രാമായണ ഭക്തർ വാല്മീകി എന്ന പേര് മക്കൾക്കിടില്ല, കാരണം വാല്മീകി ഒരു ജാതിയാണ്, പുറമ്പോക്ക് ദളിതനാണ്

93

Sudheer Raj എഴുതുന്നു

രാമായണം വായിച്ചും രാമനെ കൊണ്ടും കോൾമയിർ കൊണ്ട് കമ്പിതഗാത്രരാകുന്ന ഫക്തർ വാല്മീകി എന്ന പേര് മക്കൾക്കിടില്ല. കാരണം വാല്മീകി ഒരു ജാതിയാണ്. പുറമ്പോക്ക് ദളിതനാണ്. നൂറ്റാണ്ടുകളായി ആട്ടും തുപ്പും അനുഭവിക്കുന്നവനാണ്. ഓം പ്രകാശ് വാല്മീകിയുടെ “ജൂഠാൻ ” പോലെ വെറും എച്ചിലാണ്. എന്തൊരു ഹിപ്പോക്രസിയാണ്. ഇത് നേരത്തെ ഞാൻ എഴുതിയതാണ്.
ദളിതരെ ബലാത്സംഗം ചെയ്യുന്നതും കൂട്ടക്കൊല ചെയ്യുന്നതും നഗ്നരാക്കി തെരുവുകളിൽ വലിച്ചിഴയ്ക്കുന്നതും കസ്റ്റമൈസ് ചെയ്യപ്പെട്ട ഒരു സമൂഹമായതിനാൽ ഖൈർലാഞ്ചി കൂട്ടക്കൊലയും ബലാത്സംഗവും ആരും ഓർക്കാനിടയില്ല. പക്ഷേ മുറിവുള്ളവന് അതു മറക്കാൻ കഴിയാത്തത് പോലെ എനിക്കത് മറക്കാൻ കഴിയില്ല. 2006 ൽ 29 സെപ്റ്റംബറിൽ കൊല്ലപ്പെട്ട ദളിത് കുടുംബത്തിലെ നാലുപേരിൽ സ്ത്രീകളായ സുരേഖയെയും പ്രിയങ്കയെയും നഗ്നരാക്കി പൊതുനിരത്തിലൂടെ അടിച്ചും ചവുട്ടിയും പരസ്യമായി ലൈംഗികമായി പീഡിപ്പിച്ചും പരേഡ് ചെയ്യിപ്പിച്ചതിന് ശേഷം തല്ലിക്കൊല്ലുകയാണുണ്ടായത്. (നഗ്ന ദളിത് പരേഡ് ഇന്ന് ഇന്ത്യയിലെ ഒരേ സിംബലാണ്, സംസ്കാരം പോലെ). പൊലീസോ മീഡിയയോ രാഷ്ട്രീയക്കാരോ തിരിഞ്ഞു നോക്കിയില്ല. അന്നും പ്രതികളെ സംരക്ഷിക്കാൻ സംഘപരിവാർ കഠിന ശ്രമം നടത്തി.

അമേരിക്കയിലെ വർണ്ണവെറിയരാൽ കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിന് വേണ്ടി ലോകം.മുഴുവൻ പ്രതിഷേധമുണ്ടായി. ഇന്ത്യയിൽ.പ്രത്യേകിച്ചു കേരളത്തിൽ “I Can’t Breath” ഹാഷ് ടാഗുകൾ കൊണ്ട് നിറഞ്ഞു. ഇവിടെ കേവലം 19 വയസ്സുള്ള മനീഷ വാല്മീകിയെന്ന ദളിത് പെൺകുട്ടി അതി ക്രൂരമായ കൂട്ട ബലാതസംഗത്തിന് ഇരയായി. ഇന്നലെയവൾ അവളുടെ മുറിവുകളുമായി ഈ ലോകം വിട്ടുപോയി. അവളുടെ നാക്ക് മുറിച്ചു മാറ്റപ്പെട്ടിരുന്നു, നട്ടെല്ലും കഴുത്തും തകർക്കപ്പെട്ടിരുന്നു. 14 സെപ്റ്റംബറിനാണ് ഈ സംഭവം നടന്നത്. മീഡിയകളോ നെറ്റിസണുകളോ ഇത് അറിഞ്ഞ ഭാവം നടിച്ചില്ല. എന്തൊരു നിശ്ശബ്ദതയാണ്. ഹാഷ് ടാഗുകളോ മെഴുതിരി കത്തിക്കലോ പ്രതിഷേധമോ ഇല്ല.

ഇതാണ് നിരന്തരമായി നടക്കുന്ന ഇത്തരം ക്രൂരതകൾക്ക് ഇരയാകേണ്ടവവരാണ് ദളിതുകൾ എന്ന പൊതുബോധവും കസ്റ്റമൈസേഷനും നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്ന് ഞാൻ പറയാൻ കാരണം. എനിക്ക് പറയാനുള്ളത് രാമരാജ്യത്തിന്റെ അടിസ്ഥാനശിലയായ അവരുടെ ദൈവങ്ങളെ വിളിച്ചു വീട്ടിൽ കയറ്റി ഭജന പാടുമ്പോൾ ശംബൂകൻ തൊട്ടിങ്ങോട്ട് മനീഷ വാല്മീകി വരെയുള്ള അനേകായിരങ്ങളിൽ ഒന്നു രണ്ടുപേരുടെയെങ്കിലും ഫോട്ടോയും വെക്കുന്നത് നന്നായിരിക്കും.
നാക്ക് എന്നേ മുറിച്ചു മാറ്റപ്പെട്ടതാണ്. I can’t breath എന്ന് പറയാൻ കഴിയില്ല. ഒരിക്കലെങ്കിലും നിവർന്ന് ശ്വാസമെടുത്തിട്ടില്ലല്ലോ. നിങ്ങൾക്ക് നേരെയുയരുന്ന നടുവിരലിനെ വിഗ്രഹങ്ങളെന്ന പേരിൽ പൂജിക്കാതിരിക്കുക. നിങ്ങളുടെ കുഞ്ഞുങ്ങളുടെ പരേഡെങ്കിലും ഇല്ലാതാവട്ടെ.വാല്മീകിക്ക് സ്വസ്തി.