നമ്മുടെ ഈഗോ മാറ്റി വെയ്ക്കുകയാണെങ്കിൽ, സ്നേഹിയ്ക്കാൻ എന്തെളുപ്പാ ല്ലേ?

103

Sudheesh KN

നമ്മുടെ EGO മാറ്റി വെയ്ക്കുകയാണെങ്കിൽ, സ്നേഹിയ്ക്കാൻ എന്തെളുപ്പാ ല്ലേ? ‘ഐ ആം സോ ആന്റ് സോ…’ എന്ന മട്ടിലുള്ള ആ ജാഡകളുടെ കുപ്പായൊക്കെ അങ്ങ്‌ ഊരിവെച്ചാൽ, നമ്മള് വീണ്ടും ആ പഴേ കുട്ടികളാകും… അതിനെന്തൊരു ബ്യൂട്ടി ‘ണ്ടാകുമെന്നോ!  പ്രായമാകുന്തോറും, വ്യക്തിബോധം കനം വെയ്ക്കുന്തോറും, ഇതു പക്ഷേ നമുക്ക് വല്യ പാടാ.. നിലേം വിലേം തൂക്കി നോക്കിയേ നമ്മളങ്ങനെ ആരോടെങ്കിലുമൊക്കെ ഫ്രീ ആകൂ. ഒപ്പത്തിനൊപ്പം നിൽക്കുന്നവരുമായി മാത്രം. സമൂഹത്തിന്റെ മുന്നാകെ നമ്മൾ എടുത്തണിഞ്ഞിരിയ്ക്കുന്ന ചില ‘സെൽഫ് ഇമേജുകളുണ്ട്’ അതു നിലനിർത്തിപ്പോരാനുള്ള തത്രപ്പാടുകളാകില്ലേ അതിനു പിന്നിൽ… എഴുത്തുകാരും, അദ്ധ്യാപകരും, ഡോക്ടർമാരുമൊക്കെ ഇങ്ങനെ ചില ‘മാനറിസങ്ങൾ’ / ‘പൊയ്മുഖങ്ങൾ’ കൊണ്ടു നടക്കുന്നവരാണ്. ഇരിപ്പിലും, നടപ്പിലും, സംസാരത്തിലും, വേഷവിധാനങ്ങളിലും ഒക്കെ അതുണ്ട്.. എല്ലാവരേയും പോലെ ആയാൽ പിന്നെന്താണ് ഒരു വില!!

അതുകൊണ്ടൊക്കെയാകും ഗൗരവസ്വഭാവമാർന്നവർക്ക് സ്നേഹിയ്ക്കുക, ഇത്രമാത്രം പാടാകുന്നത്! ഉള്ളിലെ മസിലു പിടുത്തങ്ങളെ അയച്ചു വിടാനായില്ലെങ്കിൽ, ശിശു സഹജമായ വഴക്കം എന്തെന്നറിയുന്നില്ലെങ്കിൽ, സ്നേഹത്തിന്റെ ആഴങ്ങളെന്നും നമുക്കന്യമായി പോകും. അധികം വൈകാതെ എല്ലാ ആടയാഭരണങ്ങളും ഊരിവെച്ച് മണ്ണിന്റെ മാറിൽ അഭയം തേടേണ്ടവരെന്ന ബോദ്ധ്യം ഉണ്ടായെങ്കിൽ, നമ്മള് കുറേക്കൂടെ ഫ്രീ ആയേനെ..ല്ലേ?

നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടോ ലിറ്റററി ഫെസ്റ്റിവലുകൾക്കൊക്കെ പോയാൽ, അറിയപ്പെടുന്ന എഴുത്തുകാരാടൊപ്പം നിക്കാനും ഫോട്ടോ എടുക്കാനുമൊക്കെയുള്ള തിക്കും തിരക്കും? ചിലപ്പോഴൊന്നും അവരെഴുതിയത് വായിച്ചുള്ള അടുപ്പം കൊണ്ടാകില്ല അത്. വല്യ വല്യ ആളുകൾക്കൊപ്പം നിൽക്കുമ്പോഴുള്ള ആ പവറ് ലേശം ഇങ്ങോട്ടും പോന്നോട്ടെ ‘ന്നാവും! ലോകത്തിനു മുന്നിൽ ഞാനും ഒരു ചെറിയ സംഭവാ’ണെന്ന് തോന്നിയ്ക്കോട്ടെ!

ശ്രദ്ധിച്ചാലറിയാം, എപ്പോഴും നമ്മെക്കാൾ പ്രായം കൊണ്ട്, അറിവു കൊണ്ട്, യോഗ്യതകൾ കൊണ്ട്, പ്രശസ്തി കൊണ്ട് മുന്നിൽ നിൽക്കുന്നവരുമായി, സെലിബ്രെറ്റികളുമായി കൂട്ട് കൂടാനാവും നമ്മുടെ ശ്രമം! അവരുടെ പ്രിയപ്പെട്ടവരാകാൻ നമ്മള് ശ്രമിയ്ക്കും. അതിലാണ് നമ്മുടെ ‘ego’ സാറ്റിസ്ഫാക്ഷൻ കണ്ടെത്തുക. ഉയരങ്ങളെത്തിപ്പിടിയ്ക്കാനുള്ള മനസ്സിന്റെ വെമ്പലാകും അത്!
ലൈം ലൈറ്റിൽ നിൽക്കാനുള്ള, ഫോട്ടോയിൽ തല കാണിയ്ക്കാനുള്ള ഈ വെപ്രാളം… പക്ഷേ ഓട്ടപ്പാത്രം കിലുങ്ങും പോലെയാണ്! ‘മഹത്വകാംക്ഷ’ വലിയൊരു ശാപമാണ്. അതു നമ്മെ സ്വാഭാവികതയിൽ നിന്നും ബഹുദൂരം അകറ്റി കളയും. ആരുമല്ലാതാവുന്നതിനെ, വെറുമൊരു സാധാരണക്കാരൻ മാത്രമായിരിക്കുന്നതിനെ എന്തോ നമ്മളത്രയേറെ ഭയപ്പെടുന്നോ?

