കുടുംബവുമായി കഴിയുന്ന ഒരുവനുമായി / ഒരുത്തിയുമായി പ്രണയം/ രതി പാടുണ്ടോ?

137

Sudheesh KN

ഇന്നലെ കവയിത്രി Geetha Thottam ചോദിച്ചു കണ്ടു, കുടുംബവുമായി കഴിയുന്ന ഒരുവനുമായി / ഒരുത്തിയുമായി പ്രണയം/ രതി പാടുണ്ടോ? എന്ന് ?

എന്താകാം ഇങ്ങനെ ചോദിയ്ക്കാൻ കാരണം? അതിലേയ്ക്ക് വരാം, അതിനു മുമ്പേ, രസകരമായൊരു വസ്തുത, വിവാഹ ബന്ധത്തിന് പുറമെയുള്ള ലൈംഗിക ബന്ധങ്ങൾ, ഇന്ത്യൻ പീനൽ കോഡ് പ്രകാരം criminal offence ആയിരുന്നു. സ്ത്രീയുടെ പൂർണ്ണ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ആണെകിൽകൂടി, ഭർത്താവോ മാറ്റരെങ്കിലുമോ പരാതിപ്പെട്ടാൽ അതിലുൾപ്പെട്ട പുരുഷൻ കുടുങ്ങും. അഞ്ചുവർഷം വരെ തടവ് ലഭിയ്ക്കാം. എന്നാലോ, സ്ത്രീയ്ക്ക് ശിക്ഷയില്ല, അവളെ ഇരയായാണ് നിയമം കാണുന്നത്. ഒരുപക്ഷേ അവളാണ് അങ്ങനെയൊരു ബന്ധത്തിന് മുൻകൈ എടുത്തത് എങ്കിൽ കൂടി! ഏതാണ്ട് 160 കൊല്ലക്കാലം ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഭാഗമായിരുന്ന നിയമമാണ് 2018’ൽ സുപ്രീം കോടതി എടുത്ത് കളഞ്ഞത്! ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം, വിവാഹിതരാണെങ്കിൽ പോലും, criminal offence ആകുന്നില്ല ഇപ്പോൾ. സാമൂഹിക കാഴ്ച്ചപ്പാടിൽ കാലങ്ങൾ കൊണ്ടുണ്ടായ മാറ്റമാണിത്!

വിവാഹബന്ധമെന്നത് പവിത്രമാണെന്നും. അതിന് പുറമെയുള്ള ബന്ധങ്ങൾ അധാർമ്മികമാണെന്നുള്ള സാമൂഹ്യ ബോധത്തിൽ നിന്നാണ് ഈ ചോദ്യങ്ങളൊക്കെയും വരുന്നത്! അതുകൊണ്ടാണ് നമ്മൾ ചോദിച്ചു പോകുന്നത് വിവാഹ ബന്ധത്തിന് പുറത്തുള്ള പ്രണയം/ലൈംഗികബന്ധത്തെ പ്രതി എന്താണ് അഭിപ്രായം എന്ന് ? നമുക്ക് തന്നെ നിശ്ചയമില്ല, എന്താണ് ശരി, തെറ്റെന്ന്? നമ്മുടെ ഉള്ളിലെ ആന്തരിക സംഘർഷത്തെയാണതു വെളിവാക്കുന്നത്. ആദ്യമേ തന്നെ പറയട്ടെ ഇതിലൊന്നും അംഗീകൃത തെറ്റും ശരിയുമില്ല. പൊതുവായി പറഞ്ഞാൽ, ഒരാളുടെ അനുവാദമില്ലാതെ, ഇഷ്ടമില്ലാതെ, അയാളിലേക്കുള്ള ഏത് രീതിയിലുള്ള കടന്നു കയറ്റവും അധാർമ്മികമാണ്. മനുഷ്യാന്തസ്സിന് നിരക്കാത്തതാണ്. അതുകൊണ്ടു തന്നെ ശിക്ഷാർഹമാണ്.

