ഈജിപ്തിലെ സഖാറയിൽ നിന്ന് കണ്ടെടുത്തത് നൂറോളം ശവപ്പെട്ടികൾ തുറന്നപ്പോൾ കണ്ടത്

60

Sudhakaran Kunhikochi

ഈജിപ്തിലെ സഖാറയിൽ നിന്ന് കണ്ടെടുത്തത് നൂറോളം ശവപ്പെട്ടികൾ!

ഈജിപ്തില്‍ നിന്ന് പുരാതന കാലത്തെ മമ്മികൾ അടങ്ങിയ നൂറോളം ശിലാ നിര്‍മ്മിത ശവപ്പെട്ടികള്‍ കൂടി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ദക്ഷിണ കെയ്റോയിലെ സഖാറ മേഖലയില്‍ നിന്നാണ് ഇവ ലഭിച്ചത്. 40 അടിയോളം താഴ്ചയില്‍ നിന്നാണ് ഈ ശവപ്പെട്ടികള്‍ കുഴിച്ചെടുത്തിട്ടുള്ളത്. പുരാതന ദേവതകളുടെ 40 ഗിൽഡഡ് പ്രതിമകളും ശവസംസ്കാര മാസ്കുകളും കണ്ടെത്തിയവയിൽ പെടുന്നു.

ഇത്തരത്തില്‍ ശവപ്പെട്ടികള്‍ സൂക്ഷിച്ച മൂന്നിടങ്ങളാണ് കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മനോഹരമായ നിറങ്ങളോടു കൂടിയതും സ്വർണം പൂശിയതുമായ ഹൈറോഗ്ലിഫിക് ചിത്രങ്ങൾ ആലേഖനം ചെയ്ത് അലങ്കരിച്ച ശവപ്പെട്ടികളാണ് കണ്ടത്തിയിരിക്കുന്നത്. ശവപ്പെട്ടികളിൽ ഒന്ന് തുറന്ന് നോക്കിയ ഗവേഷകർക്ക് മുന്നിൽ തുണിയിൽ പൊതിഞ്ഞു സംരക്ഷിക്കപ്പെട്ട നിലയിൽ 40-45 വയസ് പ്രായം തോന്നിക്കുന്ന ഒരു പുരുഷന്റെ ഭൗതികാവശിഷ്ടങ്ങൾ അടങ്ങിയ മമ്മിയാണ് കാണാൻ കഴിഞ്ഞത്. മമ്മിയുടെ ശരീരം കൈകൾ നെഞ്ചോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു. പിന്നീട് എങ്ങനെയാണ് അവ സംരക്ഷിക്കപ്പെട്ടതെന്ന് മനസിലാക്കുന്നതിനായി എക്സ് -റേ പരിശോധനയും നടത്തി. 2500 വർഷത്തിന് ശേഷവും പല്ലുകൾക്ക് യാതൊരു ക്ഷതവും ഏറ്റിരുന്നില്ലെന്നും അവർക്ക് കാണാൻ കഴിഞ്ഞു.

പൗരാണിക ഈജിപ്ത് ഭരിച്ച ടോളമൈക് കാലഘട്ടത്തിലേതാണ് സർഗോഫഗസുകൾ എന്ന് കരുതുന്നതായി ടൂറിസം -പുരാവസ്തു വകുപ്പ് മന്ത്രിയായ ഖാലിദ് എൽ -അനാനി പറഞ്ഞു. ബി സി 320 മുതൽ ബി സി 30 വരെയാണ് ടോളമി രാജവംശം ഈജിപ്ത് ഭരിച്ചത്. ഇത് വരെ പൂർണമായും ഖനനം ചെയ്തെടുത്തിട്ടില്ലാത്ത വിശാലമായ സഖാറ നെക്രോപോളിസിൽ മറ്റൊരു കണ്ടെത്തൽ ഈ വർഷം അവസാനത്തോടെ പ്രഖ്യാപിക്കാൻ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമ്മികൾക്കായി തടി ശവപ്പെട്ടികൾ നിർമ്മിക്കുന്നതിനയുള്ള പുരാതന വർക്ക്‌ ഷോപ്പ് ഉടൻ കണ്ടെത്താനാവുമെന്ന പ്രതീക്ഷ സുപ്രിം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസ് സെക്രട്ടറി ജനറൽ മോസ്തഫ വസീറിയും അഭിപ്രായപെട്ടു.

