ബ്രിട്ടീഷുകാർ ഭരിച്ചില്ലെങ്കിലും ഇവിടെ റെയിൽവേ ഉണ്ടാകുമായിരുന്നു, എങ്ങനെയെന്നറിയേണ്ടേ ?

57

Sudheer M Ravindran

“ബ്രിട്ടീഷുകാര്‍ ഇവിടം ഭരിച്ചതുകൊണ്ട് നമുക്ക് റെയില്‍വേ എങ്കിലും ഉണ്ടായി. അല്ലെങ്കില്‍ ഇവിടൊക്കെ എന്തുണ്ടാവാനാണ്‌. കേട്ടു പഴകിയ ഒരു ക്ലീഷേയാണ്‌ മുകളില്‍. ഇതു പാടി നടക്കുന്നവരെ ഒരിക്കലും കുറ്റം പറഞ്ഞുകൂടാ. അവര്‍ക്കത്രയേ അറിയൂ. അതിനപ്പുറം അന്വേഷിച്ചറിയാനുള്ള അവരുടെ ജിജ്ഞാസയും ജ്ഞാനോത്സുകതയും പണ്ടേ കൂമ്പടഞ്ഞ് പോയതാണ്. അത്തരത്തില്‍ സായിപ്പിന്റെ മഹത്വങ്ങളുടെ അപദാനങ്ങള്‍ പാടുന്ന ചരിത്രം പഠിച്ചാണ്‌ അവര്‍ വളര്‍ന്നത്. മാത്രമല്ല ഇന്നും നമ്മളില്‍ ബഹുഭൂരിപക്ഷത്തിനും പഠനം ഉദ്യോഗലബ്ധിക്കുള്ള ഒരു ഉപായം മാത്രമാണല്ലോ. അറിവു നേടുക എന്ന ഉദ്ദേശശുദ്ധിയോടെ പഠനം നടത്തുന്നവരെ മഷിയിട്ടു നോക്കിയാലും കാണാനാവുമോ എന്ന് സംശയമാണ്.  വിഷയത്തിലേക്ക്…

1840കള്‍ മുതല്‍ ഇന്ത്യയില്‍ റെയില്‍വേ എന്ന ആശയത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള റെയില്‍വേ എന്ന ആശയത്തിനു വേണ്ടി ശക്തമായി വാദിച്ചിരുന്നത് രണ്ട് പ്രമുഖ ഇന്ത്യന്‍ വ്യാപാരികളായിരുന്നു. ശ്രീ ജഗന്നാഥ് ശങ്കര്‍സേഠ് എന്ന മറാഠിയും ശ്രീ ജംഷഡ്‌ജി ജീജീഭോയ് എന്ന പാഴ്‌സിയും. ആദ്യം ഈ രണ്ട് പേരെപ്പറ്റി അല്‍പം ചരിത്രമാവാം.