സ്ത്രീപുരുഷബന്ധമാണ് പ്രകൃതിസഹജം. വിവാഹം ഒരു social contract മാത്രമാണ്. അതും സമയപരിധിയില്ലാതെ ആയുഷ്ക്കാലം തുടരുന്നൊരു കരാർ! അത് നിലയുറപ്പിച്ചിരിക്കുന്നതാകട്ടെ, സ്വത്ത്, പിന്തുടർച്ച, അനന്തരാവകാശം തുടങ്ങിയ സംഗതികളിന്മേലാണ്. ശരിയ്ക്കും പറഞ്ഞാൽ പൈതൃകമായി കിട്ടിയതും, താനർജ്ജിച്ചതുമായ സ്വത്ത് സ്വന്തം രക്തത്തിൽ പിറന്നൊരാൾക്കല്ലാതെ മറ്റാർക്കും കൈമാറി പോയികൂടാ എന്ന പുരുഷൻറെ നിർബന്ധമാണ് സ്ത്രീയുടെ ചാരിത്യ്രശുദ്ധിയെ പ്രതിയുള്ള കള്ളകഥകൾ മെനയുവാൻ ഇടയാക്കിയത്! അതേസമയം പ്രേമം ഒരുവികാരമാണ്. എല്ലാതരം വികാരങ്ങൾക്കും സമയപരിധിയുണ്ട്. സ്നേഹമായാലും, ദേഷ്യമായാലും, മറ്റെന്തു വികാരമായാലും കാലം ചെല്ലുമ്പോൾ ആറി തണുക്കുക മനുഷ്യ മനസ്സിൻറെ സ്വഭാവമാണ്. അതുകൊണ്ട് ‘ആയുഷ്ക്കാലം ഞാൻ നിന്നെ സ്നേഹിയ്ക്കുമെന്നൊക്കെ’ നമ്മൾ പറയാറുണ്ടെങ്കിലും, പ്രായോഗികമായി സാദ്ധ്യമല്ല. പിന്നെ ഒരിയ്ക്കൽ കൈമാറിപ്പോയ വാഗ്ദാനങ്ങളോർത്ത്, മക്കളെയോർത്ത്, കുടുംബത്തെയോർത്ത് , മറ്റുള്ളവരെന്തു പറയുമെന്നതോർത്ത് നമ്മളതിൽ തുടരുന്നൂവെന്നേയുള്ളൂ!

അതുകൊണ്ട് ലൈംഗികതയും, പ്രേമവും പ്രകൃത്യാനുസാരിയാണെന്നും, വിവാഹമെന്നത് ഒരു വൈകൃതം (perversion ) ആണെന്നും വേണം മനസ്സിലാക്കാൻ! ആർക്കും തന്നെ ഉറപ്പു പറയാനാവില്ല നാളെ ഞാൻ മറ്റൊരു വ്യക്തിയുമായി പ്രണയത്തിൽ വീഴുമോ എന്ന്. വിവാഹബന്ധത്തിലാകുമ്പോൾ നമ്മളത് ഒളിച്ചുവെയ്ക്കാൻ തുടങ്ങുന്നു. പുറമേയ്ക്ക് അഭിനയിക്കാൻ തുടങ്ങുന്നു. ഇങ്ങനെ ഉള്ളിലൊരാളോട് തോന്നിപ്പോയ പ്രേമത്തെ മൂടിവെച്ച് പുറമേയ്ക്ക് ഭാര്യയും ഭർത്താവുമെന്ന നാടകം കളിയ്ക്കുന്നതല്ലേ മോശം? അതല്ലേ ശരിയ്ക്കും ദുരാചാരം? അത് ആയിരത്തൊന്നു കള്ളക്കളികൾക്ക് ഇടയാക്കുകയും ചെയ്യും!

