യുവാക്കളായ മക്കൾ മരണപ്പെട്ടുപോകുന്ന മാതാപിതാക്കളുടെ പിന്നീടുള്ള അവസ്ഥ കണ്ടിട്ടുണ്ടോ നിങ്ങൾ ?

66

സുധീർ കെ എച്ച്,
സ്റ്റാഫ്‌ നഴ്‌സ്‌,
ആരോഗ്യവകുപ്പ്.

എല്ലാവരും 10 മിനിറ്റ് ചിലവാക്കി ഇതൊന്ന് വായിക്കണം. ഷെയർ ചെയ്യപ്പെടേണ്ടതാണ് എന്ന് തോന്നിയാൽ മടിക്കാതെ ഒന്ന് ഷെയർ കൂടി ചെയ്തേക്കണം.തങ്ങൾ ജീവിച്ചിരിക്കെ കൗമാരക്കാരായ അല്ലെങ്കിൽ യുവാക്കളായ മക്കൾ മരണപ്പെട്ടുപോകുന്ന മാതാപിതാക്കളുടെ പിന്നീടുള്ള അവസ്ഥ നേരിട്ട് കണ്ടിട്ടുണ്ടോ നിങ്ങൾ?അത്തരക്കാരുടെ ശിഷ്ടജീവിതത്തിന് സാക്ഷിയാകേണ്ടി വന്നിട്ടുണ്ടോ നിങ്ങൾക്ക്? അല്ലെങ്കിൽ അത്തരക്കാരുടെ പിന്നീടുള്ള ജീവിതം എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചെങ്കിലും നോക്കിയിട്ടുണ്ടോ നിങ്ങൾ!! അങ്ങനെ മകനോ അല്ലെങ്കിൽ മകളോ നഷ്ടപ്പെട്ട ഒരമ്മയ്ക്ക് പിന്നീടൊരിക്കലും സ്വസ്ഥമായ, മനസ്സമാധാനത്തോടെയുള്ള ജീവിതം എന്നൊന്നില്ല തന്നെ! അകാലത്തിൽ മരണപ്പെട്ടുപോയ തന്റെ കുട്ടിയെ ഓർത്ത് നീറി നീറി ഉരുകി തീരാൻ മാത്രമായിരിക്കും ആ മാതാവിന്റെ വിധി! അങ്ങനെ അകാലത്തിൽ മരണപ്പെട്ടുപോയ തന്റെ മകനെ അല്ലെങ്കിൽ മകളെ ഓർത്ത് കണ്ണ് നിറയാത്ത ഒരു ദിവസം പോലും ആ അമ്മയുടെ ജീവിതത്തിൽ ഉണ്ടായിരിക്കില്ല. അവരുടെ ജീവിതത്തിൽ ഒരിക്കലും പഴയ കളിയോ ചിരിയോ സന്തോഷമോ തിരിച്ചുവരില്ല.. ഒഴുക്കിനൊത്ത് വെറുതെ നീങ്ങുന്ന ഒരു പാഴ്മരം പോലെ ബാക്കിയുള്ള ആയുസ്സ് അവർ ജീവിച്ചുതീർക്കുന്നു എന്ന് മാത്രം!അച്ഛന്റെ കാര്യവും അധികം വ്യത്യാസമൊന്നും കാണില്ല. ദുഃഖം പക്ഷേ അമ്മയുടെപോലെ പുറത്തേക്ക് അങ്ങനെ കാണില്ല എന്ന് മാത്രം. പക്ഷേ സങ്കടത്തിന്റെ ഒരു കടൽ തന്നെ ഇരമ്പുന്നുണ്ടാവും ആ മനസ്സിൽ!

