്കി.

കിഴക്കേ അതിർത്തിയിൽ കൂടുതൽ മാറ്റം കൊണ്ടുവന്നു. നൂറ്റാണ്ടുകൾക്ക് ശേഷം പോളിഷ് ജനതയ്‌ക്കു സ്വന്തം രാജ്യവും സ്വാതന്ത്ര്യവും ലഭിച്ചു. ജർമനിയിലും ആസ്ട്രിയയിലും റഷ്യയിലും ഉൾപ്പെട്ടിരുന്ന പോളിഷ് പ്രദേശങ്ങൾ ചേർത്ത് പുതിയ പോളണ്ടിന് രൂപം നൽകി. പുതിയ രാജ്യത്തിന്‌ തുറമുഖവും കടൽത്തീരവും ഇല്ലെന്ന് കണ്ട് സഖ്യകക്ഷികൾ ഇതിന് പരിഹാരമായി ഡാൻസിങ് എന്ന ജർമൻ തുറമുഖപട്ടണം പോളണ്ടിന്റെ ഉപയോഗത്തിന് വിട്ട് നൽകി. കൂടാതെ ജർമനിയിൽ കൂടി ഒരിടനാഴിയും നൽകി. ഇത് മൂലം കിഴക്കൻ പ്രഷ്യയെ ജർമനിയിൽ നിന്നും വേർതിരിക്കപ്പെട്ടത് സഖ്യകഷികൾക്ക് നിസാരമായി തോന്നിയെങ്കിലും ജർമനിക്ക് അങ്ങനെയായിരുന്നില്ല.

യുദ്ധം ആരംഭിച്ചുവെന്ന കുറ്റത്തിന് പിഴയായി 13, 200 കോടി സ്വർണമാർക്ക് (3200 കോടി ഡോളർ ) ജർമ്മനി നഷ്ടപരിഹാരമായി സഖ്യകഷികൾക്ക് നൽകാൻ വ്യവസ്‌ഥ വെച്ചു. വ്യവസായ ശാലകളടക്കം പൂർണ്ണമായും യുദ്ധത്തിൽ തകർന്ന ജർമനിക്ക് ഇത്ര വലിയ നഷ്ടപരിഹാരം നൽകാൻ കഴിയുമോ എന്ന് പോലും ആരും ആലോചിക്കാൻ മെനക്കെട്ടില്ല.

ജർമനിയുടെ സഖ്യരാഷ്ട്രങ്ങൾക്കും അപമാനം തന്നെയാണ് നേരിട്ടത്. വിവിധ ജനവിഭാഗങ്ങൾ ഉൾപ്പെട്ട ആസ്ട്രിയൻ സാമ്രാജ്യം (ആസ്ട്രിയ-ഹംഗറി ) യുദ്ധത്തിന് മുൻപ് തന്നെ കാലത്തിനിണങ്ങാത്ത ഒരു പ്രതിഭാസമായിരുന്നു. ആയിരത്തിലേറെ വർഷം യൂറോപ്പിന്റെ ചരിത്രഗതിയെ നിയന്ത്രിച്ചിരുന്ന ആ സാമ്രാജ്യം തിരോധാനം ചെയ്തു. ആ സ്ഥാനത്ത് ജർമൻ വംശജരെ ഉൾകൊള്ളുന്ന ആസ്ട്രിയ, ചെക്കുകാരും സ്ലോവാക്യരും (കുറെ ജർമൻകാരും ) ഉൾപ്പെടുന്ന ചെക്കോസ്ലോവാക്യ, ഹംഗേറിയൻ വംശജർ പാർക്കുന്ന ഹംഗറി എന്നിങ്ങനെ മൂന്ന് ചെറു രാഷ്ട്രങ്ങൾ രൂപം കൊണ്ട്. മറ്റ് പല പ്രവിശ്യകളും പോളണ്ടിനും റുമേനിയക്കും ഇറ്റലിക്കും സെർബിയക്കും വിട്ടു കൊടുത്തു. സെർബിയ, യുഗോസ്ലാവ്യ എന്ന പേരിൽ സാമാന്യം വലുപ്പമുള്ള രാജ്യമായി രൂപാന്തരപ്പെട്ടു.

