പോയ കാലത്തെ മാതൃകകളൊക്കെ എന്തുകൊണ്ടോ അപൂർണ്ണമായിരുന്നു, അവരൊക്കെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു വശത്തെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ

0
74

Sudheesh KN

ഗൗതമബുദ്ധൻ തന്റെ പ്രിയപ്പെട്ടവളോട് കാണിച്ചതൊട്ടും ശരിയായില്ല. ഇറങ്ങി പോകുമ്പോൾ, അയാൾക്ക് ഒരു കാരണമെങ്കിലും പറയാനുണ്ടായിരുന്നു. ഉൾതെളിച്ചം സംഭവിച്ച വേളയിലെങ്കിലും, അവളെ കൂടെകൂട്ടാൻ ആകേണ്ടതായിരുന്നില്ലേ? ഈ നാടിന്റെ ആത്മീയ പാരമ്പര്യത്തിലാകവെ ജീവിത നിഷേധത്തിന്റെ കരി പുരണ്ടുപോയതങ്ങനെയാണ്! ശ്രീരാമകൃഷ്ണനിലും, നാരായണഗുരുവിലും, ഇങ്ങേയറ്റം ഗാന്ധിയിൽ പോലും ഈ നിഴൽ വീണു കിടക്കുന്നത് കാണാം. ആത്മീയതയുടെ വഴിയെ ലൗകികതയെ പരിത്യജിച്ചവരാണിവരെല്ലാം! തെറ്റായ സന്ദേശമാണ് അതു ലോകത്തിനു നൽകിയത്.

ആകവേ ഒരു ജീവിതമേയുള്ളൂ, അതിനെയൊരിക്കലും ആത്മീയം/ലൗകികം എന്നു വേർതിരിക്കാനാവില്ല! എന്ത് അവബോധത്തോടെയാണ് നമ്മൾ കാര്യങ്ങളിൽ മുഴുകുന്നു എന്നതു മാത്രമാണ് പ്രധാനം. അതു മറ്റുള്ളവർ പുറത്തു നിന്നും നോക്കി മാർക്കിടേണ്ട വിഷയമല്ല
ചായ കുടിക്കുന്നതും, പാട്ടു പാടുന്നതും, ഷവറിന് ചോടെ നിൽക്കുന്നതും പോലും ധ്യാനമായി തീരാവുന്നതേയുള്ളൂ! പ്രവൃത്തിയെ വിട്ടുള്ള ധ്യാനമല്ല ; ദൈനംദിന ജീവിതാനുഭവങ്ങളൊക്കെയും ധ്യാനമായി പരിവർത്തിപ്പിക്കുന്ന കലയാണ് ഇനിയും നമ്മൾ വശത്താക്കേണ്ടത്.

പോയ കാലത്തെ മാതൃകകളൊക്കെ എന്തുകൊണ്ടോ അപൂർണ്ണമായിരുന്നു. അവരൊക്കെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു വശത്തെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ. പുതിയ കാലം ഓൾ റൗണ്ടർമാരെ ആവശ്യപ്പെടുന്നു! മഴവില്ലിന്റെ മനോഹാരിത അതിന്റെ ഏഴു വർണ്ണങ്ങളാകും. ജീവിതവും അങ്ങനെ തന്നെ. എല്ലാ നിറഭേദങ്ങളോടും കൂടെ ജീവിതത്തെ ഏറ്റെടുക്കാനാകണം. അപ്പഴേ അതിന് സമഗ്രതയുടെ സൗന്ദര്യം കൈവരൂ! ബന്ധങ്ങൾക്ക് നടുവിൽ ജീവിക്കുമ്പോഴും, ഒന്നിനാലും ബാധിക്കപ്പെടാത്ത ശാന്തിയുടെ ഒരു തുരുത്ത് ഉള്ളിലവശേഷിക്കണം.ജിബ്രാന്റെ വാക്കുകളോർക്കുന്നു ,സിത്താറിന്റെ തന്ത്രികൾ ഒരേ സംഗീതം പൊഴിക്കുമ്പോഴും, അവയൊരോന്നും സ്വതന്ത്രമായാകും നിലകൊള്ളുന്നത്! പരസ്പരം സ്നേഹിക്കുക, എന്നാലതൊരിക്കലും കെട്ടുപാടാകാതിരിക്കട്ടെ
ഈ നിലയിൽ ബന്ധങ്ങളെ നോക്കി കാണാനായെങ്കിൽ..