അന്നത്തെ ഈജിപ്ഷ്യന്‍ സമൂഹത്തിലെ അധികാരത്തേയും രാജകീയതയേയും കാണിക്കുന്ന നിലയാണ് മമ്മികളെങ്കിലും ഇവയൊന്നും രാജാകീയ മമ്മികൾ അല്ലെന്നാണ് ഈജിപ്ഷ്യന്‍ അധികൃതര്‍ പറയുന്നത്. ഈജിപ്ഷ്യന്‍ സമൂഹത്തില്‍ ഉന്നത സ്ഥാനത്തുണ്ടായിരുന്നവരുടെ മമ്മികളായിരിക്കാം ഇവയെന്നാണ് അനുമാനം. തൂത്തൻഖാമോൻ തുടങ്ങിയ ഫറവോമാരുടെ ശവപ്പെട്ടികൾ മുൻപ് കണ്ടെത്തിയിരുന്നത് ശവകല്ലറകളിൽ നിന്നായിരുന്നു. ഫറവോമാരുടെ പ്രതാപകാലം കഴിഞ്ഞതോടെ പലരും ശവകല്ലറകൾ എന്ന സങ്കൽപം തന്നെ ഉപേക്ഷിച്ചതായി ഗവേഷകർ ചൂണ്ടികാണിക്കുന്നു. പകരം സാധരണ ശവപ്പെട്ടികളിൽ അന്ത്യവിശ്രമം കൊള്ളനാണ് അവർ ആഗ്രഹിച്ചത്. ശവകല്ലറകൾ ഇല്ലെങ്കിലും ശവപ്പെട്ടികളിലെ കൊത്തുപണികളും മറ്റു അലങ്കാരങ്ങളും കൊണ്ട് ഗംഭീരമായിരിക്കുകയും ചെയ്യും.

പുരാതന ഈജിപ്തിന്റെ തലസ്ഥാനമായി (Old kingdom ) അറിയപ്പെടുന്ന മെംഫിസിലെ നെക്രോപോളിസിന്റെ ഭാഗമാണ് സഖാറ സൈറ്റ്. വടക്ക് അബു റുവേഷ് മുതൽ തെക്ക് ദഹ്ഷൂർ വരെ നീണ്ടു കിടക്കുന്നു. അവയിൽ ഗിസ പിരമിഡുകളും, അബുസർ, ദഹ്ഷൂർ, അബു റുവേഷ് എന്നിവിടങ്ങളിൽ രാജാക്കന്മാർമാരെയും പുരോഹിതൻമാരെയും ഉന്നത ഉദ്യോഗസ്ഥരെയും അടക്കം ചെയ്ത 13-ഓളം പിരമിഡുകളും ഈ വലിയ പ്രദേശത്ത് ഉൾപ്പെടുന്നു. അതീവ നിഗൂഢത ഉൾകൊള്ളുന്ന പ്രദേശം കൂടിയാണ് സഖാറ. അഞ്ചാം രാജവംശത്തിലെ പുരോഹിതനായ വഹ്തിയുടെ (wahty) ശവശരീരം കണ്ടെത്തിയതിലൂടെ ലോകപ്രശസ്തമാണ് ഇവിടെ. ടോളമൈക് കാലഘട്ടത്തിലെ പ്രധാന ശ്മശാനമായിരുന്നുവെന്ന് കരുതുന്ന മെംഫിസിലെ നെക്രോപോളിസ് ഉൾപ്പെടുന്ന പ്രദേശത്തെ1970 മുതൽ യുനെസ്കോ ലോക പൈതൃക പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

2500 വര്‍ഷങ്ങളോളം പഴക്കമുള്ള അലങ്കരിച്ച140-ഓളം സർകോഫഗസുകൾ സെപ്റ്റംബർ മാസം മുതൽ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഒക്ടോബറിൽ ലഭിച്ച മരത്തില്‍ തീര്‍ത്ത 59 കല്ലറകളും കണ്ടെത്തിയവയിൽ പെടുന്നു . അവയിൽ മിക്കവയിലും മമ്മികളും ഉൾപ്പെട്ടിരുന്നു. ഈ മേഖലയിൽ കൂടുതൽ ഉൾഖനനം നടത്തുന്നതിലൂടെ ആ കാലത്തേക്കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിക്കുന്ന മറ്റ് തെളിവുകള്‍ ലഭിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ഖനനം ഈ മേഖലയില്‍ തുടരുകയാണ്. ഒക്ടോബറില്‍ കണ്ടെടുത്ത കല്ലറകളില്‍ നിന്ന് വിഭിന്നമായി ഈ കല്ലറകളില്‍ അടക്കം ചെയ്തവരുടെ ജീവിത നിലവാരം കൂടുതൽ ഉയര്‍ന്നതായിരിക്കാനാണ് സാധ്യതയെന്ന് ഗവേഷകര്‍ കണക്ക് കൂട്ടുന്നു.

