feminism
ഒരു ശരാശരി ഇന്ത്യൻ സ്ത്രീയുടെ ജീവിതവും ന്യൂക്ലിയർ കുടുംബവ്യവസ്ഥയും
സ്ത്രീയും പുരുഷനും ‘വിവാഹ’ കരാർ ഒപ്പുവെയ്ക്കുന്നു. ഒന്നിച്ചു ജീവിയ്ക്കാമെന്ന കരാർ. അതിലൂടെ അവന് ‘എൻറെ ഭാര്യയെ’ കിട്ടുന്നു. അവൾക്ക് ‘എൻറെ ഭർത്താവിനെ’ കിട്ടുന്നു. ഇങ്ങനെ രണ്ടുപേർ ഒന്നിയ്ക്കുന്നതിലൂടെ സംഭവിയ്ക്കുന്നത് ‘എൻറെത്’ എന്ന സ്വാർത്ഥത താൽപ്പര്യം ഒന്നൂടെ ശക്തമായി അരക്കിട്ടുറപ്പിയ്ക്കുകയാണ്
193 total views

സ്ത്രീയും പുരുഷനും ‘വിവാഹ’ കരാർ ഒപ്പുവെയ്ക്കുന്നു. ഒന്നിച്ചു ജീവിയ്ക്കാമെന്ന കരാർ. അതിലൂടെ അവന് ‘എൻറെ ഭാര്യയെ’ കിട്ടുന്നു. അവൾക്ക് ‘എൻറെ ഭർത്താവിനെ’ കിട്ടുന്നു. ഇങ്ങനെ രണ്ടുപേർ ഒന്നിയ്ക്കുന്നതിലൂടെ സംഭവിയ്ക്കുന്നത് ‘എൻറെത്’ എന്ന സ്വാർത്ഥത താൽപ്പര്യം ഒന്നൂടെ ശക്തമായി അരക്കിട്ടുറപ്പിയ്ക്കുകയാണ്. ഞാൻ ആഗ്രഹിയ്ക്കുന്ന പ്രകാരത്തിലും, രീതിയിലുമല്ലാതെ മറ്റാരും എൻറെ ഇണയോട് ബന്ധപ്പെട്ടുകൂടാ എന്നൊരു നിർബന്ധവും കൂടെ അതിനു പുറകിലില്ലേ? തന്നെയുമല്ല ഈ ‘എന്റേത്’ എന്ന ഉടമസ്ഥബോധം പങ്കാളിയുടെ ഭാഗത്തു നിന്നുള്ള എല്ലാ ആധിപത്യം ചെലുത്തലിനേയും ന്യായീകരിക്കുന്നു. ഫലമോ, സ്വന്തം സ്വാതന്ത്ര്യത്തെയും, ഇഷ്ടാനിഷ്ടങ്ങളേയും, താൽപ്പര്യങ്ങളേയും തള്ളിക്കളഞ്ഞുകൊണ്ട് കുടുംബഭദ്രതയ്ക്കായി വേഷം കെട്ടേണ്ടി വരുന്നു
ഈ സ്വാർത്ഥതയുടെ മൂർത്തഭാവമായാണ് മക്കൾ കടന്നുവരുന്നത് ‘എൻറെ മോൾ’, ‘എൻറെ മോൻ’ എന്നിങ്ങനെ ഈ ചിന്ത കൂടുതൽ രൂഢമൂലമാവുകയായി. വിവാഹത്തിന് മുമ്പേ ഈ സ്വാർത്ഥത സ്വന്തം കാര്യത്തിൽ മാത്രമാണ് പ്രകടമായതെങ്കിൽ, ഇപ്പോൾ, ‘ഞാനും എന്റെ കെട്യോളും എൻറെ കുട്യോളും’ എന്ന മട്ടിൽ ഒരു സംഘടിത രൂപമാർജ്ജിക്കുകയാണ്. അപ്പോഴും വീട് എന്ന അധികാരഘടനയ്ക്കുള്ളിൽ നടപ്പിലാകുക, പുരുഷൻറെ ഏകപക്ഷീയമായ തീരുമാനങ്ങളാകും! സ്വന്തം സ്വാർത്ഥതകളെ നിസ്വാർത്ഥ സ്നേഹമായി ചിത്രീകരിയ്ക്കാൻ നമ്മൾ ശ്രമിയ്ക്കും. നിൻറെ നന്മയ്ക്കായാണ് ഞാനിതൊക്കെ പറയുന്നത്, ചെയ്യുന്നത് എന്ന മട്ടിൽ… മകനോ, മകളോ അവർക്കിഷ്ടപ്പെട്ടൊരാളുമായി പ്രണയത്തിലായാൽ, വിവാഹത്തിനു മുതിർന്നാൽ, അപ്പോൾ കാണാം വളർത്തി വലുതാക്കിയതിൻറെ കണക്കുകളുമായി, നന്ദികേടിൻറെ കണക്കുകളുമായി വരുന്നത്! ഇവിടെയൊന്നും നമ്മൾ കാണുന്നത് സ്നേഹത്തിൻറെ ഊഷമളതയല്ല, സ്വാർത്ഥതയുടെ മൂടുപടമാണ്! സ്വന്തം ഇഷ്ടങ്ങളാകും മക്കളിലൂടെ നമ്മൾ പൂവണിഞ്ഞു കാണാൻ കൊതിയ്ക്കുന്നത്!