എന്തൊക്കെ സന്തോഷകരമായ സംഭവങ്ങൾ ജീവിതത്തിൽ പിന്നീട് ഉണ്ടായാലും മനസ്സ് നിറഞ്ഞ് സന്തോഷിക്കാൻ അത്തരം മാതാപിതാക്കൾക്ക് കഴിയില്ല! ശരിയല്ലേ? ഇത് വായിക്കുന്ന നിങ്ങളിൽ പലർക്കും ഇത്തരം സംഭവങ്ങൾ നേരിട്ട് അനുഭവം ഉണ്ടാകും അല്ലേ??ഇരുചക്രവാഹനം ഓടിക്കുന്ന പ്രിയസുഹൃത്തുക്കൾക്ക് വേണ്ടി മാത്രമാണ് ഈ പോസ്റ്റ്‌.. കുറേ മാസങ്ങൾക്ക് മുൻപ് ഇത്തരം ഒരു പോസ്റ്റ്‌ എഴുതിയിട്ടിരുന്നു. എന്നാൽ അടുത്തദിവസങ്ങളിൽ കണ്ട പത്രവാർത്തകൾ വീണ്ടും ഒരു പോസ്റ്റ്‌ കൂടെ എഴുതാൻ എന്നെ പ്രേരിപ്പിച്ചു. നിങ്ങൾക്ക് നിങ്ങളുടെ അമ്മയോടും അച്ഛനോടും കൂടപ്പിറപ്പുകളോടും തരിമ്പെങ്കിലും സ്നേഹമുണ്ടോ? ഉണ്ടെങ്കിൽ ഈ പോസ്റ്റ്‌ ഒന്ന് വായിച്ചു നോക്കൂ.. എന്നിട്ട് ഇത് ശരിയാണോ എന്നൊന്ന് ചിന്തിച്ചു നോക്കൂ.. ശരിയാണ് എന്ന് തോന്നുന്നുവെങ്കിൽ ഇതൊന്ന് ഷെയർ കൂടി ചെയ്തേക്കൂ.നമ്മളായിട്ട് ആർക്കും ജീവൻ ഒന്നും കൊടുക്കാൻ പറ്റില്ല. എന്നാൽ നമ്മളായിട്ട് ഒരാളുടെ ജീവിതം രക്ഷപ്പെടുത്താൻ ഉപകരിച്ചാൽ അതിൽപരം ഒരു സന്തോഷം വേറെ എന്തുണ്ട് നമുക്ക്! അല്ലേ? അമിതവേഗതയിൽ വാഹനം ഓടിക്കുന്നവർ തങ്ങളുടെ അമ്മയോടും അച്ഛനോടും കൂടപ്പിറപ്പുകളോടും ലവലേശം പോലും സ്നേഹമോ കടപ്പാടോ ഇല്ലാത്തവരാണ് എന്ന് ഞാൻ പറയും..കാരണമെന്തെന്നോ?

ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്ന നിമിഷം തൊട്ട് ഗർഭാവസ്ഥയുടെ ഓരോ ഘട്ടത്തിലും പ്രസവസമയത്തും പിന്നീട് കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒരമ്മ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദനകളും പ്രയാസങ്ങളും മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങളും എത്രത്തോളമുണ്ട് എന്നത് നിങ്ങൾക്കറിയാമോ! ഒരു കുഞ്ഞ് പിറക്കുമ്പോൾ അതിന്റെ അമ്മ അനുഭവിക്കുന്ന വേദനയുടെ തീവ്രത എത്രയെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പോലുമാകില്ല എന്നതറിയാമോ നിങ്ങൾക്ക്?എത്ര വർഷത്തെ ഉറക്കമാണ് ഒരു കുഞ്ഞിനായി അതിന്റെ അമ്മ നഷ്ടപ്പെടുത്തുന്നത് എന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ?

അതേ തോതിൽ അല്ലെങ്കിലും ഒരു കുഞ്ഞ് കൗമാരപ്രായം എത്തുന്നത് വരെ അതിന്റെ പിതാവും നന്നായി കഷ്ടപ്പെടുന്നുണ്ട്.. ( പിന്നീട് പഠിപ്പിക്കാനും നല്ല വസ്ത്രവും ആഹാരവും കൊടുക്കുവാനും ഒക്കെ വേണ്ടിയുള്ള കഷ്ടപ്പാടുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല കെട്ടോ )
ഇങ്ങനെ കഷ്ടപ്പെട്ട് കയ്യോ കാലോ വളരുന്നത് എന്ന് നോക്കി,താഴെ വച്ചാൽ ഉറുമ്പരിക്കും, തലയിൽ വച്ചാൽ പേനരിക്കും എന്ന് പറഞ്ഞതുപോലെയുള്ള സൂക്ഷ്മതയിലാണ് നിങ്ങളെ ഓരോരുത്തരെയും ഈ പ്രായം വരെ അച്ഛനമ്മമാർ വളർത്തിയെടുത്തത്! അവരുടെ രക്തം മാത്രമല്ല, ചങ്കിന്റെ, കരളിന്റെ ഒരു കഷണം കൂടിയാണ് നിങ്ങൾ!അങ്ങനെയുള്ള ഒരു മകൻ അല്ലെങ്കിൽ മകൾ ഒരു ദിവസം പെട്ടെന്ന് അങ്ങ് മരണപ്പെട്ടാൽ അവർക്കുണ്ടായേക്കാവുന്ന ശാരീരികവും മാനസികവുമായ ആഘാതത്തിന്റെ ആഴം അളക്കാൻ പോലും കഴിയുന്നതായിരിക്കില്ല! അങ്ങനെ നിങ്ങളുടെ അമ്മയെയും അച്ഛനെയും വിഷമിപ്പിക്കാനും ഒരിക്കലും കരകയറാൻ സാധിക്കാത്ത ഒരു സങ്കടക്കടലിന്റെ ആഴങ്ങളിലേക്ക് തള്ളിയിടാനും മാതാപിതാക്കളെ സ്നേഹിക്കുന്ന ഏതെങ്കിലും മക്കൾക്കാവുമോ?
ഇല്ലല്ലോ!