രണ്ടുപേർ ഒപ്പുവെച്ച ഒരു കഷ്‌ണം കടലാസ്സിൻറെ ബലത്തിൽ തുടരുന്നതല്ല വിവാഹം! പ്രണയത്തിലൂടെ രണ്ടുപേർ ഒന്നിയ്ക്കുകയും, പോകെ പോകെ അവരുടെ മനസ്സുകൾ, ഒരേ താളത്തിലൊന്നായ് സ്പന്ദിച്ചു തുടങ്ങുകയും ചെയ്യുമ്പോഴാണ് യാഥാർത്ഥ വിവാഹം നിലവിൽ വരിക. ശ്വാസമെടുക്കാതെയും ജീവിക്കാം, പക്ഷേ ആ സ്നേഹമില്ലാതെ വയ്യെന്ന അവസ്ഥ! ആയുഷ്ക്കാലം നീണ്ടുനിൽക്കുന്ന companionship ആണത്. പസ്പരം താങ്ങും തണലുമായി വർത്തിക്കുന്നവർ. അവിടെ പിന്നെ മറ്റൊരു ബന്ധത്തെ പ്രതിയുള്ള ചോദ്യമേ ഉദിയ്ക്കുന്നില്ല. കാരണം ഒരാളോടുള്ള ബന്ധം നിങ്ങൾക്കത്രമേൽ സംതൃപ്തിയും, സൗഖ്യവുമേകുമ്പോൾ, അതുപേക്ഷിയ്ക്കുന്നതിനെ കുറിച്ച് ആരെങ്കിലും ചിന്തിയ്ക്കുമോ? അവിടെ വിവാഹം നിയമാനുസൃതം രജിസ്റ്റർ ചെയ്ത കരാറിൻറെ ബലത്തിലല്ല അതിജീവിയ്ക്കുന്നത്. അതു മാത്രമേ സദാചാരമാകുന്നുള്ളൂ.. മറിച്ച് ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന വിവാഹബന്ധങ്ങളെല്ലാം വെറും സാമൂഹ്യ ബോദ്ധ്യത്തിനുള്ള ഏർപ്പാടുകൾ മാത്രം! അതിലെങ്ങും പ്രണയമില്ല, എന്തിന്, സ്നേഹത്തിൻറെ കണിക പോലും ഉണ്ടാകണമെന്നില്ല! സാമൂഹികമായ ചില നിർബന്ധങ്ങളാൽ, ഒരേ കൂരയ്ക്ക് കീഴെ കഴിയാൻ വിധിയ്ക്കപ്പെട്ടവർ. അവിടെ വിവാഹമെന്നത് ഒന്നിച്ചു കഴിയുവാനുള്ള, യഥേഷ്ടം ലൈംഗിക ബന്ധം പുലർത്താനുള്ള ലൈസെൻസല്ലാതെ മറ്റെന്താണ്?

മനസ്സിലാക്കപ്പെടേണ്ട ഏറ്റവും കാതലായ സംഗതി, പ്രായപൂർത്തിയാകുമ്പോൾ, സാമൂഹ്യമായ നിർബന്ധങ്ങളുടെ പേരിൽ അനുഷ്‌ഠിയ്ക്കേണ്ട ചടങ്ങിൻറെ പേരായി കൂടാ വിവാഹം! ആണും പെണ്ണും സ്വതന്ത്രരായി ജീവിയ്ക്കട്ടെ. ഇഷ്ടപ്പെട്ടവരോടൊത്ത് പ്രണയ/ ലൈംഗിക ബന്ധങ്ങളിലേർപ്പെടട്ടെ. നിലവിലെ സാഹചര്യത്തിൽ, ഗർഭ നിരോധന ഉപാധികൾ അതെത്രയും സരളമാക്കിയിരിക്കുന്നു. കുട്ടികളുണ്ടാകുമെന്ന ഭയം കൂടാതെ തന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടവരുമായി ബന്ധപ്പെടാം. എപ്പോഴെങ്കിലും നിങ്ങളൊരാളെ കണ്ടെത്തൂന്നൂവെന്നിരിയ്ക്കട്ടെ, അയാളോടൊത്ത് കുട്ടികൾ ഉണ്ടാകുന്നതിനും, കുടുംബ ജീവിതം നയിക്കുന്നതിനുമായി ആഗ്രഹിയ്ക്കുന്നെങ്കിൽ, അപ്പോൾ മാത്രമേ നിങ്ങൾ വിവാഹത്തെക്കുറിച്ച് ചിന്തിയ്ക്കേണ്ടതുള്ളൂ! അവിടെ വിവാഹബന്ധം രജിസ്റ്റർ ചെയ്യപ്പെടേണ്ടി വന്നേയ്ക്കാം, നിയമ പരിരക്ഷ ആവശ്യമായി വന്നേയ്ക്കാം.കുട്ടികളുടെ ഭാവിയെ കരുതിയും അതാവശ്യമായേക്കും. ഓർക്കുക, മറ്റാരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല നിങ്ങളതിനു മുതിരുന്നത്. നിങ്ങൾക്കിണങ്ങിയ ഒരിണയെ കണ്ടെത്താനാകുമ്പോൾ മാത്രം. ഹൃദയങ്ങൾ തമ്മിൽ ആഴമേറിയൊരു പാരസ്പര്യത്താൽ കൊരുക്കുമ്പോൾ മാത്രം. ജീവിതാനുഭവങ്ങളുടെ പാകത അതിനെ ശരിവെയ്ക്കുമ്പോൾ മാത്രം… മറിച്ചുള്ള വിവാഹ ബന്ധങ്ങളൊക്കെയുമാണ് എൻറെ കണ്ണിൽ ദുരാചാരത്തിൻറെ ബാക്കി പത്രങ്ങളായി കാണപ്പെടുന്നത് .

