ആ മിടുക്കിയായ കുഞ്ഞിന്റെ മരണം ആദ്യത്തേതല്ല, അവസാനത്തേതുമല്ല

574

കവി സുധീർരാജ് എഴുതുന്നു

കഴിഞ്ഞ വർഷം പെങ്ങളുടെ മകൻ ഐ ഐ ടി , ടി ഐ എസ് എസ് (ടാറ്റ ഇൻസ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ) എന്നിവയുടെ എൻട്രൻസ് ലിസ്റ്റിൽ വന്നപ്പോൾ ഇന്ത്യയിലും വിദേശത്തുമുള്ള അനവധി സർവ്വ കലാശാലകളിൽ പ്രൊഫസറായി ജോലി ചെയ്ത ഒരു ജ്യേഷ്ഠ സുഹൃത്തുമായി സംസാരിക്കുകയുണ്ടായി . ഐ ഐ ടി മദ്രാസിനെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് കുട്ടിയുടെ മനോനിലയെ പറ്റിയാണ് . സംസ്ഥാന കലോത്സവത്തിൽ ഇംഗ്ലീഷ് ഉപന്യാസ മത്സരത്തിൽ സമ്മാന ജേതാവാണെങ്കിലും അത്രയൊന്നും tough അല്ല അവനെന്നു എനിക്കറിയാമായിരുന്നു . തുടർന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇവിടെയെഴുതുന്നു . ” See Sudheer , That place precisely a brahmanical place , he will face enormous pressure and he may crumble or they will make him crumble”. അനവധി കലാലയങ്ങൾ കണ്ട അനുഭവിച്ച അദ്ദേഹം പറഞ്ഞ അഭിപ്രായം ഒരാളുടെ മാത്രമല്ല എന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ .

അതൊരൊറ്റപ്പെട്ട എന്ന് തുടങ്ങുന്ന ക്ളീഷേ മറുപടി ജീവിതകാലം മുഴുവൻ കേട്ടു മുരടിച്ച എനിക്ക് ഇതിനുള്ള മറുപടിയും ഊഹിക്കാവുന്നതേയുള്ളൂ . ഇപ്പോഴങ്ങനെയൊക്കെ ഉണ്ടോ , ജാതിയില്ലാതായിട്ടു കാലമെത്രയായി . ആ കൊച്ചുങ്ങൾക്ക് അപകർഷതാബോധമായിരിക്കും .അതേ , ചാവിലും നിറയ്ക്കുന്ന ആ ബോധമുണ്ടല്ലോ അതാണ് ജീവിതത്തിലും അവർ നേരിടുന്നത് . ഉത്തമന്മാർ പോരാട്ടത്തെ പറ്റിയൊക്കെ വമ്പൻ ക്ലാസ്സെടുക്കും , ഉരിഞ്ഞിട്ട ആ ജീർണ്ണവസ്ത്രം അതൊന്നും കേൾക്കില്ല . അവരുടെ മാതാപിതാക്കൾക്ക് നിങ്ങളുടെ ഗീത മനസ്സിലാകില്ല .

Image result for iit madrasഈ ഒറ്റപ്പെട്ട എന്നുപറയുന്ന ദുരന്തങ്ങൾ ദളിതരോ മറ്റു പിന്നോക്ക സമുദായങ്ങളോ ചെയ്തതായി ഒന്ന് പറയാമോ .ക്വത്വ പോലൊരു സംഭവം അന്യ മതങ്ങളുടെ ഒരു ദേവാലയത്തിൽ വെച്ചു നടന്നിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി . മാനഭംഗങ്ങളും , കുഞ്ഞുങ്ങളുടെ കൊലകളും , ആൾക്കൂട്ട കൊലപാതകങ്ങളും , നഗ്നരായി വഴിനീളെ നടത്തി മർദ്ദിക്കലും പിന്നോക്കക്കാർ ചെയ്യുകയായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി . ദുഃഖിക്കാൻ എനിക്കവകാശമില്ല എന്ന മനസ്ഥിതിക്കാരനാണ് ഞാൻ . എന്റെ വഴി അധർമ്മത്തിന്റേതല്ല .നിരപരാധികളെ നിസ്സഹായരെ ചവുട്ടി വീഴ്ത്തിക്കൊണ്ടുള്ള പ്രതികാരമല്ല . പക്ഷേ ,നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഇത്തരം ആഭാസങ്ങൾക്ക് ശേഷവും പ്രതിക്കൂട്ടിൽ തലയും താഴ്ത്തി നിൽക്കേണ്ടി വരുന്ന ഒരു ജനതയുടെ നിസ്സഹായതയിലുള്ള മരവിപ്പാണ് .

Image result for fathima latheefആ മിടുക്കിയായ കുഞ്ഞിന്റെ മരണം ആദ്യത്തേതല്ല, അവസാനത്തേതുമല്ല . എന്തൊരു യാതനയിലൂടെയാരിക്കണം ആ കുഞ്ഞു കടന്നു പോയിട്ടുണ്ടാവുക . അതിനെയോർത്ത് എനിക്ക് സങ്കടമുണ്ട് . ആ വാർത്തകൾ എന്റെ മകനും പതിനായിരക്കണക്കിന് മറ്റു കുഞ്ഞുങ്ങളും വായിക്കുമ്പോൾ സങ്കടപ്പെടുമ്പോൾ എനിക്ക് നാണിച്ചു ചൂളി നിൽക്കാനേ കഴിയൂ . എന്റെ മകൻ സൂപ്പർമാനെന്നു കരുതുന്ന ഞാൻ ഒരു നിമിഷത്തേക്ക് നഗ്നനായ പേക്കോലമായിപ്പോകും . എങ്കിലും ഇതും അതിജീവിക്കപ്പെടും , കൊലക്കയറുകളെക്കാൾ ചാട്ടയടികളെക്കാൾ ആഴത്തിലവരുടെ ചോരയിലുണ്ട് അക്ഷരങ്ങൾ, അതെ ഓരോ ചാവിലും കോടി നാവുകളോടെ കുഞ്ഞുങ്ങളിലേക്കാവേശിക്കുന്ന അക്ഷരങ്ങൾ .

Advertisements