നിങ്ങൾ ബന്ധപ്പെടാൻ ശ്രമിക്കുന്ന ബി എസ് എൻ. എൽ. ഉദ്യോഗസ്ഥൻ പരിധിക്ക് പുറത്താണ്
***
കൂമൻകാവിൽ ബസ്സിറങ്ങിയ രവിയെപോലെ ഞാനും ഡൽഹിയിൽ 28 വർഷം മുൻപ്, വിലകുറഞ്ഞ ഷർട്ടും പാന്റ്സുമിട്ടു, അശോകസ്തംഭം സീൽ ചെയ്ത കവറിനുള്ളിലെ കേന്ദ്രസർക്കാരിന്റെ നിയമന ഉത്തരവുമായി വണ്ടിയിറങ്ങി. 1991 ഡിസംബർ 24 നു തൊഴിൽ മന്ത്രാലയത്തിൽ കേന്ദ്രസർക്കാർ ജീവനക്കാരനായി, അമ്മയുടെ സ്വപ്നം സഫലമാക്കി. ” രാജാവായി തീരും നീ ഒരുകാലമോ മനേ “എന്ന് പാടിയ അമ്മക്ക് സർക്കാർ ജോലി രാജയോഗം തന്നെയായിരുന്നു. അന്നന്നത്തേക്കുള്ളത് വാങ്ങുന്നവർക്ക് മാസം മുഴുവനും കഴിക്കാനുള്ളത് വാങ്ങിവെക്കാൻ കഴിവുള്ളവർ രാജാവല്ലതെ മറ്റെന്താണ്?
ചെവിയോർത്തു നിന്നാൽ പടയോട്ടങ്ങളുടെ കുളമ്പടിയും വാളുകളുടെ സീൽക്കാരവും ആനകളുടെ ചിഹ്നം വിളിയും വെടിയൊച്ചകളും അലയടിക്കുന്ന ചരിത്രഭൂമിയാണ് ഡൽഹി. ഒപ്പം കാടിനേയും കാട്ടുമക്കളെയും പക്ഷിമൃഗാദികളെയും ഉരഗങ്ങളെയും ചുട്ടുചാമ്പലാക്കി പാണ്ഡവരെന്ന ആര്യവർഗ്ഗം നിർമ്മിച്ചെടുത്ത ഇന്ദ്രപ്രസ്ഥമെന്ന ഇതിഹാസഭൂമിയിലെ മണ്ണ് വാരി ഉലകനായകനായ കർണനെയും ഉത്തമക്ഷത്രിയനായ സുയോധനനെയും താമരപ്പൂവിന്റെ ഗന്ധമുള്ള ശ്യാമവർണ്ണത്തിന്റെ മാദകയുടലിന്റെ ഉടമയായ ദ്രൗപദിയെയും കുരുകുലം മുടിക്കുന്നത് ചിരിച്ചുകൊണ്ട് കണ്ടുനിന്ന മാധവനെയും
തൊട്ടു നിൽക്കാം.

2 മക്കളുടെ അച്ഛനായതും. പിന്നെ , വേരുകൾ തേടി ജന്മനാട്ടിലെത്തി. അപ്പോഴും ഔദ്യോഗികമായി നഷ്ടങ്ങൾ തന്നെ ആയിരുന്നു. ഭൗതികലാഭനഷ്ടങ്ങൾ എന്നെ തളർത്തിയിട്ടില്ല. പൂജ്യത്തിൽ തുടങ്ങി സ്വന്തം ജീവിതം സ്വയം നിർവചിച്ചവന് എന്ത് നഷ്ടമുണ്ടാവാനാണ്?


ലോകത്തെ വെറുക്കുന്ന തന്തയില്ലാ സന്തതിയെപോലെ, കലുഷിതവുന്നതും കലാപമാവുന്നതും വെളുത്ത ഉടുത്തമുണ്ടിന്റെ കോന്തല കൊണ്ട് കുഴിഞ്ഞ കണ്ണിലെ നനവ് ഒപ്പിയെടുക്കുന്ന, ഇടക്കിടക്ക് ദീർഘനിശ്വാസമുതിർക്കുന നിസ്സഹായായ അമ്മമാരെപോലെ നോക്കി നിൽക്കാനെ കഴിഞ്ഞിരുന്നുള്ളൂ. കാലം കുറിച്ച് വെച്ചത് കണ്ണീരു കൊണ്ടു മായ്ക്കാനാവില്ലല്ലോ. ഇന്ന്, പകുതിയിലധികം ജീവനക്കാർ സർക്കാർ അനുവദിച്ച സാമ്പത്തിക സഹായം വാങ്ങി പടിയിറങ്ങുമ്പോൾ അതിലൊന്നായി മാറാൻ ഏറെ ആലോചിക്കേണ്ടി വന്നില്ല. മാസാവസാനം ശമ്പളം കിട്ടുക എന്നതു ഒരു സർക്കാർ ജീവനക്കാരന്റെ ഏറ്റവും കുറഞ്ഞ അവകാശമാണ്. ട്രപ്പീസ് കളിക്കുമ്പോൾ വീണു കാലൊടിഞ്ഞ ആര്ടിസ്റ്റിന്റെ പോക്കറ്റിൽ മുഷിഞ്ഞ ഒരുപിടി നോട്ടുകൾ തിരുകി വിടുന്നപോലെ 50 കഴിഞ്ഞവരെ പറഞ്ഞു വിടുമ്പോൾ എം ടി യുടെ വളർത്തുമൃഗങ്ങൾ ഓർമ്മ വരുകയാണ്. വഞ്ചി മുങ്ങാതിരിക്കാൻ വെള്ളത്തിലേക്ക് എടുത്തു ചാടേണ്ടത് ജീവിതം പാതി താണ്ടിയവർ തന്നെയാണ് എന്ന വസ്തുതയും. അനിശ്ചിതത്വവും ആശങ്കയും ആകുലതകളും കൊണ്ട് ഒരു ഭാവിജീവിതം പടുത്തുയർത്താനുള്ള ചങ്കൂറ്റം എന്നേ നഷ്ടപ്പെട്ടതിനാൽ പുറത്തേക്കുള്ള ഒഴുക്കിൽ ഒരു വട്ടം കൂടി അണിചേരുകയാണ്.