“യൂറോപ്പിന്റെ രോഗഗ്രസ്തൻ ” എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന തുർക്കി മരണമടഞ്ഞില്ലെങ്കിലും, അവയവങ്ങൾ നഷ്ടപ്പെട്ട് അവശതയിലായി. ഓട്ടോമൻ (തുർക്കി ) സാമ്രാജ്യത്വത്തിന്റെ പുറം പ്രാവശ്യകൾ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും നിയന്ത്രണതിലായി. മുസ്ലിംങ്ങളുടെ ഖലീഫ സ്ഥാനം തുർക്കി സുൽത്താനാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തോടുള്ള നിർദ്ദയമായ സമീപനം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ മുസ്ലീംങ്ങൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല. തീരെ ചെറിയ രാഷ്ട്രമായിരുന്ന ബൾഗേറിയക്ക് 1912-13 ലെ ബാൾക്കൻ യുദ്ധത്തിൽ പിടിച്ചെടുത്ത പ്രദേശങ്ങളും മഹായുദ്ധകാലത്തു ആക്രമിച്ചു കീഴടക്കിയ പ്രദേശങ്ങളും നഷ്ടപ്പെട്ടു. കൂടാതെ അന്താരാഷ്ട്ര പ്രശനങ്ങൾ പരിഹരിക്കുന്നതിനായി ലീഗ് ഓഫ് നാഷൻസ് സ്ഥാപിക്കപ്പെട്ടു.

ഏകപക്ഷിയമായി അടിച്ചേല്പിക്കപെട്ട സമാധാനവ്യവസ്ഥകളോട് പ്രതിഷേധിച്ചു കൊണ്ടാണ് ജർമൻ പ്രതിനിധികൾ ഉടമ്പടിയിൽ ഒപ്പ് വെച്ചത്.വേഴ്സെയിൽ സന്ധിയിൽ ഒപ്പ് വെച്ച പല രാജ്യങ്ങളും അസംതൃപ്തരായാണ് പാരിസിൽ നിന്നും പിരിഞ്ഞു പോയത്. ലാഭവിഹിതം പങ്കിട്ട കൂട്ടത്തിൽ തങ്ങൾക്ക് കിട്ടിയത് പോരെന്നായിരുന്നു ഇറ്റലിയുടെ പരാതി. നാല് പ്രധാന നേതാക്കന്മാരിൽ ഒരാളായി ഇറ്റാലിയൻ പ്രധാനമന്ത്രി ഒർലാൻഡോ കരുതപ്പെട്ടിരുന്നു. വീതം വെച്ചപ്പോൾ തങ്ങൾ അവഗണിക്കപ്പെട്ടതായും കാര്യമായി ഒന്നും ലഭിച്ചില്ലെന്നും ഇറ്റാലിയൻ നേതാക്കന്മാർക്ക് തോന്നി. പസഫിക്കിലെ ഏതാനും ജർമൻ ദ്വീപുകൾ മാത്രം ഉടമ്പടിയിലൂടെ നേടിയ ജപ്പാനും തൃപ്തിയായിരുന്നില്ല.

ജർമൻ സൈനികശക്തി ഇനി ഒരിക്കലും ഉയർത്തെഴുനേൽക്കുകയില്ലെന്ന് പലരും കരുതി. അത്രമേൽ കർശനമായ വ്യവസ്ഥകളായിരുന്നു ഉടമ്പടിയിലുണ്ടായിരുന്നത്. പക്ഷെ ജർമൻ ജനതയിൽ പ്രതികാരാഗ്നി വളർത്താനല്ലാതെ അത് ഒഴിവാക്കുവാൻ ഈ വ്യവസ്ഥകൾ പര്യാപ്തമല്ലെന്ന് കരുതിയവരും ചിലരുണ്ടായിരുന്നു. പാമ്പിനെ നോവിച്ചു വിട്ടുവെന്നും ആ പക മനസ്സിൽ സൂക്ഷിച്ചു വെച്ചുകൊണ്ട് എന്നെങ്കിലുമൊരിക്കൽ അത് തിരിഞ്ഞു കടിക്കാതിരിക്കില്ലെന്നും അവർ വിശ്വസിച്ചു.

1919-ൽ ഏകപക്ഷിയമായ വ്യവസ്ഥകളടങ്ങിയ വേഴ്സെയിൽ ഉടമ്പടി ഒപ്പ് വെച്ചു എന്ന് കേട്ടപ്പോൾ മാർഷൽ ഫൊർച്ചിൻ ഇപ്രകാരം പറയുകയുണ്ടായി.
“ഇത് സമാധാന ഉടമ്പടിയല്ല., 20 വർഷത്തേക്കുള്ള ഒരു യുദ്ധവിരാമ സന്ധി മാത്രമാണ്. ” അതെ! വേഴ്സെയിൽ സന്ധി ഒന്നിന്റെയും അവസാനമായിരുന്നില്ല. അതൊരു തുടക്കം മാത്രമായിരുന്നു. ലോകം ദർശിച്ച ഏറ്റവും വിനാശകാരിയായ ഒരു യുദ്ധത്തിന് നാന്ദി കുറിച്ചത് എല്ലാം അവസാനിച്ചു എന്ന് കരുതിയ സ്ഥലത്ത് നിന്ന് തന്നെയായിരുന്നു…

#world war