ഇവിടെ എല്ലാവർക്കും സ്വീകാര്യമായ ഒരു മാതൃകയില്ല. സമൂഹം എല്ലാ പ്രകാരത്തിലുമുള്ള ആളുകളെ ഉൾക്കൊള്ളുന്നു. വ്യത്യസ്‍തമായ വഴികൾ നിലനിൽക്കട്ടെ. അതുകൊണ്ടു തന്നെ നാളെ മുതൽ ആരും വിവാഹം കഴിയ്ക്കാതായിപ്പോകുമോ? ലൈംഗിക അരാജകത്വം നടമാടുമോ ? എന്നുള്ള അതിരുകടന്ന ഭാവനകൾക്കൊക്കെ തൽക്കാലം വിട നൽകാം.. സ്ത്രീ പുരുഷന്മാരെ ലൈംഗിക ജന്തുക്കളായല്ലാതെ സ്വതന്ത്ര വ്യക്തികളായി കാണുന്നൊരു സംസ്‌കാരമാണ് ഇനിയും ഉരുത്തിരിയേണ്ടത്. അല്ലെങ്കിൽ തന്നെ എന്താകണം സദാചാരത്തിൻറെ മാനദണ്ഡം ? ഉഭയസമ്മതത്തോടെയുള്ള എല്ലാ ബന്ധവും സദാചാരപരമല്ലേ? അതിലെന്തിനാണിത്ര ആശങ്ക? പ്രായപൂർത്തിയായ, ലോകവിവരമാർജ്ജിച്ച ഒരാളുടെ കാര്യത്തിൽ, തൻറെ ജീവിതം എങ്ങനെയാകണമെന്ന് അയാൾ തന്നെയല്ലേ തീരുമാനിക്കേണ്ടത്? പരസ്പരം ഇഷ്ടപ്പെടുന്ന രണ്ടുപേർ തമ്മിൽ ഇണചേർന്നതു കൊണ്ടൊന്നും മാനം ഇടിഞ്ഞു വീഴുകയോ, മൂല്യച്യുതി സംഭവിയ്ക്കുകയോ ഇല്ല! നമ്മളിന്നു കാണുന്ന ഒരുവന് ഒരുത്തിയെന്ന നില വന്നിട്ട് അധികം കാലമൊന്നും ആയില്ലെന്ന് ഓർക്കുന്നത് നല്ലത്. കുട്ടികൾ വേണമെന്നും, കുടുംബമായി കഴിയണമെന്നും ആഗ്രഹമുള്ളവർ അങ്ങനെ കഴിയട്ടെ.. സ്വതന്ത്രമായി ജീവിയ്ക്കാനിഷ്ടപ്പെടുന്നവർ അങ്ങനെയും. ഇതൊക്കെ water tight compartments – വെള്ളം കേറാത്ത അറകളാണെന്നുള്ള ധാരണയും വേണ്ട!

ഇതൊന്നുമല്ല അടിസ്ഥാന പ്രശ്‌നം, എന്തുകൊണ്ടാണ് പൊതു ഇടത്തിൽ ആണും പെണ്ണും തമ്മിലുള്ള സല്ലാപങ്ങൾ പോലും സദാചാര വിരുദ്ധമെന്നു മുദ്ര കുത്തപ്പെടുന്നു? കയ്യേറ്റം ചെയ്യപ്പെടുന്നു? മറ്റുള്ളവർക്കെന്താണ് അതിൽ കാര്യം? സമൂഹം തെറ്റായ ലൈംഗിക ബോധത്തിൽ നിലയുറപ്പിച്ചിരിക്കുന്നതാണ് പ്രശ്‌നം. ലൈംഗികത നന്നെങ്കിൽ, അത് അനുഭവിയ്ക്കാനും, ആസ്വദിയ്ക്കാനും സാധിയ്ക്കുന്ന ധാർമ്മികതയാണ് വളർന്നു വരേണ്ടത്. അന്ധമായ നിയന്ത്രണമല്ല , തിരിച്ചറിവും ഉത്തരവാദിത്വവും ആകും ഫലപ്രദമായ ബദലുകളിലേക്കുള്ള അന്വേഷണത്തെ നയിക്കേണ്ടത്