Sudheerks Ks
അവളുടെ രാവുകൾ എന്ന ഐ വി ശശിയുടെ സിനിമ ഈ അടുത്ത കാലത്താണ് ഞാൻ യു ട്യൂബിൽ കണ്ടത്. എന്തൊരു ശക്തമായ സിനിമ..!വല്ലാത്തൊരു വിങ്ങലോടെയാണ് സിനിമ കണ്ടുതീർത്തത്. കൈരളി ചാനലിൽ ജോൺ ബ്രിട്ടാസിൻ്റെ ഷോയിൽ നടി സീമയുമായുള്ള അഭിമുഖം കണ്ടപ്പോഴാണ് അവളുടെ രാവുകളിലെ അവരുടെ അഭിനയത്തെ കുറിച്ച് ഞാൻ വിസമയത്തോടെ വീണ്ടും ഓർത്തത്.ഒരു അഭിനേത്രിയുടെ ആദ്യത്തെ സിനിമയിലെ പ്രകടനം അവിശ്വസനീയംതന്നെ. എന്തൊരു പകർന്നാട്ടം…! പയറ്റിത്തെളിഞ്ഞ ഒരു അഭിനേതാവിൻ്റെ കൈത്തഴക്കം.. സത്യത്തിൽ നെഞ്ചുലക്കുന്നപ്രകടനം..!
കൗമാരകാലഘട്ടത്തിൽ മുതിർന്നവരുമായുള്ള വെടിവട്ടങ്ങളിൽ അവളുടെ രാവുകളെ കുറിച്ച് പരാമർശം വന്നപ്പോഴൊക്കെ ഒരു ഇക്കിളി പടമാണ് അവളുടെ രാവുകൾ എന്നാണ് ഞാൻ കരുതിയിരുന്നത്. സത്യൻ അന്തിക്കാടിൻ്റെ നാടോടിക്കാറ്റിൽ ശ്രീനിവാസൻ ഐ.വി ശശിയെ അന്വേക്ഷിച്ചു ചെല്ലുന്ന ഒരു രംഗമുണ്ട്
സീമചേച്ചിയുടെ ആരാധകനാണ് താനെന്നും അവളുടെ രാവുകൾ 16 വട്ടം കണ്ടുവെന്നും മറ്റും പറയുന്ന ഡയലോഗ് കേട്ട് ഞാനും ആൾക്കൂട്ടത്തിലിരുന്ന് വിഡ്ഢിച്ചിരി ചിരിച്ചു.
മാതാപിതാക്കളുടെ മരണശേഷം പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടി അനുജനുമൊത്ത് സംരക്ഷിക്കാനാരുമില്ലാത്തതിനാൽ തെരുവിലെത്തുകയും ഒടുവിൽ ദാരിദ്ര്യം സഹിക്ക വയ്യാതെ അവളറിയാതെ തന്നെ വേശ്യാവൃത്തിയിലെത്തുകയും ചെയ്യുന്നു.കൈയിൽ കിട്ടിയ ആദ്യത്തെ ചില്ലറത്തുട്ടു കൊണ്ട് വിശന്നിരിക്കുന്ന അനുജന് പലഹാരവുമായി പോവുന്ന രംഗമുണ്ട്…ഈശ്വരാ കണ്ണും മനസും കലങ്ങാതെ അത് കണ്ടിരിക്കാൻ എങ്ങിനെയാണ് കഴിയുക..! കണ്ണുനീരുകൊണ്ട് തീർത്ത നേർത്ത പാടയിലൂടെ മങ്ങിയ ചിത്രമായി തന്നെയായിരിക്കും ആ രംഗം ആർക്കും കണ്ടു തീർക്കാൻ സാധിക്കുക.
ആളുകളും ഇപ്പോൾ ഈ അഭിമുഖത്തിലും ജോൺ ബ്രിട്ടാസ് അടക്കം സൂചിപ്പിക്കുന്ന ഒരു രംഗമുള്ളത്, അവൾ ഏതോ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് കോരിച്ചൊരിയുന്ന മഴയിൽ അവളിഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരൻ താമസിക്കുന്ന വീട്ടിലേക്ക് രാത്രിയിൽ അഭയം തേടിയെത്തുന്ന രംഗത്തെക്കുറിച്ചാണ്.