ജഗന്നാഥ് ശങ്കര്‍സേഠ്
——————–

1803ല്‍ മുര്‍ക്കുടെ എന്ന മറാഠി ബ്രാഹ്മണ കുടുംബത്തില്‍ ജനനം. തന്റെ പൂര്‍വ്വികരെ പോലെ പൌരോഹിത്യം പിന്തുടരാതെ അദ്ദേഹം കച്ചവടം ചെയ്യാനിറങ്ങി. ചുരുങ്ങിയ കാലം കൊണ്ട് വിശ്വസ്തനായ വ്യാപാരിയായി അദ്ദേഹം പേരെടുത്തു. അറബികളും അഫ്ഗാനികളും ഉള്‍പ്പടെയുള്ള വിദേശവ്യാപരികള്‍ പലരും തങ്ങളുടെ ധനം വിശ്വസിച്ചേല്‍പ്പിക്കാന്‍ തിരഞ്ഞെടുത്തിരുന്നത് ബാങ്കുകളേക്കാളുപരി ശങ്കര്‍സേഠിനെയായിരുന്നു. അങ്ങനെ വന്‍ നിക്ഷേപം കൈവശം വരികയും അതില്‍ നിന്നും വന്‍ തോതില്‍ ആദായം ലഭിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ശങ്കര്‍സേഠ് ബോംബെയിലെ ഒരു പ്രധാനവ്യക്തിയായി വളര്‍ന്നു. തന്റെ ഭീമമായ സമ്പാദ്യത്തില്‍ നിന്നും വന്‍ തുകകള്‍ അദ്ദേഹം സാമൂഹികാവശ്യങ്ങള്‍ക്കായി ചിലവഴിച്ചു കൊണ്ടിരുന്നു. അന്നത്തെ ബോംബെ നഗരത്തിന്റെ മൊത്തം ബഡ്‌ജറ്റുമായി താരതമ്യം ചെയ്യാവുന്ന തുകകള്‍ അദ്ദേഹം നാടിന്‌ വേണ്ടി മുതല്‍ മുടക്കി.
അദ്ദേഹം തുടങ്ങിയ ബോംബെ നേറ്റിവ് ഇന്സ്റ്റിറ്റ്യൂഷന്‍ എന്ന സ്കൂള്‍ ഇന്നും എല്‍ഫിന്‍സ്റ്റോണ്‍ എഡ്യൂക്കേഷണല്‍ ഇന്സ്റ്റിറ്റ്യൂഷന്‍ എന്ന പേരില്‍ നിലനില്‍ക്കുന്നു. ദാദാബായ് നാവ്റോജി, ഗോപാലകൃഷ്ണ ഗോഖലേ, ലോകമാന്യ തിലകന്‍ എന്നീ മഹാരഥന്മാരെ ഭാരതത്തിന്‌ സംഭാവന ചെയ്തത് ഈ സ്കൂളാണ്. ബോംബേയില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട ഗേള്‍സ് സ്കൂളിനു വേണ്ട ചിലവുകളുടെ സിംഹഭാഗവും വഹിച്ചത് ശങ്കര്‍സേഠാണ്. ബോംബേ നഗരത്തെ ഒരു ആധുനിക നഗരമാക്കി രൂപാന്തരപ്പെടുത്തിയത് ശങ്കര്‍സേഠും മറ്റു രണ്ട് പേരും ചേര്‍ന്നാണ്. ഈ നഗര വികസനത്തിനായും മറ്റു പൊതു ആവശ്യങ്ങള്‍ക്കായും അദ്ദേഹം ദാനം ചെയ്ത ഏക്കര്‍ കണക്കിന്‌ ഭൂമിക്ക് ഇന്നും വ്യക്തമായ കണക്കില്ല.

ജംഷഡ്ജീ ജീജീഭോയ്

1783ല്‍ ബോംബെയില്‍ ഒരു ധനിക പാഴ്സി കുടുംബത്തില്‍ ജനനം. വ്യാപാരികുടുംബത്തില്‍ ജനിച്ചതിനാലാവാം ജാംഷ്ഡ്ജിയും ചെറുപ്പം മുതലേ കച്ചവടത്തില്‍ തല്‍പരനായിരുന്നു. തന്റെ പതിനാറാം വയസ്സിലാണ്‌ അദ്ദേഹം ഒരു കപ്പല്‍ പരുത്തിയുമായി ചൈനയിലേക്ക് തിരിക്കുന്നത്. ചൈനയില്‍ നിന്നും ഓപിയം(കറുപ്പ്) വാങ്ങി ദക്ഷിണാഫ്രിക്കയില്‍ കൊണ്ടുപോയി വിറ്റ് തിരിച്ച് വരികയായിരുന്നു ലക്ഷ്യം. ഇത് വന്‍ വിജയമായതോടെ അടുത്ത കച്ചവടം സാക്ഷാല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ചേര്‍ന്നായി. വെറും ഒരു വര്‍ഷം കൊണ്ട് അദ്ദേഹം കച്ചവടരംഗത്തെ അതികായനായി വളര്‍ന്നു. പതിനേഴാം വയസ്സില്‍ ബോംബേയിലെ ബിസിനസ്സുകാരില്‍ നിന്നും അദ്ദേഹം സ്വരൂപിച്ചെടുത്തത് അന്നത്തെ 40,000 രൂപയുടെ ഫണ്ട് ആയിരുന്നു. അത്രയ്ക്കായിരുന്നു അദ്ദേഹം ഒരു വര്‍ഷം കൊണ്ട് മാര്‍ക്കറ്റില്‍ ആര്‍ജ്ജിച്ചെടുത്ത ഖ്യാതിയും വിശ്വാസ്യതയും.