നിങ്ങളുടെ ഒരു കൂടപ്പിറപ്പ് പെട്ടെന്നൊരു ദിവസം അങ്ങ് മരണപ്പെട്ടുപോയാൽ അത് സഹിക്കാൻ കഴിയുമോ നിങ്ങൾക്ക്?? ഇല്ലല്ലോ. അതുപോലെ തന്നെയല്ലേ നിങ്ങൾ മരിച്ചുപോയാലും നിങ്ങളുടെ കൂടപ്പിറപ്പുകൾക്കും? അവരെ അങ്ങനെ സങ്കടപ്പെടുത്തണോ നിങ്ങൾക്ക്??അങ്ങനെ നിങ്ങളുടെ അമ്മയെ, അച്ഛനെ അല്ലെങ്കിൽ കൂടപ്പിറപ്പുകളെ, ആരെങ്കിലും സങ്കടപ്പെടുത്തിയാൽ അവരോട് ക്ഷമിക്കാൻ നിങ്ങൾക്കാവുമോ??എന്നാൽ ഒന്നാലോചിച്ച് നോക്കൂ!കൂട്ടുകാരെയോ റോഡിലൂടെ പോകുന്ന നാട്ടുകാരെയോ ത്രസിപ്പിക്കാനോ പെൺകുട്ടികളുടെ മുന്നിൽ വീരപരിവേഷമണിയാനോ വേണ്ടി ഒരു നിമിഷത്തെ ചോരത്തിളപ്പിൽ നിയന്ത്രിക്കാൻ കഴിയാത്ത അത്ര അമിതവേഗതയിൽ ബൈക്ക് ഓടിക്കുന്നവർ സ്വന്തം മാതാപിതാക്കളോടടും കൂടപ്പിറപ്പുകളോടും ചെയ്യുന്നതും ഇത് തന്നെയല്ലേ!എപ്പോഴും കണക്കുകൂട്ടലുകൾ ഒരുപോലെ ശരിയായി എന്ന് വരുമോ?

കണക്കുകൂട്ടലുകൾ കടുകിട തെറ്റിയാൽ നിങ്ങളുടെ ജീവനാണ് ആ റോഡിൽ പിടഞ്ഞുതീരുന്നത് എന്ന് നിങ്ങൾ ആലോചിക്കാത്തതെന്ത്! അതിന് വഴിവച്ചത് നിങ്ങളുടെ ബുദ്ധിശൂന്യമായ പ്രവർത്തിയാണ് എന്നത് നിങ്ങൾ ആലോചിക്കാത്തതെന്ത്! അതോടെ നിങ്ങളുടെ പ്രിയപ്പെട്ട മാതാപിതാക്കൾ ഒരിക്കലും കര കയറാനാകാത്ത സങ്കടത്തിന്റെ ആഴമേറിയ കടലിൽ അകപ്പെടും എന്ന് നിങ്ങൾ ചിന്തിക്കാത്തതെന്ത്!വാഹനവുമായി വീട്ടിൽ നിന്നിറങ്ങിയാൽ നിങ്ങൾ സുരക്ഷിതരായി തിരിച്ചുവരുന്നത് വരെ മനസ്സമാധാനത്തോടെ ശ്വാസം പോലും കഴിക്കാതെ വീട്ടിൽ കാത്തിരിക്കുന്ന ചില ജന്മങ്ങൾ ഉണ്ടെന്ന് നിങ്ങൾ ആലോചിക്കാത്തതെന്ത്!
കേരളത്തിലെ ടൗണുകളിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനുകളിൽ തൊണ്ടിയായി പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തൊന്നു പോയി നോക്കൂ നിങ്ങൾ!