അത്തരമൊരു നിരീക്ഷണത്തിന് കാരണം ഇപ്പോൾ കണ്ടെടുത്ത കല്ലറകള്‍ ഒക്ടോബര്‍ മാസം കണ്ടെടുത്തവയേക്കാള്‍ താരതമ്യേന ഗുണനിലവാരം പുലർത്തുന്നതും കുറവ് തകരാറുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഒക്ടോബറില്‍ ലക്സോറിലെ രാജാക്കന്മാരുടെ താഴ്വരയില്‍ നിന്നാണ് മരം കൊണ്ട് നിര്‍മ്മിച്ച കല്ലറകള്‍ കണ്ടെത്തിയത്. സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നിവരുടെ മൃതദേഹം ഈ മരനിര്‍മ്മിത കല്ലറകളിലുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈജിപ്ഷ്യന്‍ പുരോഹിതരുടേയും ഉയർന്ന ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടേയും മൃതദേഹമാകാം ഇവയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഈജിപ്തിന്റെ പ്രധാന വരുമാനമാർഗങ്ങളിൽ ഒന്ന് ടൂറിസത്തിൽ നിന്നാണ്. ദീർഘകാലം സേച്ഛാധിപധിയായി ഈജിപ്ത് ഭരിച്ച ഹോസ്‌നി മുബാറക്കിനെ ആട്ടിമറിച്ച 2011- ലെ ജനകീയ വിപ്ലവത്തെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്നും, ഇടയ്ക്കിടെ ഉണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങളിൽ നിന്നും കരകയറുന്ന അവസരത്തിലാണ് കൊറോണ വൈറസ് വ്യാപനം ഈജിപ്ഷ്യൻ ടൂറിസം വ്യവസായത്തിന് വലിയ പരിക്ക് ഏല്പിച്ചത്. എങ്കിലും ടൂറിസം വ്യവസായ രംഗത്തെ പ്രോത്സാഹനത്തിന് കാരണമായേക്കാവുന്ന പുതിയ പുതിയ പുരാവസ്തുക്കളുടെ കണ്ടെത്തലുകൾ നടക്കുന്നത് ഈജിപ്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

പ്രശസ്തമായ ഗിസ പിരമിഡുകൾക്ക് സമീപം ഈജിപ്ത് നിർമ്മിക്കുന്ന ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം ഉൾപ്പെടെ കയ്റോവിലെ മൂന്ന് മ്യൂസിയത്തിൽ എങ്കിലും അടുത്ത വർഷത്തോടെ ഈ കരകൗശല വസ്തുക്കൾ പ്രദർശനത്തിന് വെയ്ക്കുമെന്ന് ബി ബി സി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. 2500 വർഷങ്ങൾക്ക് മുൻപ് അടക്കം ചെയ്യപ്പെട്ട ശവപ്പെട്ടിയും ഗിൽഡഡ് പ്രതിമകളും സഖാറയിലെ ജോസറിന്റെ സ്റ്റെപ് പിരമിഡിനടുത്ത് താത്കാലിക പ്രദർശനത്തിന് വെച്ചിരിക്കുകയാണ് ഇപ്പോൾ.
Courtesy :
Link 1…https://www.theguardian.com/…/nearly-100-coffins-buried…
Link 2…https://news.sky.com/…/100-ancient-coffins-some…
Link 3..https://www.news18.com/news/buzz/archaeologists-find-over-100-intact-sarcophagi-in-egypt-dating-back-more-than-2500-years-3082646.ഹതമ്മിൽ
Link 4..https://www.cnn.com/…/100-coffins-mummies-saqqara…/index.
Link 5..https://www.designboom.com/…/egypt-discovery-100…/
Malayalam Onlinemedia.