എന്നാല്‍ തന്റെ നാലാമത്തെ ചൈനാ യാത്രയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യയുടെ കപ്പല്‍ ഫ്രഞ്ച് നാവികസേന ആക്രമിക്കുകയും അദ്ദേഹം ബന്ദിയാക്കപ്പെട്ട് ആഫ്രികയുടെ തെക്കേ മുനമ്പായ കേപ് ഓഫ് ഗുഡ് ഹോപ്പില്‍ തടവിലാക്കപ്പെടുകയും ചെയ്തു. കുറേ കാലത്തെ യാതനകള്‍ക്കു ശേഷം അദ്ദേഹം ഒരു ഡാനിഷ് കപ്പലില്‍ തിരിച്ച് കല്‍ക്കത്തയില്‍ എത്തിച്ചേരുകയും കച്ചവടം പുനരാരംഭിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്‌ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. 1820കളോടെ സ്വന്തമായി 20ഓളം കപ്പലുകളുടെ ഉടമയും അന്നത്തെ രണ്ട് കോടിയില്‍പരം രൂപ മൂലധനവുമുള്ള ഒരു വന്‍ വ്യാപാര ഭീമനായി ജീജീഭോയ് വളര്‍ന്നുകഴിഞ്ഞിരുന്നു.

ശ്രീ ശങ്കര്‍സേഠിനേപ്പോലെത്തന്നെ ഒട്ടനേകം സാമൂഹികാവശ്യങ്ങള്‍ക്ക് ജീജീഭോയിയും വന്‍തോതില്‍ പണം ചിലവഴിച്ചു. 1840കള്‍ മുതല്‍ അദ്ദേഹം ബോംബേയില്‍ പണിത സ്കൂളുകള്‍ അനവധിയാണ്. ഏഷ്യയിലെത്തന്നെ ആദ്യത്തെ വൃദ്ധസദനം – “ജെ ജെ ധര്‍മ്മശാല” ജീജീഭോയിയുടെ സംഭാവനയാണ്. ഇതിനായി അന്ന് അദ്ദേഹം ചിലവഴിച്ചത് ഒന്നര ലക്ഷത്തില്പരം രൂപയാണ്. ബോംബെയില്‍ ഗ്രാന്റ് മെഡിക്കല്‍ കോളേജ്, ജെ ജെ ഹോസ്പിറ്റല്‍ എന്നിവയും ജീജീഭോയിയുടെ സംഭാവനയാണ്. പൊതു ആവശ്യത്തിനായി നൂറുകനക്കിന്‌ കിണറുകളും കുളങ്ങളും, ജെ ജെ സ്കൂള്‍ ഓഫ് ആര്‍ട്ട്സ് പോലുള്ള സ്ഥാപനങ്ങള്‍ എന്നിങ്ങനെ മറ്റനേകം വികസനപ്രവര്‍ത്തനങ്ങളും അദ്ദേഹം സ്വന്തം നിലക്ക് നടത്തി.