ഇടിച്ചും മറിഞ്ഞും തകർന്ന് തരിപ്പണമായി കിടക്കുന്ന നൂറുകണക്കിന് സൂപ്പർ ബൈക്കുകൾ നിങ്ങൾക്കവിടെ കാണാൻ കഴിയും. പലതും ഞരമ്പുകളെ ത്രസിപ്പിക്കുന്ന പരസ്യങ്ങളുടെ അകമ്പടിയോടെ എത്തുന്ന 150 മുതൽ 350-500 CC വരെയൊക്കെ പവർ ഉള്ള, ആക്സിലറേറ്ററിൽ കൈ ഒന്ന് തിരിച്ചാൽ കേവലം സെക്കന്റുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് നൂറും നൂറ്റൻപതും ഇരുന്നൂറും കിലോമീറ്റർ വരെ വേഗതയാർജ്ജിക്കുന്നവ! ലക്ഷങ്ങൾ വിലയുള്ളവ!അവയിൽ ചിലത് അച്ഛനമ്മമാർ മക്കളോടുള്ള ലാളന മൂത്ത് വാങ്ങി കൊടുത്തവ ആയിരിക്കും. എന്നാൽ മറ്റ് ചിലത് ആത്മഹത്യ ചെയ്യുമെന്നോ മറ്റോ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി വാങ്ങിയവയും ആകും. കൂലിപ്പണിക്കാരായ മാതാപിതാക്കൾ പോലും മക്കളുടെ ഭീഷണിക്ക് വഴങ്ങി കടം വാങ്ങിയോ മറ്റോ വണ്ടി വാങ്ങിക്കൊടുക്കുന്നു! അവയാണ് ഒടിഞ്ഞു തകർന്ന് തരിപ്പണമായി പൊലീസ് സ്റ്റേഷനിൽ കിടക്കുന്നത്! അവിടത്തെ പോലീസുകാരോട് ചോദിച്ചു നോക്കിയാൽ ഒരു കാര്യം കൂടി അറിയാം. മിക്കവാറും ആ അപകടത്തിൽ പെട്ട വ്യക്തി മരിച്ചുപോയിട്ടുണ്ടാകും! അല്ലെങ്കിൽ ജീവച്ഛവമായി വീട്ടിൽ എയർബെഡിൽ കിടക്കുന്നുണ്ടാവും!

കേരളത്തിലെ ഏതെങ്കിലും സർക്കാർ മെഡിക്കൽ കോളേജിന്റെ കാഷ്വാൽറ്റി വിഭാഗത്തിന്റെ മുന്നിൽ പോയി ഒരു രണ്ടുമണിക്കൂർ നിന്നുനോക്കൂ നിങ്ങൾ.വാഹനാപകടത്തിൽ തല പൊട്ടിത്തകർന്നും വാഹനം ദേഹത്തുകൂടെ കയറി കയ്യും കാലും അരഞ്ഞുപോയതും ദേഹത്തെ എല്ലുകൾ ഒടിഞ്ഞു പുറത്തേക്ക് തള്ളിയും ജീവനില്ലാതെയും ജീവച്ഛവമായും കൊണ്ടുവരുന്ന നിരവധി ചെറുപ്പക്കാരെ കാണാം നിങ്ങൾക്കവിടെ. മിക്കവരും 17 വയസ്സിനും 25 വയസ്സിനും ഇടയിലുള്ളവരും വിദ്യാർഥികളും ആയിരിക്കും! എൺപതുശതമാനവും ബൈക്ക് അപകടങ്ങളും ആയിരിക്കും!പലരും അപ്പോൾ തന്നെ മരിക്കുന്നതായിരിക്കും ജീവിച്ചിരിക്കുന്നതിനേക്കാൾ ഭേദം! അങ്ങനെ തോന്നുന്നത് ക്രൂരമാണെങ്കിലും 23 വർഷങ്ങളായുള്ള ആശുപത്രി ജീവിതം സമ്മാനിച്ചിട്ടുള്ള അനുഭവങ്ങൾ എന്നെക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചിട്ടുണ്ട് പലപ്പോഴും!

