കറുപ്പിന് ഏഴഴകാണ്, കട്ട സപ്പോർട്ടായി ഞങ്ങളുണ്ട് കൂടെ എന്നു പറഞ്ഞാൽ തീരുന്ന പ്രശ്നമല്ല ഇതെന്നറിയുക

30

Beauty attracts… അതൊരു സത്യമല്ലേ!

അതേസമയം, എന്താണ് സൗന്ദര്യം ?

എന്നാരെങ്കിലും ചോദിച്ചാൽ പറയാനിത്തിരി പാടാ.. കാണുന്നവന്റെ കണ്ണുകളിലാകും സൗന്ദര്യം (Beauty lies in the eyes of the beholder) എന്നു പറഞ്ഞൊഴിയുകയേ തത്ക്കാലം നിവൃത്തിയുള്ളൂ! സൗന്ദര്യം എന്റെയും നിങ്ങളുടെയും കണ്ണുകളെ ആകർഷിക്കുന്നുണ്ട്. നമ്മളൊരാളെ ഇഷ്ടപ്പെടാനിടയാകുന്നതിൽ എത്രയൊക്കെ നിഷേധിച്ചാലും, കാഴ്ച്ചയുടെ ഇഷ്ടമില്ലേ? ഭംഗികൊണ്ടു മാത്രമാണ് നമുക്ക് ഒരാളെ ഇഷ്ടമാകുന്നത് എന്നല്ല. ഇഷ്ടം തോന്നുവാനിടയാക്കുന്ന അനേകം ഘടകങ്ങളിൽ, രൂപസൗകുമാര്യം ഏറ്റവും പ്രധാനമാണ്. അതു പക്ഷേ തുറന്നു സമ്മതിയ്ക്കാനെന്തോ മടിയാണെന്നു മാത്രം!

കറുപ്പിനാണോ വെളുപ്പിനാണോ അഴക് ? അഥവാ എന്താണ് സൗന്ദര്യം ? എന്നൊക്കെയുള്ള ദാർശനിക ചർച്ചകളിലേയ്ക്കില്ല! അതങ്ങേയറ്റം വ്യക്തിഗതമായ അഭിരുചികളെ അടിസ്ഥാനപ്പെടുത്തിയാകും. ഇറ്റാലിയൻ സാഹിത്യകാരനും ചിന്തകനുമായ ഉംമ്പർട്ടോ എക്കോ എഡിറ്റ് ചെയ്ത ‘On Beauty’ എന്ന ഗ്രന്ഥത്തിലിങ്ങനെ സൗന്ദര്യ സങ്കൽപ്പങ്ങളുടെ ചരിത്രപരമായ വികാസ പരിണാമങ്ങൾ തേടി പോകുന്നതു കാണാം.

ഒരു പൂവിന്റെ സൗന്ദര്യത്തെ പോലും നമ്മൾ പ്രകീർത്തിയ്ക്കാറുണ്ട്. “നേരേ വിലസീടിന നിന്നെ നോക്കി, യാരാകിലെന്തു മിഴിയുള്ളവർ നിന്നിരിയ്ക്കാം” എന്നു ‘വീണപൂവിൽ’ കുമാരനാശാൻ. എന്നാൽ മുന്നിൽ വന്നു നിൽക്കുന്നൊരാളുടെ കണ്ണുകളിൽ നോക്കി ‘you’re beautiful’ എന്നു നമ്മളെപ്പോഴെങ്കിലും പറഞ്ഞിറ്റുണ്ടാകുമോ! അങ്ങനെ തുറന്നു പറയാൻ നമുക്കെന്തോ ഒരു മടിയാണ്! ഒരു പൂവിനെക്കാളും, ആ വ്യക്തിയാകില്ലേ അതു കേൾക്കാനാഗ്രഹിയ്ക്കുന്നത്!

സൗന്ദര്യം ഒരനുഗ്രഹമാണ്. അതാസ്വദിയ്ക്കപ്പെടണം. അതിൽ ലജ്ജിയ്ക്കാനോ, നാണിയ്ക്കാനോ ഒന്നും തന്നെയില്ല.. ഇന്നോളം ആരുടെയെങ്കിലും സൗന്ദര്യത്താൽ ആകർഷിക്കപ്പെട്ടില്ലെങ്കിൽ, എന്തു ജീവിതമാകും അത്! ആരോടെങ്കിലും കണ്ണുകളിൽ നോക്കി അങ്ങനെ പറയാനാകേണ്ടതില്ലേ? അതെല്ലായ്‌പ്പോഴും പ്രണയവുമായി ബന്ധപ്പെട്ടാകണമെന്നില്ല. ആരെങ്കിലും നമ്മളോടങ്ങനെ പറയുമ്പോൾ, ചളിപ്പില്ലാതെ ആ appreciation ഏറ്റെടുക്കാനുമാകണം. അങ്ങനെ പറഞ്ഞു കേൾക്കാൻ ഉള്ളിൽ ഏതൊരാളും ആഗ്രഹിക്കുന്നുണ്ടെന്നത് വേറെ കാര്യം!

