പുറത്തു നിന്നു വന്നവരാണ് കലാപം നടത്തിയതെന്നു പറയുന്നു, ആരു കൊണ്ടുവന്നു ? അയോധ്യയിലെ കർസേവയ്ക്ക് ആളുകൾ എവിടെ നിന്നായിരുന്നു വന്നത് ?

289
സുധീർ രാജ് എഴുതുന്നു:
കലാപ ശേഷമുള്ള സോഷ്യൽ പൊളിറ്റിക്കൽ ഓഡിറ്റിങ് ശ്രദ്ധിക്കുക. വെറും വർഗ്ഗീയകലാപമാണെന്നുള്ള ജഡ്ജ്മെന്റ് ശ്രദ്ധിക്കുക. ഇതൊരു ടൂളാണ്, വളരെ നാളുകൾ ഒരു ജനതയെ മർദ്ദിച്ചൊതുക്കി സകല രീതിയിലുള്ള അപമാനവും ഏല്പിച്ചതിന് ശേഷം അവരെ കൂട്ടക്കൊല ചെയ്യാനുള്ള ആഹ്വാനം പരസ്യമായി നടത്തി അവരെ പ്രകോപിപ്പിക്കുകയും അവരിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയും ചെയ്യുക. അതിന് സ്റ്റേറ്റും ഭരണ ടൂളുകളും കുടപിടിക്കുക.അത് മൂലമുണ്ടാകാൻ സാധ്യതയുള്ള സ്പാർക്കിനെ മുൻകൂട്ടി കണ്ട് വംശഹത്യയുടെ പ്ലാനിങ് നടത്തി നടപ്പിലാക്കുക. കാര്യം നടന്നു കഴിയുമ്പോൾ കണക്കുകൾ നിർത്തി ബാലൻസിങ് ഒപ്പിക്കുക.
കലാപത്തിലും അതിനു മുമ്പും ഇത്രയധികം തോക്കുകൾ ഉപയോഗിക്കപ്പെട്ടത് എങ്ങിനെയാണ്.കഴിഞ്ഞ ആറു വർഷമായി കൊല്ലപ്പെട്ട ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും എണ്ണമെത്രയാണ്. എഴുത്തുകാരുടെയും ചിന്തകരുടെയും എണ്ണമെത്രയാണ്. ഭരണവർഗ്ഗം അല്ലെങ്കിൽ അവരുടെ വക്താക്കൾ നടത്തിയ വംശീയ ഷെയിമിങ്ങും ഹേറ്റ് സ്പീച്ചുകളും എത്രയാണ്. കൊല്ലപ്പെട്ട കുഞ്ഞുങ്ങളും സ്ത്രീകളും എത്രയാണ്. അവരുടെ മരണങ്ങൾക്ക് ആരുത്തരം പറയും.
യു പിയിലെ ദളിതുകൾക്ക് നേരെ നിരന്തരം നടക്കുന്ന കൊലകളിൽ നിന്നാണ് ഭീം ആർമി ഉണ്ടായത്. വംശീയത കൂടുന്തോറും പ്രതിരോധവും ഉയർന്നു വരും. ഇത് പഴയ ടൂളാണ് ആദ്യം പ്രഷർകുക്കർ സീനിൽ എത്തിക്കുക പൊട്ടുമ്പോൾ കൊല്ലുക. പിന്നീട് ബാലൻസിങ് ആക്റ്റ്. പുറത്തു നിന്നു വന്നവരാണ് കൊന്നതെന്നു പറയുന്നു. ആരു കൊണ്ടുവന്നു. അയോധ്യയിലെ കർസേവയ്ക്ക് ആളുകൾ എവിടെ നിന്നു വന്നു എന്നാലോചിക്കുക. ഓരോ നിർമ്മിത കലാപവും ഓരോ കർ സേവയാണ്. ഈ ഭരണത്തിന്റെ തുടക്കത്തിൽ മാധ്യമങ്ങൾ ഭയം പരത്തുന്നു എന്നായിരുന്നു പരാതി. ഇപ്പോൾ വെറും പെയ്ഡ് പോസ്റ്റ് ഓഫീസ് മാത്രമായ അവർ പറയുന്ന കണക്കുകൾ ആധികാരികമായി ഉദ്ധരിക്കുമ്പോൾ ചിരിയാണ് വരുന്നത്.
ബി ബി സി ഒന്നു നോക്കിയാൽ കലാപത്തിന്റെ നാൾ വഴികൾ തുറന്നു കിട്ടും.
കൊലകൾക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ ഹേറ്റ് സ്പീച് കൗണ്ടർ കൊണ്ടുവരുന്നവരോട് ഒന്നു പറയട്ടെ. ആയിരം ഹേറ്റ് സ്പീച്ചിനേക്കാൾ മാരകമാണ് നിലനില്പിനായുള്ള നിലവിളി. ആടിനെ പട്ടിയാക്കിയാൽ പട്ടിയുടെ തല വെട്ടി പുതുചരിത്രം മുന്നോട്ടു പോകും.