എന്നാൽ യഥാർത്ഥത്തിൽ നമ്മുടെ പരിഗണന അർഹിയ്ക്കുന്നവരിലേയ്ക്ക് നമ്മളെന്നെങ്കിലും കടന്ന് ചെല്ലാറുണ്ടോ? ജീവിതത്തിന്റെ കരിയും പുകയുമേറ്റ് വാടിപ്പോയവരെ.. പിന്നാമ്പുറങ്ങളിൽ ഉപേക്ഷിയ്ക്കപ്പെട്ടവരെ.. ഏകാന്തതകളിൽ ഒരു വാക്കിന്റെ തണലിനായി കൊതിയ്ക്കുന്നവരെ… ഒന്നാമതെത്താനുള്ള rat race’കൾക്കിടയിലെങ്ങോ വീണുപോയവരെ. വിജയിച്ചവരുടെ കഥകളെ നമ്മളെങ്ങും പാടി നടക്കാറുള്ളൂ. വീണുപോയവരുടെ കഥകൾ കേൾക്കണമെങ്കിൽ, ആ നെഞ്ചിൽ നിന്നുയരുന്ന മർമ്മരങ്ങൾക്കായി, കാതോർക്കണം
കുട്ടിക്കാലം മുതലേ വല്യ ആളാകണം, പേരെടുക്കണം എന്നൊക്കെ വീട്ടുകാരും, നാട്ടുകാരും കാതിൽ ഓതി തന്നതുകൊണ്ടാകും നമ്മളെപ്പോഴും ഉയരങ്ങളിലേക്ക് മാത്രം നോക്കാനായി ശീലിച്ചു പോയത്! എന്നും വലുതാകാനുള്ള ഓട്ടങ്ങളിലാണ്… ഇത്ര വലുതാകേണ്ടിയിരുന്നില്ലെന്ന് സ്വയം തോന്നി തുടങ്ങുന്നൊരു കാലവുമുണ്ട്. വീണ്ടും ബാല്യ കൗതുകങ്ങളിലേയ്ക്ക് തിരിച്ചു പോവാൻ കൊതിയ്ക്കുന്നൊരാളാകും.. ജീവിതമങ്ങനെയാണ്, ഋതുക്കൾ മാറി മാറി വരും!

മദ്ധ്യവയസ്സു പിന്നിട്ടുന്ന ഘട്ടത്തിലാകും മനസ്സ് അലയൊഴിഞ്ഞ ആഴി പോലെ ശാന്തമാകാൻ തുടങ്ങുക. നോട്ടത്തിന് കുറെക്കൂടെ തെളിച്ചം കൈവരുമപ്പോൾ. ജീവിതം, ആരെയും പ്രദർശിപ്പിച്ച് കാണിയ്ക്കാൻ വേണ്ടിയുള്ളതല്ല. അതെത്രയും സ്വാഭാവികമായി ജീവിയ്ക്കാനുള്ളതാകുന്നു.പൊരി വെയിലത്ത് മരത്തണുപ്പിൽ ഇളവേൽക്കും പോലെ, ഇനിയെന്നാകും നമ്മൾ നമ്മളിലെയ്ക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങുക? പുറം മോടികളെക്കാൾ, അകം കാഴ്ച്ചകളുടെ ആഴങ്ങളിലേക്ക് ആണ്ടു പോകുന്നത്. കൊഴിഞ്ഞു വീണ ഇലകളെ നോക്കൂ.. അതിലൊരെണ്ണം പോലും മറ്റൊന്നിനെ പോലെയാകുന്നില്ല! ഈ വ്യതിരിക്തതയെ ആവിഷ്ക്കരിയ്ക്കലാകില്ലേ ജീവിതധർമ്മം?
എല്ലാരും കാണുന്നത് കാണാനും, എല്ലാരും വാങ്ങുന്നത് വാങ്ങാനും, എല്ലാരും നടക്കുന്ന വഴികളിലൂടെ നടക്കാനും വിധിയ്ക്കപ്പെട്ട ‘അറേഞ്ച്ഡ് ടൂർ’ ആയിക്കൂടാ ജീവിതം. ആരും കാണാത്ത ആഴങ്ങൾ തേടിയുള്ള പ്രയാണമാകട്ടെ അത്.. കുഞ്ഞു കുഞ്ഞു ലോകങ്ങളുടെ ഭംഗികളിലേയ്ക്ക്.. മരക്കൊമ്പിലിരുന്നു തൂവൽ ചികയുമൊരു പക്ഷിയുടെ അനായാസതയെന്നും നിങ്ങളെ മോഹിപ്പിയ്ക്കുന്നില്ലേ!