ശാരീരികമായ ആകർഷണീയത ഒരനുഗ്രഹമാണ്. എന്നാൽ സൃഷ്ടാവ് ഇക്കാര്യത്തിൽ വല്ല്യ നീതികേട് കാണിച്ചെന്നേ പറയാനാകൂ! ചിലർക്ക് സൗന്ദര്യം വാരിക്കോരി നൽകുകയും, മറ്റു ചിലരെ അവഗണനയുടെ പുറംപോക്കുകളിലേക്ക് തള്ളിയിട്ടു!
ഇവിടെ നമ്മൾ കാണാതെ പോകുന്നൊരു കാര്യമുണ്ട്. എത്രമാത്രം കയ്പ്പു നിറഞ്ഞതാണെങ്കിലും ആ വസ്തുതയിതാണ്, ജീവിതത്തിന്റെ ഒരു മണ്ഡലത്തിലും ‘തുല്ല്യമായ പരിഗണന’ ഇല്ലെന്നുള്ളതാണ്. നന്നായി പാടാൻ കഴിവുള്ളവർ, വരയ്ക്കാൻ കഴിവുള്ളവർ, എഴുതാൻ കഴിവുള്ളവർക്കെല്ലാം ഈ അംഗീകാരം കിട്ടുന്നില്ലേ? അവിടെയൊക്കെ മറ്റാരൊക്കെയോ അവഗണിക്കപ്പെടുന്നില്ലേ?
കഴിവിനൊപ്പം മേമ്പൊടിയായി സൗന്ദര്യം കൂടെയുള്ളവർക്ക് കൂടുതൽ റീച്ച് കിട്ടുന്നില്ലേ? അവർ കൂടുതൽ ശ്രദ്ധിയ്ക്കപ്പെടുന്നില്ലേ? ഇന്ത്യൻ പ്രധാനമന്ത്രിമാരിൽ രാജീവ് ഗാന്ധിയ്ക്ക് മാത്രം ചാർത്തികൊടുക്കാറുള്ളതല്ലേ “സുമുഖനായ വ്യക്തിത്വം” എന്നുള്ള ബഹുമതി! എഴുത്തുകാരിയായ മാധവിക്കുട്ടിയ്ക്ക് കൈവന്ന സ്വീകാര്യതയിൽ അവരുടെ സൗന്ദര്യവും ചെറുതല്ലാതെ പങ്കു വഹിയ്ക്കുന്നില്ലേ?
നിറം കറുത്തു പോയി എന്നുള്ളതു കൊണ്ട് സ്റ്റേജ് ഷോകളിൽ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല എന്ന് ഇയ്യിടെ ഗായിക സയനോര പരാതി പറഞ്ഞതോർക്കുന്നില്ലേ? അവതാരകരായി, ന്യൂസ് റീഡർമാരായി, എയർഹോസ്റ്റസായി, ഫ്രണ്ട് ഓഫീസ് സ്റ്റാഫായി എന്തേ കഴിവുണ്ടായിട്ടും, സൗന്ദര്യം കുറഞ്ഞുപോയവർ പരിഗണിയ്ക്കപ്പെടുന്നില്ല?

“കറുപ്പിന് ഏഴഴകാണ്”, “കട്ട സപ്പോർട്ടായി ഞങ്ങളുണ്ട് കൂടെ” എന്നു പറഞ്ഞാൽ തീരുന്ന പ്രശ്നമല്ല ഇതെന്നറിയുക! സൗന്ദര്യമുള്ളവർക്ക് കൈവരുന്ന പരിഗണനയും, സ്നേഹവുമൊന്നും അതില്ലാത്തവർക്ക് ഒരുകാലത്തും കിട്ടാൻ പോകുന്നില്ല! ഇന്നും ഇന്നലെയും മുതൽക്കല്ല, ലോകാരംഭം മുതലേ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്! ആ നിലയിൽ മനുഷ്യനെ പ്രേരിപ്പിയ്ക്കുന്നതെന്തോ അവന്റെ ജനിതകങ്ങളിൽ ഉള്ളടങ്ങിയിരിക്കുന്നു!

കറുപ്പ് നിറം ഉള്ളവർക്കിടയിൽ തന്നെ സൗന്ദര്യം ഉള്ളവർ അംഗീകരിയ്ക്കപ്പെടുമ്പോൾ, അല്ലാത്തവർ തഴയപ്പെടുന്നില്ലേ? കേവലം നിറ വിത്യാസത്തിന്റെ മാത്രം കാര്യമല്ലത്. സത്യത്തിന്റെ മുഖം പലപ്പോഴും വേദനിപ്പിയ്ക്കുന്നതാണ്!n.b. നിറം, വണ്ണം, പൊക്കം, ശാരീരിക വ്യത്യസ്‌തതകൾ, ജാതി എന്നിവയുടെ പേരിലുള്ള കളിയാക്കലും, പുച്ഛവും, പരിഹാസവും, അവഗണനയും – സിവിലെസ്ഡ് സൊസൈറ്റിയുടെ ഭാഗമായി ജീവിയ്ക്കുന്നൊരാളിന്റെ ഭാഗത്തു നിന്നും ഒരിയ്ക്കലും ഉണ്ടായിക്കൂടാ… മനുഷ്യാന്തസ്സിനു നിരക്കുന്നതല്ല അത്. അത്രയെങ്കിലും ശ്രദ്ധിയ്ക്കാൻ നമുക്കായെങ്കിൽ!
എന്നാൽ, വ്യത്യസ്തതകൾ നിലനിൽക്കുവോളം, അതിന്റെ അടിസ്ഥാനത്തിലുള്ള ഇഷ്ടാനിഷ്ടങ്ങളും, തിരഞ്ഞെടുപ്പുകളും തുടർന്നു പോകുമെന്നുറപ്പാണ്! അതിനു നമ്മൾ കുറ്റപ്പെടുത്തേണ്ടി വരിക വിധാതാവിന്റെ ഇച്ഛകളെയാകും!
*ഫോട്ടോ: പിന്നണിഗായിക സയനോര