എന്തുകൊണ്ടാണ് സ്വരാജിനെ തോല്പിക്കേണ്ടത് യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും ആവശ്യമായത് ?

314

Sudheer NE

തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മനസ്സിലൊരു തോന്നൽ. എം.സ്വരാജിനെ ഒന്നു വിളിക്കണം. സ്വരാജിനെ നേരിട്ട് പരിചയമില്ല. പരിചയമുള്ളവർ പലരും ജയിച്ചിട്ടുമുണ്ട്. എന്നിട്ടും എന്റെ മനസ്സ് പറയുന്നത് തൃപ്പൂണിത്തുറയിൽ തോറ്റുപോയ സ്വരാജുമായി സംസാരിക്കണം എന്നാണ്. ആ ആഗ്രഹം സൃഷ്ടിച്ച സ്വന്തം മനസ്സിനോട് സത്യത്തിൽ എനിക്കു തന്നെ ആദരവു തോന്നി.
സ്വരാജ് തോറ്റതല്ല. വാശിയോടെ വൃത്തികെട്ട കരുനീക്കങ്ങൾ നടത്തി കോൺഗ്രസ്സും ബി.ജെ.പിയും കൂടി തോല്പിച്ചതാണ്. തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഇത്തവണ നേടിയത് 23756 വോട്ടാണ്. 2016 ൽ എൻ.ഡി.എ അവിടെ നേടിയത് 29843 വോട്ടും. അതായത് ആറായിരത്തിലധികം വോട്ടാണ് ബി.ജെ.പി ഇക്കുറി നഷ്ടപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ സ്വരാജിന്റെ ഭൂരിപക്ഷം 4471 ആയിരുന്നു. അതായത് ഏകദേശം അയ്യായിരം വോട്ട് മാറ്റിയാലേ സ്വരാജിനെ തോല്പിക്കാനാവു. ഈ കണക്കാണ് കെ.ബാബു എന്ന കോൺഗ്രസ്സ് സ്ഥാനാർത്ഥി ബി.ജെ.പിയ്ക്കു മുന്നിൽ വെച്ചിരിക്കുക. നോക്കൂ, എന്നിട്ടും സ്വരാജ് 992 വോട്ടിനാണ് തോറ്റുപോയത്. അതാണ് കരുത്ത്.

സ്വരാജിനെ തോല്പിക്കേണ്ടത് യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും ആവശ്യമായിരുന്നു. അവരുടെ രണ്ടുപേരുടെയും എല്ലാതരം ഹിനമായനീക്കങ്ങളെയും കുടിലതന്ത്രങ്ങളെയും ഇത്രയും ഭംഗിയായും , ആർജ്ജവത്തോടെയും നിയമസഭയ്ക്കകത്തും ചാനലുകളിലും നേരിട്ട മറ്റൊരാളില്ലല്ലോ. ആ നിശ്ചയ ദാർഡ്യത്തിനും യുക്തിബോധത്തിനും കരുതലോടുള്ള നേരിടലിനും മുന്നിൽ എതിരാളികൾ എല്ലായ്പ്പോഴും തകർന്നു പോകുന്നത് കേരളം കണ്ടതാണ്. അതിനു ശേഷവും സ്വരാജ് ഞാനൊന്നും ചെയ്തില്ലേ എന്ന നിസ്സംഗ ഭാവത്തോടെ ഇളം ചിരിയുമായി അവിടെയിരിക്കും. പൊതുവിൽ വാദങ്ങളിൽ സ്വരാജിനെ ഇവർക്കൊന്നും തോല്പിക്കാനായിട്ടില്ല.കാരണം അയാൾ അനാവശ്യ വാദങ്ങൾ മുന്നോട്ടു വെക്കാറില്ല.

നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തോല്പിച്ചതു കൊണ്ട് സ്വരാജിന്റെ യുക്തിഭദ്രമായ വാദങ്ങൾ നിലയ്ക്കുന്നില്ല. അത് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കൂടുതൽ വീറോടെ മുഴങ്ങിക്കൊണ്ടിരിക്കും. അവിടെ അയാൾക്ക് തോൽവിയില്ല. അവിടെ അയാളെ തോല്പിക്കാൻ കോൺഗ്രസ്സും ബി.ജെ.പിയും കൂട്ടുകൂടിയതു കൊണ്ടാവില്ല. ഇത്രയുമൊക്കെ മനസ്സിൽ വന്നതു കൊണ്ടാവും അയാളെ ഒന്ന് വിളിക്കണം എന്ന തോന്നലുണ്ടായത്. നേരിട്ടറിയാത്തതു കൊണ്ട് നമ്പർ സംഘടിപ്പിച്ച് ഒരു സന്ദേശമയച്ച് വിളിക്കാമെന്നു കരുതി. നമ്പർ കിട്ടിയപ്പോഴാണ് മനസ്സിലായത് അദ്ദേഹത്തിന്റെ ഫോണിൽ വാട്ട്സാപ്പ് ഇല്ലെന്ന് ! എം.സ്വരാജ് എന്ന നേതാവ് വാട്സാപ്പ് ഉപയോഗിക്കാറില്ലെന്ന് പിന്നീടുള്ള അന്വേഷണത്തിൽ മനസ്സിലായി. എം.സ്വരാജ് വ്യത്യസ്തനാണ്, പല കാര്യത്തിലും. ഇപ്പോഴും ഞാനദ്ദേഹത്തെ വിളിച്ചില്ല. ഒന്നു വിളിക്കണം… കരുതി കൂട്ടി തോല്പിക്കപ്പെട്ടവന്റെ മനസ്സുമായി ഒന്നു ചേർന്നു നിൽക്കണം.