തുടർന്ന് നനഞ്ഞൊട്ടിയ വസ്ത്രം മാറാനില്ലാതെ ചെറുപ്പക്കാരൻ്റെ ഒരു ഷർട്ടുമാത്രം ധരിച്ച് സീമ നിൽക്കുന്ന കുറച്ച് ഷോട്ടുകളെ മാത്രം പരാമർശിച്ചുമാണ് ആളുകൾ ഇങ്ങനെ ആർത്തു വിളിച്ചത് എന്നു കണ്ട് ഞാനൽ ഭുതപ്പെട്ടു…! എനിക്കൊരു അശ്ലീലവും ആ രംഗങ്ങളിൽ കാണാൻ കഴിഞ്ഞില്ല.
തീവ്രമായ ജീവിതമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന അവളെ, അവൾ സ്നേഹിക്കുന്ന ചെറുപ്പക്കാരൻ തന്നെ പോലീസിന് പിന്നീട് കാണിച്ചു കൊടുക്കുന്നു..! ഒരു തെറ്റിദ്ധാരണയുടെ പേരിൽ അവളുടെ കുഞ്ഞനുജനെ പോലീസ് പിടിച്ച് കൊണ്ട് പോയി മർദ്ധിക്കുന്നു. നിരപരാധിയായ പാവം ആ കുട്ടി തുടർന്ന് മരിക്കാനിടയാകുന്നു..!
അവൾ നടത്തിയ പോരാട്ടത്തിനാടുവിൽ ആ പോലീസുദ്യോഗസ്ഥൻ ശിക്ഷിക്കപ്പെടുന്നു..വീണ്ടും അവൾ യാതനകളിലൂടെ കടന്ന് പോവുകയും ,അവൾ മൂലം ആ ചെറുപ്പക്കാരൻ്റെ വിവാഹം മുടങ്ങുകയും ചെയ്യുന്നു. ഒടുവിൽ അയാളുടെ അമ്മ അവൻ്റെയും അവളുടേയും കൈപിടിച്ച് അവളെ മരുമകളായി വീട്ടിലേക്ക് കയറ്റുന്ന രംഗത്തോടെ ചിത്രത്തിന് തിരശ്ശീല വീഴുകയുമാണ്. പദ്മരാജൻ്റെ മുന്തിരിത്തോപ്പുകളിലെ ക്ലൈമാക്സ് സീനിനും ഒരു പടി മുകളിൽ നിൽക്കുന്ന രംഗം ആണ് അതെന്ന് എനിക്ക് തോന്നി.
സീമക്ക് ആ ചിത്രത്തിൽ അവാർഡ് കൊടുക്കേണ്ടതായിരുന്നു.അത്രക്ക് മികച്ച പ്രകടനം അതും ഒരു തുടക്കക്കാരി യുടെ..!അവിശ്വസനീയം..എത്ര പേരുണ്ട് ഈ കാലത്തും ഇത്തരം ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ കെല്പുള്ളവർ.. സംശയം തന്നെ..!ഇത്രയും ശക്തമായ പ്രമേയമുള്ള കരളുലക്കുന്ന രംഗങ്ങളുള്ള ഒരു ചിത്രത്തേയാണോ ആളുകൾ ഈ വിധത്തിൽ കൊണ്ടാടിയത്..! ഇത്രയും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ഒരു നടിയെയാണോ ഇത്തരത്തിൽ ഇക്കിളി പരാമർശങ്ങൾക്ക് വിധേയയാക്കിയത്…!ഉറപ്പ് ,സീമചേച്ചീ നിങ്ങൾ ഒരു ദേശീയ അവാർഡ് അർഹിച്ചിരുന്നു..ആ ചിത്രം സംവിധാനം ചെയ്ത ശശി സാറും…സംശയമില്ല.