ഇന്ത്യന്‍ റെയില്‍വേ

1840ല്‍ മേല്‍പ്പരഞ്ഞ രണ്ട് പേരാണ്‌ ഇന്ത്യയില്‍, കൃത്യമായിപ്പറഞ്ഞാല്‍ ബോംബേയില്‍ നിന്നും ചുറ്റുമുള്ള നഗരങ്ങളിലേക്ക് റെയില്‍വേ എന്ന ഒരു ആശയം ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്. അതിനു വേണ്ടി മുതല്‍ മുടക്കാനും അവര്‍ സന്നദ്ധരായിരുന്നു. ഇതിന്‌ മുന്‍കയ്യെടുത്തത് ശങ്കര്‍സേഠായിരുന്നു. കേട്ടപാടേ പുഛിച്ച് തള്ളിയ ഈസ്റ്റ് ഇന്ത്യാ കമ്പനി എന്നാല്‍ ബ്രിട്ടണില്‍ ഈ ദിശയിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. അങ്ങനെ 1843ല്‍ അന്നത്തെ ബോംബെ ചീഫ് എഞ്ചിനീയറായിരുന്ന ജോര്‍ജ് ക്ലാര്‍ക്ക് ബോംബെ-താണ റെയില്‍വേ പാത എന്ന ആശയവുമായി മുന്നോട്ടു വരുന്നു. പിന്നീട് ഹെന്‍റി കൊണിബെറിയുടെ നേതൃത്വത്തില്‍ നിര്‍ദ്ദിഷ്ട പാതക്കു വേണ്ടി ബോംബേ സര്‍ക്കാര്‍ പഠനം നടത്തുകയുമ്, പ്രസ്തുത പഠനത്തിന്റെ റിപ്പോര്‍ട്ട് 1845 ജനുവരി 18ന്‌ ബോംബെ ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

അഞ്ച് വര്‍ഷത്തോളമായി റെയില്‌വേ എന്ന ആശയത്തിനു വേണ്ടി നിലകൊണ്ടിരുന്ന ശങ്കര്‍സേഠും ജീജീഭോയിയും ഈ പദ്ധതി ഏറ്റെടുത്തു. 1845 ഏപ്രില്‍ 19ന്‌ അവര്‍ ബോംബെ ടൌണ്‍ ഹാളില്‍ ഒത്തുകൂടി “ഇന്‍ലാന്‍ഡ് റെയില്‌വേ അസോസിയേഷന്” എന്ന സ്ഥാപനം രൂപീകരിച്ചു. ഇവര്‍ ഇതിന്‌ തുനിഞ്ഞിറങ്ങേണ്ടത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ആവശ്യവുമായിരുന്നു. അതറിഞ്ഞുകൊണ്ട് തന്നെയാണ്‌ നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഒരു വികസനമെന്ന് നിലയില്‍ ഇവര്‍ രണ്ടു പേര്‍ ഈ പദ്ധതിക്കായി ഇറങ്ങിത്തിരിച്ചതും.

ഇതേ സമയം ബ്രിട്ടണില്‍ ജോണ്‍ ചാപ്മാന്‍ എന്ന എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഗ്രേറ്റ് ഇന്ത്യന്‍ പെനിന്‍സുലാര്‍ റെയില്‌വേ കമ്പനി എന്ന സ്ഥാപനവും രൂപം കൊള്ളുന്നുണ്ടായിരുന്നു. ചാപ്മാന്‍ ഈ സ്ഥാപനത്തിന്റെ സാധ്യതാ പഠനം തുടങ്ങുകയും ചെയ്തു. ഇതേ സമയം ഇന്ത്യയില്‍ ശങ്കര്‍സേഠും ജീജീഭോയിയും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിച്ച് തങ്ങളുടെ “ഇന്‍ലാന്‍ഡ് റെയില്‍വേ അസ്സോസിയേഷന്‍” എന്ന സ്ഥാപനം വിപുലീകരിച്ച് പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള തീവ്രപരിശ്രമങ്ങളിലായിരുന്നു. അങ്ങനെ ബ്രിട്ടീഷുകാര്‍ ലണ്ടനില്‍ ഉണ്ടാക്കിയ GIPR ന്‌ തത്തുല്യമായ 20 അംഗങ്ങളുള്ള ഒരു ബോര്‍ഡ് രൂപീകരിച്ച് കഴിഞ്ഞിരുന്നു.
എന്നാല്‍ ഇതില്‍ ശങ്കര്‍സേഠും ജീജീഭോയിയും ഒഴികെ മറ്റുള്ള എല്ലാ ഇന്ത്യന്‍ നിക്ഷേപകരേയും ഒഴിവാക്കിക്കൊണ്ട് 10 പേരടങ്ങുന്ന ബ്രിട്ടീഷുകാര്‍ക്ക് മുന്‍തൂക്കമുള്ള ഒരു ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിക്കപ്പെട്ടു. ഉടമസ്ഥതയും അധികാരവും തങ്ങളില്‍ നിലനിര്‍ത്തി മുതല്‍ മുടക്കാന്‍ മാത്രമായി ഇന്ത്യന്‍ നിക്ഷേപകരെ ഉപയോഗപ്പെടുത്തുക എന്ന നയമായിരുന്നു ഇതിനു പിന്നില്‍ എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.