നിങ്ങളുടെ പ്രദേശത്തെ സർക്കാർ ആശുപത്രിയിലെ പാലിയേറ്റീവ് യൂണിറ്റ് ഗൃഹസന്ദർശനത്തിന് പോകുമ്പോൾ അവരോടൊപ്പം ഒരു ദിവസം ഒന്ന് പോയി നോക്കൂ നിങ്ങൾ.കിടന്ന കിടപ്പിൽ തന്നെ മലമൂത്രവിസർജ്ജനം ചെയ്യുകയും ഒരുരുള ഭക്ഷണം സ്വന്തമായി വാരി കഴിക്കാനോ എന്തിന് ദേഹത്ത് ഒരു കൊതുക് കടിച്ചാൽ പോലും സ്വന്തമായി കയ്യെടുത്ത് അവിടെ ഒന്ന് ചൊറിയാൻ പോലുമോ കഴിയാത്തവരുമായ ചെറുപ്പക്കാരെ നിങ്ങൾക്ക് കാണാൻ പറ്റും. വാഹനാപകടത്തിൽ സ്‌പൈനൽ കോഡിന് പരിക്കേറ്റ് ജീവച്ഛവമായി കിടക്കയിൽ കഴിച്ചു കൂട്ടുന്നവർ! ഇങ്ങനെ ആയുസ്സ് നീണ്ടുപോകാതെ എങ്ങനെയെങ്കിലും ഒന്ന് മരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കുന്നവർ!

അന്ന് അമിതവേഗതയിൽ വാഹനം ഓടിക്കാൻ തോന്നിയ ആ ഒരു നിമിഷത്തെ അവരിപ്പോൾ മനസ്സിൽ ശപിക്കുന്നുണ്ട്! പക്ഷേ എന്ത് ഫലം!വാഹനം പതിവായി അമിതവേഗതയിൽ ഓടിക്കുന്ന ചെറുപ്പക്കാരോട് എനിക്ക് പറയാനുള്ളത് ഒന്നേയൊന്ന് മാത്രം. ആക്‌സിലറേറ്ററിൽ പിടിച്ച് കണക്കില്ലാതെ അങ്ങ് തിരിക്കുമ്പോൾ നിങ്ങളുടെ അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും ഒന്നോർക്കുക. അവരുടെ ജീവിതത്തിലെ എല്ലാ സന്തോഷവും ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുത്തണോ എന്നൊന്ന് ചിന്തിക്കുക. എങ്ങനെയെങ്കിലും ഒന്ന് മരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന ചിന്തയുമായി ജീവച്ഛവമായി എയർബെഡിൽ കിടക്കണോ നിങ്ങൾക്ക്?

അമിതവേഗതയിൽ വാഹനമോടിക്കുന്നവരെപ്പോലെ തന്നെയാണ് മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കുന്നവരും മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നവരും ! എല്ലാം തങ്ങളുടെ നിയന്ത്രണത്തിൽ ആണെന്നുള്ള അമിതമായ ആത്മവിശ്വാസമാണ് അവരെക്കൊണ്ട് വാഹനം ഓടിക്കാൻ പ്രേരിപ്പിക്കുന്നത്! പക്ഷേ പലപ്പോഴും ആ ആത്മവിശ്വാസം തെറ്റുന്നു. ഇനി അഥവാ അപകടത്തിൽ നിങ്ങൾക്ക് കാര്യമായി പരിക്ക് പറ്റുന്നില്ല എന്ന് തന്നെ കരുതുക. പക്ഷേ നിങ്ങൾ കാരണമായ ആ അപകടത്തിൽ നിരപരാധിയായ മറ്റൊരു ചെറുപ്പകാരനോ കുട്ടിയോ അല്ലെങ്കിൽ ഒരു കുടുംബത്തിന്റെ ആകെ അത്താണിയായിരുന്ന ഒരാളോ മരണപ്പെടുകയോ ശയ്യാവലംബി ആവുകയോ ചെയ്യുന്നു എന്നും കരുതുക. പിന്നെ നിങ്ങളുടെ ശിഷ്ടജീവിതത്തിൽ ഒരു ദിവസമെങ്കിലും സ്വസ്ഥമായി ഉറങ്ങാൻ കഴിയുമോ നിങ്ങൾക്ക്? കുറ്റബോധത്താൽ നീറിനീറി മരിച്ചത്തിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയാകില്ലേ നിങ്ങൾക്ക്? മനസ്സാക്ഷി എന്നൊന്ന് ബാക്കിയുണ്ടെങ്കിൽ!