തീർത്തും തുല്യതയില്ലാത്ത ഒന്നാണ് ന്യൂക്ലിയർ കുടുംബവ്യവസ്ഥ . പുരുഷമേൽക്കോയ്മയിലാണ് അതു പടുത്തുയർത്തിയിരിക്കുന്നത്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെല്ലാം സ്ത്രീ മൂകസാക്ഷിയായി മാറ്റിനിർത്തപ്പെടും. കുടുംബത്തിനുള്ളിൽ ഈ കടുത്ത വിവേചനം അനുഭവിയ്ക്കേണ്ടി വരുമ്പോഴും, പുറമേയ്ക്ക് മാതൃകാ ദമ്പതികളെന്ന പരിവേഷം നിലനിർത്തേണ്ടി വരുന്നതിലെ കാപട്യം ചില്ലറയല്ല. ജോലി കഴിഞ് ഭർത്താവിന് ടൗണിൽ, സുഹൃത്തുക്കളുടെ കൂടെ, പാർട്ടി യോഗങ്ങളിൽ, സമ്മേളനങ്ങളിൽ, ക്ലബിൽ, ബാറിൽ, ചായക്കടകളിൽ എവിടെ വേണമെങ്കിലും കറങ്ങി തിരിഞ്, എപ്പോൾ വേണമെങ്കിലും കേറി വരാം! ഒരു ചോദ്യവുമില്ല! അതു നടപ്പുരീതിയാണ്! എന്നാലിതുപോലെ സ്ത്രീ നേരം തെറ്റി കേറി വന്നാലോ, അഴിഞ്ഞാട്ടക്കാരിയായി! ജോലി കഴിഞ് ഇവിടെ പോകണമെങ്കിലും ഭർത്താവിൻറെ മുൻകൂർ അനുമതി വേണം! അനുമതിയുണ്ടെങ്കിലും അല്പ്പം താമസിച്ചു പോയാൽ , എന്തൊക്കെയാകും കേൾക്കേണ്ടി വരിക! ഇതൊക്കെ ചിത്രീകരിക്കപ്പെടുക, ഭർത്താവിന് അവളോടുള്ള കരുതലായാകും! ഉള്ളിൽ ഊറികൂട്ടിയിരിക്കുന്ന ആൺകോയ്മാ മനോഭാവത്തിൻറെ ആഴത്തിലുള്ള സ്വാധീനമാണ് ഇതെന്ന് തിരിച്ചറിഞ്ഞുവെങ്കിൽ!