മേല്‍ സൂചിപ്പിച്ച ചാപ്മാന്റെ സാധ്യതാ പഠന റിപ്പോര്‍ട്ടിനനുസരിച്ച് 1849 ആഗസ്ത് ഒന്നിന്‌ GIPR 50000 പൌണ്ടിന്റെ ഓഹരി മൂലധനവുമായി ഇന്‍കോര്‍പ്പറേറ്റ് ചെയ്യപ്പെട്ടു. അങ്ങനെ ആദ്യം ബോംബേയില്‍ നിന്നും താനേയിലേക്കുമ്, പിന്നീട് കല്യാണിലേക്കും, മാഹിമിലേക്കും, ബോറി-ബന്തറിലേക്കും റെയില്‍വേ ലൈനുകള്‍ നിര്‍മ്മിക്കപ്പെട്ടു. 1853ലെ 53 കിലോമീറ്റര്‍ റെയില്‍വേ 1875 ആയപ്പോഴേക്കും 9100 കിലോമീറ്റര്‍ ആയി വികസിച്ചു. 1900 ആയപ്പോഴെക്കും ഇന്ത്യയില്‍ 38,640 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കുകളുണ്ടായിരുന്നു. 1947ല്‍ ബ്രിട്ടീഷ് ഭരണം അവസാനിക്കുമ്പോള്‍ 49323 കിലോമീറ്റര്‍ ട്രാക്കുകള്‍ ആയി ഇന്ത്യന്‍ റെയില്‍വേ വളര്‍ന്നിരുന്നു. ഈ പണിതു കൂട്ടിയ ഓരോ കിലോമീറ്ററിനും ഇന്ത്യന്‍ ജനതയില്‍ നിന്നും അവര്‍ ഈടാക്കിയത് ഇതേ ട്രാക്ക് ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നിര്‍മ്മിക്കാനാവശ്യമായതിന്റെ ഒന്‍പത് മടങ്ങ് പണമാണ്. 1850കള്‍ മുതല്‍ 1870കള്‍ വരെ യൂറോപ്പിലെ പല നിക്ഷേപകരുടേയും ഏറ്റവും പ്രിയപ്പെട്ട നിക്ഷേപമായിരുന്നു ഇന്ത്യന്‍ റെയില്‍വേ. കാരണം ലോകത്തൊരു ബാങ്കിനും നല്‍കാന്‍ കഴിയാത്ത ആദായമാണ്‌ ഈ നിക്ഷേപകര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. ഈ പണമത്രയും കൊള്ളയടിക്കപ്പെട്ടത് ഇതേ ബ്രിട്ടീഷുകാരാല്‍ സംജാതമാക്കപ്പെട്ട കൊടും ക്ഷാമങ്ങളാല്‍ പട്ടിണിക്കോലങ്ങളാക്കപ്പെട്ട ഇന്ത്യക്കാരന്റെ ഓട്ടക്കീശയില്‍ നിന്നും!!!

എന്നാല്‍ ഇതിനോടകം തങ്ങളുടെ സമ്പാദ്യത്തിന്റെ വലിയ ഒരു വിഹിതം റെയില്‍വേക്കായി നീക്കിവെക്കുകയും ഈ പദ്ധതിക്കായി തുടക്കം മുതല്‍ അക്ഷീണം പരിശ്രമിക്കുകയും ചെയ്ത ശങ്കര്‍സേഠും ജീജീഭോയിയും എല്ലാം ആദ്യ ഡയറക്ടര്‍ ബോര്‍ഡിലെ പേരുകള്‍ മാത്രമായി ചുരുങ്ങിപ്പോയിരുന്നു. ഇന്ന് അവരുടെ സംഭവനകൾക്കൊത്തുള്ള ഒരു സ്മാരകം തന്നെയുണ്ടോ എന്ന് സംശയമാണ്.