ഭീരു എന്നും ഭീരുവാണ് എന്നതും ഒരു തിരിച്ചറിവാണ്.
പെൻഷൻ, പാതിശമ്പളത്തോളം വരില്ലെന്നറിയാം. പഴംകഞ്ഞിക്കൊപ്പം ഒരു ഉള്ളി സ്വാദു നൽകിയ കുട്ടിക്കാലം എന്നിലുണ്ട്. രണ്ടു ജോഡി വസ്ത്രം കൊണ്ട് ഒരു വർഷം തള്ളിനീക്കിയ സ്കൂൾ കാലമുണ്ട്. ഒപ്പം വട്ട ചോറ്റു പത്രത്തിൽ തണുത്ത വെളുത്ത ചോറിൽ നടുക്ക് വെച്ച ഉള്ളി ചമ്മന്തിയുടെ മണവും. വിശപ്പാണ് സ്വാദു എന്ന് തിരിച്ചറിഞ്ഞത് ഇന്നത്തെ വിശപ്പില്ലായ്മയിലൂടെയാണ്. വസ്ത്രത്തിന്റെ എണ്ണം അറിയാതിരിക്കാൻ ഖാദിയുടെ ഷർട്ടും മുണ്ടും ഉടുത്തു നടന്ന കോളേജ് കൗമാരമുണ്ട്. സിനിമക്കും സിഗററ്റിനും പുറം ചിലവിനും വീടുകളിലെ ട്യൂഷൻ തരാക്കിയ ലോകത്തെ മുഴുവൻ വെറുത്ത രോഷയൗവ്വനമുണ്ട്. നാല് പേര് വീട്ടിൽ വന്നാൽ ഒരാൾ ചായ കുടിച്ചു തീരാൻ കാത്തു നിന്നു നാലാമന്റെ മുൻപിൽ അഭിമാനം വീണു ചിതറിയ വിവാഹജീവിതമുണ്ട്. ഒരു കാർ വാങ്ങിക്കൂടെ എന്ന ഗ്രാമചോദ്യത്തിന് മുൻപിൽ കുരുങ്ങിപോയ മകന്റെ ദൈന്യമാർന്ന കുഞ്ഞുമുഖമുണ്ട്. ഒറ്റപുതപ്പിനടിയിൽ ഒന്നിച്ചു കിടക്കുന്നതും ഇരുചക്രത്തിൽ നൂലിഴക്കു അകലമില്ലാതെ ഒന്നിച്ചിരിക്കുന്നതുമാണ് ജീവിതമെന്നു അവനെ വിശ്വസിപ്പിച്ച ഒരു ഫിലോസഫർക്കു ശിഷ്ടജീവിതം മധുരമാക്കാൻ ഒന്നര കിലോ പഞ്ചസാര വേണമെന്നില്ല: ഒരു തുണ്ട് കരിമ്പു മതി.
ദാരിദ്ര്യം, ഒരാളുടെ ജാതിയും മതവുംപോലെ പാരമ്പര്യസ്വത്തായി കിട്ടുന്നതാണ്. എത്ര കുടഞ്ഞെറിയാൻ ശ്രമിച്ചാലും, മധുവിധുകാലത്തെ നവവധുവിനെ പോലെ പറ്റിചേർന്നു നിൽക്കും. അതിലും സന്തോഷമുണ്ട്. പൈതൃകസ്വത്തു കളഞ്ഞു കുളിച്ചു മുടിയനായ സന്തതി എന്ന പേരുദോഷം കേൾക്കണ്ടല്ലോ!!!
ഖസാക്കിലെ രവിയെപോലെ വലിയ ഒരധ്യായം അവസാനിപ്പിച്ചു സ്വയം വിരമിക്കൽ എന്ന സർപ്പദംശനത്തിനു സിമന്റിളകിയ തിണ്ണയിലിരുന്നു ഞാൻ കാൽവിരൽ നീട്ടുകയാണ്.
ജീവിതത്തിലെ അർദ്ധവിരാമമാണോ പൂർണ്ണവിരാമമാണോ അതോ പുനർജ്ജനിയാണോ എന്നത് കാലം തെളിയിക്കട്ടെ!!!