വിവാഹത്തോടെ ഒരു സ്ത്രീ അവളുടെ സ്വാഭാവിക പരിതസ്ഥിതിയിൽ നിന്നും പറിച്ചു നടപ്പെട്ട ഒരു ചെടിയാണ് ! അന്നോളം ഒപ്പമുണ്ടായ കുടുംബവും, ബന്ധുക്കളും, സുഹൃത്തുക്കളുമായുള്ള വേര് അറുത്തു മാറ്റപ്പെട്ട നിലയിൽ. സ്വന്തം വീട്ടിലേയ്ക്കുള്ള സന്ദർശനം പിന്നെ യാദൃശ്ചികമാണ്, വിശിഷ്ട വ്യക്തികളുടെ സന്ദർശനം പോലെ വല്ലപ്പോഴുമൊരിയ്ക്കൽ. നിശ്ചിത സമയത്തേയ്ക്ക് മാത്രം! പരസ്പര സ്നേഹത്തിന്റെ ഊഷ്മളതയിൽ ജനിയ്ക്കുന്ന നീക്കുപോക്കുകളല്ല, ഒരാളുടെ ഉടമസ്ഥാവകാശത്തിന്മേലുള്ള, ഇടുങ്ങിയ മനസ്സിൻറെ സ്വാർത്ഥതകളിലേയ്ക്ക് മറ്റൊരാളെ തള്ളിയിടുകയാണ്! അവളുടെ സോഷ്യൽ ലൈഫിൻറെ കൂമ്പടഞ്ഞു പോവുകയാണ്! അവളുടെ അഭിരുചികൾ തന്നെ കുടുംബത്തിൻറെ ചട്ടക്കൂടുകൾക്കനുസൃതമായി മാറ്റിയെഴുതപ്പെടും. ഭർത്താവിനും മക്കൾക്കും സമയാസമയങ്ങളിൽ വെച്ചു വിളമ്പുന്ന, ഒരു വീടു സൂക്ഷിപ്പുകാരിയുടെ റോളിലേക്ക്! വീടിൻറെ നാലു ചുവരുകളിലേക്കുള്ള ഈ ഒതുങ്ങികൂടൽ , സമൂഹത്തോടും, സാമൂഹ്യ ജീവിതപ്രശ്നങ്ങളോടും യാതൊരു താല്പര്യവുമില്ലാതെ, ‘നല്ല ഭാര്യ / അമ്മയായുള്ള ഈ ഉൾവലിയൽ ഓരോ ദിവസം കഴിയുന്തോറും, കൂടി കൂടി വരുന്ന ഭീകരാവസ്ഥയാണുള്ളത്.
സ്ത്രീകളുടെ സ്വതന്ത്രമായ വ്യക്തിത്വത്തെ, സർഗ്ഗാത്മകമായ അഭിരുചികളെ ഊറ്റിക്കളയുന്ന ഈ കുടുംബ സംവിധാനത്തെ അടിമുടി ചോദ്യം ചെയ്ത്, പൊളിച്ചെഴുതേണ്ട സാഹചര്യമാണുള്ളത്. നിലവിലെ രീതികളെ സ്ത്രീകൾ ചോദ്യം ചെയ്യുമ്പോൾ, അതു സ്വന്തം അച്ഛനമ്മമാരോടും, സഹോദരന്മാരോടും, ഭർത്താക്കന്മാരോടും, ആണ്മക്കളോടും, പുരുഷ സുഹൃത്തുക്കളോടുമൊക്കെയുള്ള ഏറ്റുമുട്ടലായി തീരും. ഇതേവരെ തുടർന്നുപോന്ന വ്യക്തിബന്ധങ്ങളുടെയും, കുടുംബബന്ധങ്ങളുടെയും പൂർവ്വ സ്ഥിതിയോടുള്ള വെല്ലുവിളിയാണിത്. നിശ്ചയമായും ചോദ്യം ചെയ്യപ്പെടുന്ന പുരുഷന്മാരെപ്പോലെ, ചോദ്യം ഉയർത്തുന്ന സ്ത്രീകൾക്കും വേദനാജനകമാണത്. പക്ഷേ, ഈ പേറ്റു നോവിലൂടെ കടന്നുപോകാതെ, തുല്യതയിലും പരസ്പരാദരവിലും അധിഷ്ഠിതമായ ഒരു സംസ്കൃതി നിലവിൽ വരില്ല. അങ്ങനൊരു കുടുംബത്തിൽ സഹവർത്തിത്വത്തിൻറെ / സൗഹൃദത്തിന്റെ അനന്തമായ സാദ്ധ്യതകളെങ്ങും തുറന്നു കിടക്കും. കൂട്ടായ്മയുടെയും, പങ്കുവയ്ക്കലുകളുടെയും മനോഹാരിതയിലേക്കുള്ള ക്ഷണമാകും അത്.
194 total views, 1 views today