Sudheesh KN
എത്ര ആവേശകരമാണീ വാർത്തകൾ. കോവിഡ് ചികിത്സയിൽ വീണ്ടും പുതിയ സാങ്കേതിക വിദ്യയുമായി ശ്രീചിത്ര ഇൻസ്റിറ്യൂട്ട്. പുതിയതായി കണ്ടെത്തിയ RNA extraction കിറ്റുകൾ കോവിഡ് പരിശോധയ്ക്കായുള്ള ടെസ്റ്റുകളിൽ സഹായകമാകും. വിപണിയിൽ കുറഞ്ഞ വിലയിൽ ലഭ്യമാക്കാനാകുമെന്നും കണ്ടു. പറഞ്ഞിട്ടെന്തു കാര്യം! ഇതൊന്നും ഉപയോഗിക്കാൻ നമുക്ക് ഭാഗ്യമില്ലെന്നു തോനുന്നു! ICMR ൻറെ അനുമതി കിട്ടി വരുമ്പോഴേയ്ക്കും കാലം കുറെയാകും! ഉദ്യോഗസ്ഥ നൂലാമാലകളിൽ കുടുങ്ങി നിലച്ചുപോവുക ജീവൻറെ സ്പന്ദനങ്ങളാണ്.
നേരത്തേ ശ്രീചിത്ര വികസിപ്പിച്ച ‘Chitra GeneLAMP-N’ ടെസ്റ്റിംഗ് കിറ്റുകളിപ്പോഴും ICMR ൻറെ കാരുണ്യം കാത്തു കിടക്കുകയാണ്! നിലവിൽ കൊറോണ വൈറസ് കണ്ടെത്തുന്നതിനായി ഇന്ത്യയിൽ നടക്കുന്ന RT-PCR ടെസ്റ്റുകൾക്ക് അഞ്ചു മണിക്കൂറോളം സമയമെടുക്കും. തന്നെയുമല്ല ചിലവേറിയതാണു താനും. എന്നാൽ ശ്രീചിത്ര കണ്ടെത്തിയ RT-LAMP പരിശോധനയിൽ സാമ്പിൾ എടുത്ത് രണ്ടു മണിക്കൂറിനകം ഫലമറിയാനുമാകും. ആയിരം രൂപയേ ചെലവ് വരൂ. ICMR ഇതിൻറെ പരിശോധിയ്ക്കാനായി നാഷണൽ ഇൻസ്റിറ്യൂട്ട് ഓഫ് വൈറോളജിയെ (NIV) ചുമതലപ്പെടുത്തുകയുണ്ടായി. ടെസ്റ്റുകളിൽ നൂറ് ശതമാനം കൃത്യത പുലർത്തുന്നതായി കണ്ടെത്തിയെങ്കിലും, ഇപ്പോഴും അനുമതിയായില്ല!
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി വികസിപ്പിച്ച റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകളും 15 മിനുട്ടിൽ ഫലം തരുന്നതാണ്. ചെലവാകട്ടെ 500 രൂപയേ വരൂ! രാജ്യത്തിനാകെ ആവശ്യമായ ടെസ്റ്റിംഗ് കിറ്റുകൾ ഇവിടെ നിന്നും ഉത്പാദിപ്പിക്കാനാകുമെന്ന് സെന്റർ ഡയറക്ടർ ഡോ രാധാകൃഷ്ണൻ പറയുകയുണ്ടായി. അവരുമായി സഹകരിക്കുന്ന കൊച്ചിയിലെ Ubio technologies പറയുന്നത് 70 ലക്ഷം കിറ്റുകൾ ഒരുമാസത്തിൽ നിർമ്മിയ്ക്കാനുള്ള ശേഷിയുണ്ടെന്നാണ്. ഇതും ICMR ൻറെ അനുമതി കാത്തു കെട്ടിക്കിടക്കുകയാണ്!
ഇത്തരം നിർണ്ണായക ഘട്ടങ്ങളിൽ എത്രയും വേഗം നടപടികൾ പൂർത്തിയാക്കി സാങ്കേതികവിദ്യ മെഡിക്കൽ നിർമ്മാണ കമ്പനികൾക്ക് കൈമാറേണ്ടതല്ലേ ? രാജ്യത്തിനു തന്നെ അഭിമാനകരമാകേണ്ട ഈ നേട്ടം പാഴായി പോകാനുള്ളതാണോ? നമ്മുടെ എം.പി മാർക്ക് ആർക്കെങ്കിലും ഇതിൻറെ പുറകേ പോകാൻ തോന്നിയോ? എന്തുകൊണ്ടീ വിഷയം കേന്ദ്രഗവൺമെന്റിൻറെ അടിയന്തിരമായ ശ്രദ്ധയിൽ കൊണ്ടുവരുന്നില്ല ?
പാഴാക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. ചെന്നെയിൽ നിന്നും, മുംബൈയിൽ നിന്നും ഓരോ ദിവസവുമെത്തുന്ന വാർത്തകൾ ആശ്വസിയ്ക്കാൻ വക നൽകുന്നില്ല. ഗൾഫിൽ നിന്നും ഒന്നിച്ച് ആളുകൾ തിരിച്ചെത്തുന്ന ഘട്ടത്തിൽ വ്യാപകമായ ടെസ്റ്റുകൾ ആവശ്യമായി വന്നേയ്ക്കാം. നമ്മൾ തദ്ദേശീയമായി വികസിപ്പിച്ച ഈ സാങ്കേതികത നമുക്ക് ഉപകരിക്കുന്നില്ലായെങ്കിൽ, പിന്നെ ആർക്കെന്ത് പ്രയോജനം ?