അതുകൊണ്ട് എന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രം. ചിന്തിക്കുക. ഒരാവേശത്തിൽ എടുത്തുചാടാതിരിക്കുക.. നിങ്ങളുടെ അമ്മയുടെയും അച്ഛന്റെയും കൂടപ്പിറപ്പുകളുടെയും ഒരായുസ്സിലെ സന്തോഷങ്ങൾ മുഴുവൻ കെടുത്തിക്കളയാൻ നിങ്ങൾ കാരണമാകാതിരിക്കുക. യാതൊരു കാരണവശാലും അമിതവേഗതയിലോ മദ്യപിച്ചോ ലഹരിപഥാർത്ഥങ്ങൾ ഉപയോഗിച്ചോ ജീവിതത്തിലൊരിക്കലും വാഹനം ഓടിക്കില്ല എന്ന് ഒരു ദൃഢപ്രതിജ്ഞ എടുക്കുക. അത് എന്നെന്നും പാലിക്കുക ഇരുചക്രവാഹനം ഓടിക്കുമ്പോൾ നല്ല നിലവാരമുള്ള ഒരു ഹെൽമറ്റ് വാങ്ങി അത് ഉപയോഗിക്കുക. എത്ര ചെറിയ ദൂരത്തേക്കാണ് പോകുന്നതെങ്കിലും നിർബന്ധമായും ഹെൽമറ്റ് ധരിക്കുക.

ഒരു കാര്യം കൂടി പറയാതിരിക്കാൻ പറ്റുന്നില്ല. ഈ നാട്ടിലെ ചില മണ്ടൻ സംവിധാനങ്ങളാണ് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നതിൽ ഒരു പ്രധാനപങ്ക് വഹിക്കുന്നത്. എന്റെ അറിവിൽ മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഇരുചക്രവാഹനമോടിക്കാൻ അനുവാദമുള്ള റോഡുകൾ ഇന്ത്യയിൽ എവിടെയും ഇല്ല. എന്നാലോ മണിക്കൂറിൽ 300 ഉം 350 ഉം കിലോമീറ്റർ വേഗതയുള്ള ബൈക്കുകൾ ഇവിടെ സുലഭമാണ്. ഓടിക്കാൻ പറ്റില്ലെങ്കിൽ പിന്നെ അത്ര വേഗതയുള്ള ബൈക്കുകൾ വിൽക്കാൻ അനുവാദം നൽകിയിരിക്കുന്നതെന്തിന്! ‘ കഞ്ചാവ് കടയിൽ നിന്നും വാങ്ങാം, പക്ഷേ ഉപയോഗിക്കരുത്’ എന്ന് പറയുന്നതുപോലെ തന്നെ ശുദ്ധഅസംബന്ധമാണ് ഇതും. കുത്തക കോർപറേറ്റ് കമ്പനികൾക്ക് കോടികൾ ലാഭമുണ്ടാക്കാനായി നമ്മുടെ യുവാക്കളുടെ ജീവൻ വച്ച് പന്താടുകയാണ് ഇവിടത്തെ കേന്ദ്രസർക്കാരും നിയമങ്ങളും എന്നത് പകൽ പോലെ വ്യക്തം!

(ഈ കഴിഞ്ഞ ദിവസങ്ങളിൽ പത്രങ്ങളിൽ കണ്ട ചില വാർത്തകളാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. അപകടത്തിൽപ്പെട്ട് മകൻ മരിച്ചതറിഞ്ഞ പിതാവ് ഹൃദയം പൊട്ടി മരിച്ച വാർത്തയാണ് അതിലൊന്ന്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബൈക്ക് അപകടങ്ങളിൽ നിരവധി ചെറുപ്പക്കാർ മരണപ്പെടുകയുണ്ടായി. ആ വാർത്തകളും ഈ കുറിപ്പിന് പ്രചോദനമായി. ഒരാളെങ്കിലും ഇത് വായിച്ച് മനസ്സ് മാറിയാലോ! )